Friday, January 13, 2012

ആലിയ മാഗ്ദ: ശരീരം പ്രതിഷേധ ഭാഷയാകുമ്പോള്‍




ഷഫീക്ക് എച്ച്


വര്‍ഗസമരത്തിന് ഒരു നിശ്ചിത രൂപമുണ്ടോ?? ഇല്ല എന്നാണ് മാര്‍ക്‌സിസ്റ്റുകള്‍ക്ക് പറയാനുള്ളത്. വര്‍ഗ്ഗ സമൂഹത്തിന്റെ ഒരു മൗലിക സവിശേഷത എന്ന നിലയ്ക്ക് 'ചിലപ്പോള്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും' വര്‍ഗസമരം എന്നെന്നും നിലനില്‍ക്കും. വര്‍ഗ രഹിതമായൊരു സമൂഹം ജനിക്കുവോളം.. അത്തരമൊരു സമൂഹം വരട്ടെ. നല്ലത്. എന്നാല്‍ ഇന്നത്തെ നമ്മുടെ കടമ ഇന്നത്തെ വര്‍ഗസമരത്തോടൊപ്പം നില്‍ക്കുകയും അതില്‍ പുരോഗമന പക്ഷത്ത് നിലയുറപ്പിക്കുകയും പോരാടുകയും ചെയ്യുക എന്നതാണ്. ഇതൊക്കെ എന്തിനാണ് ആലിയാ മഗ്ദയുടെകാര്യത്തില്‍ പറയുന്നത്, കാടുകയറുകയല്ലേ എന്ന് ഒരുപക്ഷേ നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഇതുപറയാന്‍ കാരണമുണ്ട്. ആലിയയുടെ സമരവും വര്‍ഗസമരത്തിനു പുറത്തല്ല.

അതെ സുഹൃത്തുക്കളെ, ആലിയ തന്റെ ശരീരത്തെ മറയേതുമില്ലാതെ പൊതുജനസമക്ഷം കൊണ്ടു വന്നത് ഇവിടുത്തെ പുരുഷ കേസരികള്‍ക്ക് കണ്ടാനന്ദിച്ച് വികാര പുളകിതരാകാനല്ല. മറിച്ച് പൊള്ളാനാണ്. കാലങ്ങളായി ഉറഞ്ഞുകൂടിയ പുരുഷ മേധാവിത്വത്തിന്, പൗരോഹിത്യത്തിന്, പൊതുജനബോധമെന്ന ഭരണവര്‍ഗ ബോധത്തിന് കടുത്ത പ്രഹരം നല്‍കാന്‍ വേണ്ടിയാണ് തന്റെ ശരീരത്തെ ഏതു ഭാഷയെക്കാളും മൂര്‍ച്ചയേറിയ ആയുധമാക്കി ആലിയ തൊടുത്തുവിട്ടത്. കാലങ്ങളായി പുരുഷാധിപത്യത്തിന്റെ തടവില്‍ കിടക്കുന്ന സ്ത്രീശരീരത്തിന്റെ, മനസ്സിന്റെ, വികാരങ്ങളുടെ, വിചാരങ്ങളുടെ, വ്യക്തിത്വത്തിന്റെ, ബൗദ്ധികതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായാണവള്‍ തന്റെ തുണി പറിച്ചെറിഞ്ഞത്. ഇനിയുള്ള പോരാട്ട വീഥിയില്‍ പതറാതെ കുതിക്കുന്നതിന് കാലുകളെ വിപ്ലവത്തിന്റെ ചുവപ്പണിയിച്ചത്.



'എഴുപതുകളുടെ തുടക്കം വരെ ചിത്രശാലകളില്‍, ചിത്രകാരന് മുന്‍പില്‍  സ്വന്തം നഗ്‌നത അനാവരണം ചെയ്തിരുന്ന മോഡലുകളെ നിങ്ങള്‍ വിചാരണ ചെയ്യൂ, ആ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഗ്രന്ഥങ്ങള്‍ നിങ്ങള്‍ ഒളിപ്പിച്ചു വെക്കൂ, പൗരാണിക നഗ്‌ന ശില്പങ്ങള്‍ തകര്‍ത്തെറിയൂ, എന്നിട്ട് വസ്ത്രങ്ങള്‍ ഉരിഞ്ഞു നിങ്ങള്‍ നിലകണ്ണാടിക്ക് മുന്‍പില്‍ നില്‍ക്കൂ, അതിനു ശേഷം സ്വന്തം ലൈംഗിക ദാഹത്തിന്റെ പേരില്‍ നിങ്ങള്‍ എന്നെന്നും ശപിക്കാറുള്ള നിങ്ങളുടെ നഗ്‌നശരീരത്തെ കത്തിക്കൂ. എന്നിട്ടാകാം നിങ്ങളുടെ ഭത്സനങ്ങളും സങ്കുചിത ബോധവും എനിക്കെതിരെ തിരിച്ചുവിടുന്നത്. എന്നിട്ടാകാം എന്റെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നത്'
എന്നാണ് ആലിയ അറബ് വസന്തത്തിന്റെ ചക്രവര്‍ത്തിമാരോട് കാര്‍ക്കിച്ചു തുപ്പിക്കൊണ്ട് പറയുന്നത്, അറബി മൗലവിമാരോടും ഉലമാക്കളോടും പറയുന്നത്. ഈ ലോകത്തോടുതന്നെ പറയുന്നത്. ഇങ്ങനെയാണവള്‍ യുഗങ്ങളായി നിലനില്‍ക്കുന്ന പുരുഷാധിപത്യ ബോധത്തെ ഒരു ഭയവുമില്ലാതെ, ഒരു ദയയുമില്ലാതെ കടന്നാക്രമിക്കുന്നത്.




പുരുഷാധിപത്യ സമൂഹമേ, നിങ്ങള്‍ക്ക് ഒരു സമൂഹത്തെ കുറച്ചുകാലത്തേക്ക് ഉറക്കി കിടത്താന്‍ കഴിഞ്ഞേക്കാം. എന്നാല്‍ എന്നെന്നേക്കുമായി അതിനാവില്ല. ഒരിക്കല്‍ അവര്‍ ഒന്നുണര്‍ന്നാല്‍ നിങ്ങളുടെ ചില്ലുകൊട്ടാരങ്ങള്‍ക്കോ ചങ്ങലകള്‍ക്കോ ബാരിക്കേഡുകള്‍ക്കോ മരണക്കയറിനോ അവരെ ഒരു ചുക്കും ചെയ്യാനാവില്ല. എല്ലാത്തിനേയും ഭേദിച്ച് അവര്‍ ഒന്നായണിചേരും. നോക്കൂ. അവളുടെ ആ കണ്ണുകളിലേക്കു നോക്കൂ. ആ കൂര്‍ത്തമുലകളിലേക്കൂ. ആ കുഴിഞ്ഞ യോനിയിലേക്ക് നോക്കൂ. നോക്കാന്‍ നിങ്ങള്‍ക്ക് പേടിയാണോ?? ഹ..ഹ..ഹ.. ഇതു പെണ്ണാണ്.. ഇതു പെണ്ണാണ്.. ഇതാണ് പെണ്ണ്!!! ഇങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുരുവിടൂ. കാണട്ടെ നിങ്ങളുടെ ചങ്കൂറ്റം. അവളുടെ ഒരോരോ രോമത്തിനും നിങ്ങള്‍ വിലയിട്ടു. വില കൂട്ടാനായി അവളെ കരിഞ്ചന്തയില്‍ പൂഴ്ത്തിവെച്ചു. ഡിമാന്റ് കൂട്ടാനായി നിങ്ങള്‍ അവള്‍ക്ക് ഔറത്ത് കല്‍പ്പിച്ചു. കണ്ണു തുറന്നു നോക്കു. അവള്‍ എല്ലാ അതിര്‍ വരമ്പുകളേയും ഉല്ലംഘിക്കുന്നത്. നിങ്ങളുടെ ലാഭക്കൊതിക്ക് ഇനി എന്തുചെയ്യാനാവും?? നിങ്ങളുടെ പുരുഷാധിപത്യ ബോധത്തിന് ഇനി എന്തു ചെയ്യാനാവും?? ആലിയ ഇവിടെ തുടങ്ങിവെച്ചത് നിങ്ങളുടെ അഹങ്കാരത്തിന്റെ ശവപ്പെട്ടിക്കുമേലുള്ള ആദ്യ ആണി തറയ്ക്കലായിരുന്നു. അതു നിങ്ങള്‍ക്കും അറിയാം. അതാണ് നിങ്ങള്‍ അവളെ ഒരു പേക്കിനാവുപോലെ ഭയക്കുന്നത്.


'പണ്ടേക്കു പണ്ടേ സ്ത്രീ പുരുഷന്റെ അടിമയാണെന്നത് പതിനെട്ടാം നൂറ്റാട്ടിന്റെ നവോത്ഥാനം പ്രചരിപ്പിച്ച അസംബന്ധം നിറഞ്ഞ സങ്കല്‍പമായിരുന്നു' എന്ന് ഏംഗല്‍സ്. അതെ, വര്‍ഗചൂഷണത്തിന്റെ ഉദയത്തോടെയാണ് സ്ത്രീകളെയും കീഴ്‌പ്പെടുത്താന്‍ തുടങ്ങിയത്. പിന്നെ പല സമൂഹങ്ങള്‍ കടന്നുപോയി. എല്ലായിടത്തും തന്റെ ആധിപത്യം നില നിര്‍ത്താന്‍ പുരുഷനു കഴിഞ്ഞു. ഇന്നോളമുള്ള വര്‍ഗസമൂഹങ്ങള്‍ പുരുഷാധിപത്യ സമൂഹങ്ങളും കൂടിയാണ്. ആധിപത്യ വര്‍ഗങ്ങള്‍ പുരുഷാധിപത്യ ബോധമാണ്  എന്നെന്നും നട്ടു വളര്‍ത്തിയിരുന്നത്. ഇതിനെതിരെ ഉയര്‍ന്നു വന്ന ശബ്ദങ്ങളെ മുളയിലേ നുള്ളാന്‍ അവര്‍ മറന്നില്ല. ഈ ഒരു ചരിത്ര പശ്ചാത്തലത്തിലാണ് പുരുഷാധിപത്യ ബോധം സമൂഹത്തിന്റെ ബോധമണ്ഡലങ്ങളുടെ എല്ലാ അടരുകളിലും അലിഞ്ഞിറങ്ങിയത്. ഈ പൊതു ബോധങ്ങളെ, മൂല്യങ്ങളെ ചോദ്യം ചെയ്യേണ്ടത്, ഭൂതബാധയൊഴിപ്പിക്കേണ്ടത് ഒരു ഉയര്‍ന്ന ജനാധിപത്യ സമൂഹം സ്വപ്‌നം കാണുന്നവരുടെ ബാധ്യതയാണ്. ഈ ദൗത്യം കുറേ സ്ത്രീകളുടെ മാത്രം കടമയാണെന്ന് ചുരുക്കി ലളിതവല്‍ക്കരിക്കുന്നവരോട് നമുക്ക് വിയോജിക്കേണ്ടത് ഇവിടെയാണ്. ഇവിടെ പ്രശ്‌നം സ്ത്രീ സമൂഹത്തിന്റെതല്ല. പുരുഷാധിപത്യ രോഗം ഒരു സമൂഹത്തെ ഗ്രസിച്ച അര്‍ബുദമാണെങ്കില്‍ അതിനെതിരെ പ്രവര്‍ത്തിക്കാന്‍ സ്ത്രീയോടൊപ്പം പുരുഷനും ബാധ്യതയുണ്ട്. 
ആലിയ മാഗ്ദ
തന്റെ സാമൂഹ്യ ബോധത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള ഈ രോഗത്തെ അപനിര്‍മ്മിക്കാതെ, കുടിയിറക്കാതെ ഒരു വ്യക്തിക്കും ജനാധിപത്യവാദിയാവാന്‍ സാധ്യമല്ല. നിലവിലെ വ്യവസ്ഥിതിയുടെ ജീര്‍ണ്ണ ബോധങ്ങളോടാണ് ഇതിലൂടെ നമ്മള്‍ വെല്ലുവിളിക്കുന്നത്. അടിച്ചമര്‍ത്തലും ചൂഷണവും സാധ്യമാക്കുന്ന ഈ സാഹചര്യങ്ങളോട്, ഈ വ്യവസ്ഥിതിയോട് തന്നെയാണ് ഇതിലൂടെ നമ്മളും ആലിയമാരും കലഹിക്കുന്നത്. ഇവിടെയാണ് നമ്മള്‍ വര്‍ഗസമരത്തിന്റെ ഭാഗമായിത്തീരുന്നത്. 

(ആലിയയുടെ നഗ്‌ന ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. ലോകത്തുടനീളമുള്ളവര്‍ അതില്‍ ചര്‍ച്ച ചെയ്തിരുന്നു. പിന്നീട് സദാചാചത്തിന്റെ പ്രശനം പറഞ്ഞ് ഫേസ്ബുക്ക് അത് ഡിലീറ്റ് ചെയ്തു.)

വാലറ്റം: ആലിയയുടെ നഗ്‌നചിത്രം പോസ്റ്റ് ചെയ്തതിന് സി.പി.ഐ. (എം.എല്‍) അവരുടെ ഗ്രൂപ്പില്‍ നിന്ന് എന്റെ പ്രിയ സുഹൃത്ത് വിജിലാലന്‍ കച്ചേരിയെ പുറത്താക്കി. അപ്പോള്‍ ഈ മഹാ വിപ്ലവകാരികള്‍ വിപ്ലവ പൗരോഹിത്യത്തിനു ട്യൂഷന്‍ ക്ലാസ്സിനു പോകുവാണോ??

No comments:

Post a Comment