Thursday, April 12, 2012

ഡെഡ്‌ലൈന്‍

 എ. സജീവ്കുമാര്‍കിറ്റി ഞങ്ങളെ വിട്ടുപോയിട്ട് 16 ദിവസം തികയുകയാണിന്ന്. കഴിഞ്ഞ 15 ദിവസവും ഞാന്‍ വീട്ടില്‍ നിന്ന് ഉറങ്ങിയിട്ടില്ല. കിറ്റി മരിച്ചപ്പോള്‍ അതിയായ ദു:ഖമൊന്നും എനിക്കുണ്ടായിട്ടില്ല. എനിയ്ക്കും മറ്റു പലര്‍ക്കും പലപ്പോഴും ചെറുതും വലുതുമായ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയ കിറ്റിയുടെ മരണം പലരെപോലെ എനിയ്ക്കും ചെറിയ സന്തോഷമുമുണ്ടാക്കിയോ എന്ന് എനിക്കറിയില്ല.

എന്റെ ആറാമത്തെ വയസ്സില്‍     മുത്തശ്ശിയെ മരണം മാടിവിളിച്ചുകൊണ്ടുപോയപ്പോള്‍ എനിയ്ക്ക് സന്തോഷമാണുണ്ടായത്. ഒരാറുവയസ്സുകാരനെ നിരന്തരം പിന്നില്‍ നടന്ന് ശല്യപ്പെടുത്തുന്ന മുത്തശ്ശിയോട് വലിയ വെറുപ്പായിരുന്നു എനിക്കുണ്ടായിരുന്നത്. കിറ്റിയുടെ ചെയ്തികള്‍ എനിയ്ക്ക് മുത്തശ്ശിയുടെ ഓര്‍മ്മകളാണു നല്‍കിയിരുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ 15 ദിവസമായി എനിയ്ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.ഓഫീസില്‍ അപേക്ഷ നല്‍കാതെ തന്നെ ലീവെടുത്തു. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഒരിക്കലും മുടക്കാതിരുന്ന പ്രഭാതസവാരി ഞാന്‍ ഒഴിവാക്കി. കട്ടന്‍ചായയോെടൊപ്പമുള്ള പത്രപരായണവും ഞാന്‍ നിര്‍ത്തിവെച്ചു. ഞാന്‍ വീട്ടില്‍നിന്നിറങ്ങാത്തതിനാല്‍ ഭാര്യയും അവളുടെ ഓഫീസില്‍ അവധി നല്‍കി. കിറ്റിയും ഞാനുമായുള്ള യഥാര്‍ത്ഥ ബന്ധം ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞത് അവളായിരുന്നതുകൊണ്ട് എന്റെ ചെയ്തികളെ പറ്റി അവളൊന്നും ചോദിച്ചില്ല.
 
ഏകദേശം 3 വര്‍ഷമായി കാണണം കിറ്റി ഞങ്ങളുടെ വീട്ടില്‍ വന്നിട്ട്. പൂച്ചയെ കുട്ടികളെയെന്നപോലെ സ്‌നേഹിക്കുന്ന അടുത്തവീട്ടിലെ ചെത്തുകാരന്‍ മണിച്ചേട്ടന്റെ വെളുത്ത പൂച്ച മരിച്ചതിന്റെ തൊട്ടടുത്ത ദിവസം രാവിലെ കോലായിലെ ചാരുകസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്നു ഞാന്‍. കോണികയറി വന്ന അവള്‍ മുറ്റത്തു സംശയിച്ചുനില്‍ക്കാതെ കോലായിലേക്കു കയറി വന്നു. എന്റെ മുന്‍പിലെ കസേരയില്‍ ചാടിക്കയറി എന്റെ മുഖത്തേക്കു നോക്കിയിരുന്നു. അവള്‍ ശ്രദ്ധിക്കാത്തപ്പോള്‍ അവളുടെ കണ്ണില്‍പ്പെടാതെ ഞാന്‍ അവളേയും നോക്കി. ശരീരത്തില്‍ മുഴുവന്‍ വെളുത്ത രോമങ്ങളാണ്. മുഖത്തുമാത്രം കറുത്തരോമങ്ങള്‍. അവയ്ക്കിടയില്‍ പ്രകാശിക്കുന്ന കണ്ണുകള്‍. അല്പനേരം എന്നെ നോക്കിയതിനുശേഷം അവള്‍ എഴുന്നേറ്റ് എന്നെ മൈന്‍ഡുചെയ്യാതെ തന്നെ അകത്തേക്കുപോയി. കാഴ്ച്ച വളരെ കുറഞ്ഞ അമ്മ അകത്തെ കട്ടിലില്‍ കിടന്നിരുന്നു. ചെവി കേള്‍ക്കാത്ത അമ്മ പൂച്ചയനക്കം കേട്ടുവെന്ന് എനിക്ക് മനസ്സിലായി. അകത്തുനിന്ന് തിരിച്ച് കോലായില്‍ തൂണിന് ഉരസി അത് കരഞ്ഞുകൊണ്ട് നിന്നു. 

ഭാര്യയും മകളും അന്ന് വീട്ടിലുണ്ടായിരുന്നില്ല. അവര്‍ വരുമ്പോഴേക്കും വീട്ടുകാരിലൊരാളായി കിറ്റി മാറിയിരുന്നു. എന്റെ മേശപ്പുറത്ത് കിടന്നിരുന്ന ആന്‍ഫ്രാങ്കിന്റെ ഡയറിയായാണ് ഞങ്ങളുടെ അതിഥിയെ കിറ്റി യെന്ന് പേരു വിളിച്ചത്. തൊട്ടടുത്ത ദിവസം മുതല്‍ എന്റെ ദിനചര്യയുടെ ഭാഗമായി കിറ്റിയും എന്നോടൊപ്പമുണ്ടായിരുന്നു. എന്റെ വീടുകൂടി ഉള്‍പ്പെട്ട വില്ലേജിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. ഓഫീസിലേക്ക് ഞാന്‍ കാല്‍നടയായിരുന്നു പോയിരുന്നത്. എന്റെ യാത്രയില്‍ കാലിന് തൊട്ടടുത്തായി കിറ്റി നീങ്ങുമായിരുന്നു. ഓഫീസില്‍ എന്റെ മേശയ്ക്കു താഴെ കാലിനടുത്ത് കിറ്റി ചുരുണ്ടു കിടക്കും. ഒരു ദിവസം വരുമാന സര്‍ട്ടിഫിക്കറ്റിനു വന്നവരുടെ കാലിന് കിറ്റി കടിച്ചു എന്നതാണ് എനിക്ക് കിറ്റിയെ കുറിച്ച് ആദ്യമായുണ്ടായ പരാതി. എന്റെ ഗ്രാമത്തില്‍ അടുത്തകാല്ത്ത് വന്നുതാമസിച്ചിരുന്ന ദിവാകരന് ദിവസകൂലിയായിരുന്നു. ദിനം പ്രതി രണ്ടായിരമെങ്കിലും കിട്ടുന്ന തരത്തിലുള്ള വരുമാനമായിരുന്നു ബാങ്കുകാര്‍ ലോണിനായി അയാളോട് ആവശ്യപ്പെട്ടത്. അത് എഴുതിക്കൊടുക്കാനായി ദിവാകരന്‍ അയാള്‍ക്ക് ഒരു ദിവസം കിട്ടുന്ന യഥാര്‍ത്ഥ കൂലി എനിയ്ക്കു തന്നു. അത് എനിയ്ക്ക് തരാനായി നീട്ടിയപ്പോഴാണ് കിറ്റി അയാളുടെ കാലില്‍ കടിച്ചത്. ഞാനൊരു കൈക്കൂലിക്കാരനൊന്നുമല്ല, വരുന്നവരുടെ സന്തോഷത്തിന് അവര്‍ നല്‍കുന്ന ചിലത് വാങ്ങുന്നതില്‍ തെറ്റില്ലെന്നാണ് മറ്റു പലരേയും പോലെ ഞാന്‍ കരുതിയത്.
സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ ദിവാകരന് ലോണ്‍ കിട്ടില്ല. 4 ദിവസം നടത്തിച്ച് ഇല്ലായെന്ന് പറയുന്നതിനേക്കാള്‍ നല്ലത് ഞാന്‍ ചെയ്യുന്നത് തന്നെയാണെന്ന് നാട്ടുകാരുടെ അഭിപ്രായം. കിറ്റിയുടെ കടിയിലൂടെ പൈസ വാങ്ങാതെ സര്‍ട്ടിഫിക്കറ്റ് എഴുതികൊടുക്കേണ്ടി വന്നു. കാല് ഡോക്ടറെ കാണിക്കാനായി എന്റെ സ്‌കൂട്ടറില്‍ ആശുപത്രിയിലും കൊണ്ടുപോയി. കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ പത്തോളം പേര്‍ക്ക് ഓഫീസില്‍ വെച്ച് കിറ്റിയുടെ കടിയേറ്റു. രാത്രി വീട്ടിലെത്തിയാല്‍ ടെലിവിഷനിലെ വാര്‍ത്ത കേള്‍ക്കുക എന്റെ പതിവായിരുന്നു. സമൂഹത്തിന് അംഗീകരരിക്കാത്ത പല വാര്‍ത്തകളും കിറ്റിയെ രോഷാകുലയാക്കിയിരുന്നു. 2 ജി സ്‌പെക്ട്രം കേസിന്റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നിവര്‍ന്നു നിന്ന് കണ്ണുകളില്‍ തീയാളി കത്തിയിരുന്നു. ടെലിവിഷന് നേര്‍ക്ക് തുറിച്ചുനോക്കുമായിരുന്നു. അണ്ണാഹസാരെയുടെ സത്യാഗ്രഹത്തിന്റെ ആദ്യനാളുകളൊന്നും കിറ്റി ആഹാരം കഴിച്ചില്ല. എങ്കിലും എന്നോടൊപ്പം ഓഫീസിലേക്കുള്ള വരവ് ഒഴിവാക്കാനായില്ല.

 വൈകുന്നേരം വീട്ടിലേക്ക് പോകുന്ന വഴി തെരുവില്‍ നടക്കുന്ന പൊതുയോഗങ്ങളെല്ലാം ആള്‍ കുറച്ചു നേരം കേള്‍ക്കും. അഴിമതിക്കെതിരായി ശക്തിയായി മൈക്കിനുമുന്‍പില്‍ വീറുകാണിച്ചൊരാള്‍ പിറ്റേദിവസം ഞങ്ങളുടെ ഓഫീസില്‍ വന്നിരുന്നു. വളരെ സ്‌നേഹത്തോടെയായിരുന്നു കിറ്റി അയാളോട് പെരുമാറിയത്. അയാളില്‍ സുഖമുണ്ടാക്കിക്കൊണ്ട് കാലില്‍ ഉരസി നിന്നു. അയാളോടൊപ്പം വന്നയാള്‍ തെരുവിലെ കണ്ണായ സ്ഥലത്ത് പണിയുടെ കെട്ടിടത്തിനായി സ്ഥലത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി കൊടുക്കുന്നതില്‍ ശുപാര്‍ശ പറയാന്‍ വന്നതായിരുന്നു നേതാവ്. സര്‍ക്കാരിന്റെ സ്ഥലമായിരുന്നു അത്. അന്നാണ് കിറ്റി അവസാനമായി കടിച്ചത്. അയാളുടെ കാലില്‍ എല്ലുപോലും പൊട്ടിയിട്ടുണ്ടാവും. 
അന്നത്തെ സംഭവത്തിനുശേഷം കിറ്റി ഓഫീസില്‍ വരാറില്ല. ടെലിവിഷനിലേയ്ക്ക് കണ്ണുനട്ടുകൊണ്ടാണ് വൈകുന്നേരങ്ങളില്‍ കിറ്റി വീട്ടിലെ ഹാളില്‍ കിടക്കാറ്. ഒരു ദിവസം കിറ്റിയെ വീട്ടിലാക്കി കുടുംബസമേതം ഞങ്ങള്‍ ഒരു സുഹൃത്തിന്റെ മകന്റെ റിസപ്ഷന് പോയി. തിരിച്ചു വരാന്‍ രാത്രിയായിരുന്നു. ഗെയ്റ്റിന് പുറത്തു നിന്ന് വീട്ടിലെ ടി വിയിലെ വാര്‍ത്തവായന ഞങ്ങള്‍ കേട്ടു. പോകുമ്പോള്‍ ടിവി ഓണ്‍ ചെയ്തിട്ടില്ലെന്ന് ഭാര്യ പറഞ്ഞു. കിറ്റിയെ വിളിച്ചുകൊണ്ടാണ് വാതില്‍ തുറന്നത്. ഗോവിന്ദച്ചാമി ജയിലില്‍ ബിരിയാണിക്കുവേണ്ടി സത്യാഗ്രഹമിരിക്കുന്ന വാര്‍ത്തയുടെ വിശദാംശങ്ങളാണ് ടിവി യില്‍ കാണിച്ചുകൊണ്ടിരുന്നത്. ഒപ്പം സൗമ്യയുടെ സംഭവത്തിലെ പ്രധാന ഭാഗങ്ങളും . ടി വി യ്ക്കുമുന്‍പില്‍ ടിവി യിലേക്ക് കണ്ണും നട്ട് തന്നെ കിറ്റി കിടന്നിരുന്നു. അനക്കമില്ലെന്ന് മകനാണെന്നോട് പറഞ്ഞത്. ഗോപിച്ചാമിയുടെ കാലില്‍ കടിക്കാനുള്ള രോക്ഷം കിറ്റിയുടെ തുറന്ന കണ്ണുകളിലുണ്ടായിരുന്നു.


No comments:

Post a Comment