Thursday, April 12, 2012

രക്ഷിക്കപ്പെടുമോ, ക്രിസ്തുവഴി പിണറായി ബ്രാന്റ് കമ്മ്യൂണിസം?


രക്ഷിക്കപ്പെടുമോ, ക്രിസ്തുവഴി പിണറായി ബ്രാന്റ് കമ്മ്യൂണിസം?

ഉമേഷ് ബാബു കെ സി


1918 ഏപ്രില്‍ രണ്ടാം തീയതി വി ഐ ലെനിന്‍ ഒപ്പുവെച്ച പ്രധാനപ്പെട്ടൊരു രേഖ സോവിയറ്റ് ഗവണ്‍മെന്റ് പുറത്തിറക്കുകയുണ്ടായി. റഷ്യന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ മോസ്‌കോ തൊട്ടുള്ള നഗരങ്ങളിലെ പൊതുസ്ഥലങ്ങളില്‍ സ്മാരകങ്ങള്‍ നിര്‍മ്മിക്കപ്പെടേണ്ട മഹാന്മാരായ വ്യക്തികളുടെ പട്ടികയായിരുന്നു അതിലുണ്ടായിരുന്നത്. വിപ്ലവകാരികളും പൊതുപ്രവര്‍ത്തകരും, എഴുത്തുകാരും കവികളും, തത്വചിന്തകരും ശാസ്ത്രജ്ഞരും, ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍, നടന്മാര്‍ എന്നിങ്ങനെ ആറായിവിഭജിച്ചെഴുതിയ ആ ഉത്തരവ് പട്ടിക ലെനിനിസ്റ്റ് ചരിത്ര സാംസ്‌കാരിക സമീപനത്തിന്റെ വലിയ മാതൃകയായി നിരന്തരം ഉദ്ധരിക്കപ്പെട്ടുപോന്നിട്ടുണ്ട്. മനുഷ്യചരിത്രത്തോടും സംസ്‌കാരത്തോടുമുള്ള മാര്‍ക്‌സിസ്റ്റുകളുടെ സത്യസന്ധതവും ഉദാരവുമായ നിലപാടിന്റെ വിളംബരമായിത്തീര്‍ന്ന ആ ഉത്തരവ് ഇപ്പോള്‍ വീണ്ടും വായിക്കുക വളരെ കൗതുകകരവും പ്രസക്തവുമായ കാര്യമാണ്. അതിലെ വിപ്ലവകാരികളുടെ പട്ടിക സ്പാര്‍ട്ടക്കസിലാണാരംഭിക്കുന്നത്. തുടര്‍ന്നുവരുന്ന മുപ്പത് പേരില്‍ സ്പാര്‍ട്ട്ക്കസ്സിന്റെ കാലത്തിനുശേഷം, മനുഷ്യചരിത്രത്തെ വിമോചനാത്മകമായി അല്പമെങ്കിലും മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ച വ്യത്യസ്ത രാഷ്ട്രീയനിലപാടുകള്‍ പുലര്‍ത്തിയ ലോകമെങ്ങുമുള്ള പ്രമുഖ വിപ്ലവകാരികളാണുള്ളതെന്നു കാണാം. അതിനര്‍ത്ഥം, ലെനിന്റെ കാഴ്ചപ്പാടില്‍ ആധുനിക ലോകവിപ്ലവകാരികളുടെ ചരിത്രം സ്പാര്‍ട്ടാക്കസ്സിലാരംഭിക്കുന്നുവെന്നാണ്. ഈ പട്ടികയുടെ പരിശോധന വിപ്ലവകാരികളെക്കുറിച്ചുള്ള ലെനിന്റെ മറ്റു ചില പ്രധാനകാഴ്ചപ്പാടുകളുടെ തെളിവുകൂടി നല്കുന്നുണ്ട്. ബി സി ഏഴാം നൂറ്റാണ്ടിലെ സ്പാര്‍ട്ട്ക്കസ്സില്‍ നിന്നാണ് ഈ പട്ടിക ആരംഭിക്കുന്നതെങ്കിലും, തുടര്‍ന്നുവരുന്ന പേരുകളില്‍ എ ഡി ഒന്നാം നൂറ്റാണ്ടിലേതെന്ന് ഈഹിക്കപ്പെടുന്ന യേശുക്രിസ്തു ഉള്‍പ്പെടെ പിന്നീടു ലോകം കണ്ട ഒരൊറ്റ മതവ്യക്തിത്വവും ഉള്‍പ്പെടുത്തപ്പെട്ടിട്ടില്ല. മതസ്ഥാപകരെ വിപ്ലവകാരികളായി കൊണ്ടാടുന്ന ലജ്ജാകരമായ അവസരവാദം, സത്യസന്ധനായ ഒരു വൈരുദ്ധ്യാത്മക - ചരിത്രപരഭൗതികവാദിയെന്ന നിലയില്‍, ലെനിന് സ്വീകരിക്കാനായിരുന്നില്ല എന്നാണ് അതിനര്‍ത്ഥം. യേശുക്രിസ്തുവിന്റെ കാര്യത്തില്‍ അതിന് മാറ്റൊരു ശാസ്ത്രീയ കാരണം കൂടിയുണ്ട്. മതവിശ്വാസികള്‍ കരുതുന്നതുപോലെ, യേശുക്രിസ്തുവെന്നൊരാളിന്റെ ചരിത്രപരമായ അസ്തിത്വത്തെക്കുറിച്ച്, ഗവേഷകര്‍ക്കും പണ്ഡിതര്‍ക്കുമിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. വ്യത്യസ്ത സുവിശേഷങ്ങളിലെ വൈരുദ്ധ്യങ്ങളും തെറ്റുകളും, ഒന്നാം നൂറ്റാണ്ടിലെ റോമന്‍ എഴുത്തുകാരുടെ രചനകളും മറ്റും അടിസ്ഥാനമാക്കിയാണ്, ഈ വാദങ്ങള്‍ ഉന്നയിക്കപ്പെടാറുള്ളത്. ശാസ്ത്രത്തോടും ചരിത്രത്തിന്റെ ശാസ്ത്രീയതയോടും അഗാധമായ കൂറുണ്ടായിരുന്ന ലെനിന്‍ എന്ന മാര്‍ക്‌സിസ്റ്റിന്, അതുകൊണ്ടുതന്നെ, സ്മാരകങ്ങളുയര്‍ത്തി ആദരിക്കപ്പെടേണ്ട മഹദ് വിപ്ലവകാരികളുടെ പട്ടികയില്‍, സ്പാര്‍ട്ടാക്കസ്സിന്റെ പേരിനുശേഷം, യേശുക്രിസ്തു എന്നെഴുതി വെക്കുന്ന ചരിത്രവിരുദ്ധതയും പമ്പരവിഡ്ഡിത്തവും ജനവഞ്ചനയും കാണിക്കാനായില്ല. ഏത് കുഴപ്പിക്കുന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോഴും, ലെനിന്‍, ലെനിനെന്ന വിപ്ലവകാരിയായിതന്നെ നിലനിന്നുവെന്നൊരര്‍തഥം കൂടി, ആര്‍ക്കും ഇതില്‍നിന്നു വായിക്കാം. അവസരവാദത്തിന്റെ മലിനമായ ക്ഷുദ്രതകളെ അദ്ദേഹം ഒരിക്കലും തൊട്ടില്ല. അതുകൊണ്ട്, ലോകത്തിലെ വിപ്ലവകാരിത്വത്തിന്റെ ചരിത്രം യേശുവിലല്ല ആരംഭിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം അദ്ദേഹത്തിനുണ്ടായി. ക്രൈസ്തവ മതവിശ്വാസികളുടെ മഹാഭൂരിപക്ഷമുള്ള ഒരു നാടിന്റെ ഭരണാധിപനായിരുന്നു കൊണ്ടാണ് അദ്ദേഹം ഈ നിലപാട് പുലര്‍ത്തിയതെന്ന കാര്യം, എത്രകുറി എടുത്തുപറഞ്ഞാലും ഇക്കാലത്ത് അത് അധികമാകില്ല.

കേരളത്തിലെ സി പി എം ഇന്നിപ്പോള്‍, യേശുക്രിസ്തുവിനെ വച്ചുകൊണ്ട് നടത്താനാരംഭിച്ചിട്ടുള്ള വിചിത്രമായ കളി, സോദ്ദേശ ലക്ഷ്യങ്ങളുള്ള ഒരു വെറും രാഷ്ട്രീയക്കളി മാത്രമാണെന്നു തിരിച്ചറിയാന്‍, ഒരര്‍ത്ഥത്തില്‍ ഏറ്റവും ഉപകാരപ്പെടുക, ഇത്തരം മാര്‍ക്‌സിസ്റ്റ് ചരിത്രപാഠങ്ങളാണ്. കാരണം, ഇത്തരം മാര്‍ക്‌സിസ്റ്റ് പാഠങ്ങള്‍ക്കെതിരെ നിര്‍ത്തി പരിശോധിക്കുമ്പോള്‍, നാഴികയ്ക്ക് നാല്പതുവട്ടം മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ പാര്‍ട്ടിയുടെ ഇപ്പോഴത്തെ ദൈന്യതയും പരിഹാസ്യതയും എളുപ്പത്തില്‍ വ്യക്തമാകും. പിണറായി വിജയനും വി എസ് അച്യുതാനന്ദനും സി പി എം വൈതാളികന്മാരും എന്തൊക്കെ വീമ്പുപറഞ്ഞാലും ശരി, യേശുക്രിസ്തു എന്നൊരാളിനെ സങ്കല്പിക്കുകയും അദ്ദേഹത്തെ മഹാവിപ്ലവകാരിയായി ചിത്രീകരിക്കുകയും ചെയ്യുന്ന പാരമ്പര്യം മാര്‍ക്‌സിസത്തിലില്ലെന്ന കാര്യം വസ്തുതാപരമായ സത്യമാണ്. അടിമുടി ക്രൈസ്തവമായിരുന്ന നാടുകളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ റിവിഷനിസ്റ്റല്ലാത്ത കാലങ്ങളിലൊരിക്കലും, അവരാരും അങ്ങനെ കണ്ടിട്ടില്ല. പിന്നീട്, സമ്പൂര്‍ണ്ണമായും റിവിഷനിസ്റ്റായിത്തീര്‍ന്ന് ക്രൈസ്തവാഭിമാനങ്ങളിലേക്കുകൂടി ഒലിച്ചുപോയ അത്തരം പാര്‍ട്ടികളെല്ലാം വേഗത്തില്‍ തകര്‍ന്നടിഞ്ഞ ദൃശ്യത്തിനും ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ, അത്തരം പാര്‍ട്ടികള്‍ പലമേലങ്കികളും എടുത്തണിയുന്ന കൂട്ടത്തില്‍ ക്രൈസ്തവമേലങ്കി കൂടി എടുത്തണിഞ്ഞത്, സവിശേഷമായ ഒരു ലക്ഷ്യത്തിനു വേണ്ടിയായിരുന്നെന്ന വസ്തുത പ്രത്യേകമോര്‍ക്കണം. പാര്‍ലമെന്ററി മാര്‍ഗ്ഗത്തില്‍ അടിമുടി മുഴുകിക്കൊണ്ടിരിക്കുന്നതിനിടയില്‍, ക്രൈസ്തവതകൂടി എടുത്തണിഞ്ഞാല്‍ എളുപ്പത്തില്‍ അധികാരം കയ്യടക്കാമെന്ന വ്യാമോഹമാണ് അത്തരം പാര്‍ട്ടികളെ ആ വഴിയിലേക്ക് നയിച്ചത്. പക്ഷെ, ആ പാര്‍ട്ടികളൊന്നും അധികാരത്തിലെത്തുകയല്ല, പകരം തകര്‍ന്നടിയുകയാണു ചെയ്തതെന്ന വാസ്തവം നിലനില്ക്കുന്നു. ചരിത്രം പഠിക്കാനുള്ള സന്നദ്ധതയുണ്ടെങ്കില്‍, പിണറായി വിജയന്മാര്‍ക്കും വി എസ് അച്യുതാനന്ദന്മാര്‍ക്കും അവരുടെ കഥയില്ലാത്ത വൈതാളികന്മാര്‍ക്കും  പഠിക്കാന്‍ പാകത്തില്‍ നീണ്ടുകിടക്കുന്നുണ്ട്, ചരിത്രത്തിലെ ജനവഞ്ചനയുടെ ഈ വലിയ ശവപ്പറമ്പുകള്‍.

രക്ഷകന്‍ എന്ന ഹീബ്രു പദത്തിന്റെ ഗ്രീക്ക് തര്‍ജ്ജമയായ ക്രിസ്തുവിന്റെ ഉടമസ്ഥത രണ്ടായിരം വര്‍ഷമായി
ലോകത്തംഗീകൃതമായ ഒരു മതസത്യമാണ്. ആ സത്യത്തിന്റെ ചില കൊച്ചുകൊച്ചു വിമോചനപ്പതിപ്പുകളുണ്ടാക്കി, ലോകത്ത് ചില ചില ചെറിയ കാര്യങ്ങള്‍ ചെയ്യാനാകുമെങ്കിലും, ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രാഷ്ട്രീയമായി രക്ഷിക്കാന്‍ യേശുക്രിസ്തു വരില്ലെന്നതിന്, കഴിഞ്ഞ രണ്ടായിരം വര്‍ഷത്തെ ക്രിസ്തീയതയുടെയും നൂറ്ററുപത് വര്‍ഷത്തെ
കമ്മ്യൂണിസത്തിന്റെയും യഥാര്‍ത്ഥമായ ചരിത്രം സാക്ഷ്യം നല്കുന്നുണ്ട്. അതിന് ഒരേയൊരു കാരണമാണുള്ളത് - യേശുക്രിസ്തു ഒരു മതത്തിലവസാനിക്കുന്ന വിമോചന
ലക്ഷ്യമാണ്. കമ്മ്യൂണിസം, പക്ഷെ, അതല്ല.



പക്ഷെ, ശ്മശാന യാത്രയുടെ ഈ ദുര്‍ഗതി, ഇപ്പോഴത്തെ സി പി എമ്മിന് പലനിലയില്‍ വന്നുപെട്ട പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ഒരനിവാര്യതയാണെന്ന സത്യം കാണാതിരിക്കാനാവില്ല. കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടിലധികമായി, സി പി ഐ (എം) എന്ന പാര്‍ട്ടിയുടെ അസ്തിത്വം തന്നെ നിര്‍വചിക്കപ്പെടുകയും പ്രായോഗികമായി നിര്‍വഹിക്കപ്പെടുകയും ചെയ്തുപോന്നത് ബംഗാളിലെ തുടര്‍ച്ചയായ സി പി എം ഗവണ്‍മെന്റുകളുടെയും, കേരളത്തില്‍ ഇടവിട്ട് വരുന്ന ഇടതുഗവണ്‍മെന്റുകളുടേയും നിലനില്പുമായി ബന്ധപ്പെട്ടാണ്. സി പി എമ്മിന്, പ്രമുഖമായൊരു ഇന്ത്യന്‍ പ്രവിശ്യയില്‍, ഒരു ഗവണ്‍മെന്റ് എപ്പോഴുമുണ്ടായിരുന്ന ഈയൊരുനുഭവത്തിന് മൂന്നരപതിറ്റാണ്ടിന്റെ ദൈര്‍ഘ്യമാണുണ്ടായിരുന്നത്. അതൊരു പ്രധാനപ്പെട്ട സംഗതിയാണ്. പുറത്ത്, എന്തൊക്കെപ്പറഞ്ഞാലും ശരി, കഴിഞ്ഞവര്‍ഷം ഈ പാര്‍ലമെന്ററിസ്റ്റ് സുഖം അസ്തമിച്ചു പോയതിന്റെ ഞെട്ടലുണ്ടാക്കിയ വലിയ തിമിരബാധയില്‍ നിന്ന് സി പി എം ഇനിയും മോചിതമായിട്ടില്ല. പരിപൂര്‍ണ്ണമായും പാര്‍ലമെന്ററിസ്റ്റും, നാട്യങ്ങള്‍ക്കെല്ലാമപ്പുറം സോഷ്യല്‍ ഡമോക്രാറ്റിക്കുമായിത്തീര്‍ന്നു കഴിഞ്ഞിട്ടുള്ള ഇന്നത്തെ സി പി എമ്മിന്, ഈയവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയുമെന്നും തോന്നുന്നില്ല. അവര്‍ക്കിനിയും അധികാരം വേണം. ഒരുപക്ഷെ അത് ഉടനടി തന്നെ വേണം. ത്രിപുരയെന്ന അല്പവികസിത ഗിരിവര്‍ഗ്ഗസംസ്ഥാനത്തിന്റെ അധികാരം ഒരുപക്ഷെ അവര്‍ക്കൊരു അരുചിയുമാണ്. പക്ഷെ, എന്തുചെയ്യുമെന്ന ആലോചനയില്‍, ബംഗാളിലെ അധികാരം ഒരു സ്വപ്നമായിപോലും സങ്കല്പിക്കാനാകില്ലെന്ന കാര്യം സി പി എം പഠിച്ചുകഴിഞ്ഞു. ബ്രാഞ്ച് സമ്മേളനങ്ങള്‍പോലും നടത്താന്‍ കഴിയാതെ പോയ ഒരു സംസ്ഥാനത്തെ അധികാരവാഞ്ഛ ഒരു കിട്ടാക്കനിയാണെന്ന വാസ്തവം അവര്‍ക്കറിയാം. പിന്നെയുള്ളത് പണം തിളച്ചുമറിയുന്ന ഒരു കേരളവും അവിടത്തെ എന്തുചെയ്യാനും മടിക്കാത്ത ഒരു പാര്‍ട്ടി നേതൃത്വവുമാണ്. നുണകളേയും ധാര്‍ഷ്ട്യത്തേയും മൂലധനമാക്കി രാഷ്ട്രീയം കൈയാളുന്ന തനി പ്രോട്ടോഫാഷിസ്റ്റായ കേരള സി പി എം നേതൃത്വത്തെ, പ്രത്യേകിച്ച് സ്വേച്ഛാധിപതിയായ അതിന്റെ സംസ്ഥാന സെക്രട്ടറിയെ കേന്ദ്രമാക്കി, അധികാരത്തിലേക്കുള്ള വഴിയന്വേഷിക്കുകയല്ലാതെ സി പി എമ്മിനു മുന്നില്‍ ഇപ്പോള്‍ മാര്‍ഗ്ഗങ്ങളില്ല. രണ്ടോ മൂന്നോ സീറ്റിനു മാത്രമായി ഇക്കുറി നഷ്ടപ്പെട്ടുപോയ അധികാരത്തിന്റെ മധുരം ഇവരുടെയൊക്കെ നാവില്‍ ബാക്കിയുണ്ടുതാനും.

അപ്പോള്‍ കേരളത്തില്‍ ഉടനടി അധികാരത്തിലെത്താന്‍ എന്തുചെയ്യുമെന്നൊരു ചോദ്യമുയര്‍ന്നുവരുന്നു. മതന്യൂനപക്ഷങ്ങളിലേക്ക് പാലങ്ങളുണ്ടാക്കി അവരുടെ വോട്ടുകള്‍ കൂടുതലാകര്‍ഷിക്കുകയെന്ന ഉത്തരം ഒരു റെഡിമെയ്ഡ് മറുപടിയായി കേരളത്തിലെ സി പി എമ്മിന്റെ കൈയില്‍ എപ്പോഴുമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിലും സി പി എമ്മിന് അതേ പറയാനുണ്ടായിരുന്നുള്ളൂ. കുറച്ചുകൂടി സൂക്ഷ്മവും വിപ്ലവകരമാംവിധം ശരിയുമായ സാമൂഹ്യകാരണങ്ങള്‍ കണ്ടെത്താനുള്ള ശേഷി ഈ പാര്‍ട്ടിക്ക് ഇതിനകം നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടൊക്കെ സി പി എം പഴയ കുറുക്കുവഴി തന്നെ വീണ്ടും കണ്ടെത്തുന്നു - മതന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കുക. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി, ഈ ശാക്തികാവശ്യത്തിനായി സി പി ഐ എം മുസ്ലീങ്ങളെയാണ് ലക്ഷ്യമിടാറുണ്ടായിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പി ഡി പി വേഴ്ചയാണ് അതിന്റെ ഒടുവിലെ ഉദാഹരണം. അത് വലിയ ദുരന്തമായെന്ന് പിന്നീട് സി പി എം തന്നെ സമ്മതിക്കുകയുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണെങ്കില്‍, മുസ്ലീംലീഗ് വമ്പിച്ച വിജയം കൊയ്തു. ലോകമെങ്ങുമുള്ള മുസ്ലീം നാടുകളിലെ രാഷ്ട്രീയ സ്ഥിതിഗതികളും സമാനമാണ്. അറബ് വസന്തമെന്ന പേരില്‍, വലിയ ഏകാധിപത്യവിരുദ്ധ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്ന നാടുകളിലെല്ലാം, തെരഞ്ഞെടുപ്പുകളിലൂടെ, ഇസ്ലാമിക മതമൗലികവാദികള്‍ തനിച്ച് അധികാരലെത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്, ഇനിയങ്ങോട്ട്, കേരളത്തിലെ മുസ്ലീം മതന്യൂനപക്ഷവിഭാഗങ്ങളിലേക്ക് കുറുക്കുവഴികള്‍ പണിതുകൊണ്ട്, അധികാരം കരസ്ഥമാക്കുക വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് സി പി ഐ എം തിരിച്ചറിഞ്ഞുകഴിഞ്ഞു.

പിന്നെ, അവശേഷിക്കുന്ന ശക്തി  ക്രൈസ്തവമതന്യൂനപക്ഷത്തിന്റേതാണ്. അപ്പോള്‍ പിന്നെ, അധികാരത്തിന്റെ വഴിയിലേക്ക് തിരിച്ചെത്താന്‍, സി പി എമ്മിന് കേരളത്തിലെ ക്രൈസ്തവരിലേക്ക് കുറുക്കുവഴികളുണ്ടാക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്നു വന്നിരിക്കുന്നു. യേശുക്രിസ്തു എന്നൊരാളിന്റെ ചരിത്രപരമായ അസ്തിത്വമംഗീകരിക്കുകയും അദ്ദേഹത്തെ മഹാവിപ്ലവകാരിയായി ചിത്രീകരിക്കുകയും ചെയ്യുന്ന കേരളത്തിലെ സി പി എമ്മിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം അവസരവാദപരമായ ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ആര്‍ഭാടകരമായ തുടക്കമാണ്. പിറവം ഉപതെരഞ്ഞെടുപ്പെന്ന മധുരതരമായ ഒരു ആസന്ന ലക്ഷ്യവും കൂടി മുന്നിലുള്ളപ്പോള്‍, ആരെതിര്‍ത്താലും പിണറായി വിജയന്റെ സ്വന്തം ഉടമസ്ഥതയിലുള്ള പാര്‍ട്ടി ഈ കളി തന്നെയാണു കളിക്കുകയെന്നതുറപ്പാണ്. പക്ഷെ, പിറവത്തായാലും, കേരളത്തില്‍ മറ്റെവിടെയായാലും, യേശുക്രിസ്തു, പിണറായി വിജയന് വോട്ടു പിടിച്ചുകൊടുക്കുമോയെന്ന കാര്യം വളരെ സംശയമാണ്. കാരണം, രക്ഷകന്‍ എന്ന ഹീബ്രു പദത്തിന്റെ ഗ്രീക്ക് തര്‍ജ്ജമയായ ക്രിസ്തുവിന്റെ ഉടമസ്ഥത രണ്ടായിരം വര്‍ഷമായി ലോകത്തംഗീകൃതമായ ഒരു മതസത്യമാണ്. ആ സത്യത്തിന്റെ ചില കൊച്ചുകൊച്ചു വിമോചനപ്പതിപ്പുകളുണ്ടാക്കി, ലോകത്ത് ചില ചില ചെറിയ കാര്യങ്ങള്‍ ചെയ്യാനാകുമെങ്കിലും, ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രാഷ്ട്രീയമായി രക്ഷിക്കാന്‍ യേശുക്രിസ്തു വരില്ലെന്നതിന്, കഴിഞ്ഞ രണ്ടായിരം വര്‍ഷത്തെ ക്രിസ്തീയതയുടെയും നൂറ്ററുപത് വര്‍ഷത്തെ കമ്മ്യൂണിസത്തിന്റെയും യഥാര്‍ത്ഥമായ ചരിത്രം സാക്ഷ്യം നല്കുന്നുണ്ട്. അതിന് ഒരേയൊരു കാരണമാണുള്ളത് - യേശുക്രിസ്തു ഒരു മതത്തിലവസാനിക്കുന്ന വിമോചന ലക്ഷ്യമാണ്. കമ്മ്യൂണിസം, പക്ഷെ, അതല്ല.

(പിറവം തിരഞ്ഞെടുപ്പിനു മുമ്പെഴുതിയതാണ് ഈ ലേഖനം. - എഡിറ്റര്‍)

1 comment:

  1. വചനം

    ഇന്നത്തെ
    മെറ്റാഫിസിക്കല്‍ പ്രശ്നം
    വാക്കാണെന്നാണ്
    യൂജിന്‍ ജോലാസ്‌
    പറഞ്ഞത്.

    “കൊഞ്ഞാണന്‍”
    “നികൃഷ്ട ജീവി”
    “കുരങ്ങന്‍”
    “ശുംഭന്‍”
    “ഒരുത്തി”
    “അഭിസാരിക”

    ഇങ്ങനെ പോയാലെന്താ
    ചെയ്യ്‌ാ
    കംമുനിസ്ടുകാര്ക്ക്യ
    ധാര്മിസകത
    തീരെയില്ലേ?
    സംസ്കാരമില്ലേ?

    കൂട്ടം തെറ്റിയ
    കുഞ്ഞാടുകളില്‍ നിന്ന്
    ദൈവവിളിയുണ്ടായവര്‍
    ഇടയനെതിരഞ്ഞു
    തിരിച്ചെത്തിയതാണ്
    അവരെ
    ചൊടിപ്പിക്കുന്നത്.

    ജ്ഞാനസ്നാനം ചെയ്യിച്ചു
    പോട്ടയിലോ
    മലയാറ്റൂരിലോ
    കൊണ്ടുപോയി
    ധ്യാനിപ്പിക്കണം.

    പാര്ടിയയിലുള്ള
    ചഞ്ചലചിത്തരെ,
    അധികാര ധന മോഹികളെ,
    വലിച്ചെടുക്കാന്‍
    കഴിയുന്നുണ്ട്.

    അന്ത്യകൂദാശക്ക് മുന്പേ്
    കര്ത്താൂവിനു
    സ്തോത്രം ചെയ്യിക്കാന്‍
    കഴിഞ്ഞാല്‍
    ഉയര്ന്നലപദവികള്‍
    സ്ഥാനാരോഹണങ്ങള്‍
    വിദേശമൂലധനനിക്ഷേപങ്ങള്‍.

    നമ്മുടെ സ്വാശ്രയ സ്വപ്നങ്ങള്ക്ക് മേലെ
    കരിനിഴല്‍ വീഴ്ത്തിയതിന്
    കൊടുത്താല്‍ കൊല്ലത്തും കിട്ടും
    കണക്കെ
    ഞങ്ങള്‍
    തെരഞ്ഞെടുപ്പിലാണ്
    തിരിച്ച് കടിച്ചത്.

    കോടികള്‍ മുടക്കിയാണ് പോലും
    “തിരുവത്താഴത്തി”നു
    ഡ്യുപ്ലിക്കേടുണ്ടാക്കിയത്.
    കസേരയെക്കുറിച്ചോര്തെകങ്കിലും
    അത് ചെയ്യരുതായിരുന്നു.
    കംമുനിസ്ടുകാര്ക്ക്്
    നേരംവെളുക്കുന്നത്
    പാതിരാത്രിയിലാണെന്ന്
    വെറുതെയല്ല പറയുന്നത്.

    വീണേടം
    വിഷ്ണുലോകമാക്കുമവര്‍
    യേശുവിനെ
    വിശുദ്ധ വിപ്ലവകാരിയാക്കി
    അദ്ഭുത പ്രവൃത്തി.

    അമ്പത്തിയേഴില്‍ പോലും
    ഞങ്ങളുടെ ശക്തിയവര്‍
    കണ്ടതാണ്.
    എന്നിട്ടും
    “പാഠം” പഠിച്ചില്ലെങ്കില്‍
    അവര്ക്കെ ന്തോ
    കുഴപ്പമുണ്ടെന്നു
    സമാധാനിക്കാം.

    അവര്‍ ചെയ്യുന്നതെന്തെന്ന്
    അവരറിയുന്നില്ല,
    അവരോടു പൊറുക്കേണമേ,
    ആമേന്‍!

    ReplyDelete