Thursday, April 12, 2012

സോണി സോറി, ഭരണകൂടം നിങ്ങളെ ബലാല്‍ സംഗം ചെയ്തു


ഷഫീക്ക് എച്ച്


ഇന്ന് ആരെയും ജയിലിലടയ്ക്കുന്നതിനും പീഡിപ്പിക്കുന്നതിനുമായുള്ള ഒന്നാന്തരം ന്യായവാദവും ഫാഷനും 'മാവോയിസ്റ്റ് ബന്ധം' എന്നതാണല്ലോ. അല്ലെങ്കില്‍ 'തീവ്രവാദി ബന്ധം'. പലപ്പോഴും ഇത് പരസ്പരം മാറിമാറി ഇന്ത്യയില്‍ പരീക്ഷിക്കപ്പെട്ടുവരുന്നു. മലയാളത്തില്‍ 'പട്ടിയെ പേപ്പട്ടിയാക്കുക' എന്നൊരു പ്രയോഗമുണ്ട്. ഏതാണ്ടതുപോലെയുള്ളൊരു പ്രയോഗമാണിത്. എന്നു മുതലാണോ ഭരണകൂടം രൂപപ്പെട്ടത് അന്നുമുതലുള്ള ഒരു രാഷ്ടീയ വീഞ്ഞിന്റെ പുതിയ ബ്രാന്റാണ് 'മാവോയിസ്റ്റ് ബന്ധം' എന്ന ഈ മായാവി കഥ. ഈ ഒരു ഫ്രെയിമുണ്ടെങ്കില്‍ ഏതു സമരത്തെയും പൊളിക്കാം. ഏതു മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും തടയിടാം. ഏതു മനുഷ്യനെയും എത്ര ക്രൂരമായും പീഡിപ്പിക്കാം, 'എന്‍കൗണ്ടര്‍' ചെയ്ത് ഓടയില്‍ തള്ളാം.
ഇന്ന് ഈ ലേബല്‍ വീഴാത്ത ഏത് സമരമാണ് ഇന്ത്യയില്‍ നടക്കുന്നത്? ഏതു മനുഷ്യാവകാശ പ്രവര്‍ത്തകരാണുള്ളത്? നിലവിലെ സര്‍ക്കാരുകളുടെ ജനവിരുധ നിലപാടുകളില്‍ നിന്നു തുടങ്ങി നിലവിലെ വ്യവസ്ഥയോടുള്ള പ്രതിഷേധമായി ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരുമ്പോളൊക്കെത്തന്നെ സര്‍ക്കരുകളും ഭരണകൂടവും നേരിട്ടോ മറ്റ് ഏജന്‍സികള്‍ മുഖേനയോ അവയ്ക്കു മുകളില്‍ 'മാവോയിസ്റ്റ് ബന്ധം' എന്ന തിലകക്കുറി ചാര്‍ത്തിക്കൊടുക്കുന്നു. ഇത്തരമൊരു തിലകം ചാര്‍ത്താനായി ഭരണകൂടം തന്നെ വളര്‍ത്തിക്കൊണ്ടുവരുന്ന ഏജന്‍സികളാണോ ഈ മാവോയിസ്റ്റുകള്‍ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നന്ദിഗ്രാം മുതല്‍ സിങ്കൂര്‍, പോസ്‌ക്കോ, ബിനായക് സെന്‍, ആദിവാസി സമരങ്ങള്‍, ആണവവിരുദ്ധ സമരങ്ങള്‍, ഭൂമിക്കു വേണ്ടിയുള്ള സമരങ്ങള്‍, ഭൂമിയില്‍ നിന്നും ഇറക്കി വിടാതിരിക്കാനുള്ള സമരങ്ങള്‍, മാലിന്യ വിരുദ്ധ സമരങ്ങള്‍ എന്നുവേണ്ട, മുമ്പുണ്ടായിരുന്ന രാഷ്ട്രീയ ഘടനകളെ അപ്രസക്തമാക്കിക്കൊണ്ട് ജനങ്ങളില്‍ നിന്നും സ്വതവേ ഉയര്‍ന്നു വരുന്ന സമരങ്ങളെയാകമാനം തച്ചുതകര്‍ക്കാനും അടിച്ചമര്‍ത്താനും ഈ ഒരു ഫ്രെയിംവര്‍ക്കിനാകും എന്നു കാണുമ്പോള്‍ നാം ഭയക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവും ഇരയുമാണ് സോണി സോറിയെന്ന ആദിവാസി അദ്ധ്യാപിക.

ഫേസ് ബുക്ക് ബുദ്ധിജീവികളൊഴികെ കേരള സമൂഹത്തില്‍ വളരെ കുറച്ചു മാത്രം ചര്‍ച്ച ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ പ്രശ്‌നമാണ് സോണി സോറിയുടേത്. അടിയന്തിരാവസ്ഥാ ജയില്‍ പീഡനങ്ങളുടെ ചരിത്രം ആവര്‍ത്തിക്കുന്ന കൊടും ക്രൂരത. 'ലാത്തിക്ക് പ്രത്യുല്പാദന ശേഷിയുണ്ടെങ്കില്‍ ഞാന്‍ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിച്ചേനെ' എന്ന് ഗൗരിയമ്മ പൊട്ടിത്തറിച്ചകഥ കേട്ടു വളര്‍ന്ന ബാല്യമാണ് നമ്മുടേത്. അതിന്റെ കൊടും ക്രൂരതയെ അനുസ്മരിപ്പിക്കുന്നതാണ ചത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്നും ഈ ആദിവാസി വനിത അനുഭവിച്ചുകൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തല്‍.

ദേശീയ മനുഷ്യവകാശ കമ്മീഷനും അന്താരാഷ്ട്ര മനുഷ്യാവകാശ ഏജന്‍സിയായ ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ വരെയും ഇടപെട്ട ഒരു വിഷയം കൂടിയാണ് സോണിയുടേത്. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ.ബിനായക് സെന്നിനെതിരെ ഉന്നയിക്കപ്പെട്ട അതേ കുറ്റം തന്നെയാണ് ഇവര്‍ക്കെതിരെയും ഉന്നയിക്കപ്പെട്ടിട്ടുള്ളത്. മാവോയിസ്റ്റുകളുടെ സന്ദേശവാഹകയായി പ്രവര്‍ത്തിച്ചു എന്നതാണ് ചാര്‍ത്തപ്പെട്ട കുറ്റം. വിവിധങ്ങളായ വനിതാസംഘടനകളില്‍ നിന്നും മനുഷ്യാവകാശ സംഘടനകളില്‍ നിന്നുമായി ഏകദേശം നാല്‍പ്പതോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇത്തരം ആരോപണങ്ങള്‍ ചത്തീസ്ഗഡ് സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ളത്.

2011 ഒക്ടോബര്‍ 4നാണ് ഡല്‍ഹിയില്‍ വെച്ച് സോണിസോറിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന ഛത്തീസ്ഗഡ് പോലീസിനു കൈമാറി. പിന്നീടങ്ങോട്ട് മനുഷ്യത്വത്തിന് ഒരിക്കലും പൊറുക്കാനാവാത്ത പീഡനമായിരുന്നു. '08.10.2011 അര്‍ദ്ധ രാത്രി 12 മണിക്ക് പോലീസ് സൂപ്രണ്ട് അങ്കിത്ത് ഗാര്‍ഗ് എന്നെ മുറിയിലേയ്ക്ക് വിളിപ്പിച്ചു. എന്റെ വസ്ത്രങ്ങള്‍ ബലമായി നീക്കി. എന്നെ ഇലക്ട്രിക്ക് ഷോക്കേല്‍പ്പിച്ചു. ക്രൂരമായി പീഡിപ്പിച്ചു. എന്തുകൊണ്ടാണ് അയ്യാള്‍ക്കെതിരെ യാതൊരുവിധ നടപടിയും എടുക്കാത്തത്?'  എന്ന് സോണി ചോദിക്കുന്നത് നീതി എന്നും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അടിച്ചമര്‍ത്തപ്പെടുന്നവരോട് തന്നെയാണ്. കാരണം ഭരണകൂടത്തിന് ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്, അജണ്ടകളുണ്ട് എന്ന് ഇന്നു നാം തിരിച്ചറിയുന്നു.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍, സോണിയുടെ യോനിയില്‍ നിന്നും 2.5ണ്മ1.5ണ്മ1.0 സെന്റിമീറ്റര്‍ വലുപ്പത്തിലും, 2.0ണ്മ1.5ണ്മ1.5 സെന്റിമീറ്റര്‍ വലുപ്പത്തിലും രണ്ടു കല്ലുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് സോണിയ്ക്ക് ചികിത്സ പോലും സര്‍ക്കാര്‍ നല്‍കുന്നില്ല. ലൈംഗികമായ പീഡനങ്ങളുള്‍പ്പടെ വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് അവര്‍ ജയിലില്‍ നിന്ന് എഴുതിയ കത്ത് വ്യക്തമാക്കുന്നുണ്ട്. സോണി സോറി എഴുതിയ രണ്ടു കത്തുകള്‍ ഞങ്ങള്‍ ഇവിടെ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു. ആംനെസ്റ്റി വിശേഷിപ്പിച്ച പോലെ 'മനസാക്ഷിയുടെ തടവുകാരിയായ' ഈ വനിത ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പൂര്‍ണ്ണ ചിത്രം ലഭിക്കാന്‍ ഈ കത്തുകള്‍ സഹായകമാവും.

കത്തുകള്‍ അടുത്ത പേജില്‍ തുടരുന്നു....  1      2
No comments:

Post a Comment