Saturday, May 5, 2012

ഇത് ഇവരുടെ രാഷ്ട്രീയ ആത്മഹത്യയാണ്

അതി നിഷ്ഠൂരമായ ഒരു രാഷ്ട്രീയ കൊലപാതകമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അതും രാഷ്ട്രീയ കേരളം മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത ആരും കൊല. ഒരു പക്ഷെ ഒരു കീഴ്‌വഴക്കത്തിനു തന്നെ തുടക്കമാവുമോ എന്ന് ഭയക്കേണ്ട സ്ഥിതിയാണ് വന്നു ചേര്‍ന്നിട്ടുള്ളത് . ഇത് എഴുതുന്നത് പോലും സഖാവ് ചന്ദ്രശേഖരന്‍ പോയതിന്റെ നിരാശയില്‍ നിന്ന് കൊണ്ടാണ് . കാരണം കേരളത്തിന്റെ ഇടതു മുന്നേറ്റങ്ങളില്‍ അദ്ദേഹം ഒരു മാതൃകാ കമ്മ്യൂണിസ്റ്റായിരുന്നു. പ്രതീക്ഷയായിരുന്നു. ഇടതു ബദല്‍ അന്വേഷണ ശകതികള്‍ പോലും വ്യവസ്ഥാപിത മാര്‍ഗങ്ങളിലേക്ക് പിന്മടക്കമാരംഭിക്കുമ്പൊഴും അത്തരത്തിലൊരു പിന്മടക്കം സാധ്യമല്ല എന്നും, മുന്നേറ്റമാണ് വേണ്ടതെന്നും, വിട്ടുവീഴ്ചയില്ലാത്ത സമരം തന്നെയാണ് അതിനേക മാര്‍ഗം എന്നും സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്നു ടി. പി. 
സഖാവേ നിങ്ങള്‍ അര്‍ഹിക്കുന്ന മരണം തന്നെയാണിതെന്ന് ഇത്ര വേദനയിലും ഉള്ളു പൊള്ളിക്കൊണ്ടാണെങ്കിലും നിങ്ങളുടെ സ്മരണ ഉയര്‍ത്തുന്ന ആവേശത്തോടെ, അഭിമാനത്തോടെ ഉറക്കെയുറക്കെ പറയാതെ വയ്യ . രക്തസാക്ഷിത്വത്തിന്റെ നീണ്ട നിരതന്നെയുള്ള ഒരു മണ്ണില്‍ നിലയുറപ്പിച്ച നിങ്ങള്‍ക്ക് ലോക വിമോചനത്തിനായി സ്വന്തം ചോര നല്‍കാതെ വയ്യ. ഈ ചോര ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. സമൂഹത്തിലെ നീചശക്തികള്‍ക്ക് അവരുടെ ഏറ്റവും വലിയ ശത്രു 'ചത്തൊ'ടുങ്ങിയെന്നു ഊറ്റം കൊള്ളാം. എന്നാല്‍ ചരിത്രത്തില്‍ വീണ്ടും വീണ്ടും മുഴങ്ങിക്കേള്‍ക്കുന്ന വാക്കുകളോടെ പറയട്ടെ , ജീവിച്ചിരുന്ന ചന്ദ്രശേഖരനെക്കാള്‍ എത്രയോ മടങ്ങ് തീവ്രമാണ് രക്തസാക്ഷിയായ സഖാവ് ചന്ദ്രശേഖരന്‍. അദ്ദേഹം ഇന്ത്യന്‍ മണ്ണിലെ വിപ്ലവശക്തികളുടെ മനസ്സില്‍ ഉറങ്ങാതെ ജീവിക്കും .
ധീര സഖാവെ ... ഈ വാക്കുകള്‍ എഴുതുമ്പോള്‍ കണ്ണ് നിറയുന്നു . മനസിടറുന്നു. ഇത്ര മേല്‍ പൊള്ളയാണ്, നിസാരമാണ് എതിര്‍ ശക്തികളുടെ പ്രത്യയശാസ്ത്രം എന്ന് വീണ്ടും ഞങ്ങള്‍ തിരിച്ചറിയുന്നു. നിങ്ങളുടെ ജീവന്‍ അസ്തമിച്ചാല്‍ തീരുന്നതാണ് വിപ്ലവമെന്ന പഴങ്കഥ പഠിച്ചു വശായി പോയ വങ്കന്‍മാരാണിവര്‍. സാമ്രാജ്യത്വത്തിന് ദല്ലാള്‍ പണിയെടുക്കുന്നവര്‍. ഫാസിസത്തിന്റെ വക്താക്കള്‍ . രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ചെരുപ്പു നക്കുന്നവര്‍ . നിങ്ങളുയര്‍ത്തിയ ചോദ്യങ്ങളില്‍ ഭയന്നുവിറച്ച വേട്ടപ്പട്ടികളാണിവര്‍ .ഇന്ന് നിങ്ങളുടെ ജീവിതം തന്നെ ഇവര്‍ നിഷ്‌ക്കരുണം അപഹരിച്ചിരിക്കുന്നു. ഇത് ഇവരുടെ രാഷ്ട്രീയ ആത്മഹത്യയാണ്.
ലാല്‍ സലാം സഖാവേ
നിങ്ങളുയര്‍ത്തിയ ധീര സ്മരണ,
ഞങ്ങള്‍ക്കത് മതി മുന്നേറാന്‍..
ഒരു പിന്തിരിപ്പന്‍ ശക്തികള്‍ക്കും
അതിനെ കെടുത്താനാവില്ല.
ഇത് ചരിത്ര സത്യം!!!

2 comments:

 1. രക്തസാക്ഷിത്വത്തിന്റെ നീണ്ട നിരതന്നെയുള്ള ഒരു മണ്ണില്‍ നിലയുറപ്പിച്ച നിങ്ങള്‍ക്ക് ലോക വിമോചനത്തിനായി സ്വന്തം ചോര നല്‍കാതെ വയ്യ. ഈ ചോര ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

  ReplyDelete
 2. ആശയങ്ങളുടെ മുനയൊടിയുമ്പോള്‍ മുന്‍ കമ്മ്യൂണിസ്റ്റുകള്‍ ഫാസിസ്റ്റുകള്‍ ആവുന്നു.
  അവര്‍ക്ക് വാക്കുകള്‍ കൊണ്ട് വാക്കുകളെ മറികടക്കാന്‍ ആവില്ല എന്നു വരുന്നു.
  അപ്പോള്‍ ആയുധം വാക്കുകളുടെ സ്ഥാനം ഏറ്റെടുക്കുന്നു.
  ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനെക്കാള്‍ അപകടകാരിയാണ് മുന്‍ കമ്മ്യൂണിസ്റ്റ്. കേരളത്തിലെ ഇടതുപക്ഷം എന്നു അവകാശപ്പെടുന്നവര്‍ മുന്‍ കമ്മ്യൂണിസ്റ്റുകള്‍ ആണ്. അവര്‍ കമ്മ്യൂണിസത്തെ കൊട്ടേഷന്‍ സംഘത്തിനു ഒറ്റു കൊടുക്കും. നാം കൂടുതല്‍ ജാഗരൂകരാകേണ്ടി ഇരിക്കുന്നു.
  സഖാവ് ചന്ദ്രശേഖരന് അഭിവാദ്യങ്ങള്‍.

  ReplyDelete