Tuesday, May 14, 2013

നിങ്ങളുടെ നിഷ്പക്ഷത കുറ്റകരമാണ്. അത് വേട്ടക്കാരനൊപ്പം നില്‍ക്കുന്നതാണ്.

 നിലപാട്‌


അമ്പത്തൊന്ന് വെട്ടുകള്‍ മാനവികതക്കേറ്റ വെട്ടുകളാണ്. മനസാക്ഷി ഉള്ളവരാരും അതിനെ ന്യായീകരിക്കില്ല. മനുഷ്യരാരും രക്തസാക്ഷിത്വത്തെ പരിഹസിക്കുകയില്ല. കുലംകുത്തിയെന്ന് വിളിക്കുകയില്ല.

കൊലയെ എതിര്‍ക്കുന്നവരെല്ലാം വലതുപക്ഷക്കാരായി ചിത്രീകരിക്കപ്പെടുന്നു. പൈശാചികമായി കൊലചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ പേരില്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാനോ അനുശോചനം അറിയിക്കാനോ കഴിയാത്തവര്‍ എങ്ങനെയാണു കമ്മ്യൂണിസ്റ്റുകാരുടെ നേതാവാകുന്നത്? അവര്‍ രക്തസാക്ഷിത്വത്തിന്റെ മഹത്വമറിയാത്തവരാണ്. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ അക്രമരാഷ്ട്രീയത്തിന്റെയും, പാര്‍ട്ടി ഫാസിസത്തിന്റെയും മാര്‍ഗത്തിലൂടെ ഏത് വര്‍ഗരഹിത സമൂഹമാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്? രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് ഒരായിരം തവണ മുദ്രാവാക്യം വിളിച്ചവര്‍ ടി.പി-യുടെ രക്തസാക്ഷിത്വത്തെ ഉയര്‍ത്തി പിടിച്ച രമയുടെ രാഷ്ട്രീയ അഭിപ്രായങ്ങളെ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ ജല്‍പനമെന്നാണ് വിശേഷിപ്പിച്ചത്. ഇത് ആദ്യമായല്ല രക്തസാക്ഷിത്വത്തെ അവമതിക്കുന്നത്. കൂത്തുപറമ്പിലെ രക്തസാക്ഷികളുടെ വസ്ത്രമുരിഞ്ഞു സ്വാശ്രയ കോളേജ് മണിമാളികള്‍ പണിഞ്ഞത് ആരായിരുന്നു? അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തെ കുഴിച്ചു മൂടിയത് ആരായിരുന്നു?

ലാലപ്പനെ അവമതിച്ചതും സെയ്താലിയെ മരണത്തിലേക്ക് തള്ളിവിട്ടതും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വളമേകിയതും കേരളത്തിലെ കലാശാലകളില്‍ മുഴുവന്‍ ഫാസിസ്റ്റ് സംഘടന സംവിധാനം അടിച്ചേല്‍പ്പിച്ചതും ആരായിരുന്നു? ഇതൊന്നും ഇടതുപക്ഷത്തിനു ചെയ്യാനാവില്ല, ഇതൊന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചെയ്യാന്‍ കഴിയില്ലന്ന തത്വവും ഞങ്ങള്‍ക്കറിയാം. അതൊക്കെ ചെയ്യാന്‍ കഴിയുന്ന ഒരു ശക്തിയേയുള്ളൂ. അത് ജനങ്ങള്‍ക്കെല്ലാം അറിയാം. അത് മറ്റാരുമല്ല ഇടതുപക്ഷ തോലണിഞ്ഞ വലതുപക്ഷ ചെന്നായയാണ്. വായില്‍ എല്ലിന്‍ കഷ്ണം സൂക്ഷിക്കുന്ന പട്ടി കുരക്കുകയില്ലെന്നു നമുക്കറിയാം. അതുകൊണ്ട് കേരളത്തിലെ പുരോഗമന സാംസ്‌കാരിക നായകരോട് ഒന്ന് പറഞ്ഞോട്ടെ, നിങ്ങളുടെ നിഷ്പക്ഷത കുറ്റകരമാണ്. അത് വേട്ടക്കാരനൊപ്പം നില്‍ക്കുന്നതാണ്.


No comments:

Post a Comment