Tuesday, May 14, 2013

ഈ രക്തസാക്ഷികളെ ഒറ്റിയതാര്?


മുക്ക് തോന്നും ഇന്ന് സി.പി.ഐഎമ്മും അതിന്റെ മറ്റു സംഘടനകളും ഇതാദ്യമായാണ് സ: ടി.പിയെ കൊന്നതുപോലെയുള്ള ഒരു ചതി നടത്തിയതെന്ന്. ചരിത്രം പറയുന്നത് അങ്ങനെയല്ല എന്നാണ്. ഒട്ടനവധി രക്തസാക്ഷിത്വങ്ങളെ ഇവര്‍ കാലാകാലങ്ങളില്‍ അധിക്ഷേപിക്കാന്‍, വഞ്ചിക്കാന്‍ മറന്നിട്ടില്ല. ഒറ്റാന്‍ മറന്നിട്ടില്ല. എസ്.എഫ്.ഐയുടെ കേരളത്തിലെ ആദ്യ രക്തസാക്ഷിയായ സഖാവ് സെയ്താലിയില്‍ തന്നെ തുടങ്ങുന്നു ഇവരുടെ വഞ്ചനയുടെ കഥ....

 
സഖാവ് സെയ്താലി

ഒരു എസ്.എഫ്.ഐക്കാരനും മറന്നുകൂടാത്ത പേരാണ് സ.സെയ്താലിയുടേത്. പട്ടാമ്പി സംസ്‌കൃത കോളേജില്‍ പഠിക്കുമ്പോഴാണ് സഖാവ് രക്തസാക്ഷിത്വം വരിച്ചത്. എസ്.എഫ്.ഐയുടെ കേരളത്തിലെ ആദ്യത്തെ രക്തസാക്ഷിത്വം.  1974 സെപ്തംബര്‍ 19ന്. ഫാസിസ്റ്റ് തേര്‍വാഴ്ച്ചയെ ചോദ്യം ചെയ്തതിന് എ.ബി.വി.പിയും കെ.എസ്.യുക്കാരും ഒരുമിച്ച് മൃഗീയമായി തല്ലി കൊല്ലുകയായിരുന്നു. കൊന്നതിലെ പ്രമുഖ പ്രതി ശങ്കരനാരായണനെന്ന എ.ബി.വി.പിക്കാരന്‍ ഇന്ന് എവിടെയാണെന്ന് നമ്മള്‍ എത്രപേര്‍ക്കറിയാം? നമ്മള്‍ മറന്നിരിക്കുന്നു, നമ്മുടെ പ്രിയ സഖാവ് സെയ്താലിയെ. അന്ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തോട് കലഹിച്ച, ഇന്നും ആ രക്തസാക്ഷിത്വത്തെ കുറിച്ച് വാചാലമാകുന്ന എസ്.എഫ്.ഐ, സഖാവ് സെയ്താലിയുടെ ഘാതകനു വേണ്ടി നിലകൊണ്ടത് നമ്മള്‍ എത്രപേര്‍ക്കറിയാം? അതേ സഖാക്കളേ, അന്നത്തെ ശങ്കരനാരായണന്‍ പേരുമാറ്റി, ബാബു എം പാലിശ്ശേരിയായി. ഡി.വൈ.എഫ്.ഐക്കാരനായി. സി.പി.ഐ.എം കാരനായി. കുന്ദംകുളം എം.എല്‍.എ സ്ഥാനം തന്നെ പാര്‍ട്ടി ആ ഘാതകന്റെ കാല്‍കീഴില്‍ സമര്‍പ്പിച്ചു. സഖാക്കളേ നാം എങ്ങോട്ട്?

 കൂത്തു പറമ്പ്   രക്തസാക്ഷികള്‍

അകലെ ആ ശവകുടീരങ്ങളില്‍ രാജീവനും മധുവും ഷിബുലാലും ബാബുവും റോഷനും ഉണര്‍ന്നിരിക്കുന്നു. അവരുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഒന്നു പത്തായി, പത്തു നൂറായി, നൂറ് ഒരായിരം അസ്ത്രങ്ങളായി ഭരണകൂടത്തിന്റെ ബധിര കര്‍ണ്ണങ്ങളെ കീറിമുറിക്കുന്നു. ലാല്‍ സലാം സഖാക്കളെ.... നിങ്ങളുടെ നിണം വീണ് കുതിര്‍ന്ന മണ്ണ് നെഞ്ചോട് ചേര്‍ത്ത് പോരാട്ട ഭൂമിയില്‍ നിങ്ങളുടെ തുടര്‍ച്ചയായി ഞങ്ങള്‍ നിരക്കട്ടെ... ചാവേറുകളായി....

കോടാനുകോടികളായ പട്ടിണിക്കാരുടെ മക്കള്‍ക്കായാണ് പാഞ്ഞുവന്ന വെടിയുണ്ടകളെ നിങ്ങള്‍ നെഞ്ചേറ്റിയത്. പിടഞ്ഞു പിടഞ്ഞു ഓര്‍മ്മപ്പെടുത്തലായിത്തീര്‍ന്നത്.
ഞങ്ങളവരെ ഉപേക്ഷിച്ചു.. മുപ്പതു വെള്ളിക്കാശിനായി നിങ്ങളെ ഒറ്റിയവരെ... സ്വാശ്രയക്കോളേജ് രക്തസാക്ഷി രജനി എസ് ആനന്ദിനോട്, വായിലൊതുങ്ങുന്നത് കൊത്തിയാല്‍ പോരേ എന്ന് കോര്‍പ്പറേറ്റ് അമ്മ ദൈവം മാതാ അമൃതാനന്ദമയി കോര്‍പ്പറേറ്റുകള്‍ കൊടുക്കുന്ന അമൃതം നുണഞ്ഞ് ആനന്ദത്തോടെ ഭജിച്ചപ്പോള്‍ അതിലും ശരിയില്ലേ എന്നു വാദിച്ച നമ്മുടെ പഴയ സഖാക്കളെ, ഒത്തു തീര്‍പ്പുകളുടെ ആ കൂട്ടുകാരെ ഒറ്റുകാരാ എന്നല്ലാതെ, വര്‍ഗ്ഗ വഞ്ചകരെന്നല്ലാതെ മറ്റേത്് പദം കൊണ്ടാണ് വിശേഷിപ്പിക്കാനാവുക?? സ്വാശ്രയ കോളേജ് മുതലാളിമാരായ മെത്രാന്‍മാരുടെ അരമനകള്‍ തോറും ഇലക്ഷനെന്ന റിയാലിറ്റി ഷോകളില്‍ വോട്ടു തെണ്ടുന്ന തിരക്കിലാണവര്‍. പാര്‍ലമെന്ററിസം ഒരു ക്യാന്‍സര്‍ പോലെ അവരുടെ മസ്തിഷ്‌ക്കങ്ങളെ കാര്‍ന്നു തിന്നു കഴിഞ്ഞിരിക്കുന്നു. 1994 നവംബര്‍ 25നു സ്വാശ്രയ വിദ്യാഭ്യാസ പദ്ധതിക്കെതിരായി നിങ്ങളഞ്ചുപേര്‍ മരണം കൊണ്ട് സാക്ഷ്യപ്പെടുത്തി. എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ടു തന്നെ ഇടതു പക്ഷത്തിന് എങ്ങനെ സ്വാശ്രയ മാടമ്പിമാരുമായി പ്രണയബന്ധത്തിലേര്‍പ്പെടാന്‍ കഴിഞ്ഞു? പിന്നെ പാവങ്ങളുടെ മക്കള്‍ക്ക് ചില നക്കാപ്പിച്ചകള്‍ നേടിയെടുക്കുന്ന സമരമായി ഇടതു വിദ്യാര്‍ത്ഥി സമരങ്ങളൊക്കെ മാറി. 50-50 എന്ന ഒത്തു തീര്‍പ്പിന്റെ ഭാഷ എങ്ങനെ ഇവരുടെ നാവുകള്‍ക്ക് പ്രിയങ്കരമായി? ഓന്തുപോലും നാണിച്ചു പോകും മട്ടിലുള്ള നിറം മാറ്റം!! രജനി എസ് ആനന്ദും ഫാസിലയും സുമി സുരേന്ദ്രനുമൊക്കെ സ്വാശ്രയ വിദ്യാഭ്യാസ പദ്ധതിയുടെ രക്തസാക്ഷികളായി മാറിയപ്പോള്‍ എത്ര ബാങ്കുകള്‍ തച്ചു തകര്‍ത്താണ് വിദ്യാര്‍ത്ഥികളുടെ അടങ്ങാത്ത കലിയില്‍ നിന്ന് സ്വാശ്രയ കോളേജ് ഭീമന്മാരെയും അതിന്റെ രാഷ്ട്രീയ പരിരക്ഷകരെയും ഇവര്‍ രക്ഷപ്പെടുത്തിയത്!!

ഇവര്‍ക്ക് ഓര്‍മ്മകള്‍ കേവലം താരാട്ടു പാട്ടുകളാണ്. മറിച്ചു വിറ്റാല്‍ വോട്ടുകിട്ടുന്ന റോയല്‍ റിസോഴ്‌സാണ്. ഉഥഎകയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു , 'കൂത്തു പറമ്പ് സമരം കേരള സര്‍ക്കാരിന്റെ സാമ്രാജ്യത്വ നയങ്ങള്‍ക്കും ആഗോള വല്‍ക്കരണ പ്രചരണത്തിനുമെതിരെയുള്ള സമരമായിരുന്നു' എന്ന്. 'വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനും കച്ചവടവല്‍ക്കരണത്തിനുമെതിരായ സമരമായിരുന്നു' എന്ന്. എന്നിട്ടും ഇതേ സാമ്രാജ്യത്വ നയങ്ങളും സ്വകാര്യ വല്‍ക്കരണവും എങ്ങനെ ഇവരുടെ അജണ്ടകളിലെ സുപ്രധാന ഇനമായി മാറി? സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നം എങ്ങനെ ബാങ്ക് ലോണ്‍ കൊടുക്കാത്തതിന്റെ പ്രശ്‌നം മാത്രമായി മാറി? ഇടതു സര്‍ക്കാരിന്റെ 'ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്' സ്വകാര്യവല്‍ക്കരണം ഒരാശ്രയമായിത്തീര്‍ന്നിരുന്നു. സ്വാശ്രയ കോളേജ് തന്നെ പ്രശ്‌നമാക്കാതെ അതിലെ ഏതാനും സീറ്റ് പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതു മാത്രം പ്രശ്‌നമാക്കി മാറ്റി എത്ര നാള്‍ ഇവര്‍ക്ക് മുഖം രക്ഷിക്കാനാവും?


സ. ലാലപ്പന്‍


തൃശ്ശൂര്‍ ജില്ലയിലെ എസ്.എഫ്.ഐയെ ചോരകൊടുത്ത് പടുത്തു യര്‍ത്തിയ ലാലപ്പനെന്ന വിപിന്‍ ലാലിനെ ആരും അത്ര പെട്ടന്ന് മറക്കാന്‍ വഴിയില്ല. പഠനത്തിനു ശേഷവും വര്‍ഷങ്ങളോളം മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന എസ്.എഫ്.ഐയുടെ തൃശ്ശൂര്‍ ഏരിയാ കമ്മറ്റിയുടെ സെക്രട്ടറി കൂടിയായിരുന്ന ആ സഖാവ് ഒരു കൊള്ളിയാന്‍ മറഞ്ഞ പോലെയാണ് മാഞ്ഞു പോയത്. വളവുകളും തിരിവുകളുമുള്ള പാതയുടെ കയറ്റിറക്കങ്ങളില്‍ ആരോ മുള്ളുകള്‍ വിതറിയിരിക്കുന്നു എന്ന് ഞങ്ങള്‍ ഇന്നും വിശ്വസിക്കുന്നു. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് അദ്ദേഹത്തെ സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി. എന്നിട്ടും ജില്ലയിലെ പോരാളികള്‍ ലാലപ്പന്റെ പിന്നില്‍ അണിചേര്‍ന്നു. ജീവിതത്തിന്റെ അവസാന യാത്രയിലും എസ്എഫ്‌ഐക്കു വേണ്ടി തുടിച്ച ആ ജീവിതത്തെ അവഹേളിക്കുന്നതില്‍ നേതാക്കന്മാര്‍ മത്സരിക്കുകയായിരുന്നു. ഇ.കെ.ബാലന്‍, കെ.ആര്‍.തോമസ്, ആര്‍.കെ.കൊച്ചനിയന്‍, കെ.എസ്.വിപിന്‍ലാല്‍ എന്നിവരുടെയൊപ്പം സ. ലാലപ്പന്റെ  ചിത്രവും ആലേഖനം ചെയ്ത കലണ്ടര്‍ വിതരണം ചെയ്യാന്‍ എസ്എഫ്‌ഐ ഏരിയാ കമ്മറ്റി തീരുമാനിച്ചതിനെ അന്നത്തെ സംസ്ഥാന സെക്രട്ടറി സ്വരാജ് നായര്‍ എതിര്‍ത്തതിന്റെ ചേതോവികാരം ഇന്നും ദുരൂഹമാണ്. അത് വിതരണം ചെയ്തതിന്റെ പേരില്‍ ആ ഏരിയാ കമ്മറ്റി തന്നെ പിരിച്ചു വിടുകയാണവര്‍ ചെയ്തത്.
എന്നിട്ടും ആവേശത്തിരയിളക്കുന്ന പ്രസംഗങ്ങള്‍ക്ക് ഉപ്പും കറിവേപ്പിലയുമായി രക്തസാക്ഷിപ്പട്ടിക അവര്‍ നിവര്‍ത്തും. കൈയടിയും വോട്ടും വാങ്ങും. ഈ കപട വൈകാരികതയുടെ ലേബലില്‍ എസ്എഫ്‌ഐക്ക് എത്ര കാലം ക്യാമ്പസുകളെ ഭരിക്കാനാകും.

No comments:

Post a Comment