Thursday, September 29, 2011

വിദ്യാര്‍ത്ഥി, വാള്യം - 5, ലക്കം 1, ആഗസ്റ്റ് 2011 പേജ്‌ 1



നിലപാട്
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിസമൂഹത്തിലെത്തിക്
കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കേറെ സന്തോഷമുണ്ട്. ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് വിദ്യാര്‍ത്ഥി കടന്നുപോയത്. അതഭിസംബോധന ചെയ്യാന്‍ ശ്രമിച്ച വിഷയങ്ങള്‍ മുതല്‍ സാമ്പത്തിക പരാധീനതകള്‍ വരെ അക്കൂട്ടത്തിലുണ്ട്. ഈ അദ്ധ്യയന വര്‍ഷത്തില്‍ രണ്ട് ലക്കങ്ങള്‍ പുറത്തിറക്കാന്‍ കഴിയാതെ പോയതിന്റെ കാരണവും അതുതന്നെ.

സ്വാതന്ത്ര്യത്തിനും സമത്വത്തിനുമായുള്ള പുരോഗമന കൂട്ടായ്മയെന്ന നിലയില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ സമ്മേളിച്ചതിന്റെ ഒരു രാഷ്ട്രീയ ഫലമാണ്വിദ്യാര്‍ത്ഥി . നിലവിലുള്ള പ്രസിദ്ധീകരണങ്ങള്‍ സെന്‍സേഷണലിസത്തിനും മസാലകള്‍ക്കും പിന്നാലെ പാഞ്ഞതുകൊണ്ട് അഭിസംബോധന ചെയ്യാന്‍ വിസ്മരിക്കപ്പെട്ടുപോയ വിഷയങ്ങളെ ബോധപൂര്‍വ്വം അതീവ ഗൗരവത്തോടെ ചര്‍ച്ച ചെയ്യാനുള്ള ഒരു സജീവ വേദി എന്ന നിലയ്ക്കാണ് വിദ്യാര്‍ത്ഥി മാസിക ഇറക്കിയത്/ഇറങ്ങുന്നത്. ഇതില്‍ നിങ്ങളോരോരുത്തരുടെയും പങ്ക് നിസ്തുലമാണ്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥിയെ കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥിയുടേയും പങ്ക് ആവശ്യപ്പടുന്ന ഒരു കൂട്ടായ്മയുടെ പ്രസിദ്ധീകരണമായി നിര്‍വ്വചിക്കുന്നതാവും ഉത്തമം.

വിദ്യാര്‍ത്ഥിരാഷ്ട്രീയം ഒരു ജനാധിപത്യസമൂഹത്തില്‍ അതീവ പ്രധാന്യമുള്ളതാണെന്ന തിരിച്ചറിവാണ് ഞങ്ങളെ ഇത്തരമൊരു ദൗത്യമേറ്റെടുക്കാന്‍ എപ്പോഴും നിര്‍ബന്ധിതരാക്കുന്നത്. ഒരുവശത്ത് വിദ്യാര്‍ത്ഥിരാഷ്ട്രീയം മലീമസമാക്കപ്പെടുമ്പോള്‍ മറുവശത്ത് ക്യാമ്പസ്സുകളെ രാഷ്ട്രീയമായി നിര്‍ജ്ജീവമാക്കാന്‍ കോളേജ് മാനേജ്‌മെന്റുകളും സര്‍ക്കാരുകളും കോടതികളും സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥിസമൂഹത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയെത്തന്നെ തകിടംമറിക്കാനുള്ള ശ്രമമാണിതെന്ന് പറയേണ്ടതില്ലല്ലോ. ഇതിന് തടയിടാന്‍ നാം പ്രതിജ്ഞാബധരാണെന്ന് എവിടെയൊക്കയോവെച്ച് നമ്മള്‍ മറന്നുപോകുന്നു. അതിന്റെ പ്രതിഫലനമാണ് പലപ്പോഴും നമ്മുടെ സമരങ്ങള്‍ ദിശമാറിയൊഴുകുന്നതിലെത്തിച്ചേരുന്നത്. ഇവിടെ നമുക്ക് ജാഗ്രത്തായേ മതിയാകൂ. പുതിയ സമരരൂപങ്ങള്‍ പടുത്തുയര്‍ത്തുകയേ പോംവഴിയായി നമ്മുടെ മുന്നിലുള്ളു. സഖാക്കളേ നമുക്ക് പിന്തിരിയാതിരിക്കാം.




No comments:

Post a Comment