Monday, October 3, 2011

വിദ്യാഭ്യാസ കച്ചവടത്തിന്റെ വിധിന്യായങ്ങള്‍


വിദ്യാഭ്യാസ കച്ചവടത്തിന് നിയമ പ്രാബല്യമോ?

മൃദുല ഗോപിനാഥ്വിദ്യാഭ്യാസത്തിന് നിരവധി ഉദ്ദേശങ്ങളുണ്ടല്ലോ. രാജ്യത്തെ ഓരോ കുട്ടിയുടെയും ജന്മാവകാശവും മൗലികാവകാശവും ആണ് വിദ്യ അഭ്യസിക്കുക എന്നുള്ളത്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കുക എന്ന അടിസ്ഥാന തത്ത്വത്തില്‍ അധിഷ്ഠിതമായ ഒരു ഭരണഘടനയാണ് നമുക്കുള്ളത്. ഇതിനുവേണ്ടിയുള്ള ഏറ്റവും പ്രധാനമായ ഒരു ഉപാധികൂടിയാണ് വിദ്യാഭ്യാസം. എന്നാല്‍ ഈ നീതി ഉറപ്പു വരുത്തുന്നതില്‍ ഓരോ ഗവണ്‍മെന്റും പ്രതിജ്ഞാബദ്ധമാകേണ്ടതുണ്ടെന്ന യാഥാര്‍ഥ്യം മറന്നുകൊണ്ടാണ് ഇന്ന് ജനാധിപത്യത്തിന്റെ കാവലാളുകളായ നമ്മുടെ നിയമ നിര്‍മാതാക്കളും എക്‌സിക്യൂട്ടീവും നീതിന്യായ വ്യവസ്ഥയും പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം നിറവേറ്റുകയും ഈ സ്ഥാപനങ്ങളെ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ എപ്പോഴാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും ഒരു ലാഭമുണ്ടാക്കാനുള്ള ബിസിനസ് ആയി പരിവര്‍ത്തനം ചെയ്തത്? കോടതികള്‍ എങ്ങനെയാണ് തങ്ങളുടെ സമീപനം ഇന്നത്തെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് അനുകൂലമാക്കി മാറ്റിയത്?

വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണ സാധ്യതകള്‍ 1993-ലെ Unnikrishnan V. State of AP എന്ന കേസിനുമുമ്പ് ഉയര്‍ന്നിരുന്നില്ല. കോടതികളുടെ തന്നെ പൊതുവായൊരു സമീപനം, വിദ്യാഭ്യാസം എന്നത് ഒരു പോതുപ്രവര്‍ത്തനവും (Public Function) സാമൂഹ്യ സേവനവുആണെന്നായിരുന്നു. ഉദാഹരണത്തിന് 1955-ലെ D.P.Joshi V. State of M.P. എന്ന കേസ്സില്‍ ജ. വെങ്കടരാമ അയ്യര്‍ പരാമര്‍ശിച്ചത്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുകയും നടത്തിക്കൊണ്ടു പോവുകയും ചെയ്യുക എന്നത് നമ്മുടെ മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നതും സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ നടപ്പില്‍ വരുത്തേണ്ടവയുമാണ്. മാത്രവുമല്ല ഒരു വിദ്യാര്‍ത്ഥിയുടെ ശാരീരികവും ബൗദ്ധികവും ധാര്‍മ്മികവും വൈകാരികവുമായ വികസനത്തിലൂടെ വ്യക്തിത്വ നിര്‍മ്മാണമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.

പിന്നീട് Mohini Jain V. State of Karnataka എന്ന കേസില്‍ വിദ്യാഭ്യാസ അവകാശത്തെയും വിദ്യാഭ്യാസം നല്‍കുവാനുള്ള ഒരു ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വത്തെപ്പറ്റിയും ചില നിരീക്ഷണങ്ങള്‍ സുപ്രീം കോടതി നടത്തുകയുണ്ടായി. പ്രാധാന്യമേറിയ വസ്തുത എന്തെന്നാല്‍, വിദ്യാഭ്യാസത്തിന്റെ വാണിജ്യ വല്‍ക്കരണത്തോട് നേരിട്ട് ബന്ധമുള്ളതായിരുന്നു ഈ കേസ്സ്. ജ. കുല്‍ദീപ് സിങ്ങ് വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ പൗരന്റെ ജീവിക്കാനുള്ള അവകാശത്തില്‍ ഉള്‍പ്പെടുത്തുകയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൗരന്റെ നേട്ടത്തിനുവേണ്ടിയാണെന്ന ഭരണഘടനാ നിബന്ധന നടപ്പില്‍ വരുത്തേണ്ട ചുമതല ഓരോ ഗവണ്‍മെന്റിനുണ്ടെന്നും പറഞ്ഞുവെച്ചു. ഇതിനും പുറമേ വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം സമൂഹത്തിലെ പണക്കാരിലൊതുക്കി നിര്‍ത്താന്‍ പാടില്ലെന്നും വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങള്‍ എന്ന ആശയം ഭരണഘടനാ വിരുദ്ധമാണെന്നും അത് ഇന്ത്യയുടെ സംസ്‌കാരത്തിനും പൈതൃകത്തിനുമെതിരാണെന്നും അദ്ദേഹം നിരീക്ഷിച്ചു. വാണിജ്യം, വ്യാപാരം, തൊഴില്‍ എന്നിവയ്ക്കുള്ള സ്വാതന്ത്ര്യത്തെ കുറിച്ചു പറയുന്ന ഭരണഘടനയുടെ അനുച്ഛേദം 19(1) ജിയുടെ പരിധിയില്‍ വിദ്യാഭ്യാസത്തെയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള അവകാശത്തെയോ ഉള്‍പ്പെടുത്താനാവില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.  വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നതിന് എതിരായിരുന്നു ഈ വിധി. മാത്രവുമല്ല അത് വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ളതായിരുന്നു.

ഉണ്ണികൃഷ്ണന്‍ കേസില്‍ ജ. വി.പി.ജീവന്‍ റെഡ്ഡി വിദ്യാഭ്യാസത്തെ അനുച്ഛേദം 19(1) ജിയില്‍ കൊണ്ടുവരണമെന്ന അവകാശവാദത്തെ നിരസിച്ചു. അദ്ധ്യാപനം ഒരു തോഴില്‍ ആകാം, എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതും അതിനോടനുബന്ധിച്ചുള്ള സൗകര്യങ്ങളൊരുക്കുന്നതും അദ്ധ്യാപകര്‍ക്ക് തൊഴില്‍ കൊടുക്കുന്നതും 'തൊഴിലല്ല'. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നത് ഒരു മൗലികാവകാശമാണോ എന്ന മൗലികമായ ചോദ്യത്തിന് ഉത്തരം നല്‍കാതെ അനുച്ചേദം 19(1) ജിയില്‍ ഉള്‍പ്പെടില്ല എന്നു മാത്രമേ കോടതി അഭിപ്രായപ്പെട്ടുള്ളു.

ഇന്നിന്റെ സാമ്പത്തിക വ്യവസ്ഥയുടെ യുക്തിയും സ്വകാര്യ വല്‍കരണമെന്ന സിദ്ധാന്തവും സ്വകാര്യ ഉന്നത വിദ്യാഭ്യാസത്തിന്റെ കടന്നുവരവിലേക്കും അവയുടെ സ്ഥാപനത്തിലേക്കും വഴിതെളിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ വളര്‍ച്ചയിലൂടെയും വികാസത്തിലൂടെയും ഒരു മാന്യമായ അധിക നികുതി ഉണ്ടാക്കാന്‍ രാജ്യത്തിനു കഴിയും എന്നതാണ് കോടതികളുടെ മറ്റൊരു കണ്ടെത്തല്‍. ഇന്ന് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നടത്തുന്നതിനുള്ള പൂര്‍ണ്ണമായ അധികാരം സ്വകാര്യ മാനേജുമെന്റുകള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു. 

വിദ്യാഭ്യാസത്തിനുള്ള അവകാശവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള അവകാശവും ഒരുമിച്ചു കൊണ്ടുപോകുന്നതിനുള്ള യാതൊരു ശ്രമങ്ങളും ടി.എം.എ.പൈ ഫൗണ്ടേഷന്‍ കേസ്സില്‍ കോടതിയെടുത്തില്ല.

ഭരണഘടനയില്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസമെന്ന മൗലിക അവകാശത്തിനു ഇന്ന് വളരെ ചെറിയ സ്‌കോപ്പ് മാത്രമേയുള്ളു. അതും സമ്പന്ന വിഭാഗങ്ങള്‍ക്കിടയില്‍ മാത്രം. യു.ഡി.എച്ച്.ആര്‍, ഐ.സി.ഇ.എസ്.സി.ആര്‍* എന്നിവയിലെ  ചുമതലകള്‍ മറന്നുകൊണ്ട് വിദ്യാഭ്യാസം നമ്മുടെ ഒരു അവകാശം അല്ല എന്ന ഇന്നത്തെ അവസ്ഥയെ അംഗീകരിക്കാനാവുമോ??

വിദ്യാഭ്യാസം എന്നത് ഇന്ന് നമ്മുടെ ജന്മാവകാശമല്ലാതായിത്തീര്‍ന്നിരിക്കുന്നു. പണം കൊടുത്താല്‍ കിട്ടുന്ന ഒരു സാധനമായത് മാറിയിരിക്കുന്നു. ഇന്നത്തെ വിദ്യാഭ്യാസ മുതലാളിമാര്‍ മതമേലാളന്മാരാണ്. യാതൊരു സാമൂഹിക വികസനത്തിന്റെയും സേവനത്തിന്റെയും കണികകള്‍ നമുക്ക് പ്രതീക്ഷിക്കാന്‍ പോലും ആവില്ല. പണമുള്ളവര്‍ക്ക് പഠിക്കാം. വീണ്ടും പണമുണ്ടാക്കാം. മൂല്യമെന്നത് 'പണമുണ്ടാക്കുക' എന്നതു മാത്രമായി. സാധാരണക്കാരന് ഇതില്‍ നിന്ന് എന്ത് ലഭിക്കുവാന്‍? കോടതികള്‍ പോലും സാധാരണക്കാരന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറി. ഇനി എവിടെ നിന്നാണ്, എങ്ങനെയാണ് നമുക്ക് സാമൂഹ്യ നീതി ലഭിക്കുക??

*U.D.H.R - Universal Declaration of Human Rights, I.C.E.S.C.R - International Covenanat on Economic Social and Cultural Right
No comments:

Post a Comment