Wednesday, October 5, 2011

സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന പൊതുപ്രവര്‍ത്തനം


ഒരു പൊതുപ്രവര്‍ത്തകന്റെ മരണവും അനുസ്മരണവുമാണ് നമ്മെ ഇവിടെ എത്തിച്ചിട്ടുള്ളത്. തീര്‍ച്ചയായും ഇതൊരു അസാധാരണമായ സംഭവമായിക്കൊണ്ടിരിക്കുകയാണ്. കാരണം ഇന്ന് പൊതുപ്രവര്‍ത്തനം തന്നെ സ്വകാര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ കൂട്ടായി ചെയ്തിരിക്കുന്ന കാര്യങ്ങള്‍ ഇന്ന് അതിന്റെ ഏജന്‍സികളെ ഏല്പിക്കുകയും പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് ജനങ്ങള്‍ പിന്‍മാറുകയും ചെയ്യുന്ന ഒരു വലിയ മാറ്റം സമുദായത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്. നമ്മള്‍ ബസ്സിന്റെ പ്രൈവറ്റൈസേഷനേകുറിച്ചും, ആശുപത്രിയുടെ പ്രൈവറ്റൈസേഷനെകുറിച്ചുമൊക്കെ പറയാറുണ്ട്. അത് തന്നെ പൊതുപ്രവര്‍ത്തനത്തിലും വന്നുകൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ കുടുംബകാര്യങ്ങളിലും വരുന്നുണ്ട്.
    ഇതിനിടയിലാണ് എന്റെ സുഹൃത്തിന്റെ കുറിപ്പയത്തിന്റെ കത്ത് വന്നത്. ഒരാള്‍ക്കാപത്ത് വരുമ്പോള്‍ അത് സമൂഹം ഏറ്റെടുക്കുക എന്നതാണ് വടക്കന്‍ പ്രദേശങ്ങളിലുള്ള കുറിപ്പയത്തിന്റെ അര്‍ത്ഥം. ഒരാളൊരാപത്തില്‍ പെട്ടിരിക്കുമ്പോള്‍ ( അത് വിവാഹമാകാം, മരണമാകാം, കടമാകാം മറ്റെന്തുമാകാം) നിങ്ങള്‍ മാത്രമല്ല ആപത്തില്‍പ്പെട്ടിരിക്കുന്നത് എനനും അത് സമൂഹത്തിന്റെ പൊതുബാധ്യതയാണ് എന്നും ഓര്‍മ്മിപ്പിക്കുന്ന ഒരു ചടങ്ങ്. ഒന്നിച്ച് കൂടുന്ന ആളുകള്‍ അവരെക്കൊണ്ട് കഴിയുന്ന സഹായം നല്‍കി പിരിയുകയാണ് പതിവ്. പിന്നീട് ഇതുപൊലൊരു സംഭവമുണ്ടാകുമ്പോള്‍ ഈ ഔദാര്യം സ്വീകരിച്ചയാള്‍, ഇതിനേക്കാള്‍ വലിയ തുക മടക്കികൊടുക്കണം എന്നുമാണ്. പത്ത് ഉറുപ്പിക കിട്ടിയിട്ട് പത്ത് തന്നെ തിരിച്ച് കൊടുക്കുന്നവന്‍ മോശക്കാരനാണ്. പത്ത് കിട്ടിയവന്‍ പതിനഞ്ച് കൊടുക്കണം എന്നാണ്. ഇതിലടങ്ങിയിട്ടുള്ള തത്വം, ജീവിതബോധം, കൂട്ടായ ജീവിതത്തിന്റെ ബോധമാണ്.
  

കൂട്ടായ്മ എന്ന വാക്ക് നാം ഏറ്റവും അധികം ഉപയോഗിക്കുന്ന വാക്കാണ്. കാരണം ഇന്ന് കൂട്ടായ്മ ഇല്ല. കാട് ഇല്ലാത്തത് കൊണ്ട് കാടിനെക്കുറിച്ച് കൂടുതല്‍ പറയുന്നത് പോലെകൂട്ടായ്മ ഇല്ലാത്തത് കൊണ്ട് കൂട്ടായ്മയെക്കുറിച്ച് കൂടുതല്‍ പറയുന്ന സന്ദര്‍ഭമാണിത്. ഇന്ന് പൊതുപ്രവര്‍ത്തനം മിക്കവാറും ഒരു deligated പ്രവര്‍ത്തനമായി തീരുന്നുണ്ട്. പഴയ പുരകെട്ടല്‍ കൂലി കൊടുത്തിട്ടല്ല, പുര കെട്ടുന്നത് ഒന്നിച്ചാണ്. എന്നിട്ട് നാട്ടുകാരൊക്കെ കൂടി ഓലയെടുത്ത് പുര കെട്ടുകയും എല്ലാവരും പായസം കഴിച്ചിട്ട് പിരിയുകയുമാണ് ചെയ്യുക. ഇത് കൂട്ടായ്മയുടെ രീതിയാണ്. പണം വരുമ്പോള്‍ എല്ലാം നാം പണത്തിന് ഒഴിഞ്ഞ് കൊടുക്കുകയും എല്ലാ പണിയും സേവനത്തിന്റെ തുറയിലേക്ക് മാറ്റിവെയ്ക്കുകയും തൊഴിലാളികളെ പോലും നശിപ്പിക്കുകയും സേവനതുറ വികസിപ്പിക്കുകയുമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പൊതുപ്രവര്‍ത്തനവും ഇന്ന് നമുക്ക് ഇതുപോലെ delegate ചെയ്തിട്ടുള്ള (ആരെയെങ്കിലും ഏല്പിക്കാവുന്ന) കോണ്‍ട്രാക്ട് കൊടുക്കാവുന്ന ഒരു പ്രവര്‍ത്തനമായിത്തീരുന്നുണ്ട്.
    ഇരുപത്തഞ്ച് പെണ്‍കുട്ടികള്‍ കണ്ണൂര്‍ ആയുര്‍വ്വേദ കോളേജില്‍ പഠിച്ചിരുന്നു. രണ്ടോ മൂന്നോ ആണ്‍കുട്ടികളുമുണ്ടായിരുന്നു. അവിടുത്തെ സമരം മുഴുവന്‍ നടത്തിയിരുന്നത്, മതിലിന്റെ മുകളില്‍ കയറി പോസ്റ്ററൊട്ടിച്ചിരുന്നത് ഒക്കെ പെണ്‍കുട്ടികളാണ്. പക്ഷേ ആ 25 കുട്ടികളുടെ സമരം കേരളത്തിലെ വലിയ ഒരു സമരമായിതീര്‍ന്നു. ആ ആവേശം, ആ ദൃഢനിശ്ചയം കേരളത്തിലെ മറ്റൊരു സമരത്തിനും അക്കാലത്ത് ഉണ്ടായിരുന്നതേയില്ല. അതി കുറേ വര്‍ഷം മുന്‍പാണ്. നേരെ മറിച്ച് നിങ്ങള്‍ക്ക് പോസ്റ്ററൊട്ടിക്കാന്‍ ഇന്നൊരു പെണ്‍കുട്ടിയെയും മതിലിന്റെ മുകളില്‍ കയറ്റേണ്ടതില്ല. പോസ്റ്ററൊട്ടിക്കാന്‍ കോണ്‍ട്രാക്ട് കൊടുത്താല്‍ മതി. മുദ്രാവാക്യങ്ങളും ഇന്ന് നമുക്ക് കോണ്‍ട്രാക്ട് കൊടുക്കാവുന്നതാണ്. അഭിപ്രായങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാവുന്നതാണ്. ഇങ്ങനെ ഒരു പുതിയ അവസ്ഥ.യിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. അതില്‍ തെറ്റൊന്നുമില്ല പക്ഷേ ഒരുപാട് എളുപ്പങ്ങളുണ്ട്. ഒന്നിച്ച് ഭക്ഷണം പാകം ചെയ്ത് വിളമ്പുന്നതിനേക്കാള്‍ എളുപ്പമാണ്. പാകം ചെയ്ത ഭക്ഷണം   വാങ്ങി വിളമ്പുക എന്നത്. അപ്പോള്‍ നഷ്ടപ്പെട്ട് പോകുന്ന ഒന്നുണ്ട്. ഒരുപാട് കിട്ടുമ്പോള്‍ നഷ്ടപ്പെട്ട് പോകുന്ന ഒന്ന്. വീട്ടില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന് ഒരു കാണാക്കറിയുണ്ട് എന്നതാണ് പറയുക. . 'അവരവര്‍ വീട്ടില്‍ വാത്സല്യത്തില്‍ ചോറുണ്ണാന്‍' - അമ്മവെച്ച ചോറിന്റെ രുചി, അല്ലെങ്കില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഉണ്ടാക്കിക്കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ രുചി ഈ ഭക്ഷണം കൈമാറ്റം ചെയ്യുന്ന സ്‌നേഹത്തിന്റെ രുചി ഇതെല്ലാം വിലയ്ക്ക് വാങ്ങുകയും വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്ന രുചിയായി മാറിത്തീരുന്നു എന്നുള്ളതാണ്. ഇത് ഒരു ഏര്യയില്‍ മാത്രമല്ല എല്ലായിടത്തും ഇങ്ങനെ തന്നെയുണ്ട്. ഒരു അനുരാഗത്തിന്റെ അടയാളമായിട്ട് ഒരു പൂതുന്നിയ തൂവാല കൊടുക്കാം, പൂതുന്നിയ തൂവാല വാങ്ങിയിട്ടും കൊടുക്കാം. ഇത് രണ്ടും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട് എന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളത്. വാങ്ങികൊടുക്കുന്ന തൂവാല വളരെ മനോഹരമാണ് എങ്കിലും അതില്‍ തൂവാല കൊടുക്കുന്ന സന്ദേശമില്ല. നമുക്ക് വളരെ വേഗത്തില്‍ ഇത് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയും നാം എല്ലാം പണത്തില്‍ അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരു കാലം ആണ് ഉള്ളത്.


    ഞങ്ങളുടെ ഒരു പഴയ ഭീരുവായ പ്രിന്‍സിപ്പള്‍ (മിക്കവാറും എല്ലാ പ്രിന്‍സിപ്പള്‍മാരും എല്ലാ അധ്യാപകരും ഭീരുക്കളാണ്. അങ്ങനെയല്ലാത്ത ഒരദ്ധ്യാപകനേയും ഞാനെന്റ ജീവിതത്തില്‍ കണ്ടിട്ടില്ല. കണ്ണാടിയില്‍ നോക്കിയിട്ടും കണ്ടിട്ടില്ല) അദ്ദേഹം ഒരു കുട്ടി മുദ്രാവാക്യം വിളിച്ചാല്‍ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്യും. ഉടനേ പോലീസുകാര് വന്നിങ്ങനെ നിരന്ന്  നില്‍ക്കും. ക്രമസമാധാന പാലനത്തിന് വേണ്ടിയിട്ടാണ്. അത്രയും ഭീരുവായ     ഒരു പ്രിന്‍സിപ്പാള്‍ ഇത് പോലൊരു യോഗത്തില്‍ കാസര്‍കോഡ് പ്രസംഗിച്ചത്. ലോകത്തില്‍ തനിക്ക് വേണ്ടിയല്ലാത്ത എന്തെങ്കിലും പ്രവൃത്തിചെയ്യുന്ന  ഒരു വര്‍ഗ്ഗമേയുള്ളൂ അത് രാഷ്ട്രീയ പ്രവര്‍ത്തകനാണ്. എന്ന് ഞങ്ങള്‍ അടുത്തിരുന്ന് കേട്ടതാണ്. ഇത്രയും ഭീരുവായ മനുഷ്യന്‍ .എപ്പോഴും സാമൂഹ്യപ്രവര്‍ത്തനത്തിന് എതിര് നിന്ന മനുഷ്യന്‍ സ്വസ്ഥമായ നിമിഷത്തിലിരുന്നാലോചിക്കുമ്പോള്‍ ഞാന്‍ പണിയെടുക്കുന്നത് ശമ്പളം വാങ്ങാനും എന്റെ മക്കളെ എന്നെപോലെ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ച് കൊണ്ടുമാണ്. പക്ഷേ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രം, എത്ര തന്നെ അഴിമതിക്കാരനായാലും അയാള്‍ ഏതാനും നിമിഷങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ് പൊതുപ്രവര്‍ത്തകന്റെ (രാഷ്ട്രീയപ്രവര്‍ത്തകന്റെ ) അടയാളം എന്ന് അദ്ദേഹം വളരെ വിഷമം പിടിച്ച മലയാളത്തില്‍ (മലയാളിയല്ലഅദ്ദേഹം) സംസാരിക്കുന്നത് ഞങ്ങള്‍ അടുത്തിരുന്ന കേട്ടുകൊണ്ടിരുന്നു.
    ഇതൊരു വലിയ സത്യമാണ്. ഇതു കുറഞ്ഞുകൊണ്ടു വരുന്ന ഒരു വാസ്തവമാണ്. പൊതുപ്രവര്‍ത്തനത്തിലെ പൊതുവായ അംശം കുറഞ്ഞ് കുറഞ്ഞ് വരികയും സ്വാകാര്യപ്രവര്‍ത്തനമായി മാറുകയും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ സമയം കുറയുകയും (incubation period  കുറയുകയും) അമ്പത് കൊല്ലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ട് ഒരു ദിക്കില്‍ എത്തുക എന്നതിന് പകരം അഞ്ച് കൊല്ലമോ ആറ് മാസമോ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ട് എത്തുക എന്നാണ് ഒരു ചുരുക്കത്തിലേക്ക് എത്തുകയും ചെയ്യുന്നു. കോഴിയെ പോറ്റുന്നത്‌പോലെ തന്നെ നിങ്ങല്‍ക്ക് പ്രശസ്തിയും ഉണ്ടാക്കാന്‍ കഴിയും. ആറുമാസം കൊണ്ട് വളരുന്ന കോഴിയെ പോലെ തന്നെ ആറുമാസം കൊണ്ട് വളരുന്ന പ്രശസ്തിയും ഉണ്ടാക്കാന്‍ കഴിയും. അതിന് മാധ്യമങ്ങളെ ഉപയോഗിക്കാം. മറ്റ് പല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാം( നിങ്ങളെ പൊക്കിപ്പറയാനായിട്ട്) പൊതുപ്രവര്‍ത്തനം ഒരു സ്വകാര്യപ്രവര്‍ത്തനമായിത്തീരുകയും സ്‌പോണ്‍സേര്‍ഡ് പ്രവര്‍ത്തനമായിതീര്‍ന്നത് പോലെ തന്നെ . എനിക്ക് അമ്പലത്തിന് ചുറ്റും ശയനപ്രദക്ഷിണം ചെയ്യണമെങ്കില്‍ ശയനപ്രദക്ഷിണം കൂലിയ്ക്ക് നടത്തുന്ന ആളുകളുണ്ട് അവര് ചെയ്‌തോളും. പണം കൊടുത്താല്‍ മതി. തടിക്ക് ഉടവ് തട്ടാതെ ഭക്തി നടത്തുന്നു. നിങ്ങള്‍ പ്രാര്‍ത്ഥിക്കാതെ റേഡിയോ നിങ്ങള്‍ക്ക് വേണ്ടി  പ്രാര്‍ത്ഥിക്കുന്നു. നിങ്ങളൊന്നും ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നു. എല്ലാ പ്രവര്‍ത്തനവും സ്‌പോണ്‍സേര്‍ഡ് പ്രവര്‍ത്തനമായിതീരുകയും പണം കൊണ്ട് വാങ്ങുകയും വില്‍ക്കുകയും ചെയ്യാവുന്ന പ്രവര്‍ത്തനമായി മാറിത്തീരുകയും ചെയ്യുന്ന ഒരു കാലാവസ്ഥ വാസ്തവതത്തില്‍ ഇന്ന് നമ്മുടെ നാട്ടില്‍ വന്ന കൊണ്ടിരിക്കുന്നുണ്ട്. അതിനെ മുഴുവന്‍ല കുറ്റം പറഞ്ഞു കൂടാ (ഒന്നിനേയും കുറ്റം പറഞ്ഞുകൂടാ.) പക്ഷേ ഈ മാറ്റത്തിനിടയില്‍ ആണ് പലതും തിരിഞ്ഞ് നിന്ന് ഓര്‍ത്തുപോകുന്നത്. ഒരു സര്‍ജന്‍ നിങ്ങളുടെ ശരീരത്ത് കത്തിവയ്ക്കുമ്പോള്‍ എന്തിനാണ് ഒരു പി.കെ.ആര്‍ വാര്യരെ ഓര്‍ക്കുന്നത്. അതാണ് അതിലെ ചോദ്യം. ഞാന്‍ എന്റെ ഒരനുഭവം പറയാം. ഒരു അനസ്തീറ്റിന്റെ അടുത്ത് ചെന്നപ്പോള്‍ 1000 രൂപയാണ് ചോദിച്ചത്. 900 രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിക്കാതെ 1000 തന്നെ കൊടുത്താലെ വരൂ എന്ന് പറഞ്ഞ് വീട്ടിലിരിക്കുകയും രോഗി ടേബിളില്‍ മലര്‍ന്ന് കിടക്കുകയും ചെയ്യുന്ന ഒരനുഭവം ഉണ്ടായിതീരുക. 1000 കൃത്യമായി കൊടുത്താലെ വരൂ എന്നുപറയുന്ന അനസ്തീറ്റ്, ഒരു ഡോക്ടര്‍ . ഇങ്ങനെ ഉള്ള ഒരു ഡോക്ടറെ കാണുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുന്നത് മിക്കവാറും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയെയാണ്. പി.കെ.ആര്‍ വാര്യര്‍, സര്‍ജറി പ്രൊഫസറായിരിക്കുമ്പോള്‍ ഒരു സൈക്കിളും ചവിട്ടി തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജില്‍ കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്ന ഒരാള്‍. ഒരു പ്രൊഫസറായിട്ട് റിട്ടയര്‍ ചെയ്ത ഒരു കോളേജധ്യാപകന്‍ ഒരു രോഗിയേയും കൊണ്ട് ചെന്നപ്പോള്‍(അയാളെന്റെ സ്റ്റുഡന്റാണ്) ഈ അധ്യാപകന്റെ നെറ്റിയിലൊരു മുഴയുണ്ടായിരുന്നു. ഞാനാ മുഴ 20 കൊല്ലമായിട്ട് കാണുന്നതാണ്. പി.കെ.ആര്‍ വാര്യര്‍ രോഗിയെ പരിശോധിച്ചിട്ട് (അന്നദ്ദേഹം സാറ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സമയമാണ്) പുറത്ത് വിട്ടതിന് ശേഷം, എന്താണ് താങ്കളുടെ നെറ്റിയിലൊരു മുഴ കാണുന്നത് എന്ന് ചോദിച്ചു. കസാലയില്‍ ഇരുത്തി ആ ഇരുന്നയിരിപ്പില്‍ 20 കൊല്ലം പ്രായമുള്ള ആ മുഴ കീറിയിട്ട് അതിനകത്ത് ഉണ്ടായിരുന്ന് ഫൈബര്‍ ന്റെ അംശം എടുത്തുകളഞ്ഞു. (ഒരു റൂമിലും കൊണ്ടുപോയില്ല) എന്നിട്ട് വീട്ടിലേക്ക് പോകാന്‍ വിട്ടയയ്ക്കുകയാണ് ചെയ്തത്. ഇന്നെന്റെ സുഹൃത്തിന്റെ (അദ്ദേഹം കേരളത്തില്‍ അറിയപ്പെടുന്ന ഒരു ഹിസ്റ്റരി പ്രൊഫസറാണ്) നെറ്റിയില്‍ ആ മുഴയില്ല.

    ഇതേ സന്ദര്‍ഭത്തില്‍ ഒരു ശവത്തെ വെച്ച് വെല്ലൂരാശുപത്രിയില്‍ വില പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒരു ലക്ഷം രൂപ തന്നാലേ കുട്ടിയെ കൊണ്ടുപോകാന്‍ പറ്റൂ. കുട്ടിയെ ചികിത്സിച്ച് കൊന്നിരിക്കുന്നു. പക്ഷേ കുട്ടിയുടെ ശരീരം തിരിച്ച് കിട്ടണമെങ്കില്‍ ഒരു ലക്ഷം രൂപ കൊടുക്കണമെന്ന് പറയുന്ന, പണം കൊണ്ട് കണക്ക് തീര്‍ക്കുന്ന ഒരു സ്‌നേഹം, ഒരു പൊതുപ്രവര്‍ത്തനം, ഒരു ആരോഗ്യപ്രവര്‍ത്തനം എന്ന് പറയാം. ഒരു പ്രത്യേക  ജനുസ്സ് ഇല്ലാതായിത്തീരുന്നു എന്ന് നാമറിയുന്നു. കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യാകരണ പണ്ഡിതനായിട്ട് ഒരു ശേഷഗിരി പ്രഭുവുണ്ടായിരുന്നു. (ഏ.ആര്‍ രാജരാജവര്‍മ്മയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ഏ.ആറിനെ ഭയപ്പെടുത്തിയിരുന്ന ഒരു വ്യാകരണ പണ്ഡിതന്‍) ഈ ശേഷഗിരി പ്രഭുവിന്റെ മകന്‍ പ്രഭു തലശ്ശേരിയിലുണ്ടായിരുന്നു. വെറും എം ബി ബി എസ് ഡോക്ടറായിരുന്നു. കാലില്‍ ചെരിപ്പിടാതെയാണ് വീടുകളിലേക്ക് നടന്നുവരിക. ഇന്ന് നമ്മള്‍ മറന്ന്‌പോയ കാര്യം ഇന്ന് രോഗി നടന്ന് ഡോക്ടറുടെ അടുത്തേക്ക് വരുന്നു നിങ്ങള്‍ക്ക് നടക്കാന്‍ വയ്യെങ്കില്‍ എടുത്ത്‌കൊണ്ടുപോവുക. ഡോക്ടര്‍ ഒരിക്കലും വരില്ല. ആരോഗ്യദൃഢഗാത്രനായ ഡോക്ടര്‍ ഒരിടത്ത് ഇരിക്കുകയും രോഗിയെ നടത്തിക്കൊണ്ടു പോകുകയും ചെയ്യുന്നു. മിക്കവാറും രോഗിയുടെ അടുത്തേക്ക് ഡോക്ടര്‍ പോവുക എന്നത് ആനയെ ചികിത്സിക്കുന്ന കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളൂ. എല്ലാ ഡോക്ടര്‍മാരും ആനയുടെ അടുത്തേക്കാണ് പോവുക. കാരണം അത് ഗുരുവായൂരപ്പന്റെ ആനയാണ്. അതുകൊണ്ടു നടന്നുപോയി ചികിത്സിക്കും. ഈശ്വരനെപ്പറ്റിപോലും പറയുന്നത് ഭക്തന് നടക്കാന്‍ വയ്യാതായപ്പോള്‍ ഭക്തന്റെ അടുത്ത് വന്ന് താമസിച്ചുവെന്നും കാണാന്‍ പാകത്തിന് ദിവസവും ദര്‍ശനം കൊടുത്തു എന്നുമാണ്. പുതിയ ദൈവങ്ങള്‍ക്ക് അത്തരം ഔദാര്യങ്ങളൊന്നുമില്ല, കാരണം പുതിയ ദൈവത്തിന്റെ പേര് (നീത്‌ഷേയ്ക്ക് ശേഷം) പണം എന്നാണ്. ദൈവം കാലഹരണപ്പെടുകയും പണം അതിന്റെ സ്ഥാനം കൈയടക്കുകയും വാസ്തവത്തില്‍ എല്ലാ തരത്തിലുള്ള സൗമനസ്യങ്ങളും നാടുക്കടത്തപ്പെടുകയും ചെയ്യുന്നുണ്ട്. മിക്കവാറും നമ്മുടെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ചിക്ത്‌സാരംഗത്ത് പ്രത്യേകിച്ച് ഇത് സംഭവിച്ചിട്ടുണ്ട്.


    പാപ്പാടി രോഗികളുടെ വേദന മാറ്റിയിരുന്ന ഒരു സോമര്‍വെല്ല് ഇറ്റലിയില്‍ നിന്ന് വെണ്‍പ്രാവുകള്‍ പറന്നുവന്നു എന്ന് വൈലോപ്പിള്ളി വര്‍ണ്ണിക്കുന്ന രണ്ട് ഇറ്റാലിയന്‍ നേഴ്‌സസ് (ഞങ്ങളെയൊക്കെ അവര്‍ പരിചരിച്ചിട്ടുണ്ട്) മറ്റുള്ളവരുടെ വേദന മാറ്റുക എന്നത് ഞങ്ങളുടെ ജീവിതമാണെന്ന് കരുതിയിരുന്ന ഇറ്റലിയിലെ സ്ത്രീകള്‍. സുഭാഷ്ചന്ദ്രബോസിന്റെ പേഴ്‌സണല്‍ ഡോക്ടര്‍ എറണാകുളത്തെ ജനറല്‍ ആശുപത്രിയിലെ ഡോക്ടറായിരുന്ന കാലത്ത് ഒരിക്കലും ഒരു പൈസപോലും വാങ്ങാത്തയാളായിരുന്നു. ഇങ്ങനെ ജീവിതം കൊണ്ട് നേടേണ്ടത് എന്താണ്( ജീവിതത്തെക്കുറിച്ചുള്ള വാല്യൂ ജഡ്ജ്‌മെന്റ്) എന്നതിന് മറ്റെല്ലാ ഉത്തരങ്ങളും ഉത്തരക്കടലാസ്സില്‍ നിന്ന് മാഞ്ഞുപോവുകയും ഒരൊറ്റ ഉത്തരം, പണം മാത്രം ബാക്കിയാകുന്ന ഒരു കാലം വന്ന് ചേര്‍ന്നിട്ടുണ്ട്. ഇതാണ് ഇവിടെ വാസ്തവത്തില്‍ വന്നിരിക്കുന്ന മാറ്റം. ഇത് ശരിയല്ല, ശരിയാണെങ്കില്‍ ഇത് തന്നെ മതി. പണത്തിന് ചെയ്യാവുന്ന വളരെകുറച്ച് കാര്യങ്ങളെ ഉള്ളൂ എന്ന് പണമുള്ള ആളുകള്‍ക്ക് ഒക്കെയറിയാം. നേരെമറിച്ച് പണത്തിലേക്ക് എല്ലാ കാര്യങ്ങളും equate ചെയ്യുകയും, നാം ജീവിക്കുന്നത് മറ്റുള്ളവരില്‍ ആയിത്തീരുമ്പോഴാണ് വാസ്തവത്തില്‍ നാം ജീവിക്കുന്നത് എന്ന വളരെ പ്രാഥമികമായ തത്വം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരാളെ മാഷേ എന്നുവിളിക്കുന്നത് മാഷ്‌ക് ഒരുപാട് കുട്ടികള്‍ ഉള്ളതുകൊണ്ടാണ്. ഇങ്ങനെ ഒരു പാട് കുട്ടികളാണ് മാഷെ മാഷാക്കി തീര്‍ക്കുന്നത് എന്നുള്ള, നിങ്ങള്‍ ജീവിക്കുന്നത് മറ്റുള്ളവരിലാണ് എന്ന സാമാന്യമനുഷ്യബോധം വാസ്തവത്തില്‍ നമുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നു.
    അപൂര്‍വ്വമായി മാത്രം തന്റെ ജീവിതം മറ്റുള്ളവര്‍ക്കുള്ളതാണെന്ന് ഓര്‍ത്ത്, അങ്ങനെ ഉപേക്ഷിച്ച് പോകുന്നവരുണ്ടാകാം. സ്വന്തം കാര്യം ഒന്നും ഓര്‍ക്കാതെ പൊതുകാര്യം മാത്രം ഓര്‍ത്ത്‌കൊണ്ട് മരണം വരെ ഒറ്റയ്ക്ക് കഴിഞ്ഞയാള്‍ കെ.പി. ആറിന്റെ സഹോദരനെയാണ് ഞാനോര്‍ക്കുന്നത്. എന്‍പതോ എണ്‍പത്തഞ്ചോ കൊല്ലക്കാലം തനിക്കുവേണ്ടി ഒന്നും ചെയ്യാതെ ലോകത്തിനുവേണ്ടി മാത്രം ജീവിച്ചയാള്‍. ഇതുപോലെയുള്ള ജീവിതങ്ങള്‍ അനേകം ഉണ്ടായിരുന്ന നാട്ടിലാണ് വാസ്തവത്തില്‍ ഈ ജീവിതം, ഇക്ബാലിന്റെ , ഒരപൂര്‍വ്വതയായി തീരുന്നത്. തന്നെ തന്നെ മറ്റുള്ളവര്‍ക്കായി അര്‍പ്പിക്കുകയും താന്‍ ജീവിക്കുന്നത് തന്നില്‍ കൂടിയല്ല മറ്റുള്ളവരില്‍ കൂടിയാണ് എന്നറിയുകയും ചെയ്യുന്ന ഒരു മാനവികാവബോധം. ഇതൊരു തരത്തിലുള്ള സ്വാര്‍ത്ഥതയാണ്. അതായത് ഒരു സമുദായത്തിലേക്ക് വിരിയുന്ന സ്വാര്‍ത്ഥത എന്നുപറയാം. ഞാനെല്ലാവരുടേതും ആയിത്തീരണം എന്നുപറയുന്നത്  സ്വാര്‍ത്ഥതയാണ്. ഈ സ്വാര്‍ത്ഥത നമ്മുടെ നാട്ടില്‍ കുറഞ്ഞുവരികയും നമ്മള്‍ ഇത്തരം അനുഭവങ്ങളെല്ലാം നമ്മുടെ പണത്തില്‍ നമ്മുടെ വരുമാനത്തില്‍ നമ്മുടെ റിയല്‍ എസ്റ്റേറ്റില്‍, നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ അളക്കുകയും ചെയ്യുന്ന അയഥാര്‍ത്ഥമായ ഒരു നിലയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നുണ്ട്.വാസ്തവ വ്യക്തിത്വമായി തീരുകയും ഒരു നാട്ടിലെ മുഴുവന്‍ അശരണരുടെയും ആലംബമായി തീരുകയും ചെയ്യുക. ഇങ്ങനെ വ്യാപിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനത്തിന് ഉദാഹരണമായിട്ടാണ് ഞങ്ങള്‍ വാസ്തവത്തില്‍ ഇക്ബാലിനെ കാണുന്നത്. എനിക്ക് തീരെ പരിചയമില്ലാത്ത ഇക്ബാല്‍ ആ ജനുസ്സില്‍ പ്പെട്ട ആ വര്‍ഗ്ഗത്തില്‍പ്പെട്ട ആളാണ്. ഒന്നും തനിക്ക് വേണ്ടി സ്വീകരിക്കാതിരിക്കുകയും എല്ലാം മറ്റുള്ളവര്‍ക്കു വേണ്ടി കൊടുക്കുകയും അങ്ങനെ ലോകത്തിനായി തന്നെ തന്നെ അര്‍പ്പിക്കുകയും അതില്‍ സായൂജ്യം സാഫല്യം കാണുകയും ചെയ്ത ജീവിതമാണ് ഇക്ബാലിന്റേത്.

എറണാകുളത്ത് സാമൂഹ്യപ്രവര്‍ത്തകനായ ഇക്ബാലിനെ അനുസ്മരിച്ച് നടത്തിയ പ്രഭാഷണം :എഡിറ്റോറിയല്‍

No comments:

Post a Comment