Wednesday, October 5, 2011

നമ്മുടെ ജീവിതം നാം തിരിച്ചുപിടിക്കുക

നമ്മുടെ ജീവിതം നാം തിരിച്ചുപിടിക്കുക  
ഇത്തരം സന്ദര്‍ഭങ്ങളില്‍ അതിശയോക്തികള്‍ കേട്ട് പരിചയിച്ചവരാണ് ഞങ്ങള്‍. മരിച്ചവരുടെ ലോകത്തില്‍ നിന്ന് അല്ലെങ്കില്‍ പരേതാത്മാക്കളുടെ ലോകത്തില്‍ നിന്ന് വരുന്നവരാണ് . സ്വാതന്ത്രത്തിന് മുമ്പുള്ള വര്‍ഷങ്ങളില്‍ നിന്ന്, പെന്‍ഷന്‍ പറ്റുന്നതിന് മുന്‍പുള്ള പ്രായങ്ങളില്‍ നിന്ന് അധ്യാപനത്തിന് മുമ്പുള്ള വിദ്യാര്‍ത്ഥി ജീവിതത്തില്‍ നിന്ന് തിരിച്ച് വരുന്ന ആളുകള്‍ എന്ന നിലയില്‍ പഴയ അധ്യാപകരും പഴയ മനുഷ്യരും കൗതുകവസ്തുക്കളാണ്. ഒരു കാലം ചെന്ന നിലവിളക്ക് പോലെ, ആരും വെളിച്ചം കാണാന്‍ നിലവിളക്ക്കത്തിക്കാറില്ല. വെളിച്ചം കാണാന്‍ മറ്റുപകരണങ്ങല്‍ ഉണ്ടായിരിക്കേ നിലവിളക്ക് കത്തിക്കുന്നത് ഒരു ഓര്‍മ കത്തിക്കുന്നതു പോലെയാണ്. മനുഷ്യന്‍ ഓര്‍മകൊണ്ട്കൂടി ജീവിക്കുന്ന ഒരു മൃഗമാണ് . എന്നാണ് ഇതിനര്‍ത്ഥം . പശുക്കളെപ്പോലെ അയവിറക്കുന്നില്ല എങ്കിലും തേട്ടിയരക്കുന്നില്ല എങ്കിലും മനുഷ്യന്‍ ഓര്‍മ്മകള്‍ തേട്ടിയരയ്ക്കുന്ന ഒരു മൃഗമാണ് എന്നും ഈ ഓര്‍മ്മകളെ ആകെ കൂടി നാം ചരിത്രം എന്നുവിളിക്കുന്നു എന്നും നാം ഓര്‍ക്കാറുണ്ട് . മനുഷ്യജീവിതത്തിന്റെ ഓര്‍മ്മയെ ആണ് നാം ചരിത്രം എന്നുപറയുന്നത്. ഇത് വേണമെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മാത്രം ആത്മകഥയായി ഒരു വ്യാജകഥയായി എഴുതുകയും ചെയ്യാം . എല്ലാ ആത്മകഥകളും വ്യാജകഥകളായിരിക്കാനേ കഴുയു. ഇങ്ങനെ ഓര്‍മ്മകൊണ്ട് ജീവിക്കുന്ന മനുഷ്യന്‍ തീര്‍ച്ചയായും നമ്മുടെ ജീവിത സംവിധാനത്തിന്റെ വിദ്യാഭ്യാസത്തിന്റെ തന്നെ മാറ്റങ്ങളെകുറിച്ച് ആലോചിക്കുന്നു. പ്രീഡിഗ്രി വേര്‍പ്പെട്ട് പോയി എന്നു പറയുന്ന ഒരു വേര്‍പാടിന്റെ ദുഖം ആണത്. പ്രീഡിഗ്രി എന്നത് ഉമ്മറപ്പടിയിലിരിക്കുന്ന ഒരു കാലത്തിന്റെ പേരാണ്. യൂണിവേഴ്‌സിറ്റി ഇപ്പോഴും അതിനൊരു പേരിടാന്‍ ധൈര്യപ്പെട്ടിട്ടില്ല. അത് ഇന്റര്‍മീഡിയേറ്റ് ആകാം,പ്രീയൂണിവേഴ്‌സിറ്റി ആകാം, പ്രീഡിഗ്രി ആകാം . അത് പ്ലസോ മൈനസോ ടൂവോ ആകാം . അത്രയും നിശ്ചയദാര്‍ഢ്യമുള്ള ഒരു മേഖലയാണ് വിദ്യാഭ്യാസമേഖല എന്നാണിതിനര്‍ത്ഥം. ഈ ദാര്‍ഢ്യം ഈ ഉറപ്പ് നമുക്ക് ജീവിതത്തിലെല്ലാകാര്യങ്ങളിലുമുണ്ട്.
വിദ്യാഭ്യാസമെന്നത് സ്വാതന്ത്രമായ ഒരു വളര്‍ച്ചയല്ല മറിച്ച് ഒരു സാമുദായിക ജീവിത ചട്ടക്കൂടിന്റെ നിര്‍മ്മാണവും ചട്ടക്കൂടിന്റെ അപഗ്രഥനവും ആണ് എന്നത്‌കൊണ്ട് വിദ്യാഭ്യാസവും മാറും . അങ്ങനെയാണ് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചെറുകഥയുടെ ഉപ്പയായിട്ടുള്ള വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ നാട്ടെഴുത്തച്ഛന്‍മാര്‍ കുടിപ്പള്ളിക്കൂടക്കാര്‍ ചത്ത് കൊണ്ടിരിക്കുന്ന (വംശനാശം വന്നുകൊണ്ടിരിക്കുന്ന ) ഒരു ജീവിവര്‍ഗ്ഗമാണ് എന്ന് പറഞ്ഞത്. അപ്പോള്‍ മാഷന്‍മാര്‍ വന്നുകഴിഞ്ഞിരുന്നു. ഇപ്പോള്‍ അദ്ധ്യാപകര്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒരു ജീവിവര്‍ഗ്ഗമാണ് എന്ന നിലയിലേക്ക് നാം എത്തിച്ചേരുകയും അധ്യാപനം എന്നത് ഉണ്ടാക്കിവില്‍ക്കുന്ന പല സാധനങ്ങളില്‍ ഒന്നായി രൂപാന്തരപ്പെടുകയും ചെയ്യ്തിരിക്കുന്നു . പ്രത്യേകിച്ച് പുണ്യം, പാപം തുടങ്ങിയ സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ഒരു സമുദായത്തില്‍ ഇത് വ്യവസായാനന്തര (Post Industrial )കാലഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വഭാവമായി നാം കാണുകയും ചെയ്യുന്നു. അങ്ങനെയേ കാണാന്‍പ്പറ്റു. അത് കൊണ്ട് Bertrand Russel ,education is for a social order എന്ന് പറയാന്‍ ഇടവന്നത്. ഒരു സമുദായ സംവിധാനം നിലനിര്‍ത്തുവാനും ഒരു സമുദായത്തിലെ സാങ്കേതികവിദ്യ പകര്‍ന്നുകൊടുക്കുവാനും ഉള്ള ഒരു യാഥാസ്ഥിക ഉപകരണത്തിനെയാണ് വിദ്യാഭ്യാസം എന്നുപറയുന്നത്. എല്ലാ വിദ്യാഭ്യാസവും യാഥാസ്ഥിതികമായിരിക്കും. എല്ലാ അദ്ധ്യാപകരും യാഥാസ്ഥിതികമായിരിക്കും. കാരണം അവര്‍ പടിച്ചതാണ് പഠിപ്പിക്കുന്നത്. പഠിച്ചതെപ്പോഴും പഴയതാണ്. അതുകൊണ്ട് വിപ്ലവകാരികളായ അദ്ധ്യാപകര്‍ ഉണ്ടാവുക വളരെ വിഷമം പിടിച്ച ഒരു കാര്യമാണ്.



എങ്ങനെയാണ് നമ്മുടെ കാലഘട്ടങ്ങളില്‍ ചരിത്രം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുന്നത് എന്ന് നാമിന്ന് ഏറെക്കുറെ കണ്ടുകൊണ്ടിരിക്കുന്നു. വളരെ മുമ്പ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പ്രിന്‍സിപ്പലും പിന്നീട് വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന ഡോ. ഭാസ്‌ക്കരന്‍ നായര്‍ (അദ്ദേഹം പഴയ തിരുവിതാംകൂര്‍കാരനും പഴയ മലബാറുകാരനും കൂടിയായിരുന്ന ഒരാളാണ്.) സി.വി രാമന്‍പിള്ളയെ കുറിച്ചെഴുതിയിട്ടുണ്ട്. യോഗവിദ്യയെ കുറിച്ചെഴുതിയിട്ടുണ്ട്. Embryology- യുടെ ഗവേഷകനായിരുന്നു. നമ്മളൊന്നും പ്രതീക്ഷിക്കാത്ത ഒരു പ്രബന്ധം അദ്ദേഹം എഴുതിയിട്ടുണ്ട്. 'മഴത്തുള്ളി' എന്ന മനോഹര പ്രബന്ധം. കേരളീയര്‍ക്ക് ഒരേയൊരു സ്വത്തേയുള്ളൂ അത് ആകാശത്ത് നിന്ന് വീഴുന്ന മഴത്തുള്ളിയാണ്. ഈ ഊര്‍ജ്ജം ഉപയോഗിച്ച് വിദ്യുച്ഛക്തിയുണ്ടാക്കി നമുക്ക് വേണമെങ്കില്‍ വില്‍ക്കാം എന്നാണ് 1940 കളില്‍ അദ്ദേഹം കരുതിയിരുന്നത്. മലയാളത്തിലെ എന്നത്തേയും നല്ല ഉപന്യാസങ്ങളില്‍ ഒന്നാണത്. ആകാശത്തില്‍ നിന്ന് വീഴുന്ന മഴത്തുള്ളി ഒഴുകുന്ന വെള്ളത്തിന്റെ ഊര്‍ജ്ജം ആണ് കേരളത്തിന്റെ ശക്തി എന്നും, ഈ ഊര്‍ജ്ജം വിറ്റിട്ട് നമുക്ക് ജീവിക്കാം എന്നുമുള്ള ഒരു നല്ല മോഹമല്ല, വ്യാമോഹം 930കളിലും 40കളിലും കേരളീയര്‍ക്കുണ്ടായിരുന്നു. കേരളീയര്‍ക്ക് എല്ലാ കാലത്തും അവരുടെ അതാതു കാലത്തിന് ഉചിതമായ വ്യാമോഹങ്ങള്‍ ഉണ്ടായിരിക്കും. ഇപ്പോഴുമുണ്ട്. അദ്ദേഹം എഴുതിയ വളരെ പ്രശസ്തമല്ലാത്ത ഒരു പ്രബന്ധം. 'വ്യാവസായിക ദുഷ്പ്രഭുത്വം' എന്ന പ്രബന്ധമാണ്. അദ്ദേഹം ഒരിക്കലും ഒരു ഇടത് പക്ഷക്കാരനായിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ പ്രബന്ധത്തിന്റെ പേര് 'വ്യാവസായിക ദുഷ്പ്രഭുത്വം' എന്നാണ്. എങ്ങനെയാണ് വ്യാവസായികള്‍ വളരെ സൂക്ഷ്മമായി, സമര്‍ത്ഥമായി ജനങ്ങളെ കൊള്ളയടിക്കുന്നത് എന്ന് തെളിയിക്കുന്ന ഒരു സോപ്പ് നിര്‍മ്മാണ പ്രബന്ധമാണത്. സോപ്പ് നിങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ സോപ്പിന് ഉപയോഗിക്കുന്ന ഒറ്റ ഉപകരണം കൊണ്ട് നിങ്ങളുടെ മുഴുവന്‍ ആദായത്തേയും ഉണ്ടാക്കിതീര്‍ക്കാന്‍ കഴിയും എന്ന് സോപ്പ് വ്യവസായികള്‍ക്കറിയാം. അന്ന് കാസ്റ്റിക് സോഡ ഇന്ത്യയില്‍ ഉണ്ടാക്കാറില്ല. അത് പുറത്ത് നിന്ന് ഇറക്കുമതി ചെയ്തതാണ്. അതുകൊണ്ട് കാസ്റ്റിക് സോഡയില്‍ കുത്തകയുണ്ടാക്കിയാല്‍ സോപ്പുണ്ടാക്കി റാപ്പറുണ്ടാക്കി കച്ചവടക്കാരെ ഉണ്ടാക്കി വിറ്റ് പണം പെരുക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പത്തില്‍ വെറും കാസ്റ്റിക് സോഡ വിറ്റിട്ട് ഒരു വലിയ വ്യവസായത്തിന്റെ ലാഭം ഉണ്ടാക്കാം എന്നും ഇതാണ് ലോകമുതലാളിത്തത്തിന്റെ ശക്തി എന്നും മൂന്ന് തലമുറ മുമ്പാണ് ഭാസ്‌ക്കരന്‍ നായര്‍ എഴുതിയത്. ഇതിനെ ഒരു വ്യവസായത്തിന്റെ വിത്ത് എന്നു വേണമെങ്കില്‍ വിളിക്കാം.വിത്ത് കയ്യിലുണ്ടെങ്കില്‍ വിത്തുകൊണ്ട് ലോകത്തെ ഭരിക്കാം എന്നു കരുതുന്ന ഒരു പണ മുതലാളിത്തത്തിന്റെ (ഫിനാന്‍സ് കാപ്പിറ്റലിസം) കാലഘട്ടത്തിലാണ് നാം ഇന്ന് ജീവക്കുന്നത്. അതുകൊണ്ട് ബ്രിട്ടീഷുകാര്‍ക്ക് ഇന്ന് കോളനികള്‍ ഇല്ല. തോക്ക് പിടിച്ച പട്ടാളക്കാര്‍ ഇല്ല. പട്ടാളക്കാര്‍ക്ക് ശമ്പളവും ഉരുളക്കിഴങ്ങും മരച്ചീനിയും ചേര്‍ത്ത ഭക്ഷണവും കൊടുക്കണ്ട. ഒരുപാടവര്‍ ലാഭിച്ചിരിക്കുന്നു. അതിനുപകരം ഇന്ത്യന്‍ പട്ടാളക്കാര്‍ കവാത്തെടുക്കുകയും യുദ്ധം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കെ പാശ്ചാത്യമുതലാളിമാര്‍ പണം എന്നുള്ള ഒരു വിത്ത് വിതച്ചിട്ട് ലോകത്തിലെ സമ്പത്ത് മുഴുവന്‍ കൊയ്‌തെടുക്കുന്നു എന്നതാണ് വിത്തിന്റെ തത്വശാസ്ത്രം.
പുതിയ മുതലാളിത്തത്തിന്റെ വിത്ത്, വ്യവസായമല്ല നിര്‍മ്മാണ ഉപകരണങ്ങളല്ല മറിച്ച് അതിന്റെയെല്ലാം വിത്തായിട്ടുള്ള പണമാണ് എന്നും പണംകൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന പണം കൊടുത്ത് നിയന്ത്രിക്കാന്‍ കഴിയുന്ന എന്തും ഇവിടെ ഉണ്ട് എന്നും നമ്മുടെ ജീവിതരീതിയെയും ഭരണരീതിയെയും ചിന്താരീതിയെയും നിയന്ത്രിക്കുവാന്‍ പണം കൊണ്ട് കഴിയുമെന്നും ലോകമുതലാളിത്തം ഇന്ന് മനസ്സിലാക്കുന്നു. നിങ്ങളെന്താണ് ചിന്തിക്കേണ്ടത് എന്ന് ഒരു പക്ഷേ നിങ്ങള്‍ തന്നെ തീരുമാനിക്കുന്നത് നിങ്ങള്‍ക്ക് എത്ര ഗ്രാന്റാണ് കിട്ടാന്‍ പോകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും . അതുകൊണ്ട് നിങ്ങള്‍ക്ക് കിട്ടാന്‍ ഇടയുള്ള ഒരു ഫൗണ്ടേ

ഷന്‍ ഗ്രാന്റ് നിങ്ങളുടെ ചിന്തയെ നിയന്ത്രിക്കുകയും നാളെ എന്ത് അജണ്ടയാണ് ലോകത്ത് അവതരിപ്പിക്കേണ്ടത് എന്ന് ഡോക്ടര്‍മാര്‍ക്ക് തീര്‍ച്ചയാക്കുവാനുള്ള ഒരവസരം മുന്‍കൂട്ടി കിട്ടുകയും ചെയ്യുന്നു. ലോകം വര്‍ഗ്ഗങ്ങളാല്‍ വിഭജിക്കപ്പെട്ടതല്ല. ജാതികളാല്‍ വിഭജിക്കപ്പെട്ടതും വംശങ്ങളാല്‍ വിഭജിക്കപ്പെട്ടതും ദേശങ്ങളാല്‍ വിഭജിക്കപ്പെട്ടതുമായ Ethenic caste സിദ്ധാന്തത്തില്‍ അടിസ്ഥാനപ്പെടുത്തിയ ഗവേഷണം നിങ്ങള്‍ നടത്തണമെന്ന് ഫൗണ്ടേഷന്‍ ഗ്രാന്റുകള്‍ നിങ്ങളോട് ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ അത്തരത്തിലുള്ള ഗവേഷണം നടത്തുകയും നിങ്ങളുടെ ചിന്ത വാസ്തവത്തില്‍ പണത്തിന്റെ വഴിക്കുപോകുന്ന ഒരു ചിന്തയായി രൂപാന്തരപ്പെടുകയും ചെയ്യും.
ഒരുപക്ഷേ സോപ്പുണ്ടാക്കാന്‍ പണ്ട് കാസ്റ്റിക് സോഡ പിടിച്ചുവച്ചിരുന്നതുപോലെ കോളവ്യവസായം, കോളയുടെ കുപ്പി ഇവിടെ ഉണ്ടാക്കാം, ലേബല്‍ ഇവിടെ ഉണ്ടാക്കാം,കച്ചവടക്കാരെ ഉണ്ടാക്കാം എന്നു പറഞ്ഞിട്ട് വിത്ത് എന്നു പറയുന്ന കോള കോണ്‍സന്‍ട്രേറ്റ് പിടിച്ചുവെക്കുന്നു. ഇങ്ങനെ ഞങ്ങള്‍ അമൃതം കയ്യില്‍ വെക്കാമെന്നും നിങ്ങള്‍ക്ക് കുറച്ച് കുറച്ചായി വിലയ്ക്ക് തരാമെന്നും ഞങ്ങള്‍ കുപ്പിയുണ്ടാക്കുന്ന പണിയിലും ലേബല്‍ ഉണ്ടാക്കുന്ന പണിയിലും ഏര്‍പ്പെടാന്‍ പോകുന്നില്ല എന്നും അത് തദ്ദേശിയരായ മൂഢാത്മാക്കള്‍ക്ക് ഏല്‍പിച്ചുകൊടുക്കാം എന്നും നിങ്ങള്‍ക്ക് വാക്കുതരുന്ന ഒരു സാര്‍വ്വലൗകിക മുതലാളിത്തം നമുക്കുണ്ട്. അവര്‍ നമുക്ക് പണം തന്നുകൊണ്ടിരിക്കുന്നു. സൂററ്റ് നഗരത്തിലെ റോഡ് വൃത്തിയാക്കിയാല്‍ സൂററ്റ്കാര്‍ക്ക് പണം തരാം എന്നു പറയുന്ന ഒരു ലോക ഔദാര്യത്തെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. സൂററ്റിലെ റോഡുകളൊക്കെ വളരെ വൃത്തിയുള്ള റോഡുകളാണ്. (ഗുജറാത്തിലെ മഹാനഗരമാണ് സൂററ്റ്) . അവിടുത്തെ റോഡുകള്‍ വൃത്തിയാക്കാന്‍ കാരണം റോഡുകള്‍ വൃത്തിയായിരിക്കണമെന്ന് പുറത്തുനിന്നാരോ പറഞ്ഞതാണ്. നമ്മുടെ നാട് വളരെ വൃത്തിയുള്ളതായിരിക്കണം എന്നുപറയുന്നത് നമ്മുടെ നാട്ടിലുള്ളവരല്ല. മറ്റെവിടെയോ ഉള്ള ആളുകളാണ്. നമ്മുടെ ഭരണത്തെ കാര്യക്ഷമമാക്കുവാന്‍ (E-Governance) നടത്തുവാന്‍ നമ്മുടെ ഡാറ്റ മുഴുവന്‍ ശേഖരിക്കുവാന്‍ നമ്മളെയെല്ലാവരെയും കൂടെ കമ്പ്യൂട്ടറിലാക്കുവാന്‍ ഇങ്ങനെ നമ്മുടെ ജീവിതത്തെ ഒരു സോഫ്റ്റ്‌വെയര്‍ വ്യവസായത്തിന്റെ ഭാഗമാക്കി തീര്‍ക്കുവാന്‍ വളരെ ശ്രദ്ധയോട് കൂടി ശ്രമിച്ച് കൊണ്ടിരിക്കുന്ന ഒരു ആഗോള ഔദാര്യം തീര്‍ച്ചയായും നമ്മുടെ മുന്‍പിലുണ്ട്. ഇതിന്റെ ഒരു ഫലം നമുക്ക് ചിന്തിക്കേണ്ടിവരുന്നില്ല. നമുക്കാകെകൂടി അഞ്ച് കൊല്ലം കൂടുമ്പോള്‍ വോട്ടു ചെയ്യേണ്ടിവരുന്നു എന്നതാണ്. അതുകൊണ്ട് നമ്മുടെ ഭരണം നമുക്കാരെയെങ്കിലും (ബുദ്ധിമാന്‍മാരെ) ഏല്പിച്ച് കൊടുക്കാം. ഈ ബുദ്ധിമാന്‍മാര്‍ ഭരിക്കുമ്പോള്‍ ഒരു സദ്ഭരണം ഉണ്ടായിത്തീരുമെന്നും ഇത്തരം സദ്ഭരണത്തെ കുറിച്ച് പണ്ട് പ്ലേറ്റോ സ്വപ്നം കണ്ടിരുന്നു എന്ന് ഓര്‍ക്കുകയും ചെയ്യാം. ഫിലോസഫര്‍മാരുടെ പ്ലേറ്റോ സ്വപ്നം കണ്ടിരുന്നത് സദ്‌വിപ്രന്മാര്‍ (സദ്‌വിപ്രന്മാര്‍ എന്നാണ് പറയുക തികഞ്ഞപുള്ളികള് എന്ന അര്‍ത്ഥത്തില്‍) ഭരണമാണ് ഇന്ത്യക്കാര്‍ സ്വപ്നം കണ്ടിരുന്നത്. സദ്‌വിപ്രന്‍മാരുടെ ഭരണത്തിനായി ശ്രമിച്ചിരുന്ന ഒരു രാഷ്ട്രീയ സംഘടനതന്നെയുണ്ടായുന്നു. തെരഞ്ഞെടുത്ത ചിലയാളുകള്‍ തിരഞ്ഞെടുത്ത ചില മണ്ടന്‍മാര്‍, തിരഞ്ഞെടുത്ത സാങ്കേതിക വിദ്ഗ്ധന്‍മാര്‍, ഇവരെകൊണ്ട് നടത്തുന്ന ഭരണം ഉണ്ടാക്കിത്തീര്‍ക്കാം എന്ന് കരുതുന്ന, അതായത് (democracy is not for all, democracy is mainly meant for a technocrat), സാങ്കേതിക വിദഗ്ദന്‍മാര്‍ക്ക് പറയാനുള്ളതും ചെയ്യാനുള്ളതുമായ ഒരു പ്രവൃത്തിയാണ് രാജ്യഭരണം എന്നും വാസ്തവത്തില്‍ സാങ്കേതികമായ കണ്ടുപിടുത്തങ്ങള്‍ ആണ് ലോകത്തിന്റെ ഭാവിയെ നിയന്ത്രിക്കേണ്ടതും നിര്‍മ്മിക്കേണ്ടതും എന്നുമുള്ള ബോധം ഇന്ന് ഏറെകുറെ സാര്‍വ്വത്രികമായിട്ടുണ്ട്. എവിടെയാണ് റോഡുണ്ടാകേണ്ടത് എന്ന് എവിടെയാണ് പാലം പണിയേണ്ടത് എന്ന് ഈ റോഡിനെത്ര വീതിയുണ്ടാകണം എന്ന് ഇത് എവിടെ നിന്ന് പുറപ്പെട്ട് എവിടെ അവസാനിക്കണം എന്ന് എത്ര പേരെ കുടിയിറക്കണം എന്ന് എല്ലാം എല്ലാം തീരുമാനിക്കുന്നത് ( തീരുമാനിക്കുന്നത് നല്ലതാണ്) ഒന്നും നമ്മളല്ല അതാരോ തീരുമാനിക്കുകയും തീരുമാനിച്ച രേഖകള്‍ നമുക്ക് ജലരേഖകളായി കാണിച്ച് തരുകയും ചെയ്യുന്നു. തീര്‍ച്ചയായും നമ്മുടെ ഗവേര്‍ണന്‍സ് ഒരു vicarious governance ആയി മാറുകയും ചെയ്യുന്നു. നമ്മളല്ല ഭരിക്കുന്നത് ആരോ ഭരിക്കുന്നു എന്നതിന്റെ ഒരു ഗുണം സുഖജീവിതം എന്നുള്ളതാണ് . ഈ ജീവിതം നാം രാജഭരണകാലത്ത് അനുഭവിച്ചിരുന്നു. രാജാവ് ഭരിക്കുമ്പോള്‍ നമുക്ക് ഒരല്ലലുമില്ല. രാജാവ് ഭരിച്ചോളും നമുക്ക് സുഖമായിട്ടിരുന്നാല്‍ മതി. ഏതെങ്കിലും തിരുനാളില്‍ ജനിച്ച രാജാവ് ഭരിക്കുമ്പോള്‍ ആ തിരുനാളിന്റെ നിഴലില്‍ നമുക്ക് സുഖമായി ജീവിക്കാം. ഇതു പോലെ ഏതോ ഒരു വിദേശിയനോ വിദേശിയന്മാരോ ഉണ്ടാക്കിയിട്ടുള്ള തിരുനാളിന്‍ നിഴലില്‍ ജീവിക്കാനുള്ള ഒരു സുഭഗമായ ജീവിതക്രമം നമുക്ക് തനിയെ വന്ന് ചേര്‍ന്നു കൊണ്ടിരിക്കുന്നു. We call it a vicarious life നമ്മുടെ ജീവിതമല്ല. നമ്മുടെ ജീവിതം നാം മറ്റാര്‍ക്കോ വേണ്ടി ജീവിക്കുന്ന് ജീവിതമാണ്. നിങ്ങള്‍ എന്താണ് ധരിക്കേണ്ടത് എന്ന്, നിങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങള്‍ എന്താണ് ചിന്തിക്കേണ്ടത്, ഏത് പാട്ടാണ് പാടേണ്ടത്, ഏന്തൗഷധമാണ് കഴിക്കേണ്ടത് എന്ന് പോലും തീരുമാനിക്കുന്ന ഒരു പരോക്ഷ കല്പന നമ്മുടെ ജീവിതത്തെ വലയം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇത് സാധിക്കാന്‍ കാരണം ലോകത്തെ പുതിയ സാമ്പത്തിക വ്യവസ്ഥ ഉല്പാദന ഉപകരണങ്ങളെ പിടിച്ചെടുക്കുന്നതിന് പകരം ഇതിനെയെല്ലാം നിയന്ത്രിക്കുന്ന മൂലകാരണത്തെ, ധനത്തെ പിടിച്ചെടുക്കുകയും ധനം കൊണ്ട് ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുകയും ചെയ്യുന്നു എന്നതാണ്. ഇങ്ങനെ ഒരു Air condition ചെയ്ത ഒരു മുറിക്കകത്തിരുന്ന് ലോകഭരണം നടത്താന്‍ കഴിയുന്ന ഒരു സംവിധാനം ലോകമുതലാളിത്തം ഏറെക്കുറെ പൂര്‍ണ്ണമാക്കി തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. നമ്മളിതിന്റെ ഇരകളായിത്തീരുന്നു. സ്വാഭാവികമായിട്ട് , കാരണം അതിന രു സുഖമുണ്ട്. ജനായത്തം സുഖമാണെന്ന് വാസ്തവത്തില്‍ ജനാധിപത്യത്തില്‍ ജീവിച്ച ആരും കരുതില്ല. അതൊരു സുഖമല്ല. ഒരു ഉത്തരവാദിത്വവും ദു:ഖവും നിരന്തരമായ ഉണര്‍വ്വും ആണ്. ഇതില്‍ നിന്ന് മോചനം നേടാന്‍ നമ്മെ ആരെങ്കിലും ഭരിക്കണമെന്നും ഭരിച്ച് കൊണ്ടിരിക്കുന്നത് സുഖമാണ് എന്നും അടിമത്തമാണ് നല്ലത് എന്നുമുള്ള ഒരു ബോധം വാസ്തവത്തില്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. ഇതിനെയാണ് എറിക് ഫ്രോം escape from freedom എന്ന് പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിനെ പുറത്തുവിട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു എന്നുപറയുന്ന ഫലിതം 'who wants freedom' എന്നാണ് ആര്‍ക്ക് വേണം നിങ്ങളുടെ സ്വാതന്ത്ര്യം എനിക്ക് പാരതന്ത്ര്യമാണ് വേണ്ടത് എവിടെ കിട്ടും പാരതന്ത്ര്യം എന്ന് ചോദിക്കുന്ന ഒരു ജനതയായി നാം രൂപാന്തരപ്പെടാന്‍ കാരണം പാരതന്ത്ര്യത്തിന് ചില സൗജന്യങ്ങള്‍ സുഖങ്ങള്‍ ഉണ്ട് എന്നതാണ്. നിങ്ങള്‍ക്ക് പാരതന്ത്ര്യം ചാരികിടന്ന് കൊണ്ട് അനുഭവിക്കാം ! സ്വാതന്ത്ര്യം ഉണര്‍ന്നിരുന്ന് മാത്രം അനുഭവിക്കാന്‍ കഴിയുന്ന ഒരു കാര്യം ആണ്. അതുകൊണ്ട് സ്വാതന്ത്ര്യത്തെ നാം വെറുക്കുകയും കൃത്യമായി ഉപേക്ഷിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യം വേണ്ട, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം അഥവാ രാഷ്ട്രീയസമരം വേണ്ട എന്ന് നാമും നമ്മുടെ ബുദ്ധിമാന്‍മാരായ കോടതിയിലെ ആളുകളും തീരുമാനിക്കുകയും ചെയ്യുന്നു. കാരണം ദൈവത്തിന്റെ മരണശേഷം നാമിപ്പോള്‍ അഭയം പ്രാപിച്ചിരിക്കുന്നത് കോടതികളെയാണ്. എവിടെ ശ്രീരാമന്‍ ജീവിച്ചിരുന്നു എന്നുള്ള തീരുമാനം വാസ്തവത്തില്‍ നാം കോടതികള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ശ്രീരാമനെ കുറിച്ച് വലിയ വിവരമൊന്നും കോടതിക്കുമുണ്ടാവാന്‍ വഴിയില്ല. എല്ലാ കാര്യങ്ങളെകുറിച്ചുമുള്ള സംശയം തീര്‍ക്കുന്നത് കോടതിയാണ് എന്നുള്ള പുതിയ വിധിവാദം ഉണ്ടായിരിക്കുന്നു. ദൈവത്തിന്റെ വിധിയെന്നാണ് പണ്ട് പറഞ്ഞിരുന്നത്. ഇന്ന് കോടതിയുടെ വിധി എന്നായിരിക്കുന്നു. വിധിച്ചാല്‍ അതിനപ്പുറമില്ല എന്ന് കരുതുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു. ഗാന്ധി(സഹിയ്ക്ക വയ്യാത്ത സ്വാതന്ത്ര്യം കൊണ്ടാണല്ലോ അദ്ദേഹം മരിച്ചത.്) നിയമത്തെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ഒന്ന് നിയമം അനുസരിക്കാനും നിയമം ലംഘിക്കുവാനും ഉള്ളതാണ് എന്നാണ്. നിയമത്തിന് രണ്ടുപയോഗങ്ങളുണ്ട് എന്ന് എല്ലാവരും മറന്ന് പോവുകയും നിയമം അനുസരിക്കുവാനും ലംഘിക്കുവാനും ഉള്ളതാണ് എന്ന ഓര്‍മ്മ ഇല്ലാതാവുകയും ചെയ്യുന്നു. അന്ന് ക്ലാസ് മുറിയില്‍ ഒന്നാമനായിരിക്കുക എന്നത് ഒരു ലക്ഷ്യവും ക്ലാസ്മുറിയില്‍ നിന്ന് പുറത്താക്കപ്പെടുക എന്നത് മറ്റൊരു ലക്ഷ്യവും ആയിരുന്നു. ഇത് വളരെ ചെറിയ ഒരു കാര്യമല്ല. ഇങ്ങനെ ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരാള്‍ പിന്നീട് കോഴിക്കോട് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആയിരുന്നു എന്നും നാം ഓര്‍ക്കുന്നു. ക്ലാസില്‍ നിന്ന് പുറത്താക്കുക എന്നുവെച്ചാല്‍ getting out of the class means getting into the soceity എന്നാണ് .ക്ലാസില്‍ നിന്ന് പുറത്തേക്ക് പോവുക എന്നുപറഞ്ഞാല്‍ പുറത്തേക്കല്ല പോവുന്നത് ലോകം എന്ന അകത്തേക്കാണ്. നിങ്ങള്‍ വളരെ വലിയ ഒരു ലോകത്തേക്ക് കിണറിനേക്കാള്‍ വലിയ ഒരു തടാകത്തിലേക്ക് സമുദ്രത്തിലേക്ക് പോവുകയും ലോകത്തില്‍ നിന്ന് അനുഭവങ്ങള്‍ പെറുക്കിയെടുക്കുകയും ചെയ്യുന്നു. ഇതൊന്നും സാധ്യമല്ലാത്ത മെരുക്കിയെടുക്കപ്പെട്ട മൃഗങ്ങളായി എന്‍ട്രന്‍സ് പരീക്ഷകള്‍ കൊണ്ടും ടെസ്റ്റുകള്‍ കൊണ്ടും പ്രത്യേക പരിശീലനം കൊണ്ടും പ്രത്യേക സ്ഥലങ്ങളില്‍ നഗരങ്ങളില്‍ ചെന്നു താമസിച്ചുള്ള വിദ്യാഭ്യാസം കൊണ്ടും കലാമണ്ഢലത്തലേയോ മറ്റ് മണ്ഡലങ്ങളിലേയോ അധ്യാപകരുടെ പരിശീലനം കൊണ്ടും കൃത്യമായി നിര്‍വ്വചിക്കപ്പെടേണ്ടതാണ് നിങ്ങളുടെ കലാപരവും വിദ്യാഭ്യാസപരവുമായ പ്രതിഭ എന്ന് വിശ്വസിക്കുന്ന വളരെയധികം മെരുക്കിയെടുക്കപ്പെട്ട domesticated animals ആയിട്ട് വിദ്യാര്‍ത്ഥികളെ മാറ്റിതീര്‍ക്കാന്‍ പുതിയ സമുദായത്തിന് കഴിഞ്ഞിട്ടുണ്ട്. അവര്‍ വളരെയധികം വിനയാന്വിതരായിരിക്കുകയും വളരെയധികം ലക്ഷ്യബോധമുള്ളവരായിരിക്കുകയും ലക്ഷ്യം എന്നുള്ളത് ഒരു കരിയര്‍ ആണ് എന്ന നിലയിലേക്ക് എന്തുകൊണ്ടോ ചുരുക്കിക്കൊണ്ടുവരികയും ചെയ്യുന്നു. യുവത്വത്തിന് മാത്രമേ ലോകത്തെ മാറ്റി തീര്‍ക്കാന്‍ കഴിയൂ എന്നത് പണ്ടും ഇന്നും വളരെ പ്രാഥമികമായ ഒരു സത്യമാണ് . വൃദ്ധന്മാര്‍ അവരുടെ ചിന്താരീതികളില്‍ കൂടി ചിന്തിക്കുകയും അവരുടെ ശീലങ്ങളില്‍ കൂടി ചിന്തിക്കുകയും ലോകം ഇനി ഒരിക്കലും മാറുകയില്ല എന്നും കരുതുകയും ചെയ്യുന്നവരാണ്. യുവാക്കള്‍ മാത്രമേ abberrafions ആയിട്ട് വ്യത്യസ്തതകള്‍ ആയിട്ട് മറ്റൊരു ലോകം ഉണ്ടായിതീരാം എന്നും തീര്‍ക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി രക്തസാക്ഷികളായി തീരുകയും ചെയ്യുന്നുള്ളൂ. ചെറുപ്പക്കാര്‍ക്ക് മാത്രമേ രക്തസാക്ഷികളായി തീരാന്‍ കഴിയൂ . ബാക്കിയുള്ളവരൊക്കെ വാതത്തിന്റെ (വാതരോഗത്തിന്റെ) സാക്ഷികളായിട്ടാണ് തീരുക.

ഇങ്ങനെ നമ്മുടെ വിദ്യാര്‍ത്ഥി സമൂഹത്തെ depoliticalise ചെയ്യുക അഥവാ അരാഷ്ട്രീയവല്‍ക്കരിക്കുകയും കോടതിയടക്കം അധ്യാപകരടക്കം അരാഷ്ട്രീയവല്‍ക്കരിക്കുകയും അവര്‍ക്ക് ഒരഭിപ്രായം ഉണ്ടായിരിക്കുവാന്‍ പാടില്ല എന്ന് തീരുമാനിക്കുകയും അവര്‍ക്ക് മാത്രമല്ല സര്‍ക്കാരിനുപോലും ഒരഭിപ്രായവും ഉണ്ടായിരിക്കാന്‍ പാടില്ല എന്നും സര്‍ക്കാരിനെകൊണ്ട് സമ്മതിപ്പിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ എല്ലാം ഉപദേശങ്ങളും സാങ്കേതിക വിദഗ്ദന്‍മാര്‍ റോഡിനെകുറിച്ച് റോഡിന്റെ വിദഗ്ദന്‍മാരും വിദ്യാഭ്യാസത്തെ കുറിച്ച് വിദ്യാഭ്യാസത്തിന്റെ വിദഗ്ദന്‍മാരും നല്‍കുന്ന അഭിപ്രായങ്ങള്‍ നിറവേറ്റുക മാത്രമാണ് ഒരു ഭരണത്തിന്റെ ചുമതല എന്ന വിനീതത്വത്തിലേക്ക് നമ്മുടെ ഭരണം, ജനാധിപത്യം ചുരുങ്ങി വന്നിരിക്കുന്നു. ആരായാലും ഇത് വാസ്തവമാണ്. നമ്മളെപ്പോഴും അജ്ഞത എന്നുള്ളത് ഭരണാധികാരിക്ക് ഒരു അമൂല്യവസ്തുവാണ് എന്നു കരുതുകയും വിജ്ഞന്മാരാല്‍ നയിക്കപ്പെടുന്ന ഒരു സദ്ദസ്സായിട്ട് ഉപദേശക വൃന്ദം വര്‍ത്തിക്കുകയും ഇങ്ങനെ ഉപദേശം കൊണ്ട് ഭരിക്കുന്ന രാജാവല്ല ഭരിക്കുന്നത് മന്ത്രിയാണ് എന്ന പഴയ ചൊല്ലിന് പകരം മന്ത്രിയല്ല ഭരിക്കുന്നത് ഉപദേഷ്ടാവാണ് ഭരിക്കുന്നത് എന്ന ഒരു പുതിയ തത്വത്തിലേക്ക് നമ്മുടെ ഭരണരീതി മാറിത്തീരുകയും ചെയ്യുന്നു. ഇതിനെയാണ് Victorious Governance (പരോക്ഷമായ ഭരണം) എന്നുപറയുന്നത്. ആരോ അകലെ നിന്ന് ഭരിക്കുകയാണ്. എത്ര ക്ലാര്‍ക്കുമാര്‍ വേണമെന്ന് എത്ര സൂപ്രണ്ട്മാര്‍ വേണമെന്ന് എങ്ങനെയെല്ലാം ഈ data amalgamate ചെയ്യണമെന്ന് എങ്ങനെയെല്ലാം ഉപയോഗിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് പിന്നിലിരിക്കുന്ന technocrat കളാണ്. ഇത്തരം സാങ്കേതിക വിദഗ്ദരെ ഉല്പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് മുതലാളിത്തത്തിനറിയാം- അതിനെയാണ് ബൗദ്ധിക സ്വത്തവകാശം എന്നുപറയുക എല്ലാ ശാസ്ത്ര്ജ്ഞന്‍മാരും ബുദ്ധികൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ് എന്നും ഈ ബുദ്ധിയെ വിലയ്ക്ക് വാങ്ങിയാല്‍ നിങ്ങള്‍ക്ക് മഞ്ഞളും ആര്യവേപ്പും വിലയ്ക്ക് വാങ്ങാം എന്നും കണക്കാക്കപ്പെടുന്നു. ലോകത്തിലെ സര്‍വ്വവിജ്ഞാനത്തേയും ഉല്പ്പാദിപ്പിക്കുന്ന ചുരുക്കം ആളുകളെ വിലയ്ക്ക് വാങ്ങിയിട്ട് ലോകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറായിട്ടുള്ള ഒരു ബൗദ്ധികസ്വത്തവകാശനിയമം നമ്മെ കാത്തുനില്‍ക്കുന്നുണ്ട്. അതുകൊണ്ട് നാളെ മന്ത്രോച്ചാരണത്തിലെന്ന പോലെ മന്ത്രങ്ങളെയെല്ലാം വിലക്കുവാങ്ങുന്ന വേദങ്ങള്‍ എഴുതാതെ തന്നെ വേദത്തിന്റ പ്രവൃത്തികള്‍ ചെയ്യുന്ന ശൂദ്രന്മാരായ മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇതൊന്നും പാഠമാകണ്ട എന്ന് ശാഠ്യം പിടിക്കുന്ന ഒരു ഒന്നാം ലോക പ്രഭുവര്‍ഗ്ഗം ലോകത്തെ മുഴുവന്‍ ഭരിക്കുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ ജീവിതം മാറിത്തീരുവാന്‍ ഇടയുണ്ട്. അതുകൊണ്ട് ഇന്നത്തെ നമ്മുടെ നാട്ടുകാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോവുക എന്ന് പറയാറില്ല. അമേരിക്കയിലേക്ക് പോവുക എന്ന് മാത്രമേ പറയാറുള്ളൂ. ഏതാണണ് സ്വര്‍ഗ്ഗം എന്ന ചോദ്യത്തിന് ഏതാണ് ഉട്ടോപ്യ എന്ന ചോദ്യത്തിന് അമേരിക്ക എന്ന് ഉത്തരം നല്കുന്ന അവസ്ഥയിലേക്ക് നമ്മുടെ പാരതന്ത്ര്യബോധം നമ്മെക്കൊണ്ടെത്തിച്ചിരിക്കുന്നു. ഇതില്‍ നിന്നും തിരിച്ച് വരുവാന്‍ നമ്മുടെ രക്തവും നമ്മുടെ മാംസവും നമ്മുടെ ജീവിതവും നമ്മുടെ ചിന്തയും നമ്മുടെ സ്‌നേഹക്രോധവികാരങ്ങളും നമ്മുടേതാണ് എന്നും അത് തിരിച്ചുപിടിക്കണമെന്നും (ഭാഷമാത്രം തിരിച്ച് പിടിച്ചാല്‍ പോര) നമ്മുടെ സര്‍വ്വസ്വവും നമുക്ക് തിരിച്ച് പിടിക്കണമെന്നും നമ്മളറിയണം. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ നാം ലോകത്തിനെന്തെങ്കിലും കൊടുക്കാന്‍ ശക്തരായിതീരുകയുള്ളൂ എന്നുള്ള ബോധം നമുക്കുണ്ടാവണം. കടം വാങ്ങുന്നതിലല്ല അറിവിന്റേയും പണത്തിന്റേയോ ഉല്പാദനത്തിന്റേയോ കടം കൊണ്ടല്ല മറിച്ച് ലോകത്തിനെന്തെങ്കിലും കൊടുക്കുന്നതുകൊണ്ടാണ് മനുഷ്യന്‍ മനുഷ്യനായിതീരുന്നത് എന്നും ഒരു നാട് നാടായിതീരുന്നത് എന്നുമുള്ള ബോധം തീര്‍ച്ചയായും. ഉണ്ടാവണം. ആശാനെപ്പോഴും പറയാറുള്ള കാര്യം, സീത രാമനോട് പറഞ്ഞത്,
                 "അഭിമാനിനിയാം സ്വകാന്തയില്‍
                 ദയാല്‍ ദേവ ഭവാന്‍ ക്ഷമിക്കുക" ഇങ്ങനെയാണ്.
രാമന് അഭിമാന മുണ്ടെങ്കില്‍ സീതയ്ക്കും അഭിമാനമുണ്ട് എന്നുപറഞ്ഞുകൊണ്ട് സ്ത്രീത്വത്തിന്റെ കൊടുക്കൂറ പാറിച്ച കുമാരനാശാന്റെ ഓര്‍മ്മയെ ഉള്ളില്‍ വെച്ച് കൊണ്ട് നാമിന്ന് പറയേണ്ടത് ലോകത്തിലെ ഒന്നാം ലോകത്തിലെ ജനങ്ങള്‍ക്ക് അഭിമാനമുണ്ട് എങ്കില്‍ മൂന്നാം ലോകത്തിലെ ജനങ്ങള്‍ക്ക് അഭിമാനമുണ്ട് എന്നും കടം വാങ്ങാന്‍ മാത്രം അറിയുന്ന പരിഷകളല്ല നാം എന്നുമാണ്. നിങ്ങള്‍ക്ക് നാളെ എന്തെങ്കിലും കൊടുക്കാനുണ്ടാകട്ടെ എന്ന് ഒന്നും തരാനില്ലാത്ത ഞങ്ങള്‍ ആശംസിക്കുന്നു.

No comments:

Post a Comment