Wednesday, October 5, 2011

അധിനിവേശ പ്രത്യയശാസ്ത്രവും സാമ്രാജ്യത്വ ഫണ്ടിങ്ങും
അധിനിവേശ പ്രത്യയശാസ്ത്രവും  സാമ്രാജ്യത്വ ഫണ്ടിങ്ങും 

 എന്തുകൊണ്ടാണ് ജനകീയാസൂത്രണം വിശദീകരിക്കുന്തോറും ദുരൂഹമായിക്കൊണ്ടിരിക്കുത് ? എന്തുകൊണ്ടാണ് ഒരു ചൈനീസ് ബോക്‌സുപോലെ അഴിക്കുന്തോറും അത് അടഞ്ഞ് കൊണ്ടേയിരിക്കുന്നത് ?എന്തുകൊണ്ടാണ് ചോദ്യം ഉന്നയിക്കപ്പെടുമ്പോള്‍ ചോദ്യകര്‍ത്താവിനെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്ന്? ഇതെല്ലാ. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ജനകീയതയെ ഇത്ര അതാര്യമാക്കുവാന്‍ അസാമാന്യമായ കഴിവ് വേണം എന്ന് നമുക്കറിയാം. നാം സംസാരിക്കുന്നത് നമ്മുടെ ജനകീയത എങ്ങനെ ഫലത്തില്‍ ഒരു വൈദേശികത ആയിത്തീര്‍ന്നു എന്നാണ്. നാമറിയാതെയാണ് ഇത് സംഭവിച്ചത്. അതുകൊണ്ട് അതിലിടപ്പെട്ടിരുന്ന ആളുകളെല്ലാം പിന്നീട് ഒരുവശത്ത് അതിനെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ അതിനെ തിരുത്തുവാനും നിഷേധിക്കുവാനും ശ്രമിക്കുകയോ ചെയ്തു പോന്നിട്ടുണ്ട്.

    കേരളത്തിന്റെ ഏറിയ രാഷ്ട്രീയവത്ക്കരണമാണ് ജനകീയാസൂത്രണത്തിന്റെ ലക്ഷ്യം എന്ന് ഇ.എം.എസ് കരുതിയിരുന്നു എന്നതിനെക്കുറിച്ച് ഒരു സംശയവും ഇല്ല. കാരണം രാഷ്ട്രീയവല്‍ക്കരണങ്ങളുടെ പ്രയോഗങ്ങളില്‍ ഒന്ന്, ഒരു പക്ഷേ അതിന്റെ അവസാനത്തേതും ജനങ്ങളിലേക്ക് എത്തിച്ചേരുക എന്നതാണ്. പാഠം ചോദിച്ചു പോന്നിട്ടുള്ളത് ജനകീയാസൂത്രണത്തിന്റെ അവസാനത്തില്‍ നമ്മുടെ സമുദായം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുവോ കൂടുതല്‍ അരാഷ്ട്രീയവത്ക്കരിക്കപ്പെട്ടുവോ എന്നാണ്. നമ്മുടെ രാഷ്ട്രീയ സമുദായം കൂടുതല്‍ ഇടത്തോട്ടോ വലത്തോട്ടോ പോയത് എന്നാണ്, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ വാസ്തവത്തില്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയെന്ന അനാവശ്യമായ ഒരു കാര്യം ഉന്നയിക്കുകയും അപ്രസ്തമായ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടിരിക്കുകയുമാണ് ഇതിന്റെ ഉത്തരവാദിത്വം ഉള്ള ആളുകള്‍ ചെയ്തുകൊണ്ടേ ഇരിക്കുന്നത്. പ്രശ്‌നം അവിടെയാണ്. വെളുത്തവരെല്ലാം വഞ്ചകന്മാരാണ് എന്ന് സായിപ്പന്മാരെല്ലാം ചാരന്മാരാണ് എന്ന് ധരിക്കുന്ന ഒരു മൂഢ മസ്തിഷ്‌കം പാഠം പ്രവര്‍ത്തിക്കുന്നുണ്ട് എന്നാതായിരുന്നു ഒരാക്ഷേപം. ഈ ആക്ഷേപം നടന്നുകൊണ്ടിരിക്കേ തന്നെ അതിന്റെ പ്രവര്‍ത്തകര്‍ ഷെയ്ക്‌സിപിയറുടേയും കീറ്റ്‌സിന്റെയും ഷെല്ലിയുടെയും കവിതകള്‍ കോളേജ് ക്ലാസ്സുകളില്‍ പഠിപ്പിക്കുകയായിരുന്നു. വെളുപ്പും കറുപ്പും തിരിച്ചറിയാം എന്നുള്ളത് വാസ്തവത്തില്‍ പാഠത്തിന്റെ ഒരു വലിയ ശാപമായിത്തീര്‍ന്നിട്ടുണ്ട്. ഒരു പക്ഷേ പാഠത്തെ നേരിടാനുപപയോഗിച്ചിരുന്ന മറ്റൊരു മാര്‍ഗ്ഗം വംശാവലി പരിശോധിക്കുക എന്നുള്ളതാണ്. ഞങ്ങള്‍ സാധാരണ പറയാറുള്ളത് പഴയ ഭാരതത്തില്‍ കര്‍ണ്ണന്‍ ആയോധനവിദ്യ പരീക്ഷിച്ച് കൊണ്ടിരിക്കുന്ന സമയത്ത് കര്‍ണ്ണനോട് ചോദിച്ചത് നിനക്കിത് ചെയ്യാന്‍ കഴിയുമോ എന്നല്ല മറിച്ച് നിന്റെ അച്ഛനാരാണ് എന്നാണ്. ഇങ്ങനെ പിതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രവൃത്തിയെ നിഷേധിക്കാം എന്നുള്ള ഒരടവ് എങ്ങനെയാണ് വിപ്ലവകാരികള്‍ക്ക് ഉണ്ടായിത്തീരുന്നത് എന്നത് പ്രധാനപ്പെട്ട ഒരു കാര്യം ആണ്.

    അതുപോലെ നിരന്തരമായി പറഞ്ഞ് കൊണ്ടേയിരിക്കുന്ന പ്രചരിപ്പിച്ച കൊണ്ടേയിരിക്കുന്ന ഒരു കാര്യം പത്രാധിപസമുദായത്തിന്റെ വ്യക്തിനിയമത്തില്‍  ഒരാള്‍ക്ക് എത്ര പത്രാധിപന്മാരാകാം എന്ന ചോദ്യമാണിത്. പത്രാധിപസമുദായത്തോട് ചോദിക്കുന്ന ഒരു ചോദ്യമാണിത്. പാഠം തുടങ്ങിയിട്ട് മൂന്ന് കൊല്ലത്തോളമായി. തിരിച്ച് ചോദിക്കുന്ന ചോദ്യം ഈ മൂന്ന് കൊല്ലം വരെ എന്ത്‌കൊണ്ട് ഈ ചോദ്യം ഉന്നയിക്കുകയുണ്ടായില്ല എന്നാണ്. മറ്റൊരു കാര്യം കേരളത്തിലെ ഇന്ത്യയിലെ അനേകം പത്രാധിപന്മാര്‍ ഒന്നിലധികം പത്രങ്ങള്‍ ഉള്ളവരാണ് എന്ന് എന്തുകൊണ്ട് ഈ വാദഗതികളില്‍ മറന്ന് പോകുന്നു എന്നുള്ളതാണ് . അഞ്ചോ ആറോ ഏഴോ പത്രത്തിന്റെ പത്രാധിപരായിട്ടുള്ള പത്രാധിപന്മാര്‍ കേരളത്തിലുണ്ട് എന്ന് ആരും അറിയാത്തതല്ല. മാധ്യമ വിചാരത്തില്‍ സെബാസ്‌ററ്യന്‍ പോള്‍ ഇക്കാര്യം ഉന്നയിച്ചു എന്നും കേട്ടിട്ടുണ്ട്. ഇവിടുത്തെ മിക്കവാറും പത്രാധിപന്മാരൊക്കെ അതിന് തെളിവാണ്. അത് ഒന്നല്ല അനേകമാണ്. അതുകൊണ്ട് ഒരു പത്രത്തിന്റെ പത്രാധിപര്‍ക്ക് എത്ര പത്രം നടത്താം എന്നുള്ളതല്ല പ്രശ്‌നം മറിച്ച് അതില്‍ പറയുന്ന അഭിപ്രായങ്ങള്‍ എത്രത്തോളം നമുക്ക് സ്വീകാര്യമായിത്തീരുന്നു എന്നുള്ളതാണ് പ്രശ്‌നം എന്നത് വളരെ സ്പഷ്ടമായിത്തീരുന്നു. നിങ്ങള്‍ക്ക് അനുകൂലമായി പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശരിവയ്ക്കുന്നകയും നിങ്ങള്‍ക്ക് പ്രതികൂലമായി പറയുന്ന കാര്യങ്ങള്‍ തള്ളിക്കളയുകയും ചെയ്യുക എന്നുള്ളത് യുക്തിയുടെയും അറിവിന്റേയും രീതിയല്ല. അതുകൊണ്ടാണ് അനിഷ്ടമായ കാര്യങ്ങള്‍ പറയുന്ന ഒരു പാഠത്തിന്റെ പത്രാധിപരായിരിക്കുന്നത് ശരിയല്ല എന്നുള്ള ഒരു പുതിയ ധാര്‍മ്മികത നമ്മുടെ നാട്ടില്‍ ഉദയം ചെയ്തിരിക്കുന്നത്. ധാര്‍മ്മികതയ്ക്ക് പല വ്യാഖ്യാനങ്ങള്‍ ഉണ്ടാകാം. പക്ഷേ ഈ ധാര്‍മ്മികതയെപ്പറ്റി നാം സംസാരിക്കുമ്പോഴും ഇങ്ങനെ പറയുന്നവരെല്ലാം എത്ര പത്രത്തിന്റ പത്രാധിപരാണ് എന്നുള്ളത് നമ്മുടെ പത്രങ്ങള്‍, പത്രങ്ങളുടെ അവസാനത്തെ ഭാഗങ്ങള്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ആണ്. ഇങ്ങനെ യഥാര്‍ത്ഥമായ പ്രശ്‌നത്തെ ഹൈജാക്ക് ചെയ്യുക എന്നതാണ് മറുപടിയുടെ ലക്ഷ്യവും ജനകീയാസൂത്രണത്തിന്റെ ലക്ഷ്യവും
    രാഷ്ട്രീയത്തില്‍ നിന്ന് അരാഷ്ട്രീയത്തിലേക്ക് അധികാരത്തില്‍ നിന്ന് അധികാര നിരാസത്തിലേക്ക് ജനങ്ങളെ കൊണ്ട് പോവുക എന്നുള്ളതാണ് ജനകീയാസൂത്രണത്തിന്റെ ലക്ഷ്യമായിരുന്നത് എന്ന് ഇന്ന് പാഠം ഉന്നയിക്കുന്ന ആരോപണമല്ല. പാഠം വെളിച്ചത്ത് കൊണ്ട് വരുന്ന രേഖകള്‍ ആണ് പയുന്നത്. പാഠം ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. അത് ചില രേഖകള്‍ ജനങ്ങളുടെ മുന്‍പില്‍ വെയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
    ഒരു പക്ഷേ നാളെ ചോദിച്ചേക്കാവുന്ന ഒരു കാര്യം ഇപ്പോള്‍ ഈ മാസങ്ങളില്‍ ഈ ആഴ്ച്ചകളില്‍ എന്തുകൊണ്ടാണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഡി.വൈ.എഫ്.ഐ സമ്മേളനം നടന്നുകൊണ്ടിരിക്കേ അതേ സ്ഥലത്ത് അതേ തീയതിയില്‍ അതേ സമയത്ത് സ്വാശ്രയ സംഘങ്ങളുടെ യോഗങ്ങള്‍ നടന്ന്‌കൊണ്ടിരിക്കുന്നത് എന്നുകൂടിയാണ്. നാളെ ആ ചോദ്യം ഇവിടെ വരും, ലോണ്‍ മേളകള്‍ എന്നുള്ള സ്വാശ്രയ ഗ്രൂപ്പുകളുടെ സമ്മേളനങ്ങള്‍ നടക്കുകയും ഒരു പക്ഷേ നമ്മുടെ യുവാക്കളെ അരാഷ്ട്രീയവല്ക്കരിക്കാനുള്ള, യുവാക്കളെ ലോണുകളുടെ അടിമകളാക്കിത്തീര്‍ക്കാനുള്ള മറ്റൊരു പ്രയത്‌നം ഇവിടെ ആരംഭിച്ചിരിക്കുന്നു എന്നുകൂടിയാണ് ഇതിന്റെ അര്‍ത്ഥം. അതിന് കാരണം തൊഴിലില്ലാത്തവരാണ്. DYFI യുടെ പ്രതിരോധത്തിന്റെ ശക്തി, കാരണം ലോകത്തില്‍ രണ്ട് തരം ആളുകള്‍ ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയത് പുസ്തകം വായിച്ചിട്ട് മാത്രമല്ല. മറിച്ച് അതൊരു ഭ്രാന്തന്റെ കഥയാണ്. 1962-ല്‍ എന്റെ വീടിന്റെ മുറ്റത്ത് രാവിലെ തന്നെ ഷര്‍ട്ടിടാത്ത ഒരു മനുഷ്യന്‍ വന്ന് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. ശരീരം മുഴുവന്‍ എണ്ണ തേച്ചിട്ടുണ്ട്. ഒരു പൂണൂലുമുണ്ട്.എണ്ണ തേച്ച് ശരീരം ഉഴിഞ്ഞ് കൊണ്ടേ ഇരിക്കുമ്പോള്‍ ഞാനയാളുടെ അടുത്ത് ചെന്നു. എനിക്ക് ജോലിക്ക് പോകേണ്ട സമയമായി. എന്താ വേണ്ടത് എന്ന് ചോദിച്ചു. അയാള്‍ തിരിച്ച് ചോദിച്ചത് മലയാളത്തിലല്ല ഇംഗ്ലീഷില്‍  Are you employed ?  എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ Yes I am  എന്ന് മറുപടി പറഞ്ഞു.  But I am   unemployed   എന്ന് അയാള്‍ തിരിച്ചു പറഞ്ഞു. എന്താണ് വര്‍ഗ്ഗവിത്യാസമെന്ന് എനിക്ക് ഒരു നിമിഷം കൊണ്ട് മനസ്സിലായി You are employed and I am unemployed  എന്നുള്ളതാണ് DYFI  പ്രതിരോധത്തിന്റെ അടിസ്ഥാനം. അവരെ ലോണുകളില്‍ employ ചെയ്യിക്കുവാന്‍ ഘോഷയാത്രകളില്‍ employ ചെയ്യിക്കുവാന്‍ കഴിഞ്ഞാല്‍ അവരുടെ വാളിന്റെ വായ്ത്തലമടക്കാന്‍ കഴിയും എന്ന് സിവില്‍ സമുദായക്കാര്‍ വിശ്വസിക്കുന്നുണ്ടാവണം. അതുകൊണ്ട് നാളെ പ്രസ്ഥാനങ്ങളെ ഹൈജാക്ക് ചെയ്യുന്ന മാര്‍ഗ്ഗങ്ങളില്‍ ഇതും ഒരു മാര്‍ഗ്ഗമായിത്തീര്‍ന്നു എന്നു വരാം. കാരണം ഇത് ആഗോളതന്ത്രത്തിന്റെ ഭാഗമാണ്.

ജനകീയാസൂത്രണത്തെ കുറിച്ച് ഞങ്ങള്‍ അന്നേ ചോദിച്ചുപോന്നിട്ടുള്ള ഒരു കാര്യം വളരെ സമര്‍ത്ഥമായി ആത്മാര്‍ത്ഥമായി ജനകീയാസൂത്രണം ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ എന്തുകൊണ്ടാണ് രാഷ്ട്രീയാതീതമായി വോട്ടുകള്‍ നഷ്ടപ്പെട്ടുപോയത്. എന്നും ഇടതുപക്ഷം പരാജയപ്പെട്ട് പോയതും എന്നുമാണ്. ആ ചോദ്യത്തിന് മറുപടി ഉണ്ടായിട്ടില്ല. ഇതന്വേഷിക്കേണ്ടത് ശാസ്ത്രീയമായ മാര്‍കിസ്റ്റ് മാര്‍ഗ്ഗത്തിന്റെ ഒരു രീതിയാണ്. ഒരു സിദ്ധാന്തത്തെ പ്രയോഗത്തില്‍ പരീക്ഷിക്കുക എന്നും രീതി ഒരു തിയറിയെ പ്രാക്ടീസില്‍ നിന്ന് തിരിച്ചറിയുക എന്ന രീതി. എന്തുകൊണ്ടാണ് ഈ സിദ്ധാന്തം പ്രയോഗത്തില്‍ വിനാശകാരിയായിത്തീര്‍ന്നത് എന്നന്വേഷിക്കേണ്ട ചുമതല തീര്‍ച്ചയായും പ്രസ്ഥാനത്തിന്റേതാണ്. നടത്തുന്നവരും അന്വേഷിക്കുന്നവരും ഒരാള്‍ തന്നെയായാല്‍ തീര്‍ച്ചയായും കുറ്റും ചെയ്യുന്നതും കുറിപ്പെഴുതുന്നതും ഒരാള്‍ തന്നെയായാല്‍ അത് സംഭവിക്കുകയില്ല. അത്‌കൊണ്ട് ഇവിടെ എന്ത്‌കൊണ്ട് പരാജയം സംഭവിച്ചു എന്നുള്ളത് അന്വേഷിക്കപ്പെടുകയുണ്ടായില്ല. അന്വേഷിക്കുക എന്നുള്ളത് നമ്മുടെ രാഷ്ട്രീയമായ കടമയാണ്. പാര്‍ട്ടിയോടുള്ള കടമയാണ്.  ഇങ്ങനെ പറയുന്നത് പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം അല്ല. മറിച്ച് ഇനിയും  വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ലമെന്ററി വ്യവസ്ഥയനുസരിച്ച് നമുക്ക് കിട്ടാവുന്ന പാര്‍ലമെന്ററി ഉപകരണത്തിന്റെ ശക്തി ഉപയോഗിച്ച് പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും ഇടതുപക്ഷത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ട ഒരു സംഘടന എന്തുകൊണ്ട് സ്വയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു സ്വയം ഇല്ലാതായിക്കൊണ്ടിരിക്കുന്നു സ്വയം അരാഷ്ട്രീയമായിക്കൊണ്ടിരിക്കുന്നു എന്ന് അന്വേഷിക്കേണ്ടത് തീര്‍ച്ചയായിട്ടും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കടമയായിത്തീരുന്നുണ്ട്. ഈ കടമ നിര്‍വ്വഹിക്കപ്പെടുന്നില്ല എന്നുള്ളതാണ് വളരെ പ്രധാനപ്പെട്ട കാര്യം. ഇത് അറിയാഞ്ഞിട്ടല്ല എന്നുള്ളതാണ് കൂടുതല്‍ വിഷമം പിടിച്ച പ്രശ്‌നം. അതുകൊണ്ട് നമ്മളുദ്ദേശിക്കാത്ത ദുര്‍ഘടങ്ങളില്‍ ചെന്ന് ചാടുന്നുണ്ട്. എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഒരു ഭരണകൂടം നിഷ്‌കാസനം ചെയ്യപ്പെടുകയും കേരളം വലത് പക്ഷത്തേയ്ക്ക് പെട്ടെന്ന് തെറിച്ച് വീഴുകയും ഇടതുപക്ഷം ഒരു ന്യൂനപക്ഷമായി രൂപാന്തരപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ ആദ്യമായി നാം ചെയ്യേണ്ടത് നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ എവിടെ പാളിച്ച പറ്റി അന്വേഷിക്കുകയാണ്. അതിന് പകരം നാം നമ്മുടെ വിശ്വാസങ്ങളിലോ സിദ്ധാന്തങ്ങളിലോ തലചായ്ച്ചുറങ്ങുകയും നാളെയും ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകും അന്ന് നമുക്ക് ജയിക്കാം എന്ന് കിനാവ് കാണുകയും ചെയ്യുകയല്ല. ഇത്തരം കാര്യങ്ങള്‍ പറയാനാണ് തീര്‍ച്ചയായും പാഠം ശ്രമിച്ച് പോന്നിട്ടുള്ളത്.

    എവിടെയാണ് നാം വഴിതെറ്റിക്കപ്പെട്ടത് എന്നതാണ് ചോദ്യം.     എന്നത് ഒരു സിദ്ധാന്തവാണിജ്യത്തിന്റെ പദമാണ്. (എം.പി പരമേശ്വരന്റെ പ്രബന്ധം പരാമര്‍ശിച്ച് കൊണ്ട്) സാധനങ്ങള്‍ എന്നത് പോലെ സിദ്ധാന്തങ്ങളും വില്ക്കാം. തലച്ചോറ് വില്‍ക്കാം. ആശയങ്ങള്‍ വില്ക്കാം, ആഗ്രഹങ്ങള്‍ വില്ക്കാം . ആരാണ് ജനകീയ പ്രസ്ഥാനത്തെ ജനകീയതയുടെ വൊക്കാബുലറി തന്നെ ഉപയോഗിച്ച് കൊണ്ട് ജനകീയതയില്ലാതാക്കാന്‍ ശ്രമിക്കുന്നത് എന്നതാണ് വാസ്തവത്തില്‍ നാമുന്നയിക്കുന്ന ചോദ്യം. അതുകൊണ്ടാണ്  world bank ലോണ്‍ തരുമ്പോഴും അതിന് ജനകീയതയുടെ പദാവലി ഉണ്ടായിത്തീരുന്നത്. ഇതാണ് ഭാഷയുടെ പ്രയോഗം. സുധീഷ് പാഠത്തിലുപയോഗിക്കുന്ന ഭാഷ മാത്രമല്ല. ഭാഷയുടെ ഒരു പ്രയോഗം നിങ്ങളെ വീഴ്ത്താന്‍ നിങ്ങളുടെ ഭാഷ ഉപയോഗിക്കണം എന്നുള്ളതാണ്. അതിന് വേണ്ടിയിട്ടാണ് ഗുണ്ടര്‍ട്ട് സായിപ്പും തമിഴ്‌നാട്ടില്‍ വിന്‍സലര്‍ സായിപ്പും വന്നപ്പോള്‍ അവര് എഴുതിയത് ഇവിടുത്തെ പണ്ഡിതന്മാരുടെ നിഘണ്ടുവല്ല പണ്ഡിതന്മാരുടെ വ്യാകരണമല്ല മറിച്ച് നീചഭാഷ എന്ന് പറയുന്ന സാമാന്യജനങ്ങളുടെ ഭാഷയും വ്യാകരണവും ആണ്. അതെഴുതിയത് സാമാന്യജനങ്ങളോട് സംസാരിക്കുവാന്‍ അവരെ മതപരിവര്‍ത്തനം ചെയ്യുവാന്‍ അവരുടെ ഭാഷയും അവരുടെ പദാവലിയും അവരുടെ ഭാഷയുടെ നിയമങ്ങളും പഠിക്കണം എന്നുള്ളഥ് കൊണ്ടാണ്. അതുകൊണ്ട് അധിനിവേശപ്രസ്ഥാനം നമ്മുടെ ജനകീയതയുടെ വൊക്കാബുലറി പഠിക്കുകയും ജനകീയതയുടെ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയും ജനകീയതകൊണ്ട് തന്നെ ജനകീയതയെ നശിപ്പിക്കാം എന്ന് ഒരുപക്ഷേ കാണിച്ച് തരുകയും ആണ് ചെയ്യുന്നത്. ഇതാണ് വാസ്തവത്തില്‍ നടന്നത്.

    ഡി.പി.ഇ.പി അങ്ങനെയൊരു സാധനമാണ്. കുട്ടികളെ സാധനങ്ങള്‍ കാണിച്ച് പ്രകൃതി കാണിച്ച് വികൃതി കാണിച്ച് പഠിപ്പിക്കണം എന്നുള്ളത് പഴയ മോണ്ടിസോറി സിദ്ധാന്തമാണ്. അഡയാറില്‍ ആനിബസന്റിന്റെ കൂടെ താമസിച്ചിരുന്ന ഒരു പഴയ വ്യക്തിയാണ് മോണ്ടിസോറി. ഈ പ്രസ്ഥാനത്തെ എടുത്തിട്ട് വളരെ പ്രിയപ്പെട്ട, ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന കുട്ടികള്‍ക്ക് സ്വാതന്ത്ര്യം, നല്‍കുന്ന അധ്യാപകര്‍ക്ക് സ്വാന്ത്ര്യം നല്‍കുന്ന ഒരു പ്രസ്ഥാനം എന്നുള്ള നിലയില്‍ ആരോ തിരഞ്ഞെടുത്ത ചില ജില്ലകളില്‍ നടപ്പാക്കാം എന്ന് തീരുമാനിക്കുകയും അതിന് അധ്യാപകരെ പ്രോത്സാഹിപ്പിക്കുകയും ഫണ്ടിങ്‌കൊണ്ട് വീഴ്ത്തുകയും ചെയ്ത പ്രസ്ഥാനം ഇവിടെ ഉണ്ടായി എന്നും നമുക്കറിയാം. അതിന് മുന്‍പ് കേരളത്തില്‍ വന്ന ഏതോ ഒരു മനുഷ്യന്‍ ഒരു വിദ്യാഭ്യാസ വിദഗ്ദന്‍ കോഴിക്കോട് അല്ലെങ്കില്‍ തേഞ്ഞിപ്പാലത്ത് എത്തിച്ചേരുകയും സര്‍വ്വകലാശാലകളില്‍ ചോദ്യത്തിന്റെ  ബാങ്ക് ഉണ്ടാക്കാം എന്ന് നമ്മോട് പറയുകയും ചെയ്ത കഥയും ഓര്‍ക്കേണ്ടതാണ്. അധ്യാപകനെ വിളിച്ചിട്ട് രാമായണം എങ്ങനെയാണ് പഠിപ്പിക്കേണ്ടത് ശാകുന്തളം എങ്ങനെയാണ് പഠിപ്പിക്കേണ്ടത് നിങ്ങളുദ്ദേശിക്കുന്നത് പോലെ രാമായണം ഒരു ട്രാജിക് കഥയല്ല് മറിച്ച് 364 ചോദ്യങ്ങളാണ് എന്ന് നിങ്ങളോട് പറഞ്ഞ് തരുന്ന ഒരു ചോദ്യബാങ്ക് സമ്പ്രദായം. അതായത് ഒരാശയത്തെ കറന്‍സിയാക്കി മാറ്റുകയും നാണ്യങ്ങളാക്കി മാറ്റുകയും അതിനെ ചെക്കുകളായി മുറിച്ചെടുക്കാവുന്ന സാധനങ്ങളായി രൂപാന്തരപ്പെടുത്തുകയും ചെയ്ത് കൊണ്ട് ഒരു പുസ്തകത്തെ നശിപ്പിക്കാം എന്നും ചോദ്യബാങ്ക് സിദ്ധാന്തം നമ്മെ ബോദ്ധ്യപ്പെടുത്തുകയുണ്ടായി. ഇത് വളരെ ശ്രദ്ധയോട് കൂടി ചെയ്യുന്ന ഒരു കാര്യം ആണ്. അതായത് ഒരു ഗ്രന്ഥം ഒരു സന്ദേശമല്ല എന്നും ഒരു ഗ്രന്ഥം ഒരു വാഗ്വാദം അല്ലാ എന്നും ഒരു ടെക്സ്റ്റ് എന്നുള്ളത് വാസ്തവത്തില്‍ ഏതാനും ചോദ്യങ്ങളും അതിന് മുന്‍കൂട്ടി നിശ്ചയിച്ച ഉത്തരങ്ങളും ആണ് എന്നും ഇവിടുത്തെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും തെറ്റിദ്ധരിപ്പിക്കാന്‍ ചോദ്യബാങ്ക് സിദ്ധാന്തത്തിന് കഴിഞ്ഞിട്ടുണ്ട്. അത് പുസ്തകത്തെ ഇല്ലാതാക്കാനുള്ള ഒരു വഴിയാണ്. ഒരു സംഘടനയെ ഇല്ലാതാക്കാന്‍ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ ഇതേ മാര്‍ഗ്ഗം തന്നെ ഉപയോഗിക്കാം എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആണ്. കാരണം ഇവിടുത്തെ പൗഡറുകളും സെന്റുകളും സോപ്പുകളും ഉണ്ടാക്കുന്ന കമ്പനികള്‍ നടത്തുന്ന മന:ശാസ്ത്ര ഗവേഷണങ്ങള്‍ പോലെ തന്നെ രാഷ്ട്രീയത്തിലും മന:ശാസ്ത്ര ഗവേഷണങ്ങള്‍ നടത്തുന്നുണ്ട് എന്നും അതാണ് അവരിവിടെ പ്രയോഗിക്കുന്നത് എന്നും നാം ശ്രദ്ധിക്കാറേയില്ല. അതുകൊണ്ട് പെട്ടെന്നിവിടെ പുതിയ പുസ്തകങ്ങള്‍ എത്തിച്ചേരുകയും പുതിയ പദ്ധതികള്‍ എത്തിച്ചേരുകയും ഈ പദ്ധതികള്‍ക്കെല്ലാം ചുവന്ന നിറങ്ങള്‍ ഉണ്ടായിതീരുകയും ചുവന്നതെല്ലാം ഇടതാണ് എന്ന് നാം ധരിക്കാന്‍ ഇടവരികയും ആണ് ചെയ്യുന്നത്. ഇത് നമ്മുടെ അടയാളങ്ങളെ കുറിച്ചുള്ള വ്യാമോഹങ്ങള്‍ ഉണ്ടാക്കിതീര്‍ക്കുന്ന വിദ്യയാണ്.

    ഇങ്ങനെ നാം ശീലിച്ച് പോന്നിട്ടുള്ള വാക്കുകള്‍ ശീലിച്ച് പോന്നിട്ടുള്ള നിറങ്ങള്‍ ശീലിച്ച് പോന്നിട്ടുള്ള മുദ്രാവാക്യങ്ങള്‍ ഇവയെല്ലാം അതിന്റെ വിപരീതമാക്കിതീര്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ട് ഇവിടെ ജനകീയാസൂത്രണം ഏതോ ഒരു ബിന്ദുവില്‍ വെച്ച് അട്ടിമറിക്കപ്പെട്ടു അല്ലെങ്കില്‍ വഴിമാറ്റപ്പെട്ടു എന്ന് നാം ഇപ്പോള്‍ പതുക്കെ തിരിച്ചറിയുന്നു. ഇത് അഭിപ്രായത്തിന്റെ പ്രശ്‌നമേയല്ല. കാരണം ഇവിടുത്തെ ജനങ്ങളില്‍ ഒരു വലിയ വിഭാഗം പൂര്‍ണ്ണമായ ആത്മാര്‍ത്ഥതയോട് കൂടി അതില്‍ ഏര്‍പ്പെട്ട ആളുകളാണ്. ഞങ്ങളുമൊക്കെ പോയിരുന്നു. ഒരു വിളക്ക് കത്തിക്കുക വിളക്കിന് കുറേ തിരിയുണ്ട്. ഒരു തിരി മുഖ്യമന്ത്രി കത്തിക്കുക, ഒരു തിരി ആന്റണി കത്തിക്കുക, ഒരു തിരി പരമേശ്വരന്‍ കത്തിക്കുക എല്ലാവരും കൂടി കത്തിച്ച ഏഴുതിരിയും കത്തിച്ച ഒരു വിളക്ക് ഇത് നാളേക്കുള്ള വെളിച്ചം ആയിരിക്കും എന്നാണ് ഞങ്ങളും അന്ന് കരുതിയത്. ഭാവിയില്‍ കത്തിക്കുന്ന് ഒരു വിളക്ക് എന്ന ഒരു തമാശ അന്ന് തോന്നുകയുണ്ടായി., ഇത് ഭാവിയിലേക്ക് കത്തിച്ച നാളെ വെളിച്ചമുണ്ടാകാനുള്ള ഒരു പ്രവര്‍ത്തനമാണ് എന്ന്. പക്ഷേ ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ വെളിച്ചത്തിനേയും ഇരുട്ടിനെയും വേര്‍തിരിക്കുന്ന രേഖ മായ്ച്ച് കളയുകയാണ് എന്നത് ഒരു പ്രധാനപ്പെട്ട കാര്യമായി തീര്‍ന്നിരിക്കുന്നു. ജനകീയാസൂത്രണം ഫലത്തില്‍ നമ്മുടെ ജനങ്ങളുടെ ആസൂത്രമമായിരുന്നില്ല എന്നും അത് നേരത്തെയുള്ള തെളിവുകള്‍ അനുസരിച്ച് അമേരിക്കയുടെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു എന്നും നേരിട്ട് ചെയ്യാതെ അവര്‍ ഡച്ച് ഗവണ്‍മെന്റിന്റെ സഹായത്തോട് കൂടി നമ്മുടെ ജനകീയതയെ കുറിച്ച് വിദ്യാഭ്യാസം നടത്തിയ വിദഗ്ദന്മാരാണ് ഇവിടെ അത് പ്രയോഗിച്ചത് എന്നും ഇന്ന് നമുക്കറിയാന്‍ കഴിയുന്നുണ്ട്. എന്ത്‌കൊണ്ടാണ് Resources persons സര്‍ക്കാറുദ്ധ്യോഗസ്ഥര്‍ക്ക് ശിക്ഷണം കൊടുക്കാനായിട്ട് പത്തോ പത്തരയോ കോടി ഉറുപ്പിക ചെലവുള്ള ഒരു പദ്ധതിയുണ്ടാക്കിതീര്‍ക്കുകയും വിദേശത്ത് നിന്ന് രണ്ട് വിദഗ്ധന്‍മാര്‍ വന്നിട്ട് നമ്മുടെ കൊഴിഞ്ഞാം പാറയെകുറിച്ചും പ്ലാച്ചിമടയെ കുറിച്ചുമുളള വിവരങ്ങള്‍ നമുക്ക് തരികയും ചെയ്തത്. ആരാണ് നമ്മെ ഇങ്ങനെ ബോധിപ്പിച്ച് കൊണ്ടിരിക്കുന്നത് എന്ന് ചില സമയത്ത് നമ്മള്‍ ചോദിച്ച് പോകും. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വിഭവഭൂപടങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ഉണ്ടാകുന്നത്. നേരത്തെ ശാസ്ത്രസാഹിത്യ പരിഷത്തിനെകുറിച്ച് പറഞ്ഞത്, അതേപ്പറ്റി എനിക്കൊന്നും അറിഞ്ഞുകൂടാ. പക്ഷേ ഇതൊന്നുണ്ട് വിഭവഭൂപടം ഉണ്ടാക്കിയതിന്റെ ഒരു ഫലം പ്ലാച്ചിമടയാണ് എന്ന് നമുക്കറിയാം. ഭൂമിക്കടിയില്‍ വെള്ളമുണ്ടെന്നും അഞ്ചുകൊല്ലത്തേക്ക് വെള്ളമുണ്ടാകും എന്നും അത് കുടിച്ച് വറ്റിക്കേണ്ടത് നിറംപിടിച്ച ഈ നുണകള്‍ കുടിച്ചു വറ്റിക്കേണ്ടത് കേരളത്തിലുള്ള ജനങ്ങളുടെ കടമയാണ് എന്നും ജനങ്ങളെ ധരിപ്പിച്ച് കൊണ്ട് അവരെ സ്വാധീനിച്ചുകൊണ്ട് വീട്ടില്‍ ഓരോരുത്തര്‍ക്ക് ജോലിതരാം എന്ന് വാഗ്ദാനം നല്‍കിക്കൊണ്ടും അവരെ കൊണ്ട്് കടലാസ്സില്‍ ഒപ്പ് വെയ്പ്പിച്ച് നടപ്പിലാക്കിയ ഒരു പ്ലാച്ചിമട പിന്നീട് മുന്ന് മൂന്നര കൊല്ലം കൊണ്ട് വെള്ളം തീര്‍ന്നുപോയതുകൊണ്ട് അടച്ചിടേണ്ട ഒരവസ്ഥയിലേക്ക് എത്തിച്ചേരുകയും അവിടുന്ന് വെള്ളം എടുക്കുന്നതിന് പകരം വെള്ളം കൊടുക്കേണ്ട ഒരു നില വരുകയും ചെയ്തു എന്ന് നാമിപ്പോള്‍ അറിയുന്നു.

    നമ്മള്‍ അവിടെ സമരം ചെയ്യുന്നുണ്ട്. ഒരു International giant- നോടാണ് നാം സമരം ചെയ്യുന്നത്. അങ്ങനെ സമരം നടത്തുമ്പോള്‍ ഇന്നലെ പത്രത്തില്‍ വരുന്നത് ജലസംഭരണികള്‍ ലക്ഷക്കണക്കിന് പണം ചെലവാക്കി നിര്‍മ്മിച്ച് കൊടുക്കാന്‍ കോളക്കമ്പനി മുന്നോട്ട് വന്നിരിക്കുന്നു എന്നാണ്. ഇതാണ് ഫണ്ടിങ്ങിന്റെ രാഷ്ട്രീയം എന്ന് പറയുന്നത്. ഇത് പ്ലാച്ചിമടയിലുള്ള പാവപ്പെട്ട കൃഷിക്കാരുടെ കാര്യത്തില്‍ ചെയ്യാം. പത്ത് വണ്ടി നെല്ലുല്പാദിപ്പിച്ചിരുന്ന ഒരു കര്‍ഷകന്‍ രണ്ട് ചാക്ക് നെല്ലുല്പാദിപ്പിക്കുന്നു എന്നുള്ള സങ്കടവും ചിത്രവും കൂടി പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഒരു കര്‍ഷകന്‍ അങ്ങനെ മാറിനില്‍ക്കുമ്പോള്‍ ഒന്‍പത് കര്‍ഷകര്‍ അവരുടെ കൂടെ നില്‍ക്കുകയും ഈ വെള്ളവും ഈ പണവും വാസ്തവത്തില്‍ സ്വീകരിക്കുന്ന ഒരവസ്ഥ ഉണ്ടായിത്തീരും. ഇതാണ് മുതലാളിത്തത്തിന്റെ പ്രവര്‍ത്തനരീതി. മത സംഘടനകളുടേയും പ്രവര്‍ത്തനരീതി ഏതാണ്ടിത് പോലെതന്നെയാണ്. ലോകത്തില്‍ ഒരു ദൈവമേയുള്ളൂ അത് പണമാണ് എന്നും പണം കൊടുത്താല്‍ വശത്താക്കാന്‍ കഴിയാത്ത ആരുമില്ല എന്നും അറിയുന്ന ഒരു ഫൈനാന്‍സ് ക്യാപിറ്റലിസം അല്ലെങ്കില്‍ കോര്‍പ്പറേറ്റ് മുതലാളിത്തം ലോകത്തിലെ മുഴുവന്‍ ജനങ്ങളേയും വിലക്കെടുക്കുവാന്‍ ശ്രമിക്കുകയും അതിനുള്ള ഒരേയൊരു നിശ്ചിതമായ ഉറപ്പായ മാര്‍ഗ്ഗം പണമാണ് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. Funding with money എന്ന കൃത്യമായ സിദ്ധാന്തം ഒരു വലിയ വെള്ളപൊക്കമുണ്ടാകുമ്പോള്‍ പണത്തിന്റെ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ പ്രത്യയശാസ്ത്രം അതില്‍ മുങ്ങിച്ചത്ത് കൊള്ളും എന്നറിയുന്ന ഒരു ആഗോള മുതലാളിത്തം ഇന്ന് ലോകത്തിലെ മുഖ്യമായ സാന്നിധ്യം ആണ്. അതുകൊണ്ടാണ് നമുക്കതിനെ എതിര്‍ക്കാന്‍ വിഷമമായിത്തീരുന്നത് .പ്ലാച്ചിമടയിലെ ഇന്നലത്തേയും ഇന്നത്തേയുമായിട്ടുള്ള സംഭവം അതാണ്. ഒരുപാട് ദൂരെയൊന്നും പോകേണ്ട. ഒരു കിണറ് കുഴിക്കാന്‍ പറയുമ്പോള്‍ ഒന്‍പത് കിണറു കുഴുക്കുന്നു. വെള്ളം കൂടുതലായി എടുക്കുന്നു. ജനങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കുന്നു. നാം സമരം ചെയ്യുന്നു. സമരം ചെയ്ത് സമരം ചെയ്ത് നാം വീണ്ടും അടിമപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ എല്ലാ പ്രസ്ഥാനങ്ങളേയും ഉല്പാദിപ്പിച്ച് നശിപ്പിക്കാനുള്ള കഴിവ് മുതലാളിത്തം നേടിക്കൊണ്ടിരിക്കുന്നു എന്നുള്ളത് തീര്‍ച്ചയായും നമ്മെ കൂടുതല്‍ ഉണര്‍വ്വുള്ളവരാക്കിതീര്‍ക്കേണ്ട ഒരു അവസ്ഥയാണ്. അങ്ങനെയാണ് ഇവിടുത്തെ ഭരണകൂടത്തെ മുഴുവന്‍ സ്വാധീനിച്ച് എങ്ങനെ സ്വാധീനിച്ചു എന്ന് ഈ കടലാസ് പറയുന്നുണ്ട്( എം പി പരമേശ്വരന്‍ ജോഹന്നാസ് ബര്‍ഗില്‍ അവതരിപ്പിച്ച പേപ്പറിനെ സൂചിപ്പിച്ചുകൊണ്ട്). ഒരു പക്ഷേ ജനങ്ങള്‍ക്ക് നന്മ നല്കുന്നു എന്നുള്ള അര്‍ത്ഥത്തില്‍ ഇ.എം.എസ്സിനെയും സ്വാധീനിക്കുകയും ഇ.എം.എസ്സിനെ ഉപയോഗിച്ചുകൊണ്ട് സംഘടനയെ സമ്മതിപ്പിക്കുകയും, എല്ലാ എതിര്‍പ്പുകളേയും ഉന്മൂലനം ചെയ്യുകയും ചെയ്തത്തിന് ശേഷം ഈ പദ്ധതി, ഒരു പക്ഷേ ജനവിരുദ്ധമായി തീരാവുന്ന പദ്ധതി നടപ്പാക്കുകയും ചെയ്യുകയാണുണ്ടായത് എന്ന് ഇന്ന് നമുക്കേറെ ക്കുറെ തെളിച്ചം കിട്ടിവരുന്ന ഒരു വാസ്തവം ആണ്. ഇത് പറയേണ്ടത് നമ്മുടെ നിലനില്‍പിന്റെ ആവശ്യമാണ്. കാരണം ഇത്തരം വ്യാമോഹം വിതയ്ക്കുക, കൊക്കോവിന്റെ വ്യാമോഹം വിതച്ചത് പോലെ തന്നെ വാനിലയുടെ വ്യാമോഹം വിതച്ച്‌കൊണ്ടിരിക്കുന്ന, തമിഴ്‌നാട്ടില്‍ ബ്ലീഡിങ് മദ്രാസ് എന്ന തുണിയുടെ വ്യാമോഹം വിതച്ച ലോകമുതലാളിത്തം ആണ് നമ്മുടെ മുന്‍പിലുള്ളത്. ബ്ലീഡിങ് മദ്രാസ് എന്ന വ്യാമോഹം വിതച്ചിട്ട് തുണിയെല്ലാം തമിഴ്‌നാട്ടില്‍ നിന്ന് തുണിയെല്ലാം അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുമെന്ന് ഒരു പാട് പണക്കാരാകാമെന്നും കരുതിയിരുന്ന അവിടുത്തെ നെയ്ത്തുകാരെല്ലാം പട്ടിണികിടന്ന് തെരുവില്‍ കിടന്ന് ചാവുകയും കൊക്കോവിന് കടം വാങ്ങിയ പണം അടയ്ക്കാന്‍ കഴിയാതെ കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും നാളെ ആത്മഹത്യ ചെയ്യാനുള്ള കാരണം മറ്റൊന്നായിരിക്കാം എന്ന് നമ്മുടെ വാനിലകൃഷിക്കാര്‍ തീര്‍ച്ചയാക്കുകയും ചെയ്തു എന്നു വരാം. കാരണം ലോകത്തിലെ ആകെയുള്ള ആവശ്യത്തിന്റെ 5 ശതമാനം മാത്രമേ പ്രകൃതിദത്തമായ വാനിലയുള്ളൂ എന്നുള്ളതാണ് അതിന്റെ ഒരു പ്രധാന വസ്തുത. 95 ശതമാനവും സിന്തറ്റിക് ആണ് എന്നും 95 ശതമാനം സിന്തറ്റിക് ആയത് ഉപയോഗിച്ച് കൊണ്ടിരുന്ന ആളുകള്‍ക്ക് സിന്തറ്റിക് ആയ വസ്തുക്കള്‍, രാസവസ്തുക്കള്‍ അപകടകരമാണ് ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന ഭയം വന്നത് കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. അതുകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ ഈ സുഗന്ധം വിറ്റാല്‍ അവര്‍ക്ക് കോടീശ്വരന്‍മാരായി തീരാം എന്നുമുള്ള ഒരു വ്യാമോഹം ഇന്ന് കേരളത്തില്‍ വിതയ്ക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോഴെല്ലാം കേരളം കൃഷിയില്ലാത്ത നെല്ലില്ലാത്ത ഭാക്ഷ്യവസ്തുക്കളൊന്നും ഇല്ലാത്ത ഒരു ഊഷരഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് കേരളത്തിന്റെ അവസ്ഥ ഇതൊരു ചെറിയ കാര്യമല്ല. കേരളത്തെ എങ്ങനെ കേരളത്തിന്റെ  സസ്യങ്ങളില്‍ നിന്ന് അന്യമാക്കിത്തീര്‍ക്കുകയും എപ്പോഴും നാം നമ്മുടെ വരവിന്, പ്രതിഫലത്തിന് വളരെ വിദൂരദേശങ്ങളിലുള്ള uncertain ആയിട്ടുള്ള ഒരിക്കലും നമുക്ക് വിശ്വസിക്കാന്‍ കഴിയാതെ ഏജന്‍സികളെ ആശ്രയിക്കേണ്ടിവരുന്ന ഒരവസ്ഥയുണ്ടാവുകയും ചെയ്യുന്നു. അത് റബ്ബറാകാം, വാനിലയാകാം, കൊക്കോയാകാം, കോക്കോ വളര്‍ന്ന് വരുമ്പോഴാണ് കാഡ്ബറി പറഞ്ഞത് ഞങ്ങള്‍ക്കിത് ആവശ്യമില്ലാ എന്ന്, ഇന്നാ കാഡ്ബറിയോടാണ് നാം സമരം ചെയ്യുന്നത്. കാഡ്ബറിയില്‍ പുഴു എന്നാണ് പറയുന്നത്. കാഡ്ബറി അന്ന് പറഞ്ഞത് നിങ്ങളുടെ തലയിലൊക്കെ പുഴുവാണ് എന്നാണ്. ഇങ്ങനെ പുഴു പിടിച്ച തലയിലാണ് ഈ കാഡ്ബറി സാധനമെല്ലാം വിറ്റത്.

    റിയല്‍ എസ്റ്റേറ്റ് ബും എന്ന് പറയുന്നത്, കേരളത്തിലെ മുഴുവന്‍ NRI ക്കാരേയും വഞ്ചിച്ചുകൊണ്ട് കേരളത്തിലെയും തിരുനെല്‍വേലിയിലെയും പ്രദേശങ്ങള്‍ തൂണുകളും തുരുമ്പ് കമ്പികളും കൊണ്ട് വളച്ച് കെട്ടുകയും ഇങ്ങനെ പറയുന്ന സ്ഥലങ്ങളെല്ലാം സ്വര്‍ഗ്ഗമാക്കിതീര്‍ക്കാം എന്ന് വാഗ്ദാനം നല്‍കുകയും ചെയ്യുന്നു. മാഞ്ചിയം കൊണ്ടുള്ള മറ്റ് മരങ്ങള്‍ കൊണ്ടുള്ള സ്വര്‍ഗ്ഗം. ഇത്തരം വാഗ്ദാനങ്ങള്‍ നമ്മുടെ പത്രങ്ങളില്‍ നിന്ന് മറഞ്ഞുപോയിട്ടില്ല. ജനങ്ങളൊക്കെ മറന്നുപോയി ഇങ്ങനെ അനേകം വാഗ്ദാനങ്ങള്‍ കൊണ്ട് ജനങ്ങളെ വഞ്ചിക്കാം എന്നും , വലിയ കൊതികളുള്ള വലിയ വ്യാമോഹങ്ങളുള്ള കേരളജനതയെ ലോട്ടറിയില്‍ കൂടി സോഷ്യലിസം സ്ഥാപിക്കാമെന്ന് ഇപ്പോഴും വിശ്വസിച്ച് കൊണ്ടിരിക്കുന്ന ഒരു കേരളീയ ജനതയെ ( ഒരു പക്ഷേ ലോകത്തിലൊരിടത്തും ഈ വിശ്വാസമില്ല) കേരളീയര്‍ക്ക് ഇപ്പോഴുള്ള വിശ്വാസം എല്ലാവര്‍ക്കും കേരളത്തിന്റെ സര്‍ക്കാര്‍ ലോട്ടറി കിട്ടിക്കഴിയുമ്പോള്‍ ഇവിയെല്ലാവരും ധനികരും സമത്വമുള്ളവരും ആയിത്തീരും എന്നാണ്., ഇത്തരം മൗഢ്യം വിതയ്ക്കാമെന്നും നമ്മുടെ തലച്ചോറില്‍ അത് നട്ട് വളര്‍ത്താമെന്നും അറിയുന്ന ബുദ്ധിമാന്‍മാരാണ് അമേരിക്കയിലുള്ള വെളുത്ത വര്‍ഗ്ഗക്കാര്‍ എന്നതാണ് നാം അറിയാതെ പോകുന്ന ഒരു കാര്യം. അതുകൊണ്ട് നാം പലതിന്റേയും നിര്‍മ്മാതക്കളായിതീരുകയും ഒന്നാമന്മാരായിത്തീരുകയും അവസാനം നാം എല്ലായിപ്പോഴും അവസാനത്തെ ആളുകള്‍ ആയിത്തീരുകയും ആണ് ചെയ്യുന്നത്. അങ്ങനെ നമ്മുടെ ചരിത്രം എന്നുള്ളത് നഷ്ടപ്പെട്ട വ്യാമോഹങ്ങളുടെ ഒരു ചരിത്രമായിത്തീരുന്നുണ്ട്.

    ഒരു പക്ഷേ ജനകീയാസൂത്രണം അതുപോലെ എങ്ങനെയാണ് നഷ്ടപ്പെട്ട ഒരു വ്യാമോഹമായിത്തീര്‍ന്നത് എന്നാണ് പാഠം അന്വേഷിക്കുന്നത്.കേരളത്തിന്റെ വലിയ മോഹം. ഇത്രയൊന്നും മോഹിക്കാന്‍ ത്രിപുരയിലെയോ ബംഗാളിലെയോ ജനങ്ങള്‍ക്കറിയില്ല. manufacturing not only goods but desires എന്നുള്ള മുതലാളിത്ത തത്വം അനുസരിച്ച് നമ്മുടെ തലച്ചോറില്‍ ആഗ്രഹങ്ങള്‍ ഉത്പ്പാദിപ്പിക്കുകയും അതിലൊരാഗ്രഹം സമത്വമാണ് മനസ്സിലാക്കുകയും ജനകീയാസൂത്രണം ജനങ്ങളുടെ വളര്‍ച്ചയും സമത്വവുമാണ് ഇന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുകൊണ്ട് ഒരു വ്യാജം ഇവിടെ ഇറക്കുമത് ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നു. ഇങ്ങനെ തിരിച്ചറിയുമ്പോള്‍ അവിടെ നിന്ന് തിരിച്ചുപോകേണ്ടത് നമ്മുടെ കടമയാണ്. അതെ നമുക്കിന് ചെയ്യാന്‍ കഴിയൂ. കാരണം നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏതാനും വര്‍ഷങ്ങള്‍ ഇങ്ങനെ വഴിമാറിപോയി എന്നും നമ്മുടെ വഴി ഇതല്ല എന്നും അറിയേണ്ട ഒരു സന്ദര്‍ഭമാണിത്.
    നാളെയും ഇതിനേക്കാള്‍ കടുത്ത വ്യാമോഹങ്ങള്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് വരാം. തീര്‍ച്ചയായും വെള്ളത്തെ പ്പറ്റിയുള്ള വ്യാമോഹം അതാണ്. കോളകമ്പനിക്ക് കോളവിറ്റിട്ട് മാത്രം ജീവിക്കണം എന്നില്ല. diversification- ന്റെ കാലമാണിത് അവരെന്തും വിറ്റ് ജീവിക്കും. കഞ്ചാവ് വിറ്റ് ജീവിക്കും മയക്കുമരുന്നുകള്‍ വിറ്റ് ജീവിക്കും മുതലാളിത്തം വളരുന്നത് ഒരു പ്രത്യേക ഉല്‍പ്പന്നം വിറ്റിട്ട് മാത്രമല്ല നിങ്ങളുടെ ബുദ്ധിശൂന്യത ഉപയോഗിച്ച് മാത്രമാണ്. അങ്ങനെയാണ് പെട്ടെന്ന് ആയുര്‍വ്വേദമാണ് നമുക്ക് അംഗീകാര്യം എന്ന ഒരു postmodern- ചിന്ത വന്നപ്പോള്‍  liverbrothers- അടക്കമുള്ള ലോകത്തെ എന്ന് നാം പെട്ടെന്ന് മനസ്സിലാക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തെ വെളുപ്പിക്കുവാന്‍ ഫ്‌ളോറീന്‍ അല്ല (ഫ്‌ളോറസോണ്‍ ആണ് ആദ്യം ഉപയോഗിച്ചിരുന്നത്)അതിനേക്കാള്‍ കടുത്ത വിഷം കൊണ്ട് നിങ്ങളെ വെളുപ്പിച്ച്  തരാം എന്ന് പറയുന്ന ഒരു ലോകമുതലാളിത്തം നമ്മുടെ മുന്‍പിലുണ്ട്. പക്ഷേ ആ സാധനം ആയുര്‍വേദമാണ് എന്ന് നിങ്ങളെ ബോധ്യപ്പെടുത്തും. നിങ്ങള്‍ അത്രയ്ക്ക് ദേശാഭിമാനികളാണ്. ദേശാഭിമാനമുള്ള ജനങ്ങളെ ആയുര്‍വേദത്തില്‍ കൂടി കബളിപ്പിക്കാം എന്ന് അറിയുന്ന ഒരു മുതലാളിത്തത്തിന്റെ മുന്‍പിലാണ് നാം നില്ക്കുന്നത്. അവരൊരിക്കലും ഇത് വൈദേശികം ആണ് എന്ന് പറയില്ല. തുളസി ഉപയോഗിച്ചാല്‍ മതി എന്നാണ് പറയുക. തുളസി കൊണ്ടും നിങ്ങളെ ചതിക്കാം, കൂവളം കൊണ്ടും ചതിക്കാം അതുകൊണ്ട് മുതലാളിത്തം ഒരു ട്രാക്കില്‍ കൂടി നടക്കുന്ന ഒന്നാണെന്നും ആ ട്രാക്ക് തടഞ്ഞാല്‍ മുതലാളിത്തത്തിന്റെ ഗതി തടയാം എന്നും കരുതുന്നത് മുതലാളിത്ത പ്രതിരോധത്തിന്റെ വഴിയേ അല്ല.

 പ്ലാച്ചിമടയില്‍ ഒരു വാതില്‍ അടയുമ്പോള്‍ ( പ്ലാച്ചിമടയില്‍ പോയവര്‍ക്കൊക്കെ അറിയാം അത്) അവരുടെ ആപ്പീസൊക്കെ ഉണ്ടാക്കിയിരിക്കുന്നത് ഡിസ്മാന്റില് ചെയ്ത് മറ്റൊരിടത്ത് കൊണ്ട് പോയി വെയ്ക്കാന്‍ പാകത്തിലുള്ള പൊളിച്ച് മാറ്റാവുന്ന തിരിച്ച് പിടിക്കാവുന്ന ആപ്പീസുകളായിട്ടാണ്. കാരണം അഞ്ച് കൊല്ലം കഴിയുമ്പോള്‍ ഇവിടെ വെള്ളം തീരും പതിന്നാല് കിലോമീറ്റര്‍ അപ്പുറമുള്ള ഒരു സ്ഥലത്ത് പോയി വീണ്ടും ഘടിപ്പിക്കണം. അവിടുന്നും വെള്ളം ഊറ്റിയെടുക്കണം എന്ന് ഒരു കൊതുകിന്റെ സാമര്‍ത്ഥ്യത്തോട് കൂടി, ചോര തീര്‍ന്നാല്‍ ചോരയുള്ള സ്ഥലം വേറെയുണ്ട് എന്നന്വേഷിക്കുന്ന ഒരു ലോകമുതലാളിത്തം ഒരു കുവൈറ്റിലെ എണ്ണ തീര്‍ന്നാല്‍ ഒരു ഇറാഖില്‍ എണ്ണയുണ്ടാകും എന്ന് മനസ്സിലാക്കുന്ന ചോരയൂറ്റികുടിക്കുന്ന ലോക മുതലാളിത്തത്തിന് ഇങ്ങനെ കമ്പനികള്‍ മാറ്റി സ്ഥാപിക്കാനും ഉല്പന്നങ്ങള്‍ മാറ്റി ഉല്പാദിപ്പിക്കാനും കഴിയും. അത്തരത്തിലുള്ള ഫോര്‍മിഡിബിള്‍ ആയിട്ടുള്ള, എതിര്‍ക്കാന്‍ വിഷമമുള്ള ഒരു ശത്രുവിനെയാണ് നാം നേരിട്ട്‌കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തീര്‍ച്ചയായും നമ്മുടെ പ്രസ്ഥാനത്തെയും നമ്മുടെ പ്രതിഷേധത്തെയും എതിര്‍ക്കുവാനും തോല്‍പിക്കുവാനും ചിലപ്പോള്‍ വിലയ്ക്ക് വാങ്ങുവാനും അവര്‍ക്ക് കഴിയും എന്നുള്ള ജാഗ്രത കൂടി നമുക്കുണ്ടാകേണ്ടതാണ്. കാരണം ഒരൂ പ്രതിരോധത്തെ തോല്പിക്കുവാനുള്ള ഒരു കൃത്യമായ മാര്‍ഗ്ഗം ആ പ്രതിരോധത്തെ തന്നെ വിലയ്ക്ക് എടുക്കുകയാണ്. ഈ ജാഗ്രത വാസ്തവത്തില്‍ കേരളീയ ജനതയ്ക്ക് വളരെ അത്യാവശ്യമായ ഒരു ജാഗ്രത ആയിതീര്‍ന്നിട്ടുണ്ട്. അതുകൊണ്ട് ജനകീയത കൊണ്ട് വഞ്ചിക്കാന്‍ കഴിയും എന്ന് വിദേശ മുതലാളിമാര്‍ തെളിയിച്ചിട്ടുള്ള നമ്മുടെ നാട്ടില്‍ ഇനിയും ഇത്തരം വ്യാമോഹങ്ങളുടെ വ്യാപാരം ഉണ്ടായിതീരാം അതില്‍ പാഠം നടത്തുന്ന പ്രവര്‍ത്തനം തീര്‍ച്ചയായും വളരെ സാഹസികമായ കൃത്യമായും ആത്മഹത്യാപരമായ ഒരു പ്രവര്‍ത്തനം തന്നെയാണ്. അതുകൊണ്ട് സുധീഷിനുള്ള വധഭീഷണിപോലെ തന്നെ പാഠത്തിനും വധഭീഷണിയുണ്ടാകാമെന്ന് നാം മനസ്സിലാക്കുന്നത്. അങ്ങനെ അറിയുമ്പോള്‍ നാം ഒരു നിമിഷം ഭഗത്സിംഗിനെ ഓര്‍ത്ത് പോകും അവരുണ്ടാക്കിയ ലോകം അനുഭവിക്കാനായി വെറുതെ ജീവിച്ചിരിക്കുന്ന നമുക്ക് ആ ഉണര്‍വ്വുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

No comments:

Post a Comment