Monday, October 3, 2011

പണം ഒഴുകിവരുമ്പോള്‍ നിങ്ങള്‍ എല്ലാം മറക്കുന്നു


പണം ഒഴുകിവരുമ്പോള്‍ നിങ്ങള്‍ എല്ലാം മറക്കുന്നു
താഹാ മടായി/എം.എന്‍ വിജയന്‍


ഇസ്ലാമും കമ്മ്യൂണിസവും പരസ്പരം മുഖം തിരിഞ്ഞു നില്‍ക്കുന്ന ആശയങ്ങളാണ് . എന്നാല്‍, സാമ്രാജ്യത്വത്തിനെതിരെയുള്ള  പോരാട്ടം എന്നാ നിലയില്‍ ഇസ്ലാമിന്റെ വര്‍ത്തമാനം ഇടതുപക്ഷ ആശയങ്ങളുമായി എവിടെയൊക്കെയോ കൈകൊര്‍ക്കുന്നുണ്ട് . കേരളത്തിലെ മുസ്ലിം  സമുദായം , ഒരുപക്ഷെ ലോക മുസ്ലിം സമുഉഹം ഒന്നടങ്കം ഇന്നൊരു ധര്‍മ്മ സങ്കടത്തിലാണ്. താല്‍പര്യങ്ങളുടെ ഒരേറ്റ്മുട്ടല്‍ മുസ്ലീമ് സമുദായത്തില്‍ മൂഛിച്ചുകൊണ്ടിരിക്കുകയാണ് . അധികാരത്തിനും പണത്തിനും മുന്നില്‍ ആദര്‍ശം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥ.

 നഗ്നനാക്കപ്പെട്ടു സ്വര്‍ഗ്ഗത്തില്‍നിന്നു പുറത്താക്കപ്പെട്ട ആദം ഹവ്വമാരില്‍ നിന്നാണ്  സെമറ്റിക് മതങ്ങളുടെ വേദഗ്രന്തങ്ങള്‍ പ്രകാരം മനുഷ്യ ചരിത്രം ആരംഭിക്കുന്നത്. അതായത്  നഗ്നതയില്‍ നിന്നാണ് ചരിത്രത്തിന്റെ തുടക്കം. ഈ സംഭാഷണം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നതും ഇത്തരമൊരു വിഷയത്തില്‍ നിന്നാവുന്നത് സ്വാഭാവികം   

രഹസ്യമായി ഒരു കുട്ടം ആളുകള്‍ അനുഭവിച്ചു തീര്‍ന്നതിനു ശേഷം  പിന്നീട് പരസ്യമാകുന്ന നഗ്നതയാണ് കേരളത്തില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം...

    ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് , ഇപ്പോള്‍ മാത്രം സംഭവിച്ച ഒരു കാര്യമല്ല. ഒരു പതിറ്റാണ്ടെങ്കിലുമായി കേരളത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ ഒരു അറ്റമാണ് വര്‍ത്തമാനമാണ്‌ ഈ സംഭവങ്ങള്‍. ഇതില്‍ പല പാര്‍ട്ടിയില്‍ പെട്ട ആള്‍ക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനോരുപാടു   രാഷ്ട്രീയ ധ്വനികളുണ്ടായിത്തീര്ന്നിട്ടുണ്ട്. മാത്രമല്ല നമുക്ക്  സങ്കല്പിക്കാന്‍ കഴിയാത്ത അത്രയും വലിയ തുകയുടെ ഇടപാടുകള്‍ അനായാസമായി ഇതിലോഴുകുന്നുണ്ട്.  പണം ഇറങ്ങുന്നതിന്റെ മാറ്റ് ഇതിനു പിന്നില്‍ വലിയൊരു സാമ്പത്തിക അധിനിവേശം ഉണ്ട് എന്നതിന്റെ തെളിവാണ് . പണം കൊടുത്താണ് വാങ്ങുന്നത് , പണം കൊടുത്താണ് തടയുന്നത് , പണം കൊടുത്താണ് അഭിപ്രായങ്ങള്‍ക്ക് രുപാന്തരണങ്ങള്‍ വരുത്തുന്നത്. ഇവിഒറെ എല്ലാം നിയന്ത്രിക്കുന്നത് പണമാണ് . സ്ത്രിപുരുഷന്മാര്‍ തമ്മിലുള്ള അധിനിവേശം ഒരു  പുതിയ   കാര്യമല്ല. പക്ഷെ ഇന്നതില്‍ സാമ്പത്തികമായ ഇടപെടല്‍ ധാരാളമായി നടക്കുന്നു.  പ്രതിരോധങ്ങളെ തല്ലിക്കെടുത്താനുപയോഗിക്കുന്നത് പണമാണ് . അതുകൊണ്ടാണ് ഇതൊരു വാണിഭം ആയി സെക്ഷ്വല്‍ "ട്രേഡ്" ആയി  മാറുന്നത് . ഇത് ഇപ്പോള്‍ പോളിടിക്കല്‍ ട്രേഡ് കുടിയായി തിരുന്നു. ഈ ധന രാഷ്ട്രിയം ആണ് ഒരു ജനതയുടെ താല്‍പ്പര്യങ്ങളെ നശിപ്പിന്നുന്നത് . അതുകൊണ്ട് വിലക്കപ്പെട്ട  സ്ത്രീപുരുഷ ബന്ധങ്ങളുടെ ആവര്‍ത്തനങ്ങള്‍ എന്നതില്‍ കവിഞ്ഞു പല അര്‍ത്ഥങ്ങളും ഈ സംഭാവങ്ങല്‍ക്കുണ്ട്.  ഒരു പക്ഷെ ഇതൊരു പഴയ ഉപയോഗമാണ് . അതായത് സെക്സിന്റെ ശുദ്ധമായ ഉപയോഗവും അതിന്റെ രാഷ്ട്രീയ ഉപയോഗവും - ഇതൊക്കെ ഇന്ത്യയില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് സമ്പന്നതയിലേക്കുള്ള മാര്‍ഗ്ഗം എന്ന നിലയില്‍ ശരീരം പ്രധാനപ്പെട്ട ഒന്നായി തീരുന്നു. നമ്മുടെ ലക്‌ഷ്യം സംപന്നതയായി തിരുന്നു.  നമ്മുടെ മറ്റു ലക്ഷ്യങ്ങള്‍, വേണമെങ്കില്‍ മുല്യബോധം  എന്ന് പറയാം , നഷ്ടപ്പെട്ടിരിക്കുന്നു. പരിമിതമായ ഒരു സമൃദ്ധിയില്‍ നില്‍ക്കുന്ന  ജനങ്ങള്‍ക്ക് പണം ഒഴുകി വരുമ്പോള്‍  രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അപ്രധാനമായി തീരുന്നു. രാഷ്ട്രീയ ലക്‌ഷ്യം സമ്പന്നതയായിതീരുന്നു എന്ന് പറയാം . പണം ഒഴുകി വരുമ്പോള്‍ നിങ്ങള്‍ എല്ലാം മറക്കുന്നു.

ചെറിയ പെണ്‍കുട്ടികളാണ് ഇരയാകുന്നത് . പതിനാറ് പതിനേഴു വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍......

  ഒരു പ്രശ്നബാധിത കുടുംബത്തില്‍ നിന്ന് , അല്ലെങ്കില്‍ അച്ചനമ്മമാരുടെ സംഘര്‍ഷത്തില്‍ നിന്ന് , ഇതൊന്നുമില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക് രക്ഷപ്പെടനമെന്നാഗ്രഹിക്കുന്ന പ്രായമാണ് പതിനാറ്‌. വിട്ടില്‍ നിന്ന്  ഒളിച്ചോടുന്ന ഒരു ആണ്‍കുട്ടിയെ കാല്‍ തല്ലിയൊടിച്ച്  നല്ലൊരു പിച്ചക്കാരനാക്കുന്നത് പോലെ, വീട്ടില്‍ നിന്ന്   ഒളിച്ചോടുന്ന ഒരു പെണ്‍കുട്ടിയെ അഭിസാരികയാക്കി മാറ്റാന്‍ സാധിക്കുന്ന ഒരു വാണിജ്യ സംവിധാനം ഇന്നുണ്ട് . അപ്പോള്‍ വ്യാവസായികൊല്‍പ്പാദനത്തിനു   ആവശ്യമായ വിഭവങ്ങള്‍ നടന്നു ശേഖരിക്കുന്ന പോലെ, പെണ്‍കുട്ടികളുടെ ശരിരങ്ങള്‍ കിട്ടാവുന്നിടത്തുനിന്നെല്ലാം ശേഖരിക്കുന്നു. മോഹമുള്ള, അവശതയുള്ള  പെണ്‍കുട്ടികളെ ഈ റാക്കറ്റില്‍ വിഴ്താന്‍ എളുപ്പമാണ് . പിന്നെ ബുദ്ധിമാന്ദ്യമുള്ള കുട്ടികളെയും ഒരു ചതിയിലെക്ക് സ്വാധീനിച്ചു വിഴ്ത്ത്താന്‍ എളുപ്പമാണ്.  അങ്ങനെ ഹോട്ടലുകളിലും ടുരിസ്റ്റ്  കേന്ദ്രങ്ങളിലും വിളമ്പുന്ന വിഭവമായിത്തീരുന്ന ജീവിതങ്ങള്‍ . ഭക്ഷണം വിളമ്പുന്നത് പോലെ  പെണ്‍കുട്ടികളെ വിളമ്പുന്നു ..


സെക്സ് ഫാക്ടറികള്‍

ടുറിസത്തിന്റെ  വര്‍ദ്ധിച്ചു വരുന്ന സാധ്യതകള്‍ ഇത്തരം പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമല്ലേ.? തീര്‍ഥാടനം പോലും ഇപ്പോള്‍ ടുറിസാമാണ്......

    
     കാശ്മീരിന്റെ ഒരു ഭാഗ്യ ദോഷം അതിന്റെ സൌന്ദര്യമാണ് . പ്രകൃതിയുടെ സൌന്ദര്യം, സ്ത്രീയുടെ സൌന്ദര്യം. ഇതോടൊപ്പം ദാരിദ്ര്യവും ചേരുന്നു. ഇതൊക്കെ കേരളത്തിലും സംഭവിക്കാം. ദാരിദ്ര്യത്തെയും സൌന്ദര്യത്തെയും ചൂഷണം ചെയ്ത് സെക്സ് ഫാക്ടറികള്‍ വര്‍ദ്ധിക്കുന്നു. ഇത്തരം സെക്സ് ഫാക്ടറികള്‍ രാഷ്ട്രീയ സംരക്ഷണത്തില്‍ വരുന്നത്  രാഷ്ട്രീയത്തിനു മറ്റൊരു ലക്‌ഷ്യം  ഇല്ലാതായിത്തീരുന്ന അവസ്ഥയിലാണ് . പണം കൊണ്ട് നേടാവുന്ന ലക്ഷ്യങ്ങള്‍ക്കപ്പുറത്ത് മറ്റൊരു ലക്ഷ്യവുമില്ലാതായിത്തീരുന്ന അവസ്ഥയിലേക്ക് വളരെ വേഗത്തില്‍ രാഷ്ട്രീയം പ്രവേശിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. നമ്മുടെ ഒഴിവു സമയം എങ്ങിനെ ഉപയോഗിക്കാം എന്ന ചോദ്യമുണ്ടാവുമ്പോള്‍ അത് സെക്സിനായി ഉപയോഗിക്കാം എന്ന ഉത്തരമുണ്ടാവുന്നു. സെക്സിന്റെ വ്യക്തിതലങ്ങള്‍ വിട്ടുകൊണ്ട് ആലോചിക്കുമ്പോള്‍ ഇതിനൊരുപാട് സാമൂഹിക പ്രതിധ്വനികള്‍ ഉണ്ടാവുന്നുണ്ട് .അമൂര്‍ത്തമായി പറഞ്ഞാല്‍ ജീവിതം അര്‍ഥ ശൂന്യമാകുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ശരീരത്തിലേക്കുതന്നെ ആട്ടിയോടിക്കപെടുകയും, നിങ്ങളുടെ ശരീരം കൊണ്ട് സാധിക്കാവുന്ന സെക്സ്, നിങ്ങളുടെ ശരീരത്തിന് ഉള്‍ക്കൊള്ളവുന്ന ഭക്ഷണം, നിങ്ങളുടെ ശരീരത്തിന് കുടിച്ചുവറ്റിക്കാവുന്ന മദ്യം- ഇതൊക്കെയാണ്. ജീവിതമെന്ന ശരീരത്തിന്റെ പരിമിതികളിലേക്ക്‌ നിങ്ങള്‍ പിന്മടങ്ങുകയാണ് ചെയ്യുന്നത്. അങ്ങനെ സന്ന്യാസ്സിമാരും, സിദ്ധന്മാരും, രാഷ്ട്രീയക്കാരും ശരീരത്തിന്റെ ആനന്ദങ്ങളിലേക്ക് പിന്മടങ്ങുകയാണ്. ഇതിനെ തന്ത്രപൂര്‍വ്വം പ്രോത്സാഹിപ്പിക്കുന്ന ഒരു സാര്‍വ ലൌകിക വാണിജ്യസംവിധാനം ഇപ്പോലുണ്ട്. ലോകത്ത് വില്‍ക്കുന്ന സാധനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും യഥാര്‍ഥമായ ഒന്നു ഭക്ഷണവും മറ്റൊന്ന് സെക്സ് ഉം ആണ്.അതിന്റെ മാര്‍ക്കറ്റ്‌ ഒരിക്കലും കുറയില്ല. അതുകൊണ്ട് ലോകത്തെമ്പാടും ഫുഡ്‌ മരെക്റ്റ് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സോവിയെറ്റ് യുണിയന്‍ ഇല്ലാതായതിനു ശേഷം അവിടെ ശരീരം വില്പ്പനച്ചരക്കാക്കിയപോലെ ഇവിടെയും സംഭവിച്ചേക്കാം.രാഷ്ട്രീയലക്ഷ്ം ഇല്ലാതാവുംപോളാണ് ഇങ്ങനെ സംഭവിക്കുന്നത്‌. അതുകൊണ്ട് എല്ലാ കാര്യങ്ങളിലും രണ്ടഭിപ്രായങ്ങള്‍ ഉണ്ടാകുന്നു. ടൂരിസത്തിലാണ് നാം നമ്മുടെ ഭാവിയെ രൂപകല്‍പ്പന ചെയ്യുന്നത്. നമ്മള്‍ തീര്‍ഥാടനം എന്ന് പറയുന്ന ടൂറിസത്തെപ്പറ്റി പറയുമ്പോള്‍, മറ്റൊരു ദിക്കില്‍ പോയി, പ്രത്യേകിച്ചും വൈല്‍ഡ്‌ ആയ സ്ഥലത്ത് പോയി, (നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്കും ഗ്രാമങ്ങളില്‍ നിന്ന് കാട്ടിലെക്കും പോവുന്ന ഈ ദേശടനത്തെ വനഭോജനം എന്നാണ് പറയുക). കാട്ടില്‍നിന്നു ഭക്ഷണം കഴിക്കുക, കാടിന്റെ രീതിയനുസരിച്ച് ഇണചേരുക, അതിന്റെ ബില്‍ കൊടുക്കുക- ഇങ്ങനെ അന്ഗീകരിക്കപ്പെട്ട ഒരു വ്യവസായമായി ടൂറിസം മാറുന്നു. ടൂറിസം ഒരു രാഷ്ട്രീയലകഷ്യമായി മാറുമ്പോള്‍, നമ്മുടെ പ്രധാനപെട്ട വ്യാപരവസ്തു സെക്സ് ആയിത്തീരും. അതായത്, നമുക്കൊക്കെ വില്‍ക്കനുള്ളത് നമ്മളെത്തന്നെയാണ് എന്നുവരുന്നു. പാവപെട്ട അണികള്‍ക്ക് ഒരു രാഷ്ട്രീയലഷ്യം ഉണ്ടയിത്തീരുകയും മുന്‍നിരയിലുള്ളവര്‍ക്ക് ഒരു രാഷ്ട്രീയ ലക്‌ഷ്യം ഇല്ലാതായിത്തീരുകയും ചെയ്യുന്നു എന്നതാണ്  ഇപ്പോള്‍ ഒരു പക്ഷെ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ വ്യാപാരത്തില്‍ പങ്കു കൊള്ളുന്നവര്‍ മുന്‍നിരയില്‍ ഉള്ളവരാണ്.

സ്വന്തം നിലക്കുതന്നെയാണ്  ചില പെണ്‍കുട്ടികള്‍ ഈ സന്ഖത്തില്‍ എത്തിച്ചേരുന്നത്. വാണിഭം, സത്രീപീടനം, തുടങ്ങിയവ പിന്നെ മാധ്യമങ്ങളാണ് പുറത്തു കൊണ്ടുവരുന്നത്. സ്ത്രീവിമോചനപ്രവര്‍ത്തനങ്ങളില്‍ തന്നെ ഈ ആശയകുഴപ്പം നില നില്‍ക്കുന്നുണ്ട്. അതായത്, പ്രധിരോധം എവിടെ നിന്ന് തുടങ്ങണമെന്ന പ്രതിസന്ധി. 

ഈ പറയുന്ന ആശയകുഴപ്പം ആധ്യത്മികതയ്ക്കും സംഭവിച്ചിട്ടുണ്ട്. കിളിരൂര്‍ കേസിന്റെ കാര്യം പറയാം, ഇവിടെ സംഭവിച്ചിരിക്കുന്നത്, ഒരു വ്യാമോഹത്തില്‍ ഒരു പെണ്‍ജീവിതം ദഹിച്ചു തീരുകയാണ് ചെയ്തത്. സ്ത്രീയുടെ സ്വരൂപമെന്താണ് എന്നതിനെ കുറിച്ച് ആ കുട്ടിയുടെ ഉള്ളില്‍ ഉണ്ടായിതീര്‍ന്നിട്ടുള്ള ഒരു സങ്കലപം, സ്ത്രീയെന്നു പറഞ്ഞാല്‍ ഗ്ലാമര്‍ ആണ്, സെക്സ് ആണ് എന്ന സങ്കല്പത്തിലാണ് ആ കുട്ടി സിനിമയിലേക്ക് വരാന്‍ ശ്രമിക്കുന്നത്. എന്തെല്ലാം inducements ആണ് സ്ത്രീയെ divert ചെയ്യാന്‍ ഉപയോഗിക്കുന്നത് എന്ന ആശയകുഴപ്പമാണ് സ്ത്രീവിമോചനത്തിലുള്ള ഇപ്പോളത്തെ പ്രശ്നം. അത് ഒരുപാടു വാഗ്ദാനങ്ങള്‍ കൊടുത്തു സ്ത്രീയെ പാട്ടിലാക്കുന്നു എന്നാണ് പറയുക. വാഗ്ദാനം എന്താണ് എന്നുള്ളത് സ്ത്രീ എന്തായിതീരണം എന്നുള്ളതിനെ കുറിച്ചുള്ള സാമൂഹ്യ സങ്കല്പമാണ്. സിനിമയില്‍ എത്തിച്ചേരുക എന്നുള്ള ഒരു സോഷ്യല്‍ അജണ്ട സ്ത്രീക്ക് മുന്നില്‍ എത്തിച്ചേരുന്നു. അതാണ് ഇതിലെ ഗ്ലാമര്‍ പോയിന്റ്‌.ഇത്തരം ഗ്ലാമര്‍ പോയിന്റ്‌ സ്ത്രീകളുടെ ഇടയില്‍ മാത്രമല്ല രാഷ്ട്രീയക്കാരുടെ ഇടയിയും സംഭവിക്കുന്നു. നിയമങ്ങള്‍ അതീതമായ അവസ്ഥ എന്നുള്ളതാണ് സിനിമ കൊണ്ട് ഉദേശിക്കുന്നത്. Social resistance ഇല്ലാത്ത, ഒരു സമൂഹത്തില്‍ നാം എന്താഗ്രഹിക്കുന്നുവോ അതെല്ലാം നിറവെറ്റിത്തരുന്ന ഒരു സ്ഥലമയിട്ടാണ് നാം സിനിമയെ കാണുന്നത്. അതില്‍ സ്ത്രീ ഒരു മോഹമാവുകയും പിന്നീടതൊരു രാഷ്ട്രീയമോഹമായി തീരുകയും ചെയ്യുന്നു. സിനിമയില്‍ ഒരു social salvation കാണാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമനസ്സ് നമ്മുക്ക് ഉണ്ടായി വരുന്നുണ്ട്. അതാണ് ഇതിലെ പ്രശ്നം, മാഫിയ, പെണ്‍വാണിഭം തുടങ്ങിയ കേസുകളിലോക്കെയുള്ളത് ലക്ഷ്യങ്ങള്‍ നേടാന്‍ സ്ത്രീയെ ഒരു ഉപകരണമാക്കി മാറ്റുന്ന ഒരു മഫിയക്കുള്ളില്‍ സ്ത്രീക്ക് സ്വന്തം സ്വത്വം നഷ്ടപ്പെടുന്നു എന്നുള്ളതാണ്. ഒരു depoliticalisation ന്റെ കാലഖട്ടത്തില്‍, രാഷ്ട്രീയമായ നമ്മുടെ ലക്‌ഷ്യം നിര്‍വഹിക്കാന്‍ കഴിയാത്ത ഒരു കാലത്ത്, ഒരു പാര്‍ടിയുടെ രാഷ്ട്രീയ ലഷ്യം എന്തായിരിക്കണം എന്നത്, തുടരെ തുടരെ നിരവചിച്ചു പുതുകൊണ്ടിരിക്കാന്‍ കഴിയാത്ത ഒരു കാലത്ത്, ശരീരം ഒരു ലകഷ്യമായി തീരുന്നു. ഇതിനെ മറക്കാനുള്ള ഒരു തന്ത്രം രാഷ്ട്രീയ ലക്‌ഷ്യം നിര്‍വഹിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ്.

മറവി ഒരു രോഗമാണ് 

 ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു പോലും ഇക്കാര്യത്തില്‍ വലിയൊരു അനിശ്ചിതത്വം പ്രകടമാണ്. ഏതു മൂലധന പ്രമാണിക്കും ഇടതുപക്ഷത്തേക്ക് അനായാസം കടന്നു കയറി, ഇടതുപക്ഷത്തിന്റെ പൊളിറ്റിക്കല്‍ അജണ്ടകളെപ്പോലും അട്ടിമറിക്കാന്‍ സാധിക്കുന്ന ഒരവസ്ഥയെ എങ്ങിനെ നേരിടും? വാചാലത, പൊട്ടിത്തെറി, അര്‍ദ്ധ സമ്മതം, മൗനം ഏതു പ്രശ്നത്തിലും ഇത്തരം വിവിധ പ്രതികരണങ്ങളാണ് ഇടതുപക്ഷ നേത്രു നിരയില്‍ ഇപ്പോള്‍ പ്രകടമാകുന്നത്. ചിലര്‍ വാചാലമായി പൊട്ടിത്തെറിക്കുന്നു. ചിലരതിനെ മൗനം കൊണ്ട് പ്രതിരോധിക്കുന്നു. ഈ പ്രതിസന്ധി എന്തുകൊണ്ട്? തീര്‍ച്ചയായും ഇത് മാധ്യമങ്ങളുടെ മാത്രം സ്രുഷ്ടിയല്ല. ഒരുപക്ഷേഅങ്ങനെതന്നെ ആണെന്നു വരുമോ?

സ്വര്‍ഗ്ഗത്തില്‍ പോവുന്ന ആള്‍ ഇടക്കു വച്ച് സ്വര്‍ഗ്ഗം ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്ക് മാറി താമസിക്കുന്ന അനുഭവമാണിത്. അങ്ങനെ ഒരു പഴയ ഇന്ത്യന്‍ കഥയുണ്ട്. ശ്രീക്രുഷ്ണന്റേയും നാരദന്റേയും കഥ. ശ്രീക്രുഷ്ണനും നാരദനും കാട്ടില്‍ക്കൂടി നടക്കാന്‍ പോയി. കുറേ നടന്നപ്പോള്‍ ശ്രീക്രുഷ്ണനു വല്ലാത്ത ദാഹം തോന്നി നാരദനോട് കുറച്ച് വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു.  നാരദന്‍ വെള്ളമന്വേഷിച്ചു ചെന്നു. ക്രിഷ്ണന്‍ കാത്തിരുന്നു. നാരദന്‍ വരുന്നില്ല. കുറേ കഴിഞ്ഞപ്പോള്‍ നാരദന്‍ ഒരു പുഴക്കരയിലെത്തി. അവിടൊരു സ്ത്രീ കുളിച്ചു നില്‍ക്കുന്നത് നാരദന്‍ കണ്ടു. ആ സ്ത്രീയുമായി നാരദന് പ്രണയമായി, അവര്‍ വിവാഹം കഴിച്ചു, ഒന്നിച്ചു ജീവിച്ചു, കുട്ടികളായി. ഇങ്ങനെ നാരദന്‍ കുട്ടികളെ കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിന്നില്‍ നിന്ന് ശ്രീക്രുഷ്ണന്റെ വിളികേള്‍ക്കുന്നത്. 'എനിക്ക് വെള്ളം കിട്ടിയില്ലല്ലോ, ദാഹിക്കുന്നൂ' എന്ന ഒരു ശബ്ദം പിന്നില്‍നിന്നു കേള്‍ക്കുന്നു. ഇങ്ങനെ ഹൈജാക്ക് ചെയ്യപ്പെപ്പെട്ട  ഒരു നാരദന്‍ എവിടെയോ വീട് വച്ച് താമസിക്കുന്നു. വളരെ ശക്തിയുള്ള ഒരു കഥയാണിത്. ശ്രീക്രിഷ്ണനും നാരദനുമാണ് ഇതിലെ കഥാപാത്രങ്ങളെന്നേ ഉള്ളൂ. അതിനപ്പുറം ഒരുപാട് മുഴക്കമുള്ള കഥയണിത്. അപ്പോള്‍ മുന്‍ നിരയിലിള്ളവര്‍ മനസ്സിലാക്കേണ്ടത് എവിടെ വാഗ്ദത്ത ഭൂമി എന്ന് ചോദിക്കുന്നവര്‍ പിറകിലുണ്ട് എന്നതാണ്. ഞങ്ങളുടെ ദാഹം മാറിയിട്ടില്ലല്ലോ എന്ന് അവര്‍ വിളിച്ചു പറയുന്നു. നിങ്ങള്‍ ഒരു ദിക്കിലെത്തുമ്പോള്‍ , നിങ്ങളുടെ യാത്രയുടെ ലക്ഷ്യം എന്താണെന്ന് മറന്നു പോകുന്നു. അതുകൊണ്ടാണ് ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്ന് പറയുന്നത്.  നമ്മള്‍ ഇപ്പോള്‍ ലക്ഷ്യം മാര്‍ഗ്ഗമദ്ധ്യേ മറന്നുപോയ അവസ്ഥയിലാണ്. വഴിക്കുവച്ച് ലക്ഷ്യം മറന്നാല്‍, പുറപ്പെട്ട സ്ഥലത്തേക്ക് മടങ്ങിപ്പോയിട്ട് യാത്ര വീണ്ടും തുടങ്ങുക ഇത്തരം ഓര്‍മ്മക്കുറവുകള്‍ പരിഹരിക്കാനുള്ള ഒരേയൊരു വഴി അതാണ്. അതാണ് ചികിത്സ. ഇങ്ങനെ പറയുന്നതില്‍ ഫണ്ടമെന്റലിസമൊന്നുമില്ല. (ദീര്‍ഘമായ ചിരി) 

സമുദായ കവചം

കുഞ്ഞാലിക്കുട്ടിയുടെ പ്രശ്നമെടുക്കാം. ഒരു വ്യക്തിക്കു നേരെയുള്ള ആരോപണം സമുദായത്തെ ഒരു രക്ഷാമാര്‍ഗ്ഗമായി കണ്ട് പരിഹരിക്കാനാണ് ശ്രമം. സമുദായത്തിനു നേരെയുള്ള ഗൂഢാലോചന എന്നു പറയുമ്പോള്‍ പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കാന്‍ എളുപ്പമാണ്. പ്രവാചകന്മാരുടെ പീഢന കഥകള്‍ ഉദാഹരിക്കുന്നതിലൂടെ സമുദായത്തെ ഒരു രക്ഷാകവചമായി കാണുകയാണ് കുഞ്ഞാലിക്കുട്ടി. ഇത് സെക്യുലര്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ വലുതല്ലേ? ജയേന്ദ്രസരസ്വതിക്ക് ഹിന്ദുസമൂഹം ഒരു രക്ഷാകവചം തീര്‍ത്തില്ല.

  ഒരു സെമറ്റിക് മതത്തിന്റെ എല്ലാ സ്വഭാവങ്ങളുമുള്ള ഇസ്ലാമിന്, മറ്റുമതങ്ങളില്‍ നിന്ന് വ്യത്യസ്തമായി  ഒരു രാഷ്ട്രീയ മുഖമുണ്ട്. വാസ്തവത്തില്‍ ഈ പറയുന്ന അഭയം പ്രാപിക്കല്‍, ഹിന്ദു സമൂഹങ്ങളിലെ വര്‍ഗ്ഗീയ വാദികള്‍ ആചാരങ്ങളില്‍ അനുഷ്ഠാനങ്ങളില്‍, നാമജപങ്ങളില്‍, പ്രാര്‍ത്ഥനകളിലുമൊക്കെ അഭയം പ്രാപിക്കാറുണ്ട്. അത് ലോകത്തിലെവിടെയും സംഭവിക്കുന്നുവെന്ന് തെറ്റിദ്ധരിക്കുന്ന ആത്മീയതയുടെ ഒരു  തിരിച്ചുവരവല്ല.  മറിച്ച് ഇത്തരം സംഘങ്ങള്‍ അടങ്ങുന്ന മറ്റു താല്പ്പര്യങ്ങളുടെ ഐക്യമാണ്. അതുകൊണ്ടാണ് നമ്മള്‍ ഇതിനെ കമ്യൂണലിസം എന്നു പറയുന്നത്. It is not a religion Bout it is communalism. കമ്യൂണസ്ലിസത്തില്‍ എല്ലാ താല്പ്പര്യങ്ങളും ഉണ്ടാവും. അതില്‍ സാമ്പത്തിക, ഉദ്യോഗ, സ്ഥല താല്പ്പര്യങ്ങളൊക്കെ വരാം. ഇങ്ങനെ ഒരുപാട് താല്പ്പര്യങ്ങള്‍ ചേര്‍ന്ന ഒരു ഗ്രൂപ്പിനെയാണ് നമ്മള്‍ കമ്മ്യൂണല്‍ ഗ്രൂപ്പ് എന്നു പറയുന്നത്. അത് മതത്തിലേക്ക് മടങ്ങിവരുക എന്ന ബാനറോടെ മടങ്ങിവരുന്നത് മതത്തിലേക്കല്ല, ആത്മീയത എന്നു നമ്മള്‍ ഏതൊ തരത്തില്‍  പറയുന്ന ഒരവസ്ഥയിലേക്കല്ല, മറിച്ച് സാമുദായിക താല്പ്പര്യങ്ങളിലേക്കാണ്. ഇന്ത്യന്‍ കമ്യൂണല്‍ ഐഡന്റിറ്റിയിലേക്ക് തിരിച്ചു വരുമ്പോള്‍, ഓരോരുത്തനും മറ്റൊരാള്‍ക്ക് രക്ഷയായി തീരുകയും, സമുദായം ഒരു രക്ഷയായി തീരുകയും, ഇങനെ ഒരു കവചിത സുരക്ഷ ഉണ്ടാവുകയും ചെയ്യുന്നു. പടച്ചട്ടയണിഞ്ഞ ഒരവസ്ഥ. അതിനകത്തേക്ക് ഒരു മാധ്യമപ്രവര്‍ത്തകനും കടക്കാന്‍ പറ്റില്ല. കരിപ്പൂരില്‍ സംഭവിച്ചത് അതാണ്. അതുകൊണ്ടാണ് അനുയായികള്‍ ഇല്ലാത്ത പാര്‍ട്ടികള്‍ക്കും ഇവിടെ ബന്ദ് നടത്താന്‍ സാധിക്കുന്നത്. കവചം മാത്രം മതി. അകത്ത് ആള്‍ വേണമെന്നില്ല. അപ്പോള്‍ പ്രശ്നം വരുമ്പോള്‍ ഒരാള്‍ സമുദായത്തിലേക്ക് ഓടിക്കയറുന്നത് മഴവരുമ്പോള്‍ എവിടേക്കെങ്കിലും ഓടിക്കയരുന്നപോലെയാണ്. അങ്ങനെയൊരു രക്ഷാമാര്‍ഗ്ഗമാണ് അത്. പക്ഷെ, ഇത് ഒരു വണ്‍ വേ പ്രവര്‍ത്തനമല്ല. സാധാരണ സ്വാമിമാരെപറ്റി പറയാറുള്ളത്, സ്വാമിയാര്‍ അനുഗ്രഹിച്ചാല്‍ ഫലിക്കും, ശപിച്ചാല്‍ അവരുടെ ശക്തിപോവും എന്നാണ്. അതുപോലെത്തന്നെ നിങ്ങളെടുത്ത് ഉപയോഗിച്ചാല്‍ വിശ്വാസത്തിന് തേയ്മാനം വരും. പലതവണ സമരം ചെയ്താല്‍ സമരം ദുര്‍ബലമായിത്തീരും .  പലതവണ നിരാഹാരമിരുന്നാല്‍ ഫലം ഒരു ചെറുനാരങ്ങയുടെ ചിലവായി ചുരുങ്ങും. ഒരു ഹിങ്ങുത്വവാദിയും മറ്റൊരു മതമൗലിക വാദിയും ഒപ്പം ചേര്‍ന്നാം രണ്ടുപേരുടേയും ക്രെഡിബിലിറ്റി കുറയും. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള സ്ഥലമാണ് സമുദായം അല്ലെങ്കില്‍ സമുദായത്തിന്റെ വിശ്വാസം എന്നുവരുമ്പോള്‍ സമുദായത്തിന്റെ വിശ്വാസമാണ് നഷ്ടപ്പെടുന്നത്. കവചം കവചമല്ലാതായിത്തീരും. അപ്പോള്‍ ആര്‍ക്കും രക്ഷിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ഇത് ആത്മഹത്യാപരമായ ഒരു പ്രവര്‍ത്തനമായി മാറുന്നത്. രാഷ്ട്രീയം എന്നത് കേരളത്തില്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവര്‍ത്തനമാണ്. കുഞ്ഞാലിക്കുട്ടിയുടെ പ്രശ്നത്തില്‍ ക്രുത്യമായ ഒരു ഫലം. ലീഗിന്റെ വിശ്വാസ്യത കുറഞ്ഞു എന്നതാണ്. അതിന്റെ ആധികാരികത എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. ഈയെടെ ഒരു മൗലവി പറയുന്നത് ഞാന്‍ കേട്ടു. ഇതുമായി ബന്ധപ്പെട്ടല്ല എങ്കിലും, മുസ്ലീം സമുദായത്തില്‍ ജാതിവിഭജനം ഉറപ്പാക്കപ്പെട്ടു കഴിഞ്ഞു എന്നാണ് ആ മൗലവി പറഞ്ഞത്. അതായത് സമുദായത്തില്‍ ആഭ്യന്തരമായ ഒരു ക്ഷയം സംഭവിച്ചു തുടങ്ങി എന്നര്‍ഥം. ഒരു ഏകശിലാരൂപം മുസ്ലീം സമുദായത്തിനു നഷ്ടപ്പെട്ടു തുടങ്ങി.

 ഇപ്പോള്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഒന്നടങ്കം ദൈവത്തിനും കടലിനും മധ്യേ എന്ന അവസ്ഥയിലാണ്. ഒരുപക്ഷെ പാലസ്തീനില്‍നിന്നും ഒരു യാസിര്‍ അറാഫത് ഇസ്ലാമില്‍നിന്നുമുണ്ടാവുന്നുണ്ട്. കയ്യില്‍ ഖുറാന്‍ ഉയര്‍ത്തിപ്പിടിച്ച് അറാഫത് നടത്തിയ സമരത്തെ ഇടതുപക്ഷമടക്കമുള്ള ലോകജനതയില്‍ വലിയൊരു വിഭാഗം പിന്തുണക്കുന്നു. ഇവിടെ മതം അത്തരത്തിലുള്ള വിമോചനാശയമഅയി മുന്നോട്ട് വരുന്നില്ല. ഒന്നുകില്‍ യാഥാസ്ഥിതികമായ മൗലിക വാദം, അല്ലെങ്കില്‍ മതതീവ്രവാദം- അതാണ് സംഭവിക്കുന്നത്. 

 ഇന്ത്യയില്‍ ഇസ്രായേലും പാലസ്തീനും തമ്മില്‍ ള്ളതുപോലെ confrontation ഇല്ല എന്നതാണ് കാരണം. ഇത്തരം തെറ്റായ താരതമ്യങ്ങള്‍കൊണ്ട് കാര്യമില്ല

 ശരിതന്നെ, പക്ഷെ പാലസ്തീനിലൊക്കെ മുസ്ലീംസ്ത്രീകള്‍ മതത്തെ എപ്പോഴെങ്കിലും ഉപയോഗിക്കാവുന്ന ഒരു സംഭവമായിട്ടാണ് കാണുന്നത്. അവിടെ സ്ത്രീകളും പുരുഷന്മാരും ഒന്നടങ്കം സമരമുഖത്താണ്. മതമോ വിശ്വാസമോ ഒന്നിനും തടസ്സം നില്‍ക്കുന്നില്ല. ഇവിടെ ഒരു സാമൂഹ്യ പ്രശ്നത്തിലും മുസ്ലീം സ്ത്രീകള്‍ ഇടപെടുന്നില്ല.  എത്ര സ്ത്രീകളെ പര്‍ദ്ദക്കുള്ളില്‍ കയറ്റാമോ അതാണ് ഇവിടെ മുസ്ലീം സ്ത്രീകളുടെ ഇടയില്‍ നടക്കുന്ന സ്ത്രീവിമോചനപ്രവര്‍ത്തനം. പ്രത്യക്ഷത്തില്‍ ഉദാരമെന്നു തോന്നുന്ന പ്രവര്‍ത്തനത്തിലൂടെ മതമൗലികവാദികള്‍ അതു ഭംഗിയായി ചെയ്യുന്നുണ്ട്. പക്ഷെ, മുസ്ലീം സ്ത്രീകള്‍ എവിടെയും രംഗത്ത് വരുന്നില്ല. അതാണ് പരാതി.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു മുമ്പുള്ളഘട്ടങ്ങളില്‍ ഇവിടെയുള്ള ജനങ്ങളില്‍നിന്നു ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടെയും പേരു പോലും തിരിച്ചറിയാന്‍ സാധ്യമല്ലാത്തവിധം ഒന്നായിരുന്നു. എല്ലാകാര്യങ്ങളിലും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവരായിരുന്നു. അതിനു പെട്ടെന്നു മാറ്റമുണ്ടാവുന്നത് ഗള്‍ഫ് മൂലമുണ്ടാവുന്ന സാമ്പത്തിക വളര്‍ച്ചമൂലമാണ്. ഗ്ഗള്‍ഫിനെ മുഴുവന്‍ പറഞ്ഞുകൂടാ. ഗള്‍ഫില്പോയ മുസ്ലീങ്ങളോ ഹിന്ദുക്കളോ കൂടുതല്‍ കമ്യൂണല്‍ ആയി ഇവിടേക്ക് തിരിച്ചുവന്നിട്ടില്ല. മറിച്ച് ആ സമ്പന്നത ഒരു യാഥാര്‍ത്ഥ്യത്തിനപ്പുറത്തുള്ള  മറ്റുചില കാര്യങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഈ സമ്പന്നതകളും പണം വച്ചുകൊണ്ട് രാഷ്ട്രീയം കളിക്കുന്ന കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയും ചേര്‍ന്നുകൊണ്ടാണ്, ഇങ്ങനെയുള്ള മാറ്റിത്തീര്‍ക്കലുകള്‍ കേരളത്തില്‍ സംഭവിച്ചത്. പാലസ്തീനില്‍ ചത്തും കൊന്നും ജീവിക്കുന്ന അവസ്ഥയാണ്. അവിടെ ക്രിസ്ത്യാനികളുണ്ട്, യഹൂദന്മാരുണ്ട്, വമ്പിച്ച ഒരു മുസ്ലീം സമൂഹവും ഉണ്ട്. ഇവരെയെല്ലാം ചേര്‍ത്തിട്ട് ഒരു നിലക്ക് സദ്ദാം ഹുസൈനെ പോലെ വളരെദൂരത്തോളം സെക്കുലറായ ഒരു നേതാവായിരുന്നു യാസര്‍ അറാഫത്തും. അവര്‍ക്ക് നേരിടേണ്ടത് ഒരു ഇസ്രായലിനെയാണ്. അതിനാല്‍ അവര്‍ കൊല്ലാതും ചാവാനും തയ്യാറായി നില്‍ക്കുന്നു. എന്നാല്‍ ല്കേരളത്തില്‍ വളരെ സ്വസ്ഥമായി ഇരുന്നിട്ട് ചതുരംഗപ്പലകയില്‍ കരുക്കള്‍ നീക്കുന്നത് പോലെ രാഷ്ട്രീയ കളിനടത്താന്‍ പറ്റും എന്ന് കരുതുന്ന വളരെ സ്വച്ഛമായ ഒരു രാഷ്ട്രീയ കാലാവസ്ത കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലുണ്ട്. പുരക്കിരുന്ന് കരുക്കള്‍ നീക്കിയാല്‍ മതി. ആരെയും കല്ലെടുത്തെറിയുകയും വേണ്ട, ആരുടേയും വെടി കൊള്ളുകയും വേണ്ട്. അതുകൊണ്ട് ഒരു ലാഘവം, ഒരുതരത്തിലുള്ള സുരക്ഷിതത്വം മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍ക്ക് ഉണ്ട്.  അതുകൊണ്ട് ഒന്നും ചെയ്യാനില്ലാത്ത, ഒരു ലക്ഷ്യവുമില്ലാത്ത സാമുദായിക സംഘടന ഇനിനമുക്കെന്തു ചെയ്യാം എന്നു ചോദിക്കുകയും, നമുക്കിനി രതിസാമ്രാജ്യത്തിലേക്കു പോകാം എന്ന ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു. ഇന്ത്യയില്‍ കേരളത്തിലൊഴിച്ച് മുസ്ലീങ്ങളുടെ കാര്യം ഇങ്ങനെയല്ല. അവിടെ ഹിന്ദുത്വവാദത്തിന്റെ വളര്‍ച്ചയോടുകൂടി മുസ്ലീങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് . 

 മുസ്ലീംലീഗിനെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും ചൂണ്ടിക്കാട്ടുന്ന കാര്യം അത് കുറച്ചുകൂടി സെക്കുലറായതുകൊണ്ട് നിലനില്‍ക്കണമെന്നാണ്.  ഇല്ലെങ്കില്‍ മുസ്ലീം തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ വളരുമെന്ന് പറയുന്നു. മുസ്ലീം ലീഗിന്റെ നിലനില്പ്പിനുവേണ്ടി ചെറിയ മുസ്ലീം തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം നിലക്കാതിരിക്കേണ്ടത് മുസ്ലീം ലീഗിന്റെതന്നെ ഒരാവശ്യമായിത്തീരുകയല്ലേ? അതായത് മുസ്ലീംലീഗ് തകരേണ്ട ഒരു സമ്വിധാനമാണെന്ന് ഉറപ്പിച്ചു പറയുന്നതിനു പകരം ചില ന്യായവാദങ്ങള്‍ കണ്ടെത്തുന്നു. എന്തു തോന്നുന്നു?

  മുസ്ലീം ലീഗ് ഒരുനിലക്ക് ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സംവിധാനമാണെന്നുതന്നെ പറയാം. എങ്കിലും മുസ്ലീം ലീഗ് ഒരു ബാലന്‍സിങ്ങ് പവര്‍ ആണ്. മുസ്ലീം തീവ്രവാദം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ആള്‍ട്ടനേറ്റീവ് അല്ല. കാരണം, അവര്‍ക്കിവിടെ നേരിടേണ്ടിവരുന്നത് ഹിന്ദുത്വവാദത്തെയല്ല. ഒരുനിലയില്‍ സമുദായത്തിന്റെ പ്രാതിനിധ്യം ലീഗിനു നഷ്ടപ്പെടുകയും മറുവശത്ത് കേരളരാഷ്ട്രീയത്തിന്റെ നിയാമക ബിന്ദു എന്ന തിന്റെ സ്ഥാനം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മുസ്ലീം ലീഗ് വളരെ വേഗത്തില്‍ എത്തിച്ചേരുമെന്നാണ് നാം ഇപ്പോള്‍ കാണേണ്ടത്.  കാരണം ഇപ്പോള്‍ വന്നിരിക്കുന്ന സംഭവങ്ങളില്‍ പോലും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ശക്തമായ ഒരു തീരുമാനമെടുക്കുകയല്ല ലീഗ് ചെയ്തിട്ടുള്ളത്. മറിച്ച് ഒരു ഭീരുവിനെപ്പോലെ പ്രശ്നത്തില്‍നിന്നു ഒഴിഞ്ഞുമാറുകയും ഒളിച്ച് നില്‍ക്കുകയുമാണ്. കുഞ്ഞാലിക്കുട്ടി രാജിവക്കാത്തത്, കുഞ്ഞാലിക്കുട്ടിയുടെ ഉറപ്പുകൊണ്ടല്ല, ലീഗിന്റെ ഉറപ്പുകൊണ്ടല്ല, അവരുടെ ഉറപ്പില്ലായ്മകൊണ്ടാണ്. തിരിച്ചുവരാന്‍ കഴിയാത്തവിധം വലിച്ചെറിയപ്പെടും എന്ന തോന്നലാണ് പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതും ഇന്നലെവരെയുണ്ടായിരുന്ന ലീഗിന്റേയോ തങ്ങളുടേയോ നിശ്ചയദാര്‍ഢ്യവും രണ്ടും രണ്ടാണ്.  മുമ്പ്, അവര്‍ കളിക്കട്ടെ, നമുക്ക് തീരുമാനമെടുക്കാം എന്നതായിരുന്നു ലീഗിന്റെ നിലപാട്. ഇപ്പോള്‍ കളിക്കാനുള്ള അവസരം പോലും ലീഗിനു നഷ്ടപ്പെട്ടിരിക്കുന്നു. ഇനിവീഴാന്‍ ഗര്‍ത്തങ്ങളില്ലാത്തതുകൊണ്ട് കുഞ്ഞാലിക്കുട്ടി രാജിവക്കുന്നില്ല എന്നു മാത്രം. ഒരു ചെറിയപ്രശ്നത്തിന്റെ പേരില്‍ കേരളരാഷ്ട്രീയത്തില്‍ മുസ്ലീംലീഗിനു മുന്നോട്ടുള്ള വഴികള്‍ അടഞ്ഞിരിക്കുന്നു. മുസ്ലീംലീഗ് കേരളരാഷ്ട്രീയത്തില്‍ ഒരു ബാലന്‍സിങ് പവറാണ് എന്നകാര്യം മുസ്ലീംലീഗ് മറന്നിരിക്കുന്നു. 

തലശ്ശേരിയുടെ ചരിത്രം

*കേരളത്തില്‍ ഹിന്ദു വര്‍ഗ്ഗീയത ഒരു ഭീഷണിയല്ല. ചെറുക്കാന്‍ ഇടതുപക്ഷവും വലതുപക്ഷവും ഉണ്ട്. പക്ഷെ, മുസ്ലീം വര്‍ഗ്ഗിയത ഒരു പരിധിവരെ കേരളത്തിലുണ്ട്. മുസ്ലൂം സമുദായത്തിന്റെ  സുരക്ഷ ഇവിടെ ഉറപ്പാക്കുന്നത് തീര്‍ച്ച്യായും മതമൗലികവാദ സംഘടനകള്‍ അല്ല. തലശ്ശേരി കലാപം അങ്ങയുടെ ഓര്‍മ്മയിലുണ്ടാവും. അവിടെ കലാപകാരികളായ ഹിന്ദുക്കളെ പ്രതിരോധിച്ചതും ഇടതുപക്ഷമായിരുന്നു. ഇരുപത്തിരണ്ടുകാരനായ പിണറായിവിജയന്‍ ഒറ്റക്ക് വലിയൊരു സംഘം ആക്രമികളെ നേരിട്ടു. എന്നിട്ടും തലശ്ശേരിയിലെ മുസ്ലീങ്ങളില്‍ വലിയൊരു വിഭാവം ലീഗിനോടൊപ്പമാണ് നിന്നത്. ഈയൊരു നിരാശയില്‍നിന്നാവാം മാറാട്ട് പോയപ്പോള്‍ പിണറായി വിജയന്‍ തിരിഞ്ഞുനടന്നു. മുസ്ലീം സമുദായം എല്ലാ കാര്യങ്ങളും മതത്തോടും സമുദായത്തോടും ചേര്‍ത്തുവക്കുന്നു. 


 അത്, രാഷ്ട്രീയത്തില്‍ ഓര്‍മ്മ വലിയൊരു ഘടകമല്ല. രാഷ്ട്രീയം അഭിപ്രായം രൂപീകരിക്കുന്നത് സാമാന്യമായ സൗകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്.  അതുകൊണ്ട് ഒന്നിച്ചുനിന്നാല്‍ ആരെ വീഴ്ത്താം എന്നുള്ള നിലയിലേക്ക് സംഘടിതശക്തിയായി നിലനിന്നാലുള്ള ലാഭങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അണികളെ സംഘടിപ്പിച്ച് നിര്‍ത്തുന്നത്. അത് ഓരോതവണെയും സംഘടിപ്പിക്കുന്നത് ഓരോതരത്തിലാണ്. അഖിലേന്ത്യാ മുസ്ലീംലീഗിന്റെ തിരോധാനത്തോടുകൂടി ഇടതുപക്ഷത്തിനു ലീഗിലുണ്ടായിരുന്ന നേരിട്ടുള്ള സ്വാധീനവും വളരെ കുറഞ്ഞിട്ടുണ്ട്. ഒരു സെക്കുലര്‍ പാര്‍ട്ടിയെന്ന നിലയില്‍, ഇന്ത്യന്‍ സെക്കുലറിസത്തിനു ഏറ്റവും വലിയ ആപത്ത് ഇവിടുത്തെ ഹിന്ദുത്വ ഫാസിസത്തിന്റെ നുഴഞ്ഞുകേറ്റമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഹിന്ദുത്വത്തെ അതുമാത്രമായിട്ടല്ല കാണുന്നത്. ഫാസിസം കമ്യൂണിസ്റ്റ് ഭാവിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു തത്വശാസ്ത്രം ആയതുകൊണ്ടും അതിന് ഹിന്ദുത്വം ഒരു ഉപകരണമായതുകൊണ്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളത്തിലും ഇന്ത്യയിലെവിടേയും ഹിന്ദുത്വഫാസിസത്തിനെ പ്രതിരോധിക്കുന്നു. അതുകൊണ്ടാണവര്‍ തലശ്ശേരിയില്‍ മുസ്ലീങ്ങളെ കൊള്ളയടിക്കാന്‍ വന്ന സംഘത്തെ ശക്തമായി നേരിട്ടത്. അത് നടന്നിട്ട് ഏതാണ്ട് മുപ്പത്തിമൂന്നു കൊല്ലമായി. ആഭ്യന്തരമായ സെക്കുലറിസം വിജയിച്ചതിന്റെ വലിയൊരു സാക്ഷ്യമായിരുന്നു തലശ്ശേരി കലാപം.  അത് ജനങ്ങളുടെ പ്രധിരോധമായിരുന്നു. അതൊക്കെ സ്വാഭാവികമായി മറന്നു പോകാം. മറവിയാണ് മറ്റുള്ളവര്‍ എടുത്ത് ഉപയോഗിക്കുന്നത്.  ഒരുപക്ഷെ അബ്ദുള്‍റഹിമാന്‍ സാഹിബ് ജീവിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ എല്ലാ വ്യത്യസ്തതകളും മറന്ന് ഒന്നിച്ച് ഒന്നിച്ച് ഒരു ലക്ഷത്തിനു വേണ്ടി പോരാടുന്ന കാലമായിരുന്നു. അപ്പോള്‍ അബ്ദുള്‍റഹിമാന്‍ സാഹിബിന്റെ പിന്നില്‍ നിന്നത് ഒരു സമുദായം മാത്രമായിരുന്നില്ല, എല്ലാ ജനവിഭാഗങ്ങളും സാഹിബിനു മുന്നില്‍ നിലയുറപ്പിച്ചു. അക്കാലം മാറി. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സാധാരണ പറയാറുള്ളതുപോലെ സ്വപ്നത്തില്‍നിന്നു യാഥാര്‍ത്ഥ്യത്തിലേക്കുണര്‍ന്നു. നാം ആദര്‍ശങ്ങളില്‍നിന്നു പിഴിതെറിയപ്പെടുകയും  താല്പ്പര്യങ്ങളിലേക്ക് മടങ്ങ്പ്പോകുകയും ചെയ്തു. പിന്നീട് ഉണ്ടായ സെറ്റപ്പ് അധികാരവുമായി ബന്ധപ്പെട്ടതാണ്. അവിടെ ഓര്‍മ്മകള്‍ ഘടകമല്ല. 

 ഇരകളുടെ ഐക്യനിര (മതസഹിതമായ മതേതരസഖ്യം) എന്ന നിലയില്‍ ഇടതുപക്ഷത്തുനിന്നുള്ള ഒരു യുവനിരയുടെ, കെ ഇ. എന്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തിന്റെ പ്രവര്‍ത്തനം ശക്തമാണ്. അതേക്കുറിച്ച്?

കേരളത്തിലെ മുസ്ലിങ്ങളെ എവിടെ നിന്നു നോക്കിയാലും, ആകാശത്തില്‍ നിന്നോ ഭുമിയുടെ ഏതു കോണില്‍ നിന്നും നോക്കിയാലും, മുസ്ലിം സമുദായം ഒരു persecuted community അല്ല. ഇത് ആന്റണി പറഞ്ഞ അര്‍ത്ഥത്തില്‍ അല്ല. മുസ്ലിം സമുദായത്തിന് അടുത്തകാലത്ത്‌ ഉണ്ടായിട്ടുള്ള അതിസമ്പന്നതയില്‍ അസൂയ ഉള്ളവരുണ്ടാവാം. അതല്ലാതെ, ഗുജറാത്തിനു equivalent ആയിട്ടു കേരളത്തിലെ മുസ്ലിങ്ങളെയും ഒരു persecuted കമ്മ്യൂണിറ്റി ആയി കാണുന്നതില്‍ ഭാവനപരമായ യാഥാര്‍ത്ഥ്യം പോലുമില്ല. ഇതൊരു സൌജന്യമല്ല. ഇതൊരു യാഥാര്‍ത്ഥ്യമാണ് . അങ്ങനെയാണ്. കുറച്ചു ഹിന്ദുക്കള്‍ ചന്ദനക്കുറി തൊട്ടുവന്നാല്‍ മുസ്ലിം സ്ത്രീകള്‍ക്കിനി ബുര്ഖയിട്ടു കളയാം എന്ന് പറഞ്ഞുണ്ടാക്കുന്ന രീതിയുണ്ട്. ഇതിനെ കുറിച്ച്  sociologists പറയാറുള്ളത്  It is not religious identity, that is communal identity.  

ഇരകളുടെ ഐക്യപ്പെടല്‍ എന്നൊരു ആശയം വെക്കുന്നത് പ്രബുധമല്ലാത്ത ഒരു സമൂഹത്തിനു മുന്നിലാണെന്നും തോന്നുന്നു .....

കേരളത്തില്‍ എവിടെ പോയാലും മുസ്ലിങ്ങള്‍ വേട്ടയാടപ്പെടുന്ന ഒരു സമൂഹമേയല്ല. അതിനെയല്ലേ ഇര എന്ന് പറയുക. അതുകൊണ്ട് ഇതൊക്കെ കടം വാങ്ങിയ ഐഡിയ ആണ്. പണം വാങ്ങിയത് പോലെ തിരിച്ചടയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ആത്മഹത്യ ചെയ്യേണ്ടി വരും. അതായതു ഏതു മണ്ടനായാലും നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് റിയാലിറ്റി തലത്തിലാണ്. റിയാലിറ്റിയുടെ തലത്തില്‍ നിന്നും വളര്‍ത്തി എടുക്കാത്ത എന്തും പ്രായോഗികമാവില്ല. പുസ്തകങ്ങള്‍ നമ്മെ ഒരുപാടു ചതിക്കും. നരേന്ദ്രന്‍ കമ്മിഷന്‍ കുട്ടികള്‍ക്കുള്ള ഒരു കളിപ്പാട്ടം പോലെ ആണ്.അതു തട്ടി കുറെ നേരം കളിച്ചുകൊണ്ടിരിക്കും. പിന്നെ ക്ഷീണിക്കുമ്പോള്‍ പോയി കുളിച് , ഭക്ഷണം കഴിച്ചു സുഖമായി ഉറങ്ങും. ഇതുപോലെ ഒരുപാടു വ്യാമോഹങ്ങള്‍. ഇതുപോലെ ഹിന്ദു ഉപാധികളെ നേരിടാന്‍ ഹിന്ദുക്കളുടെതല്ലാത്ത ഒരു ഐക്യ നിര ഉണ്ടാക്കാം എന്നത് ഇന്ത്യയില്‍ ഇന്ന് നന്നായി വിറ്റഴിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യാമോഹമാണ്. സവര്‍ണരല്ലാത്ത, ബ്രാഹ്മണരല്ലാത്ത ഹിന്ദുക്കളുടെ ഒരു ഐക്യനിര ഉണ്ടാക്കിയിട്ട് ഹിന്ദുക്കളെ തോല്പ്പിക്കമെന്നുള്ളത് രാഷ്ട്രീയ ഐക്യമോ സാമൂഹ്യ ഐക്യമോ എന്താണ് എന്ന് അറിയാത്തത് കൊണ്ട് വരുന്ന ഒരു ദോഷമാണ്. ഇപ്പോള്‍ കേരളം  അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം അടിവസികളുടെതാണ്. ആദിവാസികളെ ചൂഷണം ചെയ്യാന്‍ ആര്‍ക്കാണവകാശം  എന്ന പ്രശ്നം. ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ ആദിവാസി ഗോത്രസമൂഹം ഇല്ലതയിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ പ്രശ്നം ഇവിടെയാണ്. മറ്റുള്ള ആശയങ്ങള്‍ പുറത്തു നിന്നും വരുന്നതാണ്. കേരളത്തിലെ ജനങ്ങളോട് ഇത്തരം പൊട്ടത്തരങ്ങള്‍ വിളിച്ചു പറയരുത്. തൊള്ളായിരത്തിപതിനേഴില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ് ഇപ്പോള്‍ കിട്ടുന്ന പുതിയ പുസ്തകങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്.

മുസ്ലിങ്ങളുടെ രാഷ്ട്രീയ വര്‍ത്തമാനം എങ്ങനെയായിരിക്കണമെന്നാണ് മാഷ് ആഗ്രഹിക്കുന്നത്?

എനിക്ക് തോന്നുന്നത്, അടുത്ത നാലഞ്ചു വര്‍ഷത്തിനുള്ളില്‍ മുസ്ലിം സമുദായം, കേവലം ഏക മുസ്ലിം സമുദായം എന്ന നിലയില്‍ പ്രതികരിക്കുന്നതിനു പകരം സ്വതന്ത്രമായി പ്രതികരിക്കാന്‍ ആരംഭിക്കും എന്നാണ്. അതുകൊണ്ട്, സാമുദായികപരമായ ഐഡന്റിറ്റി മുസ്ലിം സമുദായത്തെ രക്ഷിക്കാന്‍ പര്യാപ്തമല്ല എന്ന് വളരെ വേഗം തിര്ച്ചയക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും സ്വതന്ത്രമായി പ്രതികരിക്കുന്ന, കുടുതല്‍ വ്യത്യസ്തമായ ഒരവസ്ഥയിലേക്കു അവര്‍ എത്തിച്ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. Political destiny is a communal destiny എന്ന് കരുതുന്ന കാലത്താണ് കമ്മ്യുണല്‍ ഐഡന്റിറ്റി ഉണ്ടാവുക. കേരളത്തെ സംബന്ധിച്ചിടത്തോളം ഇനിയത് ശരിയാവാന്‍ വഴിയില്ല. ഇവിടത്തെ ജനങ്ങളുടെ ഭാഗധേയതിന്റെ ഫലമായി അതിലിനി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം . ഇവിടെ എല്‍.ഡി.എഫ്,  യു. ഡി.എഫ്  എന്ന് പറയുന്ന രണ്ടും സംയുക്ത കക്ഷികളാണ്. ഇതിന്റെയും അടിത്തറയൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌
. യു.ഡി. എഫില്‍ നടക്കുന്ന സംഘട്ടനങ്ങള്‍ കൊണ്ടിതറിയാം. യു.ഡി.എഫിന്റെ മാറിക്കൊണ്ടിരിക്കുന്ന ഘടനയില്‍ നിന്നിതറിയാം. സപ്ലിന്റര്‍ ഗ്രൂപുകളുടെ അകത്തുനിന്നുള്ള ചേരിപ്പോരുകളില്‍ നിന്നു ഇതറിയാം. Things are getting disintegrated. അതുകൊണ്ട് നാളെ മുസ്ലിം സമുദായം എടുക്കുന്ന തീരുമാനങ്ങള്‍ കമ്മ്യുണല്‍ ഡിസിഷന്‍ ആയിരിക്കില്ല എന്നാണ് കരുതേണ്ടത്. മുസ്ലിം സമുദായത്തിന്റെ അകത്തു നടക്കുന്ന താത്പര്യ സംഘട്ടനങ്ങള്‍ ഇനിയും മൂര്ചിക്കാന്‍ സാധ്യതയുണ്ട്.

1 comment:

  1. ഇത് വായിക്കാൻ വേണ്ടി ഉണ്ടാക്കിയതാണെങ്കിൽ ആ കളർ കോമ്പിനേഷൻ ഒന്ന് മാറ്റിക്കൂടെ ?

    ReplyDelete