Monday, October 3, 2011

നമുക്ക് നമ്മുടെ മുറ്റത്തെ അമേരിക്കയെ ചോദ്യം ചെയ്യാം


നമുക്ക് നമ്മുടെ മുറ്റത്തെ അമേരിക്കയെ ചോദ്യം ചെയ്യാം
എം.എന്‍. വിജയന്‍

ജനങ്ങള്‍ക്ക് അണികള്‍ക്ക് കുറേക്കൂടി ഉണര്‍വുണ്ട്. ചില സമയത്ത് നേതാക്കള്‍ ജനങ്ങളെ നയിക്കും. പക്ഷേ, വേറെ ചിലപ്പോള്‍ ജനങ്ങള്‍ നേതാക്കളെ നയിക്കും. കേരളത്തിലെ അണികളെപ്പോലെ ഉണര്‍ന്ന അണികള്‍ ലോകത്തില്‍ ഒരു പ്രസ്ഥാനത്തിലുമില്ല. അതുകൊണ്ട് ചിലപ്പോള്‍ ഡോക്ടറെ ചികിത്സിക്കാവുന്ന രോഗികള്‍ ഉണ്ടാവും. ഒരുപാട് രോഗികള്‍ ഉണ്ടാവുമ്പോള്‍ 'ഡോക്ടറേ അതല്ല എന്റെ രോഗം' എന്ന് രോഗി തന്നെ പറയും.

സ്വാതന്ത്ര്യം ജനാധിപത്യം ഇവയൊക്കെ നാട്ടുകാര്‍ ഉണ്ടാക്കേണ്ടതല്ലെന്നും അവയൊക്കെ ഉണ്ടാക്കിക്കൊടുക്കേണ്ടതാണെന്നുമുള്ള ആശയം ഇന്ത്യക്കകത്തും പുറത്തുമുണ്ട്. ഇറാഖിലും അതുതന്നെയാണ് സംഭവിക്കുന്നത്. അത്തരം ജനാധിപത്യമുണ്ടാക്കി നിങ്ങള്‍ക്ക് തരാം സദ്ദാമിനെ മാറ്റിയിട്ട് എന്നാണ് അമേരിക്ക പറഞ്ഞത്. ബ്രിട്ടീഷ് പാര്‍ലമെന്ററി ഡമോക്രസിയെക്കുറിച്ചുള്ള ബോധം വെച്ചുകൊണ്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ സങ്കല്പമാണ്. ഇതുപോലെതന്നെയാണ് നമുക്ക് ജനകീയത ഉണ്ടാക്കാം എന്നു പറയുന്നതും. ജനങ്ങളോടാണ് നിങ്ങള്‍ക്ക് ജനകീയത ഉണ്ടാക്കിത്തരാം എന്നുപറയുന്നത്. ഇതി പരസ്പരവിരുദ്ധമായ കാര്യമാണ്. പരസ്പരം ഇണങ്ങാത്ത പ്രസ്താവനകളാണിവയൊക്കെ. അങ്ങനെ, വിപ്ലവവിരുദ്ധത വിപ്ലവത്തിന്റെ പേരില്‍ വില്‍ക്കാം എന്ന അവസ്ഥയിലാണ് നാം എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഒരു വെനം(വിഷം) ആന്റിവെന പ്രതിവിഷമായി വില്‍ക്കാന്‍ കഴിയും. അതാണ് വിവരസാങ്കേതിക വിദ്യയിലൊക്കെ വന്നിട്ടുള്ളത്. നമ്മള്‍ ഒരുപാട് തെറ്റിദ്ധരിച്ചിട്ടുള്ള ഒരു സാധനമാണത്. കാരണം, എഴുത്തുകണ്ടുപിടിക്കുമ്പോള്‍ പുസ്തകം അച്ചടിക്കുമ്പോള്‍ പത്രം അച്ചടിക്കുമ്പോള്‍ ഒക്കെയുണ്ടായമാറ്റംപോലെ ഒരു തുടര്‍മാറ്റമാണ് ഐടി എന്നുപറയുന്നതും. നേരെമറിച്ച്, ലോകം ആകെ മാറിപ്പോയി എന്നൊരു തെറ്റിദ്ധാരണ ലോകമുതലാളിത്തം ഇത്തരം സന്ദര്‍ഭങ്ങളില്‍ കൊണ്ടുവരാറുണ്ട്. മുണ്ട് കൈകൊണ്ട് നെയ്യുന്നതിനുപകരം വേറൊരു സാധനംകൊണ്ട് നെയ്യുന്നതിനാണ് ടെക്‌സ്റ്റൈല്‍ വിപ്ലവം എന്നുപറയുക. അപ്പോഴും മുണ്ട് മുണ്ടുതന്നെയാണ്. അപ്പോഴും മുണ്ടിന് പണംകൊടുക്കണം. അപ്പോള്‍ മുണ്ട് എല്ലാവര്‍ക്കുമുള്ളതല്ല. ഈ തരത്തിലുള്ള മാറ്റങ്ങള്‍ അതുകൊണ്ടുതന്നെ സാമൂഹികമാറ്റമല്ല, സാങ്കേതിക മാറ്റമാണ്. ഈ സാങ്കേതിക മാറ്റത്തെ ഉപയോഗിച്ചുകൊണ്ട് കൂടുതല്‍ ടെക്‌നോളജി ആവശ്യമുള്ള അത് പഠിക്കേണ്ടിവരുന്ന ആളുകള്‍ക്ക് ആധിപത്യമുള്ള ഒരു അവസ്ഥ(ടെക്‌നോക്രാറ്റിക് ഇമ്പീരിയലിസം) ഉണ്ടാക്കിത്തീര്‍ക്കാനുള്ള ഒരു കാരണമായി ഈ മാറ്റം മാറുന്നു. വിവരം കുത്തകയായിത്തീരുക, മൂലധനമായി മാറുക, ഒരു ജീന്‍ ബാങ്കുപോലെ ഒരു ന്യൂസ് ബാങ്കുണ്ടാവുക അല്ലെങ്കില്‍ വാര്‍ത്താബാങ്ക് ഉണ്ടാവുക. അതില്‍നിന്ന് നിയന്ത്രണം ഉണ്ടാവുക. അപ്പോഴും ഈ കുത്തക പണത്തിന് മാത്രമാണ്, പണം ഒരു ഇമേജിനറി വാല്യു സിസ്റ്റമാണ്. അതു നിങ്ങള്‍ക്ക് ഇന്‍ഫര്‍മേഷനിലും ഉണ്ടാക്കാം. അത് കൈയില്‍വെച്ച് വില്‍ക്കാന്‍ കഴിയും.

എല്ലാ രംഗങ്ങളിലും ഒരുതരം ടെക്‌നോക്രാറ്റിക് മാറ്റം ഉണ്ടാവുന്നുണ്ട്. അത് സാമ്പത്തിക കാര്യങ്ങളിലും ഉണ്ടാവുന്നുണ്ട്. സാമ്പത്തികം എന്നുപറയുന്നത് സാധനങ്ങള്‍ ഉണ്ടാക്കി മനുഷ്യര്‍ ഉപയോഗിക്കുന്ന വ്യവസ്ഥയ്ക്കാണ്. ഇത് ചിലര്‍ക്കുമാത്രം അറിയാവുന്ന ഒരു കാര്യമായി പരിമിതപ്പെടുത്തുമ്പോള്‍ ഒരു തരത്തിലുള്ള ഇന്‍ഫര്‍മേഷന്‍ ഇമ്പീരിയലിസം ഉണ്ടാവുന്നു. അതൊന്നും നിങ്ങള്‍ക്കറിയില്ല എന്നു പറയുന്ന രീതി. ഇത് നമ്മുടെ അധികാരകേന്ദ്രീകരണത്തിന്റെ പുതിയ രീതിയാണ്. പണംകൊണ്ടുള്ള ആധിപത്യംപോലെ ശരീരംകൊണ്ടുള്ള ആധിപത്യംപോലെ പുതിയ ഒന്ന്. ബൗദ്ധിക സ്വത്തവകാശം ആണ് ഈ വിവരകുത്തകയുടെ രൂപം ഇത് നമ്മുടെ ആളുകള്‍ പറയുന്നതുപോലെ പെട്ടെന്നു പൊട്ടിവീണിട്ടുള്ള ലോകസംഭവമല്ല. അറിവ് എന്നത് ഓര്‍മ്മയില്‍ സൂക്ഷിച്ച് എഴുതിസൂക്ഷിച്ച് മറ്റു പലതരത്തില്‍ സൂക്ഷിച്ച് ശാസ്ത്രമാക്കി. വേദമാക്കി അതിനെ മൂലധനമാക്കി ആയുധമാക്കി ഉപയോഗിക്കുക എന്നത് കുത്തകയുടെ പഴയ രീതികളിലൊന്നാണ്. ആ രീതി ഇപ്പോഴും മറ്റൊരു തരത്തില്‍ ചെയ്യുന്നു. അങ്ങനെയുള്ള മൂലധനവ്യവസ്ഥ, സാമ്പത്തികമായിട്ട് നമ്മളിപ്പോള്‍ പറയുന്ന അതിനെ ഉദാരതയോടൊപ്പം ഇതിനെ അതിക്രമിക്കുന്ന തരത്തിലുള്ള ഒരു രഹസ്യാത്മകത, പുതിയ രീതിയുടെ ഭാഗമാണ്. കോള ഇഷ്ടംപോലെ കിട്ടും പക്ഷേ കോളയുടെ രഹസ്യംകിട്ടില്ല. ഒരു സീക്രട്ട് ഫോര്‍മുല ആവാം. അതിന് പണ്ട് മന്ത്രം എന്നാണ് പറഞ്ഞിരുന്നത്. (ഇപ്പോള്‍ അതിന് പേറ്റന്റിംഗ് എന്നോ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് എന്നോ ഒക്കെപ്പറയാം). ഇങ്ങനെയുള്ള മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും വേറൊരു തരത്തില്‍ തുടരുകയും ചെയ്യുന്നു.

ഒരുപാട് പണം ഒഴുകുമ്പോള്‍ സമത്വം വരുന്നു എന്നത് ഒരു മരീചികയാണ്. നമ്മുടെ നാട്ടില്‍ ആദ്യം ഇങ്ങനെ പണം വന്നത് പാല്‍പ്പൊടിയായിട്ടാണ്. നമുക്ക് നമ്മുടെ കുട്ടികള്‍ക്ക് പാലുകൊടുക്കാന്‍ കഴിയാത്തതുകൊണ്ട് പാലു കൊടുക്കുന്ന ഒരു രാജ്യം അതു ചെയ്യുന്നു. ഇതില്‍ നിന്ന് വളര്‍ന്നു വന്നിട്ടാണ് അമേരിക്ക എല്ലാം കൊടുക്കുന്ന ഒരു രാജ്യം എന്ന അവസ്ഥയിലെത്തുന്നത്. സോഴ്‌സ് ഓഫ് ആള്‍ നറിഷ്‌മെന്റ്‌സ്. ഇവര്‍ക്ക് ഇത് എവിടെനിന്നും കിട്ടുന്നു എന്ന് നാം അന്വേഷിക്കാറില്ല. ജനാധിപത്യം വിതരണം ചെയ്യുന്ന ആയുധം വിതരണം ചെയ്യുന്ന, ഭക്ഷണം വിതരണം ചെയ്യുന്ന ഒരു രാജ്യം എന്ന നിലയ്ക്ക് ഒരു കുത്തകസ്വഭാവം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം അമേരിക്കക്കു കിട്ടുന്നുണ്ട്. ലോകം സഘര്‍ഷവിമുക്തമാവുകയും ഒരു സൂപ്പര്‍ പവറിന് നിയന്ത്രിക്കാനുള്ളതാണ് ഈ ലോകം എന്ന വിശ്വാസം എന്ന് വളരെപെട്ടെന്ന് സ്വീകാര്യമാവുകയും ചെയ്യുന്നു. ഈ വാക്കിന്റെ അര്‍ത്ഥം മാറുന്നു.
ചരിത്രപരമായ പശ്ചാത്തലം മാറുമ്പോഴാണ് വാക്കിന്റെ അര്‍ത്ഥം മാറുന്നത്. ഉദാരവല്‍ക്കരണം ലോകത്തിലെ ഏറ്റവും നല്ല വാക്കുകളിലൊന്നാണ്, പക്ഷേ, പുതിയ അര്‍ത്ഥത്തില്‍ ഭയപ്പെടുത്തുന്ന ഒന്നുമാണ്. ആഗോളവല്‍ക്കരണം, ആഗോളീകരണം എന്നൊക്കെയുള്ള പദങ്ങളുടെ വ്യാകരണത്തെക്കുറിച്ചേ നമ്മള്‍ ചര്‍ച്ചചെയ്യുന്നുള്ളൂ. അതിന്റെ ജീവിത വ്യാകരണം നമുക്ക് ചര്‍ച്ചയല്ല, എല്ലാ വാക്കുകളും അതിന്റെ വിപരീതമായി മാറ്റപ്പെടുന്നത് ചരിത്രത്തില്‍ വരുന്ന വൈപരീത്യംകൊണ്ടാണ്. ഒരു വാക്കിന്റെ അര്‍ത്ഥം മാറിയാല്‍ സമൂഹം മാറിയെന്നാണ് അതിന്റെ അര്‍ത്ഥം. അതുകൊണ്ട് അമേരിക്കക്കാര്‍ വിട്ടുകൊടുക്കുന്നത് സ്വാതന്ത്ര്യമല്ല, പാരതന്ത്ര്യമാണ് എന്നു വരുന്നു. അവരുടെ ലേബല്‍ സ്വാതന്ത്ര്യം  എന്നാണ് പക്ഷേ, അവര്‍ വില്‍ക്കുന്നത് അതിന്റെ വിപരീതപദമാണ്.
അമേരിക്ക, ഈ പ്ലാനിങ്ങൊക്കെ നടത്തുന്നത് എല്ലാവരും അറിയുന്ന തരത്തിലാണ്. ഇതൊരു അജണ്ടയാണ്. അതിനൊരു മുഖാവരണമുണ്ട്. 'വിമോചിപ്പിക്കുക' എന്ന മുഖംമൂടി. അതിന് പരസ്പരവൈരുദ്ധ്യങ്ങള്‍ നിറഞ്ഞ അറബ്‌ലോകത്തെ അതേ വൈരുദ്ധ്യങ്ങള്‍ ഉപയോഗിച്ച്  എങ്ങനെ തകര്‍ക്കാം. ആ രാജ്യങ്ങള്‍ തകരുമ്പോള്‍ എങ്ങിനെ അവരുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യാം എന്നുള്ള കൃത്യമായ രൂപമുണ്ടാക്കിയെടുക്കുക എളുപ്പമാണ്. രണ്ടാംലോകയുദ്ധത്തിനുശേഷം നേരത്തെ കോളനികളായിരുന്ന മൂന്നാംലോക രാജ്യങ്ങള്‍ എന്താണ് ഉപയോഗിക്കേണ്ടത്, ഇന്ത്യയില്‍ എന്താണ് ഉപയോഗിക്കേണ്ടത് എന്നൊക്കെ സാമ്രാജ്യത്വത്തിനറിയാം. അതിനെ ഒരുതരം സര്‍വ്വേ സിസ്റ്റം എന്നു പറയാം. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സര്‍വ്വെ നടത്തുന്നത് പോളിയോബാധിതര്‍ എത്രപേരുണ്ടെന്ന് അറിയാനാണ് എന്നാണ് സാമാന്യമായി പറയുക. ഒരു സര്‍വ്വേ, മാര്‍ക്കറ്റ് സര്‍വ്വേ മാര്‍ക്കറ്റ് വളര്‍ത്താനാണ്. ജനങ്ങളെ വളര്‍ത്താനല്ല. എല്ലാ മുതലാളിത്തത്തിനും പോസ്റ്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേറ്റ് ക്യാപിറ്റലിസത്തിനും ഈ തരത്തിലുള്ള ഒരു സര്‍വ്വേ രീതിയുണ്ട്. സര്‍വ്വേ എന്നുപറയുന്നത് ഒരു സൂചനയാണ്. അതുകൊണ്ടാണ് ഭൂമിക്കടിയില്‍ എത്ര വെള്ളമുണ്ട് എന്ന് അവര്‍ അന്വേഷിക്കുന്നത്. ചുരുട്ടിപ്പിടിച്ച കൈയില്‍ എന്താണുള്ളത് ഗോട്ടിയാണോ മഞ്ചാടിയാണോ എന്നന്വേഷിക്കുന്നത്. ഭൂമിക്കടിയിലുള്ള വെള്‌ളത്തെക്കുറിച്ച് നാം അന്വേഷിച്ചിട്ടില്ല. അന്വേഷിക്കുമ്പോഴും നമ്മള്‍ നല്ലകാര്യമായി കരുതും. അങ്ങനെയാണ് മൂന്നുകൊല്ലംകൊണ്ട് തീരുന്നതും അഞ്ചുകൊല്ലത്തേക്ക് കോണ്‍ട്രാക്റ്റ് എടുത്തിട്ടുള്ളതുമായ വെള്ളമാണ് പ്ലാച്ചിമടയിലുള്ളത് മനസ്സിലാകുന്നത്. അപ്പോള്‍ വെള്ളത്തിന്റെ ഉപയോഗമായി വെള്ളം ബോട്ടില്‍ ചെയ്യാമെന്നും വെള്ളം വില്‍ക്കാമെന്നും ഉള്ള ബോധം, വെള്ളത്തെ ചരക്കാക്കാമെന്ന ബോധത്തില്‍ നിന്നാണുണ്ടാവുന്നത്. പണ്ടുകാലത്തെ ഫലിതങ്ങളിലൊന്നാണ് നമ്മള്‍ പിണ്ണാക്ക് കയറ്റി അയക്കും അവര്‍ ബിസ്‌ക്കറ്റാക്കി തരും എന്നാണ്. അതുപോലെ പ്രകൃതിസമ്പത്ത് എന്നുപറയുന്നത് (പ്രകൃതിയില്‍ മാത്രമേ സമ്പത്തുള്ളൂ). അത് എങ്ങനെ കമോഡിറ്റൈസ് ചെയ്ത് പ്രൈവറ്റൈസ് ചെയ്യാം എന്നുള്ളതാണ് ഒരു വ്യവസായ വ്യവസ്ഥ അന്വേഷിക്കുന്നത്.
അതിന്റെ ഫലമായാണ്. പച്ചിലകൊണ്ട് എന്താണ് ഗുണം, മണ്ണുകൊണ്ട് എന്താണ് ഗുണം എന്നൊക്കെ അന്വേഷണം നടത്തി അതിന്റെ കുത്തക കൊണ്ടുവരുന്നത്. അതിനുവേണ്ടിയാണ് പല ആളുകളും നമ്മുടെ വീട്ടുകാര്യം അന്വേഷിക്കാനായി എത്തുന്നത്. കോളനിക്കാര്‍ക്ക് എന്റെ വീട്ടിലെ കാര്യം ഞാനാണ് നോക്കേണ്ടത് എന്ന് തോന്നില്ല. കാരണം അവര്‍ ഒരിക്കലും അങ്ങിനെ ചെയ്തിട്ടില്ല. നാം മാനസികമായി ഇത്തരക്കാരെ സ്വീകരിക്കാന്‍ തയ്യാറാണ്. നമ്മള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു എന്നു പറയുന്നത് കളവും പാരതന്ത്ര്യം ആഗ്രഹിക്കുന്നു എന്നത് സത്യവുമാണ്. പാരതന്ത്ര്യത്തിന് ഒരു സുഖവുമുണ്ട്. സ്വാതന്ത്ര്യം എന്നുപറയുന്നത് ഉത്തരവാദിത്വമാണ്. നമ്മുടെ കാര്യങ്ങള്‍ ആലോചിക്കണം, തീരുമാനിക്കണം അതുകൊണ്ട് ഒരു ചെറിയ പ്രായത്തോ കാലത്തോ മാത്രമേ സ്വാതന്ത്ര്യം പ്രാവര്‍ത്തികമാകൂ. നമ്മെ സംബന്ധിച്ചിടത്തോളം നമ്മെ നോക്കാന്‍ വേറെ ആരോ ഉണ്ടെന്ന തോന്നല്‍. നമുക്ക് ഉദ്ധരിക്കാനുള്ള വാചകങ്ങള്‍ വേറെ ആരോ എഴുതുന്നുണ്ടെന്ന തോന്നല്‍, ഇത് എല്ലാവരും ചെയ്യില്ല. ഇത്തരത്തിലുള്ള കെയര്‍ടേക്കര്‍ അവസ്ഥ, ഒരു പിന്നിരിട്ടുപോലെ കൊളോണിയല്‍ രാജ്യങ്ങളിലുണ്ടാവും.
അതുകൊണ്ട് ചരിത്രം മാറിയാലും മാനസികാവസ്ഥ പതുക്കെയേ മാറു എന്നറിയാവുന്നതുകൊണ്ട്, അവിടെ എന്തെല്ലാം ഉപയോഗിക്കാമെന്ന് സാമ്രാജ്യത്വത്തിന്നറിയാം. അതുകൊണ്ട് അവര്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം വില്‍ക്കുന്നു. നമ്മുടെ പ്രശ്‌നങ്ങള്‍ നാം മനസ്സിലാക്കുന്നില്ലെങ്കില്‍, അവ ഒരു അമേരിക്കന്‍ കോണ്ടക്സ്റ്റില്‍ പരിഹരിക്കാന്‍ കഴിയില്ല. നമ്മുടെ പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. ചൈന ആഗോളവല്‍ക്കരണത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന കാര്യങ്ങള്‍ നമ്മള്‍ക്കറിയണം. എന്നാല്‍ അതുപോലെ നമ്മളും

ആഗോളവല്‍ക്കരണത്തോട് പ്രതികരിക്കണം എന്നുപറയുന്നത് തെറ്റാണ്. കാരണം, നാം ചൈനക്കാരല്ല, മാവോയുടെ പ്രയോഗങ്ങള്‍ കണ്‍ഫ്യൂഷന്‍ ചൈനയില്‍ ഉപയോഗിക്കുന്നതുപോലെ ഒരു നോണ്‍കണ്‍ഫ്യൂഷന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കഴിയില്ല. നമ്മുടെ പ്രതികരണരീതികള്‍ വ്യത്യസ്തമാണ്. പ്രതികരിക്കുന്ന ആല്‍ ഒരു ഇനര്‍ട്ട് ആയി നിന്നല്ല ഒരു സാഹചര്യത്തോട് പ്രതികരിക്കുന്നത്. ഒരു സംസ്‌കാരമാണ്, ഒരു ജനതയാണ് ദീര്‍ഘകാലത്തെ പ്രതികരണരീതികളുള്ള ഒരു ജനസമൂഹമാണ് സാഹചര്യങ്ങളോട് പ്രതികരിക്കുന്നത്. നമ്മുടെ കൊളോണിയല്‍ മനസ്സ് പുറത്തുനിന്നുള്ള സന്ദേശങ്ങള്‍ക്ക് വേണ്ടി കാത്തുനില്‍ക്കുന്നു. സൂര്യന്‍ കിഴക്കല്ല പടിഞ്ഞാറാണ് ഉദിക്കുന്നത് ഇപ്പോഴും നമ്മുടെ മിഥ്യാധാരണയാണ്.

ചോംസ്‌കിയോടുള്ള സമീപനം നമ്മുടെ വൈറ്റല്‍ ആയ ഒരു പ്രശ്‌നമേയല്ല. കാരണം നമുക്ക് ചില വിവരങ്ങള്‍ ചോംസ്‌കിയില്‍ നിന്നു കിട്ടുന്നുണ്ട്. ഉദാഹരണമായി മാനുഫാച്ചറിംഗ് കണ്‍സന്റ്, തുടങ്ങിയ ആശയങ്ങള്‍ വരുമ്പോള്‍ അമേരിക്കയില്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന വിശദമായ റിപ്പോര്‍ട്ട് നമുക്ക് കിട്ടുന്നു. അതിനകത്തുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ച് നമുക്കു അറിയാന്‍ ഇടവരുന്നു എന്നത് ഒരു കാര്യമാണ്. പക്ഷേ നമ്മുടെ കാര്യങ്ങള്‍ നമുക്കു തന്നെ ചെയ്യേണ്ടതുണ്ട്.അതിനാല്‍ അതിനുവേണ്ടി ചോംസ്‌കിയില്‍നിന്നോ പുറത്തുനിന്നുള്ള മറ്റാരുടെയെങ്കിലും കൈയില്‍നിന്നോ എന്തെങ്കിലും സന്ദേശങ്ങള്‍ ആവശ്യമില്ല.
നമ്മുടെ സംസ്‌കാരത്തെ നശിപ്പിക്കുന്ന ഒരു സംസ്‌കാരമാണ് അമേരിക്കയുടേത് എന്ന വിശ്വാസം ഒട്ടനവധി രാജ്യങ്ങളില്‍ ശക്തമായിട്ടുണ്ട്. പണ്ട് ഇത്തരമൊരു സംശയമോ വിശ്വാസമോ ഉണ്ടായിരുന്നില്ല. മോഡേണൈസേഷന്‍ ഈസ് വെസ്റ്റേണൈസേഷന്‍ എന്നായിരുന്നു വിശ്വാസം. ആ അവസ്ഥയില്‍ നിന്നും അങ്ങനെയല്ലല്ലോ എന്ന അവസ്ഥയിലേക്ക് ലോകം മാറിയിട്ടുണ്ട് ഈ സംശയത്തിന്റെ പിന്‍ബലത്തോടെയാണ് ആരാണ് അമേരിക്കയെ ലോകത്തെ നോക്കിക്കാണാന്‍ ഏല്പിച്ചതെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നത്. ആരാണ് ഞങ്ങളുടെ കുട്ടികളെ പാലൂട്ടാനായി 'കെയറു'കാരെ ഏല്പിച്ചത്. ആരാണ് നമ്മുടെ സാമ്പത്തികഘടന പ്ലാന്‍ചെയ്യാന്‍ നെതര്‍ലന്റുകാരെയോ അമേരിക്കക്കാരെയോ എല്പിച്ചത് എന്ന ചോദ്യം ഉന്നയിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു.

നമ്മുടെ പ്രതികരണരീതികള്‍ മാറി എന്നതും നമ്മുടെ രാഷ്ട്രീയമായ ഉണര്‍വ്വ് കുറഞ്ഞു എന്നതും ഇറാഖിലെ അധിനിവേശത്തോടുള്ള ഇന്ത്യക്കാരന്റെ പ്രതികരണം കുറയാന്‍ കാരണമായി. ഒരു പക്ഷേ നമുക്ക് ഇടപെടാന്‍ പറ്റാത്തത്ര മാസ്സീവ് ആയിട്ടുള്ള പ്രവര്‍ത്തനമാണ്. ഹോളോകാസ്റ്റ് എന്നുപറയാം. ഒരു പാറ്റ വന്നാല്‍ ഓടിക്കാം. പക്ഷേ വെട്ടുകിളി വന്നാല്‍ എന്തുചെയ്യും എന്നുള്ള നിലയില്‍ മിസൈല്‍ ഉപയോഗിച്ച് ഒരു രാജ്യത്തെ നശിപ്പിക്കുമ്പോള്‍ നമുക്ക് ചെയ്യാനുള്ളത് പ്രമേയം പാസ്സാക്കുകയോ കവിത എഴുതുകയോ ചെയ്യാം എന്നതാണ്.
അത്തരത്തിലുള്ള ഒരു പ്രഹരമായിരുന്നു രണ്ടാമത്തെ ആക്രമണത്തില്‍ അമേരിക്ക ഇറാഖിനോടു ചെയ്തത്. ഒരര്‍ത്ഥത്തില്‍ യൂണിപോളാര്‍ ലോകത്തിലെ ഒരു നിസ്സാഹായാവസ്ഥയാണ് നമ്മുടെ പ്രതികരണം ദുര്‍ബലമാക്കാന്‍ ഇടയാക്കിയത്. അങ്ങിനെ വരുമ്പോള്‍ നമ്മുടെ ഇന്‍വോള്‍മെന്റ് കുറയും. നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. ചില സമയങ്ങളില്‍ അങ്ങനെയാണ്. ചരിത്രം നമ്മുടെ പ്രതികരണങ്ങളെ നിസ്സാരമാക്കിക്കളയും. അതുകൊണ്ടാണ് യുദ്ധം കഴിഞ്ഞിട്ട് പ്രതികരണം കൂടുന്നത്. ഇനിയിപ്പോള്‍ നമുക്ക് റിയാക്ട് ചെയ്യാം.

കാശ്മീര്‍ പ്രശ്‌നത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തിയ ഒരു ലോജിക്കാണ് വാജ്‌പേയിയെയും കേന്ദ്രസര്‍ക്കാറിനെയുംകൊണ്ട് സദ്ദാം പ്രശ്‌നത്തില്‍ മെല്ലെ പ്രതികരിപ്പിക്കുന്നത്. എന്ത് ഇറാഖിനെപ്പറ്റി പറയുന്നുവോ അതിനുപുറകില്‍ ഒളിഞ്ഞുകിടക്കുന്നത് കാശ്മീര്‍പ്രശ്‌നമാണ്. ഇതിനുള്ള മറുപടിയാണ് നിങ്ങള്‍ സദ്ദാമിനെതിരെ പറയുന്നത്. ലോകത്തിലെ മുഴുവന്‍ ഭീകരാക്രമണവും അവസാനിപ്പിക്കണം എന്ന് വാജ്‌പേയി പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം കാശ്മീരിലെ ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കണം എന്നുമാത്രമാണ്.  നമ്മുടെ ലോകം എന്നാല്‍ നമ്മുടെ നാട് മാത്രമാണ്. ഒരു പക്ഷേ ഒരു മുസ്ലിമിന് സദ്ദാം മുസ്ലീമായതുകൊണ്ട് രോഷമുണ്ടാകാം. പക്ഷേ സദ്ദാമിനെ നശിപ്പിച്ചത് നന്നായി എന്നുപറയുന്ന ഒരു പൊതുബോധം കേരളത്തിലില്ല. ഇന്ത്യയിലുമില്ല. അതൊരു സര്‍ക്കാര്‍ ബോധമാണ് സര്‍ക്കാര്‍ ബോധം വെറുതെയുണ്ടായതല്ല. അതൊരു ഫാസിസ്റ്റ് ബോധമാണെന്നുപോലും ഞാന്‍ കരുതുന്നില്ല. അത് വാസ്തവത്തില്‍ ഒരു കാശ്മീര്‍ ബോധമാണ്. കാശ്മീരിലുള്ള ഭീകരാക്രമണത്തെ മറ്റെല്ലാ ഭീകരാക്രമണങ്ങളുമായി ലിങ്ക് ചെയ്തിട്ട് അത് നിര്‍ത്തണം. ഇന്ത്യക്ക് അതിനുകഴിയില്ല. അതിന് അമേരിക്കക്കേ കഴിയു എന്നാണ് ഇന്ത്യയുടെ തോന്നല്‍. നമ്മുടെ ബോധത്തെയും ഇതാണ് നിയന്ത്രിക്കുന്നത്.

ഇരാഖ് ആദ്യത്തെ ഇരയല്ല. അമേരിക്കയുടെ ഇപ്പോഴത്തെ നിലപാടുകള്‍ കായികം കൂടിയാണ്. ലോകാഭിപ്രായംകൊണ്ട് അത് എളുപ്പം മറികടക്കാന്‍ കഴിയില്ല. ലോകാഭിപ്രായത്തിന് ഒരു സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഇല്ലെങ്കില്‍ വിജയിക്കാന്‍ കഴിയില്ല. നമ്മുടെ പണിമുടക്കില്‍ അതുവരുന്നുണ്ട് പതിനഞ്ചു ശതമാനം തൊഴിലാളികള്‍ പണിമുടക്കുന്ന കാലത്ത് പണിമുടക്ക് വിജയിച്ചു. 100ശതമാനം ആളുകള്‍ പണിമുടക്കുന്ന കാലത്ത് പണിമുടക്ക് വിജയിക്കുന്നില്ല. ഇതൊരു ചരിത്രഘട്ടംകൂടിയാണ്. ഫാസ്റ്റ് മൂവിങ് ആയ ഒരു ഘട്ടത്തില്‍ നിങ്ങള്‍ക്ക് നിയമങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല. സിദ്ധാന്തങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല ഇന്നു പറയുന്നത് നമുക്ക് മാറ്റി പറയാം. അതുകൊണ്ട് ബാധ്യതകള്‍ കുറയും. സദ്ദാമിനെ അനുകൂലിക്കാം പ്രതികൂലിക്കാം.
അമേരിക്കക്കെതിരെ ഒരു വേള്‍ഡ്‌വൈഡ് മൂവ്‌മെന്റ് നടന്നുകൊള്ളണമെന്നില്ല. കാരണം, പഠിച്ച മുതലാളിത്തം അതിന്റെ ആന്റിബഡിസിനെയും കൂടി വില്‍ക്കുന്നുണ്ട്.ലോകം മുഴുവന്‍ മൊബലൈസ് ചെയ്തുവരണം. പക്ഷേ, അത് സാധ്യമല്ല. പശ്ചിമേഷ്യ തന്നെ എടുക്കാം. സദ്ദാമിനെ അനുകൂലിക്കുന്ന പശ്ചിമേഷ്യന്‍ നേതാക്കള്‍ കുറവും. ജനത ഏറെക്കുറെ പൂര്‍ണവുമാണ്. ഇതൊരു അനോമലൈസ് സിറ്റ്വേഷനാണ്. ഭരണത്തലവന്‍മാര്‍ മുഴുവന്‍ സദ്ദാമിനെ എതിര്‍ക്കുക, ജനങ്ങള്‍ സദ്ദാമിനെ അനുകൂലിക്കുക ഇതിന്റെ ഗുണം ലഭിക്കുന്നത് ഇറാഖിനെ ആക്രമിക്കുന്നവര്‍ക്കാണ്. സദ്ദാമിന്റെ കുവൈത്ത് ആക്രമണത്തെ ഒരു കുറ്റമായി ഉയര്‍ത്തിക്കാട്ടുകയും അത് ശത്രുതയായി നിലനിര്‍ത്തുകയും ചെയ്ത് എണ്ണ സദ്ദാമിനുള്ളതല്ല, അത് ഞങ്ങള്‍ക്കുള്ളതാണ് എന്ന് പറയുകയും ചെയ്യുക.

അതുകൊണ്ട് ലോകം മുഴുവന്‍ ചേര്‍ന്ന് അമേരിക്കക്കെതിരെ നില്ക്കണമെങ്കില്‍ ഇന്നത്തെ നിലയില്‍ സാധ്യത കുറവാണ്. കാരണം, വി ആര്‍ ലിവിങ് ഇന്‍ എ പാലിയേറ്റീവ് കള്‍ച്ചര്‍. അതായത് ഒട്ടും വേദനിക്കാതെ, ഒട്ടും വിഷമിക്കാതെ നിങ്ങളെ അടിമപ്പെടുത്താന്‍ കഴിയുന്ന ഒരു ആയുധപ്പുര അമേരിക്കക്കുണ്ട്. മാര്‍ക്‌സ് പറഞ്ഞതുതന്നെയാണ് ശരി. മുതലാളിത്തംആഭ്യന്തരമായ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അത്തരം ക്രൈസിസുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അമേരിക്കക്ക് പകരം ശക്തിയുണ്ടായിട്ടില്ല. പക്ഷേ, ഇപ്പോള്‍ സമാന്തരമായ സംസ്‌കാരത്തിന്റെ ക്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്. സമരത്തിന്റെ രീതികള്‍ തന്നെ മാറാം. ആക്രമണത്തിന്റെ രീതികള്‍ മാറാം. ഒരു വലിയ ആക്രമണംകൊണ്ട് ഉണ്ടാക്കാന്‍ കഴിയാത്ത ഭയം ഒരു ഡബ്ല്യൂ.ടിഒ ആക്രമണംകൊണ്ട് ഉണ്ടാക്കാന്‍ കഴിയുന്നു.അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ആ രാഷ്ട്രം ഭീതിയിലകപ്പെട്ടത് അന്നാണ്. ഇതിന്റെ ഓവര്‍ റിയാക്ഷനാണ് ഇപ്പോള്‍ പുറംലോകത്തോട് അമേരിക്ക കാണിക്കുന്നത്. നേക്കഡ് പവര്‍ ആണ് അമേരിക്കയുടേത്. അമേരിക്ക അതിന്റെ എല്ലാ ആടയാഭരണങ്ങളും മാറ്റി പവര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയപ്രവര്‍ത്തനം ഇന്നൊരു സ്ട്രഗിള്‍ അല്ലാതായിട്ടുണ്ട്. പത്രപ്രവര്‍ത്തനം ഇന്ന് കോര്‍പ്പറേറ്റ് പ്രവര്‍ത്തനമാണ്. ന്യൂസില്‍ മോണോപ്പൊളി വരുന്നുണ്ട് അതിനെ മാനിപുലേറ്റ് ചെയ്യാനും കഴിയും. ആത്മഹത്യാപരമായ പത്രപ്രവര്‍ത്തനം നടത്തിയിരുന്ന ഘട്ടത്തില്‍ നിന്ന് മറ്റൊരു തരത്തിലാണിപ്പോള്‍. അക്കമഡേറ്റീവ് ആയ പത്രപ്രവര്‍ത്തനമാണിപ്പോള്‍. നിങ്ങളെ അള്ളിപ്പിടിക്കുന്ന തരത്തിലുള്ള ഒരു വിഷമോ വേദനയോ ഉണ്ടായില്ലെങ്കില്‍ ഇതൊക്കെ സ്‌കിപ്പ് ചെയ്യാവുന്ന സാധനങ്ങളായിത്തീരും. ഇന്ന് വായിച്ച് നാളെ കളയാവുന്ന ഇനങ്ങള്‍. വളരെ വേദനയില്ലാതെ കൊല്ലാന്‍ കഴിഞ്ഞാല്‍ നമുക്ക് മരിക്കുന്നതായിരിക്കും ഇഷ്ടം. പുതിയ ക്യാപിറ്റലിസത്തിന്റെ ഗുണം അതാണ്. പഴയ ക്യാപിറ്റലിസം ഉണ്ടാക്കുന്ന വേദനയോ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പോ ഇല്ല. പണം എവിടെയെങ്കിലുമൊക്കെയുണ്ട്. ഇവിടെയില്ലെങ്കില്‍ അടുത്ത ദിക്കിലുണ്ട്. ഒപ്പം അത്തരത്തിലുള്ള ഒരു മരുപ്പച്ചയില്‍ ജനങ്ങളെ കൊണ്ടുനിര്‍ത്താന്‍ കഴിയുന്നു. ഇതൊരുതരം അരാഷ്ട്രീയവല്‍ക്കരണത്തിനു കാരണമാവുന്നുണ്ട്. വിദ്യാര്‍ത്ഥികളും യുവാക്കളുമൊക്കെ ഈ അരാഷ്ട്രീയവാദത്തിനു വിധേയമാകുന്നു.

പൊളിറ്റിക്‌സ് ഇപ്പോള്‍ സ്‌പെക്ട്രാകുലര്‍ ആയി മാറിയിരിക്കുന്നു. 1000കൊടി വാങ്ങാന്‍ നിങ്ങള്‍ക്കു കാശുണ്ടെങ്കില്‍ ഒരു പ്രസ്ഥാനം ഉണ്ടാക്കാം. ഒരുകൊടിക്കുവേണ്ടി മരിക്കുക എന്നതാണ് പഴയ പ്രസ്ഥാനം. ഒരു കൊടിക്കുവേണ്ടി മരിക്കുന്നതെന്തിനാ അതുപോയ്‌ക്കോട്ടെ ആയിരം കൊടി കടയില്‍പോയി വാങ്ങിച്ചൂകൂടെ എന്നാണ് പുതിയ ചിന്ത. കഴിഞ്ഞ ദിവസവും ഒരു പഴയ സഖാവ് കടയില്‍പോയി തുണിമുറിച്ച് കൊടിയുണ്ടാക്കുന്നത് കണ്ടു. ആ സഖാവിനറിയില്ല ഇപ്പോള്‍ കൊടിയുണ്ടാക്കാന്‍ ആരെയെങ്കിലും ഏല്‍പിച്ചാല്‍ മതിയെന്നും അത് ആരെങ്കിലുമൊക്കെ സ്‌പോണ്‍സര്‍ ചെയ്തുകൊള്ളുമെന്നുമൊക്കെ.

ഇത് നമ്മുടെ നാട്ടില്‍ കുറേകാലമായിട്ട്  തുടങ്ങിയതാണ്. ഒരു പ്രത്യേക വാചകം കൊണ്ടാണ് ഞങ്ങള്‍ അത് പറയാറുള്ളത്. ജാഥ ഒരു പോയിന്റ് കടക്കാന്‍ ഇത്ര സമയമെടുത്തു എന്നു പറയുന്ന നാള്‍മുതല്‍ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. അന്ന് ജാഥയുടെ നീളമാണ്. ജാഥയുടെ നീളം വിപ്ലവത്തിന്റെ നീളമല്ല. (ഒന്നരമണിക്കൂറൊന്നും കാത്തിരിക്കാന്‍ നമുക്കു കഴിയില്ല. വാസ്തവത്തില്‍ വിപ്ലവത്തിനുവേണ്ടി). പണ്ടൊന്നും അങ്ങനെ ആരും പറഞ്ഞിരുന്നില്ല. ഇതിങ്ങനെ പോവുമ്പോള്‍ നീളംകൊണ്ടളക്കാവുന്ന ഒന്നായി നമ്മുടെ സംഘടനയും ശക്തിയും മാറുന്നു.

ജനങ്ങള്‍ക്ക്, അണികള്‍ക്ക് കുറേക്കൂടി ഉണര്‍വ്വുണ്ട്. ചില സമയത്ത് നേതാക്കള്‍ ജനങ്ങളെ നയിക്കും. പക്ഷേ വേറെ ചിലപ്പോള്‍ ജനങ്ങള്‍ നേതാക്കളെ നയിക്കും. ജനാധിപത്യം എന്നുപറയുന്നത് വണ്‍വെട്രാഫിക്കല്ല. കേരളത്തിലെ അണികളെപ്പോലെ ഉണര്‍ന്ന അണികള്‍ ലോകത്തില്‍ ഒരു പ്രസ്ഥാനത്തിലുമില്ല. അതുകൊണ്ട്, ചിലപ്പോള്‍ ഡോക്ടറെ ചികിത്സിക്കാവുന്ന രോഗികള്‍ ഉണ്ടാവും. ഒരുപാട് രോഗികള്‍ ഉണ്ടാവുമ്പോള്‍ 'ഡോക്ടറെ അതല്ല എന്റെ രോഗം' എന്നു രോഗിതന്നെ പറയും. പലപ്പോഴും ജനങ്ങള്‍ക്കറിയാം ജനങ്ങളുടെ ഇച്ഛ ഇതുവഴിയല്ല പോകേണ്ടത്. നിങ്ങള്‍ പ്രശ്‌നം പരിഹരിക്കുകയല്ല, പ്രശ്‌നം സൃഷ്ടിക്കുകയാണ് എന്നുപറയാന്‍ ജനങ്ങള്‍ക്കു കഴിയും. കമ്യൂണിസ്റ്റിതര പ്രാണികളെ കടത്തിവിട്ടാല്‍, കമ്യൂണിസ്റ്റുകളെ നശിപ്പിക്കാം. പിന്നെ ഈ പ്രാണികള്‍ എന്തുതിന്നും എന്നതാണ് പ്രശ്‌നം. കമ്യൂണിസ്റ്റുകളെ മുഴുവന്‍ തിന്നുകഴിഞ്ഞാല്‍ സോഷ്യല്‍ ഡമോക്രാറ്റുകള്‍ ആരെ തിന്നും? ഇത്തരമൊരു പ്രതിപ്രവര്‍ത്തനത്തിനാണ് ഇവരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേയ്ക്ക് അയക്കുന്നത്. ഒരു രാഷ്ട്രീയപ്രശ്‌നത്തിനെ, പച്ചവെള്ളപ്രശ്‌നമായിട്ട്, പുകപ്രശ്‌നമായിട്ട്, പച്ചിലപ്രശ്‌നമായിട്ട് മാറ്റിത്തീര്‍ക്കുകയാണ്. പുകയും പച്ചവെള്ളവുമൊക്കെ പണ്ടും ഉണ്ട്. വനമഹോത്സവം തുടങ്ങിയത് കെ.എം. മുന്‍ഷിയാണ്. നമ്മളൊന്നുമല്ല. അന്നും പരിസ്ഥിതിപ്രശ്‌നമുണ്ട്. രണ്ടുതലമുറ കഴിഞ്ഞു. ഇന്നൊരു കണ്ടുപിടുത്തം പോലെയാണ് പറയുന്നത്. പരിസ്ഥിതി നാശം വേണമെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. ദളിത് പ്രേമം വേണ്ടെന്നു പറയാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സാക്ഷരത വേണ്ട എന്നുപറയാന്‍ കഴിയില്ല, സ്ത്രീമോചനം വേണ്ട എന്നുപറയാന്‍ കഴിയില്ല. വേണ്ട എന്നുപറയാന്‍ കഴിയാത്ത പ്രസ്ഥാനങ്ങളെ മുന്നിലിറക്കിയിട്ട് ക്ലാസ് അജണ്ടയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നത് ഒരു സാങ്കേതിക വിദ്യായാണ്. സാക്ഷരത വേണം എന്നുപറഞ്ഞാല്‍ ആരും എതിര്‍ക്കില്ല. ആരാണ് നിങ്ങളെ അക്ഷരം പഠിപ്പിക്കുക എന്നാരും ചോദിച്ചില്ല. അക്ഷരം പഠിക്കാത്ത ആരും ഇവിടെ ഇല്ല. ഇതിനുശേഷം അക്ഷരം പഠിച്ചവരും ആരും ഇല്ല. പക്ഷെ ആരെയാണ് അക്ഷരം പഠിപ്പിച്ചത്. ഇതാണ് റിഡിക്കുലസ് പ്രോഗ്രാമിങ്. നിരുപദ്രവകരമായ വിപ്ലവങ്ങള്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ നമുക്കു കിട്ടുന്നുണ്ട്. ഇതൊക്കെ ചെയ്തുകഴിയുമ്പോള്‍ നമുക്ക് മറ്റൊന്നിനും സമയം കിട്ടുന്നില്ല. അതാണ് സ്‌ട്രെചറിംഗ് ടൈം. സ്‌ട്രെചറിംഗ് ലൈഫ്.

 അതായത് ബീഡിവലിക്കുന്നതിനെതിരെയും മറ്റുമുള്ള പ്രവര്‍ത്തനം കഴിഞ്ഞ് നിങ്ങളുടെ സമയം കഴിയുമ്പോള്‍ പിന്നെ നിങ്ങള്‍ക്ക് വര്‍ഗ്ഗബോധം ഉണ്ടാക്കാനുള്ള സമയമോ സന്ദര്‍ഭമോ ഉണ്ടാവില്ല. ഈ ടൈംസ്ട്രചറിംഗ് പുതിയ കാലഘട്ടത്തിന്റെ ഒരു ആയോധനമുറയാണ്.

(എംഎന്‍ വിജയനുമായുള്ള അഭിമുഖത്തില്‍ നിന്ന്
കമല്‍റാം സജീവ് തയ്യാറാക്കിയത്)  


കടപ്പാട്: മാതൃഭൂമിNo comments:

Post a Comment