Tuesday, January 10, 2012

വിദ്യാധനം സര്‍വധനാല്‍ നിയന്ത്രിതം!!

വിദ്യാധനം സര്‍വധനാല്‍ നിയന്ത്രിതം!!

വേണു ഗോപാല്‍ 

 


ഏതൊരു സമൂഹത്തെ പോലെയും വിദ്യയെ ഉന്നതമായ ഒരു ലക്ഷ്യത്തോടെ കണ്ടിരുന്ന ഒരു സമൂഹം ആണ് നമ്മുടെതും. വിദ്യയുടെ പരമമായ ലക്ഷ്യം നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നു ക്രമേണ നഷ്ട്ടപെടുന്ന ഒരു രീതി ഇന്ന് നില നില്കുന്നു എന്നത് വാസ്തവം. വിദ്യാര്‍ഥികളില്‍ ഈ ച്യുതി എന്തുകൊണ്ട് സംഭവിക്കുന്നു എന്നത് വളരെ ഗൌരവത്തോടെ വീക്ഷിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇത് വിദ്യാര്തികളുടെ സ്വഭാവത്തില്‍ അhinu വര്‍ തന്നെ കരുതി കൂട്ടി വളര്‍ത്തുന്ന ഒരു വൈകൃത സ്വഭാവം ആയി കണ്ടുകൊണ്ടു അവരെ അധിക്ഷേപിച്ചിട്ടും കാര്യമില്ല. എല്ലാ വ്യക്തികളും ഈ സമൂഹത്തില്‍ വളര്‍ന്നുവരുന്നത് സമൂഹത്തിലെ സകല തരം (ദു)സ്വഭാവങ്ങളും കണ്ടു കൊണ്ടു തന്നെ ആണ്.

കുടുംബത്തില്‍ നിന്നും, കൂട്ടുകാരില്‍ നിന്നും സമൂഹത്തില്‍ നിന്നും അതായത് സമൂഹത്തിലെ ഓരോ ചലനവും കണ്ടു കൊണ്ടു തന്നെ ആണ് ഓരോ കുട്ടികളും വളര്‍ന്നു വരുന്നത്. ഓരോ ദിവസവും കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും തന്‍റെ ബോധവും ആയി പ്രതി പ്രവര്‍ത്തിച്ചു കൊണ്ടു തന്നെ ആണ് ഓരോ വ്യക്തിയുടെയും ബോധം വളരുന്നത്‌. ആയതിനാല്‍ സമൂഹത്തില്‍ നിന്നു എന്തെല്ലാം കാണുകയും കേള്‍ക്കയും അനുഭവിക്കുകയും ചെയ്യുന്നുവോ അതെല്ലാം തന്നെ കുട്ടികളിലും ആഗിരണം ചെയ്യപ്പെടുന്നു. ആഗിരണം ചെയ്യപ്പെടുന്നതെല്ലാം തന്നെ അവരുടെ സ്വഭാവ രൂപീകരണത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. ചെറിയ പ്രായത്തില്‍ കുട്ടികള്‍ കണ്ടു വളരുന്ന പ്രവണതകള്‍ തന്നെയാണ് അവരുടെ സ്വഭാവ രൂപീകരണത്തിന്റെ കാതലായ അടിത്തറ. ആയതിനാല്‍ കുട്ടികളുടെ സ്വഭാവ രൂപീകരണം അവര്‍ വളര്‍ന്നു വരുന്ന സമൂഹത്തില്‍ ഉയര്‍ന്നു വന്നു നില്‍ക്കുന്ന സാഹചര്യങ്ങളില്‍ നിന്നു നേരെ വ്യത്യസ്തമാകുക എന്നതിന് സാധ്യത വളരെ കുറവ്.

വര്‍ഗ്ഗ വ്യത്യാസത്തില്‍ നില നില്‍കുന്ന നമ്മുടെ സമൂഹം ഇന്ന് ദുരിതങ്ങള്‍ നിറഞ്ഞതാണ്‌ എന്നത് ഇന്ന് ഏവര്‍ക്കും അറിയാം. കുടുംബ ജീവിതത്തിലെ സ്വസ്ഥത ആകെ ആടി ഉലയുമ്പോള്‍ ഉണ്ടാകുന്ന ദുരിതങ്ങളുടെ മുഴുവന്‍ പ്രഹരവും ഏല്‍ക്കേണ്ടി വരുന്നത് കുട്ടികളും സ്ത്രീകളും വൃദ്ധരും ആണ്. കുടുംബ ജീവിതത്തിലെ വ്യത്യസ്ത തരം അസ്വസ്ഥതകള്‍ കണ്ടു കൊണ്ടാണ് ഇന്ന് കുട്ടികള്‍ വളര്‍ന്നു വരുന്നത്. ദുരിതങ്ങള്‍ക്ക് യാതൊരു പഞ്ഞവും ഇല്ലാതെ നിരന്തരം ദുരിതങ്ങള്‍ ഒന്നൊന്നായി വന്നു വീഴുമ്പോള്‍ നിരാശയും അസ്വസ്ഥതകള്‍ നിറഞ്ഞ ചിന്തകളുമായി ഒറ്റപെടുന്ന സാധാരണക്കാരുടെ ജീവിതം ഇന്ന് അതിഭയാനകമായ സ്ഥിതിയില്‍ വന്നു ചേര്‍ന്നിരിക്കുന്നു. ഈ ഒറ്റപെടലില്‍ ഓരോ വ്യക്തിയും മുങ്ങി മറയുമ്പോള്‍ നഷ്ട്ടപെടുന്നത് അവരുടെ സന്തോഷവും, സമാധാനവും അതിലൂടെ അവരുടെ സാമൂഹിക ജീവിതവും ആണ് എന്നതില്‍ സംശയം ഇല്ലാ. ഈവിധം സമൂഹത്തിന്റെ തന്നെ മുഖ്യധാരയില്‍ നിന്നു അറിയാതെ അവര്‍ പിന്‍ തള്ളപ്പെട്ടു പോകുന്ന അവസ്ഥയും സംജാതമാകുന്നു.

ഒന്നും നേടുവാന്‍ ആകാതെ നിരാശരായി ഇന്ന് സമൂഹത്തില്‍ നില നില്‍കുന്ന പ്രതിലോമകരമായ വ്യത്യസ്ത ജീവിത വീക്ഷണത്തിന് അടിമകള്‍ ആയി മാറുകയും ദുരിതങ്ങളില്‍ നിന്നു കരകയറുവാന്‍ ഉള്ള വഴികളെ കുറിച്ചുള്ള ചിന്തകളില്‍ മുഴുകുകയും വെറും ഭാഗ്യാന്വോഷികളായി മാറുകയും ചെയ്യുന്നു. അവര്‍ നേടിയെടുത്ത അറിവുകള്‍ ഒന്നും തന്നെ ക്രിയാല്‍മകമായി ചെയ്തു മുന്നേറുവാനോ അതിലൂടെ ജീവിത വിജയത്തിന് കാരണമായി തീരുവാനോ സാധിക്കാതെ വരുമ്പോള്‍ നഷ്ട്ടപെടുന്നത് ഒരു തലമുറയുടെ അധ്വാന ശക്തിയാണ്. ഇങ്ങിനെ ഉള്ള അവസ്ഥയില്‍ സാമൂഹിക വീക്ഷണം തീര്‍ത്തും ഇല്ലാത്ത വ്യക്തികളാല്‍ നിറഞ്ഞ സമൂഹത്തില്‍ നിന്നു അവര്‍ ജീവിത വിജയത്തിനായി എന്ത് തിരഞ്ഞെടുക്കും? എത്രയും പെട്ടെന്ന് സര്‍വ്വവും നേടിയെടുക്കുന്നതിന്നു ഏതു മാര്‍ഗ്ഗമാണോ എളുപ്പം അതു സ്വീകരിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി മാറുന്നു. അതോടെ നൈതിക, ധാര്‍മിക, സദാചാര രീതികള്‍ക്ക് യാതൊരു വിലയും കല്‍പിക്കാതെയുള്ള ജീവിത ലക്ഷ്യങ്ങള്‍ അവരില്‍ സ്ഥാനം പിടിക്കുന്നു. സ്ത്രീ പുരുഷ ഭേദമന്ന്യേ, സകലരും ഈ വഴിയിലൂടെ ആണ് ഇന്ന് ചിന്തിക്കുന്നത്. ഈ സ്വഭാവം, ഇത്തരം സാഹചര്യം നമുക്കിടയില്‍ എന്ത് കൊണ്ടു വളര്‍ന്നു വന്നു എന്നതാണ് ചിന്തിക്കേണ്ടത്, ഇതിനു പരിഹാരം എന്ത്?

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലൂടെ അന്നത്തെ സമൂഹം സ്വപ്നം കണ്ട ഇന്ത്യയെ കുറിച്ച് ഏതാനും നിഷ്കളങ്കരായ ചില വ്യക്തികളും ആയി സംസാരിക്കുവാന്‍ ഉള്ള ഭാഗ്യം എനിക്ക് എന്‍റെ ചെറുപ്പത്തില്‍ ലഭിച്ചിരുന്നു. ഏതാണ്ട് 25 വര്ഷം മുന്‍പ് ഒരു സ്വാതന്ത്ര്യ സമര സേനാനി തന്‍റെ എഴുപതാം വയസ്സില്‍ കാഴ്ച നന്നേ കുറഞ്ഞതുകൊണ്ട് പത്രം വായിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹത്തിന് വേണ്ടി എന്നും രാവിലെ പത്രം വായിച്ചു കൊടുക്കുക എന്ന ഒരു കടമ ഏറ്റെടുത്തിരുന്നു. അന്ന് ഓരോ പത്രവാര്‍ത്തകളും ഞാന്‍ വായിച്ചു കൊടുക്കുമ്പോള്‍ അദ്ധേഹത്തിന്റെ കണ്ണില്‍ നിന്നു അറിയാതെ കണ്ണു നീര്‍ വീഴുന്നതും അതു തുടച്ചു മാറ്റുന്നതും വളരെ വിഷമത്തോടെ ഞാന്‍ കാണുമായിരുന്നു. അക്ഷരാര്‍ഥത്തില്‍ അദ്ദേഹം വിതുമ്പി കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇതായിരുന്നില്ല അദ്ദേഹവും അദ്ധേഹത്തെ പോലെ രാജ്യ സ്നേഹികളായ പല വ്യക്തികളും കണ്ട ഇന്ത്യ എന്നത് ആ വിതുംബലിലൂടെ എനിക്ക് അറിയുവാന്‍ സാധിച്ചു. അദ്ധേഹത്തിന്റെ മുഖം ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. കാരണം 25 വര്‍ഷത്തിനുശേഷം ഇന്നത്തെ പത്ര വാര്‍ത്തകളും രാഷ്ട്രീക്കാരുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹം കണ്ടിരുന്നു എങ്കില്‍ തീര്‍ച്ചയായും ഹൃദയം പൊട്ടി മരിക്കുമായിരുന്നു. രാഷ്ട്രീയത്തിലൂടെ അവര്‍ കണ്ടിരുന്ന കാഴ്ചപാടിനെ അവരുടെ രാജ്യസ്നേഹത്തെ, അവരുടെ സാമൂഹിക സ്നേഹത്തെ മനസ്സിലാക്കുവാന്‍ എന്നും എനിക്ക് ഒരു ഓര്‍മ്മയായി ആ നല്ല വ്യക്തി ഇന്നും എന്‍റെ ഹൃദയത്തില്‍ ജീവിക്കുന്നു.

രാഷ്ട്രീയത്തിനും സാമൂഹിക സേവനത്തിനും അവര്‍ക്ക് അതിമഹത്തായ ഒരു സങ്കല്‍പം ഉണ്ടായിരുന്നു, വളരെ മൂല്യവത്തായ ഒരു സങ്കല്‍പം. ക്രമേണ ക്രമേണ ഈ മൂല്യബോധം ജീവിതത്തില്‍ നിന്നു തീര്‍ത്തും അപ്രത്യക്ഷമായതോടെ നമ്മുടെ ജീവിതത്തിലെ സകല മേഖലകളും തകരുവാന്‍ തുടങ്ങി. അതിന്റെ പ്രതിഫലനം ആണ് നാം ഇന്ന് കാണുന്ന നീറുന്ന ദുരവസ്ഥകള്‍. ഈ ദുരവസ്ഥകള്‍ ഇന്ന് ഓരോ കുടുംബത്തിലും കുടുംബ ബന്ധങ്ങളിലും സുഹൃദ് ബന്ധങ്ങളിലും ഗുരു ശിഷ്യ ബന്ധങ്ങളിലും ഇന്ന് വളരെ ആഴത്തില്‍ തന്നെ മുറിവേല്പിച്ചു കഴിഞ്ഞു. അതിന്റെ പരിണതിയെന്നോണം ഉരുത്തിരിഞ്ഞു വന്ന അവസ്ഥകള്‍ ആണ് ഇന്ന് നമ്മില്‍ പ്രതിഫലിക്കുന്നത്.തീര്‍ത്തും നിരുത്തരവാദിത്ത്വത്തോടെ പെരുമാറുന്ന രാഷ്ട്രീയക്കാരും അവരുടെ രാഷ്ട്രീയവും നയങ്ങളും കൊണ്ടു നിറഞ്ഞ ഇന്നത്തെ സാഹചര്യം നമ്മെ കൊണ്ടു ചെന്നെത്തിച്ചത് വളരെ വലിയ സാമൂഹിക ദുരന്തത്തിലെക്കും ആണ്. ഇത്തരം ഒരു അവസ്ഥയില്‍ ഒറ്റപെട്ട നന്മ ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്ത് ചെയ്യുവാന്‍ സാധിക്കും എന്ന് സങ്കടപ്പെടുന്നതും കാണുവാന്‍ സാധിക്കും.

ഇന്ന് ഓരോ വിദ്യാര്‍ഥിയും തങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്വം മനസ്സിലാക്കി സാമൂഹിക ഉന്നമനത്തിനായി ഉയര്‍ന്നു ചിന്തിക്കുവാനും, ശാസ്ത്രീയ അന്വോഷണങ്ങളില്‍ നിന്നു വ്യതി ചലിക്കാതെ സത്യത്തെ പുനരുവാനുള്ള ആഗ്രഹം ഉള്ളില്‍ വളര്തികൊണ്ട് ചുറ്റുപാടും വളര്‍ന്നു വരുന്ന സകല യാഥാസ്ഥിക, അധ്പതനത്തില്‍ നിന്നും നമ്മെയും വരും തലമുറയെയും മോചിപ്പിക്കുവാനുള്ള ശ്രമത്തില്‍ അടിയുറച്ചു നില്‍കുക.

No comments:

Post a Comment