Tuesday, January 10, 2012

മാര്യേജ് സര്‍ട്ടിഫിക്കറ്റുണ്ടോ കൈയ്യില്‍? ഒന്നു ജീവിക്കാന്‍...മാര്യേജ് സര്‍ട്ടിഫിക്കറ്റുണ്ടോ കൈയ്യില്‍? ഒന്നു ജീവിക്കാന്‍...


ദിവ്യ ദിവാകരന്‍ 


പാശ്ചാത്യസംസ്‌ക്കാരത്തിന്റെ സ്വാധീനം നമ്മുടെ തനതായ സംസ്‌ക്കാരത്തെ നശിപ്പിക്കുന്നുവെന്നും സമീപകാലത്തായി സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ വന്ന മാറ്റങ്ങളെ അതുമായി കൂട്ടിച്ചേര്‍ത്തു വായിക്കുകയും ചെയ്യേണ്ടതുമുണ്ടെന്നുമുള്ള ചില അഭിപ്രായങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിത്തുടങ്ങിയിട്ട് നാളുകളായി. എന്റെ മനസ്സില്‍ ഒരു സംശയം, സ്ത്രീ പുരുഷബന്ധങ്ങളില്‍ എന്താണു സമൂഹം ആഗ്രഹിയ്ക്കുന്നത് ? സ്ത്രീ-പുരുഷ ഇടപെടലുകളില്‍ സമൂഹം എങ്ങനെയെല്ലാമാണു സന്തോഷം കണ്ടെത്തുന്നത്. അല്ലെങ്കില്‍ അതു എങ്ങനെയൊക്കെയായിരിക്കണം എന്ന കാഴ്ച്ചപ്പാടാണ് സമൂഹത്തിലെ പൊതുബോധം മുന്നോട്ടുവെയ്ക്കുന്നത്.

സമൂഹത്തിന്റെ ഒരു ഭാഗമായ കുടുംബത്തില്‍ നിന്നാണ് ആണ്‍- പെണ്‍ ബന്ധങ്ങളും തുടങ്ങുന്നത്. വിവാഹം, ദത്തെടുക്കല്‍, ജന്‍മം കൊണ്ട് (by birth) എന്നീ കാരണങ്ങള്‍ കൊണ്ടാണ് പണ്ടത്തെ കൂട്ടു കുടുംബ വ്യവസ്ഥിതിയില്‍ തന്നെ അംഗങ്ങള്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ന്യൂക്ലിയര്‍ ഫാമിലി എന്ന കണ്‍സപ്പ്റ്റിലേക്കു നാം നീങ്ങിയപ്പോഴും പഴയ കുടുംബ വ്യവസ്ഥിതിയുമായി താരതമ്യപ്പെടുത്തി, നാം ന്യൂക്ലിയര്‍ ഫാമിലിയുടെ ന്യൂനതകള്‍ കണ്ടെത്തുകയുണ്ടായി. ബന്ധങ്ങളില്‍ ഉണ്ടായിരുന്ന ആഴം നഷ്ടപ്പെട്ടുവെന്നും ചില മൂല്യച്യുതികള്‍ക്കു കാരണമായി എന്നുമൊക്കെ പലതരത്തില്‍ വിവക്ഷിക്കുകയുണ്ടായി. കാര്യം എന്തുതന്നെയുമായിക്കൊള്ളട്ടെ, ശാസ്ത്രസാങ്കേതിക വിദ്യയുടെ വളര്‍ച്ച, സാമ്പത്തികരംഗത്തുണ്ടായ പരിഷ്‌ക്കരണങ്ങള്‍, പുതിയ സാമ്പത്തികനയങ്ങള്‍ (NEP), വിദ്യാഭ്യാസ രംഗത്തുണ്ടായ നൂതനമായ മാറ്റങ്ങള്‍ എന്നിവയെല്ലാം ഒരു പുതിയ ലോകക്രമത്തിനുതന്നെ വഴിതെളിച്ചിട്ടുണ്ടെന്നതു യാഥാര്‍ത്ഥ്യമാണല്ലോ. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരായി മാറിക്കൊണ്ടിരിക്കുന്ന ഒരു പുരോഗമനപരമായ (Progressive)ഘട്ടത്തിലാണു നാമിന്ന് . അടുക്കളയില്‍ നിന്നും അരങ്ങിലേയും അതിനുമപ്പുറത്ത്, പുരുഷനോളം എല്ലാ തൊഴിലിലും ഇടപെടുന്ന സ്ത്രീ, ഇന്ന് തീരുമാനങ്ങളെടുക്കുന്നതില്‍ ശക്തരാണ്. സ്വന്തം ജീവിതം നിര്‍ണയിക്കുന്നതില്‍ ധീരയാണ്! കുടുംബമെന്ന മതില്‍ കെട്ടില്‍ നിന്നും പുറത്തുചാടുകയും കുടുംബത്തിലെ സ്ത്രീ പുരുഷ വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന എത്രയോ സ്ത്രീകള്‍, അറിഞ്ഞും അറിയപ്പെടാതെയും നമുക്കിടയിലുണ്ട്.

ഞാന്‍ അടുത്തിടെ പരിചയപ്പെട്ട ഒരു കവിയുടെ അഭിപ്രായത്തില്‍ അയാളുടെ കവിതകള്‍ 'വിവാഹം കഴിഞ്ഞ ഒരു പെണ്‍കുട്ടിയെപോലെയാണ്' എന്നുപറയുകയുണ്ടായി. എന്താണന്നു ചോദിച്ചപ്പോള്‍ വിശദീകരിച്ചു തന്നു. അതായത്, വിവാഹം കഴിഞ്ഞശേഷം വീട്ടുകാര്‍ക്ക് പെണ്ണിലുള്ള അവകാശം നഷ്ടപ്പെടുമല്ലോ. പിന്നെയല്ലാം ഭര്‍ത്താവല്ലേ. കവിതയും അതുപോലെ എഴുതിക്കഴിഞ്ഞാല്‍ അയാളുടേതല്ല വായനക്കാരുടേതാണ് എന്ന് ഇതാണ് ഒരു സാധാരണക്കാരന്റെ ബോധം ! ഭൂരിഭാഗത്തിന്റെയും .... ഈ ബോധത്തിനെന്താണു കുഴപ്പം എന്ന് പലരും ചോദിക്കും. അപ്പോള്‍ പെണ്ണിനുമേല്‍ അവള്‍ക്കല്ലതെ മറ്റുള്ളവര്‍ക്ക് അവകാശം വരുന്നത് സാമാന്യബോധം ആയി അംഗീകരിക്കപ്പെടുന്നു. ഈ ബോധത്തിനെതിരായാണ് സ്ത്രീയ്ക്ക് എന്നും പോരാടാനുണ്ടായിരുന്നത്. കാരണം ഈ പൊതുബോധമാണ് സ്ത്രീയെ അടിച്ചമര്‍ത്തുന്നതിനുള്ള ആശയപരമായ മൂലധനം.

ഒരു കുടുംബത്തില്‍ നിന്നും മറ്റൊരു കുടുംബത്തിലേക്ക് സ്ത്രീകള്‍ ഒതുക്കപ്പെടുന്നതിനും കാരണം ഈ ബോധമല്ലേ? ഏതു കുടുംബമാണിന്ന് സ്ത്രീയുടെ അഭിപ്രായം മാനിക്കുന്നത്? അദ്ധ്വാനശേഷിയുള്ള, ഊര്‍ജ്ജസ്വലരായ എത്രയോ പെണ്‍കുട്ടികളാണ് വിവാഹാനന്തരം ഇങ്ങനെ വീടുകളില്‍ ഒതുക്കപ്പെടുന്നത്.. പ്രസവിക്കുന്നതിനും വീട്ടുകാര്യങ്ങള്‍ നോക്കുന്നതിലും മാത്രമായി അവര്‍ ചുരുക്കപ്പെടുന്നത്!!

 
ഭരണഘടനാപരമായി നമുക്ക് പല സ്വാതന്ത്ര്യങ്ങളുണ്ട്, അവയെല്ലാം മറ്റൊരുവന്റെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്ന സാമാന്യതത്വത്തിലധിഷ്ഠിതമാണ്. എന്നാല്‍ നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍ , സ്ത്രീ സ്വാതന്ത്ര്യം പുരുഷ സ്വാതന്ത്ര്യത്തില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.

തനിക്കിഷ്ടപ്പെട്ട ഒരാളുമായി സംസാരിക്കുന്നതിനും സഞ്ചരിക്കുന്നതിനും സമൂഹത്തിന്റെ സമ്മതം അവള്‍ക്കാവശ്യമാണ്. അതേസമയം ഈ വിഷയത്തില്‍ ഇപ്പോള്‍ പുരുഷനും സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ആവശ്യം വന്നുചേര്‍ന്നിരിക്കുന്നതായി സമകാലീന സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. പക്ഷെ അതുപോലും സ്ത്രീയുമായി ബന്ധപ്പെട്ട് ഇന്നോളം നിലനിന്നിരുന്ന സദാചാരബോധത്തിന്റെ ഏറ്റവും പുതിയരൂപമാണ് എന്നതാണ് വാസ്തവം.


ഇനി കാര്യത്തിലേയ്ക്ക് വരാം. ആണിനും പെണ്ണിനും തമ്മിലുള്ള ഇടപെടലിനും ബന്ധം ഉണ്ടാക്കുന്നതിനും വിവാഹം നിര്‍ബന്ധം എന്ന പൊതു ബോധത്തില്‍ നിന്നും വ്യത്യസ്തമായി സ്വതന്ത്രചിന്തയുടെ ഭാഗമായി വ്യക്തി എന്ന നിലയില്‍ ആണിനും പെണ്ണിനും തീരുമാനമെടുക്കാന്‍ കഴിയുമ്പോഴാണ് അവര്‍, സാമൂഹിക മൂല്യങ്ങളെ ധിക്കരിക്കുകയും പരസ്പരസമ്മതം മാത്രം കണക്കിലെടുത്ത് യാതൊരു ഉപാധികളുമില്ലാതെ ജീവിക്കുന്നതും ഇതു നമ്മുടെ സദാചാരസമൂഹത്തിനു നേരെ വെല്ലുവിളി ഉയരുന്നതും.


വിവാഹം എന്ന 'established institution'-നു വെല്ലുവിളിയാകുന്ന ഇത്തരം ബന്ധങ്ങളെ 'live in relationship' എന്നോ 'Cohabitation' എന്നോ വിളിയ്ക്കുന്നു. വിവാഹിതരാവാതെ ജീവിക്കുന്ന ഒരു രീതിയാണിത്. സാമൂഹികമായ എതിര്‍പ്പുകള്‍ക്കിടയിലും വിവാഹതുല്യമായ ഈ ജീവിതത്തെ നീതിപീഠവും അംഗീകരിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സദാചാരപ്രശ്‌നമായി ഈ വിഷയത്തെ അവതരിപ്പിക്കുകയും നോക്കിക്കാണുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. വര്‍ദ്ധിച്ചുവരുന്ന വിവാഹാതീതമായ ആണ്‍-പെണ്‍ ജീവിതത്തെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമായി കാണാന്‍ ഭൂരിഭാഗത്തിനും കഴിയാത്തത്, ഇന്ന് സമൂഹത്തില്‍ അടിയുറച്ചു നില്‍ക്കുന്ന മതബോധത്തിന്റേയും കപട സദാചാരത്തിന്റേയും വക്താക്കളായി കഴിയാനാണ് ജനങ്ങള്‍ക്കു കൂടുതല്‍ താല്‍പര്യം എന്നതുകൊണ്ട് തന്നെയാണ്.


മറ്റൊരുകാര്യം വിവാഹമെന്നത് സ്ത്രീയ്ക്ക് നിയമപരമായി സുരക്ഷനല്‍കുന്നുവെന്നും അതിലൂടെ സന്താനങ്ങള്‍ക്ക് പിതൃത്വം ലഭിക്കുന്നുവെന്നും സമൂഹത്തില്‍ മറ്റെല്ലാ നിയമപരമായ അവകാശങ്ങളും നേട്ടങ്ങളും നേടിയെടുക്കാനാവുമെന്നും അതിനു നിയമപരമായി വിവാഹം അത്യാവശ്യമാണെന്നതാണ് നിലവിലെ പൊതുധാരണ. എന്നാല്‍ എന്തിനാണ് സ്വയം പര്യാപ്തമാകേണ്ട ഒരു സ്ത്രീ ( പുരുഷനേപോലെ) അവന്‍ ഉപേക്ഷിച്ചാല്‍ ജീവനാംശം തേടേണ്ടത് ? സ്വന്തമായി നിലനില്‍ക്കാന്‍ കഴിവുള്ള സ്ത്രീയ്ക്ക് നിയമവും ജീവനാംശപരിരക്ഷ നല്‍കുന്നില്ല, അവള്‍ക്കു അതിനു കഴിവില്ലെങ്കില്‍ മാത്രമേ Section 125 CrPC ഉപയോഗിക്കാനാവൂ എന്നതു നിയമം.


വിവാഹപൂര്‍വ്വ ലൈംഗികതയെകുറിച്ച് തമിഴ് നടി ഖുശ്ബുവിന്റെ വിവാദമായ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ കോടതി ഇടപെടലുകളില്‍ അന്നത്തെ വിധികര്‍ത്താക്കളായ ജസ്റ്റിസ്. കെ.ജി ബാലകൃഷ്ണന്‍, ജസ്റ്റിസ് ദീപക് വര്‍മ്മ, ജസ്റ്റിസ് ബി.എസ് ചൗഹാന്‍ എന്നിവരുടെ നിരീക്ഷണത്തില്‍ ഉയര്‍ന്ന ചോദ്യം ഇങ്ങനെയായിരുന്നു. 'രണ്ടുപേര്‍ ഒരുമിച്ചു ജീവിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ എന്താണതിലുള്ള കുറ്റം?' വിവാഹപൂര്‍വ്വ ലൈംഗികതയേയോ വിവാഹം കഴിക്കാതെയുള്ള ഭാര്യാഭര്‍തൃബന്ധത്തെയോ ഒരു നിയമവും എതിര്‍ക്കുന്നില്ല. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നതിനെ ആരും തന്നെ തടസ്സപ്പെടുത്തിയാലും അതു അയാളുടെ/അവളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതായിരിക്കുമെന്നു നമുക്ക് മനസ്സിലാക്കാം. കാരണം live- in- together എന്നത് ഇന്ത്യന്‍ ഭരണഘടനയിലെ 21-ാം അനുച്ഛേദത്തില്‍ (ജീവിക്കാനുള്ള അവകാശം) ഉള്‍പ്പെട്ടിരിക്കുന്നു എന്നാണ് പരമോന്നത നീതി പീഠവും പ്രസ്താവിച്ചത്. ( S. Khusboo v. Kanniammal & Anr. 2010 (4) SCALE 462).

പലരാജ്യങ്ങളിലും വിവാഹമെന്ന സ്ഥാപനമില്ലാതെ തന്നെ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചു താമസിക്കുന്നുണ്ട്. സ്‌കോട്ട്‌ലന്റിനെ സംബന്ധിച്ചിടത്തോളം ഫാമിലി ലോ (സ്‌കോട്ട്‌ലാന്റ്) ആക്റ്റ്, 2006 നിയമപരമാക്കിയിട്ടുള്ളതാണ് കൊഹാബിറ്റേഷന്‍ എന്ന ആശയത്തെ. കരാറിന്‍മേല്‍ രണ്ടുപേര്‍ ദാമ്പത്യജീവിതം സ്ഥായിയായും തുടര്‍ച്ചയായും മുന്നോട്ട് കൊണ്ടുപോവുന്നുവെങ്കില്‍ അത്തരം ബന്ധം ലിവ്-ഇന്‍-റിലേഷന്‍ഷിപ്പ് ആയി കരുതാമെന്ന് ഫ്രാന്‍സിലെ ഫ്രഞ്ച് നാഷണല്‍ അസംബ്ലി 1999-ല്‍ പാസാക്കിയ Civil Solidarity Pact or PaCS അനുശാസിക്കുന്നു. ബ്രിട്ടണില്‍ Civil Partnership Act, 2004-ന്റെ പരിധിയിലാണു വിവാഹാതീത ദാമ്പത്യത്തെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതിന്‍പ്രകാരം ദമ്പതികള്‍ക്ക് പരസ്പരം സ്വത്തിന്‍മേല്‍ യാതൊരു അവകാശവും ഉന്നയിക്കാനാവില്ല. മാത്രമല്ല നികുതി സംബന്ധമായ വിഷയങ്ങളില്‍ ഓരോരോ വ്യക്തികളായി ആണ് കണക്കാക്കുന്നതുപോലും. ഇങ്ങനെയുള്ള ദമ്പതിമാരില്‍ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ സ്വത്തില്‍ സ്വാഭാവികമായും യാതൊരവകാശവും സ്വതസിദ്ധമായി മറ്റേയാള്‍ക്കു ലഭിക്കാനുള്ള വ്യവസ്ഥയില്ല. ഇതൊക്കെയും ബ്രിട്ടണില്‍ 2011-ല്‍ ആഭ്യന്തരവകുപ്പു തയ്യാറാക്കിയ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ വിവക്ഷിക്കാവുന്നതാണ്. കാനഡയിലും നിയമപരിരക്ഷയുണ്ട് എന്നത് വളരെ പുരോഗമനപരമായി കാണാവുന്നതാണ്. രേഖകളുടെയൊന്നും അടിസ്ഥാനമില്ലെങ്കില്‍ പോലും ഒന്നിച്ചു ജീവിക്കുന്ന ദമ്പതിമാര്‍ക്കു മറ്റുള്ളവരെ പോലെ തന്നെ എല്ലാ അവകാശങ്ങളും അനുഭവിക്കാവുന്നതാണ്. അയര്‍ലണ്ടിലാണെങ്കില്‍ വിവാഹിതരല്ലാതെ 3 വര്‍ഷത്തോളം തുടര്‍ച്ചയായി ഒരുമിച്ചു ജീവിക്കുന്നതുമോ (കുട്ടിയുണ്ടെങ്കില്‍ 2 വര്‍ഷത്തോളമോ) ആയ ദമ്പതികളില്‍ നിരാലംബരും സാമ്പത്തികമായി പങ്കാളിയെ ആശ്രയിച്ചു കഴിയുന്നവരാണെങ്കില്‍ നിയമപരവും സാമ്പത്തികപരവുമായ സംരക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടു ഒരു നിയമം തന്നെ രൂപീകരിക്കാനുള്ള നടപടികളിലാണ്. ആസ്‌ട്രേലിയയിലെ കുടുംബനിയമപ്രകാരം മറ്റൊരാളെ വിവാഹം കഴിച്ചവര്‍ക്കുപോലും മറ്റൊരു വ്യക്തിയുമായി ബന്ധത്തിലേര്‍പ്പെടാവുന്നതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പറഞ്ഞ രാജ്യങ്ങളിലേതുപോലെ അത്ര വിശാലമായ ഒരു മനോഭാവവും എഴുതപ്പെട്ട നിയമങ്ങളുടെ ഭാഗത്തുനിന്നും വന്നിട്ടില്ല.


ഒരു ന്യായമായ കാലം ഒരാളോടൊപ്പം വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീക്കു ഒരു ഭാര്യയുടേതായ എല്ലാ അവകാശങ്ങളും ഉള്‍ക്കൊള്ളുന്ന പദവി നല്‍കണമെന്ന ഒരു പ്രമേയം 2008 ല്‍ മഹാരാഷ്ട്രയില്‍ അംഗീകരിക്കപ്പെടുകയുണ്ടായി. ദേശീയ വനിതാകമ്മീഷനും 2008 ല്‍ ഇതേ കാര്യത്തിനായി ശിശുമന്ത്രാലയത്തോടും സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി. ഇതേ തുടര്‍ന്നു സുപ്രീംകോടതി നിയമിക്കപ്പെട്ട ജസ്റ്റിസ് മലിമത്ത് കമ്മിറ്റിയുടെ നിരീക്ഷണവും ശ്രദ്ധേയമാണ്. അതു ഇങ്ങനെയാണ്, 'if a man and woman are living together as husband and wife for a reasonable long period, the man shall be deemed to have married the woman'.ക്രിമിനല്‍ .നടപടി നിയമത്തില്‍ നിര്‍വ്വചിച്ചിട്ടുള്ള wife എന്ന പദത്തിന് വിവാഹം കഴിച്ചിട്ടില്ലെങ്കിലും പുരുഷനോടൊപ്പം ജീവിക്കുന്ന സ്ത്രീയെയും ഉള്‍പ്പെടുത്തുന്ന രീതിയില്‍ ക്രിമിനല്‍ നടപടി നിയമത്തിനു  ഭേദഗതിയും ഈ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.
Abhijit Bhikaseth Auti Vs. State of Maharashtra and Others (CRL WP No. 2218 of 2007) എന്ന കേസിലെ നിരീക്ഷണം live-in - relationship ന്റെ സാധ്യത വ്യക്തമാക്കുന്നതാണ്. CrPC ലെ Section 125 പ്രകാരം ജീവനാംശം തേടാന്‍ live-in - relationship ലെ സ്ത്രീക്കും അര്‍ഹതയുണ്ടെന്നും അതിന് നിയമപരമായി വിവാഹത്തിന്റെ ആവശ്യകതയിലെന്നുമാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.

പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിയും ഉഭയകക്ഷിസമ്മതപ്രകാരം വിവാഹമെന്ന സ്ഥാപനത്തിന്റെ ആവശ്യമില്ലാതെ ഒന്നിച്ചു ജീവിക്കാമെന്നു വ്യക്തമാക്കിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതിയും എന്നതിന് Payal Katara Vs. Superintendent Nasi Niketan Kandri vihar Agra and others (AIR 2002 ALH section) എന്ന കേസിന്റെ വിധി നമുക്ക് മുന്നിലുണ്ട്.


ഇങ്ങനെയുള്ള ബന്ധത്തില്‍ ജനിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ 'illegitimate child' ആയി കാണപ്പെടാന്‍ പാടില്ലെന്നും പിതാവിന്റെ സ്വന്തം വസ്തുവില്‍ അതായത് അയാളുടെ സ്വപ്രയത്‌നം കൊണ്ടു ലഭിച്ച സ്വത്തില്‍ ഈ കുട്ടികള്‍ക്കും അവകാശം ഉറപ്പിക്കാനാവുമെന്നതും കോടതികള്‍ അംഗീകരിച്ചിട്ടുള്ളതാണ്. സുപ്രീംകോടതിയുടെ മറ്റൊരു വിധിപ്രകാരം നേരത്തെ വിവാഹിതരായവര്‍ക്ക് മറ്റൊരു വ്യക്തിയുമായി ലിവ്-ഇന്‍- റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടാന്‍ സാധ്യമല്ല. തന്മൂലം polygamy, polyandry എന്നിവയും ചോദ്യം ചെയ്യപ്പെടുന്നില്ല. Bharatha matha & Anr Vs. R. Vijaya Renganathan & Anr 2010 STPL (Web) 406 SC എന്ന വിധിയില്‍ ഇത് വ്യക്തമാണ്.

വിവാഹവിധേയമല്ലാത്ത ഈ ആണ്‍-പെണ്‍ ബന്ധം ഹിന്ദു വിവാഹനിയമത്തിന്റെ പരിധിയിലോ ക്രിമിനല്‍ പ്രൊസീഡര്‍ കോഡിന്റെ പരിധിയിലോ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ഗാര്‍ഹികപീഢനം നിയമത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. (Protection of Woman from Domestic Violence Act, 2005).

എന്നാല്‍ സദാചാരത്തിന്റെ പ്രഥമപ്രശ്‌നമായി സമൂഹം ആഘോഷിക്കുന്ന സ്ത്രീ-പുരുഷ ലൈംഗികത (സ്ത്രീ-പുരുഷ ലൈംഗികത എന്നുപയോഗിക്കുമ്പോഴും Homosexuals, lesbians എന്നവരുടെ പ്രശ്‌നങ്ങളുള്‍പ്പെടെ) കോടതിവിധികളിലൂടെ ഒരു വ്യക്തിയുടെ സ്വകാര്യവിഷയം മാത്രമാണ്. സ്വകാര്യമായ അവകാശവുമാണ്.


ഭരണഘടനയുടെ 21-ാം വകുപ്പില്‍ സ്വകാര്യതയ്ക്കുള്ള അവകാശം ഉള്‍ക്കൊള്ളുമെന്നും അതു വിനിയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതു ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശത്തെ തന്നെയാണ് ഇല്ലായ്മ ചെയ്യുന്നതെന്നും നിരവധിയായ കോടതി വിധികളില്‍ പലപ്പോഴും ഉറപ്പുവരുത്തപ്പെട്ടവയാണ്.... എന്നാല്‍ മനുഷ്യന്റെ സ്വകാര്യജീവിതത്തില്‍ ഇടപെടുകയും ആണ്‍-പെണ്‍ ബന്ധങ്ങളില്‍ നിയന്ത്രണം വെക്കേണ്ടത് സമൂഹത്തിന്റെ 'നല്ല പോക്കിന'് അത്യാവശ്യമാണെന്നും അതിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ഏതൊരു ജീവിതത്തെയും ചോദ്യം ചെയ്യാനും വേണമെങ്കില്‍ രണ്ടു പൊട്ടിച്ചെങ്കിലും നേരെയാക്കാനും ഉള്ള കുത്തകാവകാശവും പേറി നടക്കുകയും ചെയ്യുന്ന സദാചാരപ്രമാണിമാരുടെ ബോധത്തിനെതിരെ, സ്വകാര്യതയ്ക്കുള്ള അവകാശത്തിനോ സ്വാതന്ത്ര്യത്തിനോ ഒന്നും തന്നെ നമ്മുടെ ഈ സമൂഹത്തില്‍ നിലനില്‍പ്പില്ല. വ്യക്തിസ്വാതന്ത്ര്യങ്ങളിലേക്കു
ള്ള ഇത്തരം കടന്നുകയറ്റം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തന്നെയാവുമ്പോള്‍ നമ്മുടെ കോടതികളിലൂടെ അംഗീകരിച്ചു കിട്ടിയ സ്വകാര്യതയ്ക്കുള്ള അവകാശത്തിനു എന്തു പ്രസക്തിയാണുള്ളത്?

നിയമങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ സദാചാരവാദികള്‍ക്ക് അംഗീകരിക്കാനാവാത്തതാണ് ഇത്തരം ബന്ധങ്ങള്‍. തീര്‍ച്ചയായും നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ്, Live in relationship എന്ന പുത്തന്‍ ആശയം. എന്നാല്‍ പൂര്‍ണ്ണമായും മനസ്സിലാക്കിക്കൊണ്ട് രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും വിവാഹം എന്ന Established Institution ന്റെ ആവശ്യകത അനിവാര്യമല്ല എന്നും കരുതുന്ന ഏതൊരാള്‍ക്കും ഇത്തരം ബന്ധങ്ങള്‍ അഭികാമ്യമാണ്. അങ്ങനെ രണ്ടുപേര്‍ തമ്മിലുള്ള ഉടമ്പടി പ്രകാരമുള്ള ജീവിതത്തില്‍ സമൂഹത്തിലെ പൊതുബോധം ഇടപെടേണ്ട കാര്യമേയില്ല. പ്രായപൂര്‍ത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും ഉഭയകക്ഷിസമ്മത പ്രകാരം ഒരുമിച്ചു ജീവിക്കാം. നിയമപരമായി പറയുമ്പോള്‍ മറ്റൊരാളുടെ അവകാശത്തെ ഹനിക്കാത്തവിധം ആണെങ്കില്‍ നിയമാനുസൃതമായ എല്ലാ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും അവര്‍ അര്‍ഹരുമാണ്. തീരുമാനമെടുക്കാനുള്ള ആശ്രയത്വവും അതിലെ നിയമപ്രശ്‌നവുമൊക്കെ കടന്നുവരുന്നതു ഈ സമ്മതത്തിലെ സ്വാതന്ത്ര്യത്തിലാണ്. Free consent മുഖേനയുള്ള ആണ്‍പെണ്‍ ബന്ധങ്ങളില്‍, കാലങ്ങളായി ആഴ്ന്നിറങ്ങിയിരിക്കുന്ന സമൂഹത്തിന്റെ സദാചാര ബോധം ഇടപെടുന്നത് ആ വ്യക്തികളുടെ അവകാശങ്ങള്‍ക്ക് മേലാണ്. വ്യക്തമായ അവകാശ ലംഘനമാണിത്. ഒരു ജനാധിപത്യ സമൂഹത്തില്‍ കൂടുതല്‍ വ്യക്തി ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും പ്രസക്തിയേറുമ്പോള്‍, കാലങ്ങളായി അടിയുറച്ച പോതുസമൂഹതിലെ സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകളും ഇനിയെങ്കിലും അതനുസരിച്ച് മാറേണ്ടതല്ലേ??

12 comments:

 1. ദിവ്യാ, നന്നായി പഠിച്ചെഴുതിയിരിക്കുന്നു. ചില തുറന്നെഴുത്തുകള്‍ സമൂഹത്തിനാവശ്യമാണു. എഴുത്ത് എന്തിനെന്ന ചോദ്യം നിരന്തരം എഴുത്തുകാരന്‍ ചോദിച്ചുകൊണ്ടിരിക്കണം. എഴുത്ത് സ്വകാര്യ അഹങ്കാരമാകുമ്പോഴും അത് സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയോ സമൂഹത്തിനു നല്‍കുന്ന മരുന്നോ ആയി മാറണം. കുറഞ്ഞ പക്ഷം സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന രോഗത്തെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം..! ദിവ്യയുടെ എഴുത്ത് ആ അര്‍ത്ഥത്തില്‍ വിജയിച്ചിരിക്കുന്നു.

  ReplyDelete
 2. ‘കുടുംബം എന്ന മതിൽക്കെട്ട്’ എന്ന പ്രയോഗം പല തവണ കേട്ടിട്ടുണ്ട്. ഇവിടെയും കണ്ടു അത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന കുടുംബം എന്ന സ്ഥാപനം മതിൽക്കെട്ട് മാത്രമല്ല, ജയിലറ തന്നെയാണെന്ന് കൂടുതൽ പേർ തിരിച്ചറിയുന്നു എന്നത് സന്തോഷവും പ്രത്യാശയും നൽകുന്ന ഒരു കാര്യമാണ്. ഈ സ്ഥാപനവും (മറ്റു പലതിനെയും പോലെ കാലഹരണപ്പെട്ടേക്കും, സമീപകാലത്തുതന്നെ).

  ReplyDelete
 3. കുടുംബം എന്ന സ്ഥാപനം അതാഗ്രഹിക്കുന്നവര്‍ മാത്രം സ്ഥാപിക്കേണ്ട ഒന്നാണ്. പക്ഷേ ഇന്നതല്ല സ്ഥിതി. ഏതൊരാണും പെണ്ണും ഒരുമിച്ചു ജീവിക്കണമെങ്കിലും ആ സ്ഥാപനം ഉണ്ടാക്കിയേ പറ്റൂ എന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും ജീവിക്കുന്നത്. അതില്‍ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുന്ന ഏവരും സദാചാരവാദികളുടെ നോട്ടപ്പുളളികളായും മാറുന്നു..

  ReplyDelete
 4. thakkaliyudeum muttayudeum vilayil annu sathiyam irikkunnathennu vicharikkunn ukthivadam undallo athu shariyano !?

  ReplyDelete
 5. ദിവ്യ നന്നായിരിക്കുന്നു.
  മൂല്യങ്ങലെപറ്റിയുള്ള ഒരു വേറിട്ട ചിന്ത നന്നായി.
  നമ്മള്‍ പാചാത്യരുടെ നല്ലകാര്യങ്ങള്‍ അനുകരിക്കുന്നില്ല. തെറ്റായവ അനുകരിക്കാന്‍ താമസിക്കാരുമില്ല

  ReplyDelete