Tuesday, January 10, 2012

കൈകഴുകാന്‍ നമുക്കാവുമോ ?


കൈകഴുകാന്‍ നമുക്കാവുമോ ?
 
അപര്‍ണ ശശിധരന്‍

അടുത്ത കാലത്ത് സമൂഹത്തെ നടുക്കിയ ഒരു സംഭവമാണ് സൗമ്യയുടെ കൊലപാതകം...ആദ്യം അവഗണനയിലൂടെയും പിന്നീട് സഹതാപത്തിലൂടെയും സമൂഹം അതിനെ നേരിട്ടു. സംഭവത്തിന്‌ ശേഷം കുറച്ചു കാലത്തേക്ക് ട്രെയിനില്‍ സഞ്ചരിക്കുന്ന സ്ത്രീകളെല്ലാം ജാകരൂകരായി. ട്രെയിനില്‍ സഞ്ചരിക്കുന്ന പെണ്‍കുട്ടികലെല്‍ക്കെല്ലാം കുറെ കാലത്തേക്ക് ഉപദേശ പ്രവാഹങ്ങളായിരുന്നിരിക്കണം."പാവം പെണ്‍കുട്ടി. മരിച്ചത് നന്നായി ..ഇല്ലെങ്കില്‍ അവളുടെ ഭാവി?" എന്നോര്‍ത്ത് സമാധാനിച്ച അമ്മമാരും ഈ കൂട്ടത്തിലുണ്ടായിരുന്നു.
സൗമ്യയുടെ മരണത്തിനു ശേഷം ഈ കേരളക്കരയോട്ടാകെ സൗമ്യയുടെ അച്ചന്മാരും അമ്മമാരും ആങ്ങളമാരുമായി..അവരെ വാഴ്ത്തിപ്പാടാന്‍ സാറ ജോസെഫിനെ പോലെ പ്രമുഖവ്യക്തികളും രംഗത്തിറങ്ങി. സ്ത്രീ സ്വകാര്യസ്വത്ത് എന്നതിനു വൈരുധ്യം ഇവിടെ കാണാന്‍ കഴിയുന്നു എന്ന് ആശ്വസിക്കാം. പ്രതിയെ രക്ഷപെടുത്താന്‍ ചില ശ്രമങ്ങളുണ്ടായെങ്കിലും അവസാനം പ്രതി കുറ്റക്കാരനെന്നു കോടതി. അപ്പോഴും കോടതി വളപ്പില്‍ പ്രതിയെ ആക്രമിക്കാന്‍ രോഷാകുലരായ ജനങ്ങളുണ്ടായിരുന്നു..

സഹതാപ പ്രകടനങ്ങളും രോഷപ്രകടനങ്ങളും ഒരു ട്രെന്‍ഡ് തന്നെയായി മാറി...പ്രതിയെ ആക്രമിക്കാന്‍ തുനിഞ്ഞിറങ്ങിയ ആങ്ങളമാരോ സഹതപിക്കുന്ന അമ്മമാരോ അറിയുന്നില്ല അവര്‍ക്കീ കൊലയിലുള്ള പങ്ക്‌...സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളും സമൂഹത്തില്‍ നിന്നും പുരുഷനില്‍ നിന്നും അകന്നു കഴിയേണ്ട ഒരു വ്യത്യസ്ത വിഭാഗമാണ്‌ എന്നും കാലാകാലങ്ങളായി പഠിപ്പിച്ചുകൊണ്ടിരിക്കുന്നവരും ഈ കൊലയില്‍ പരോക്ഷമായെങ്കിലും പങ്കാളികളല്ലേ ? രാത്രി യാത്ര സ്ത്രീകള്‍ക്ക് നിഷിദ്ധമാണ് ...സ്ത്രീകള്‍ രാത്രി സഞ്ചരിക്കുമ്പോള്‍ സൂക്ഷിക്കണം..കഴിയുന്നതും ആണുങ്ങള്‍ കൂടെയുള്ളപ്പോള്‍ മാത്രം രാത്രി സഞ്ചരിക്കുക തുടങ്ങിയ ഉപദേശങ്ങള്‍ സ്ത്രീ മാസികകള്‍ പോലും ഒരു ഉളുപ്പുമില്ലാതെ അച്ചടിച്ച്‌ വില്‍ക്കുകയും ധാരാളം അമ്മമാര്‍ അത് വായിച്ചു മക്കളെ ഉപദേശിക്കുകയും വീടിനുള്ളില്‍ പൂഴ്ത്തി വെക്കുകയും ചെയ്യുന്നു...എവിടെയെങ്കിലും പോകണമെങ്കില്‍ ബോഡി ഗാര്‍ഡിനെ വെച്ചു മാത്രം പെണ്‍കുട്ടികളെ അയക്കുന്നു...(അയക്കുന്നു എന്ന് ഉപയോഗിച്ചത് മനഃപ്പൂര്‍വ്വമാണ്‌..കാരണം സ്ത്രീകള്‍ ആകുമ്പോള്‍ ജോലിക്ക് പോകുകയല്ല..ജോലിക്ക് അയക്കാറോ വിടാറോ ആണ് പതിവ്..) ഒറ്റയ്ക്കാണെങ്കില്‍ പുരുഷനില്‍ നിന്നും അകന്നു യാത്ര ചെയ്യാന്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റ് എന്ന സൌകര്യവും ഒരുക്കിയിട്ടുണ്ട്...പുരുഷനെ സ്പര്‍ശിക്കാതെ യാത്ര ചെയ്യാന്‍ ഒരുക്കിയിരിക്കുന്ന ഈ സംവിധാനത്തില്‍ ക്രമക്കേടുകള്‍ ഉണ്ട് എന്നത് ഒരു വസ്തുത...പക്ഷെ എന്തിനു ഇങ്ങനെ ഒരു സാധനം എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന പൊതുജനം സഞ്ചരിക്കുന്ന ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ യാത്ര ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ സൌമ്യക്ക്‌ ഈ അവസ്ഥ വരുമായിരുന്നില്ല...എന്നിട്ടും സ്ത്രീകള്‍ക്കായുള്ള കമ്പാര്‍ട്ട്മെന്റിന് പെയിന്റ് അടിക്കണം എന്നല്ലാതെ അത് വേണ്ട എന്നാരും പറഞ്ഞു കേട്ടില്ല... ലിംഗം അനുസരിച്ച് വേര്‍തിരിച്ചു പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ഒന്നും ഇതില്‍ നിന്നു ഒഴിഞ്ഞു മാറാനാവില്ല..


എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് രാത്രി യാത്ര സുരക്ഷിതമല്ലാത്തത്? സ്ത്രീകള്‍ക്ക് രാത്രി യാത്ര പ്രശ്നരഹിതമാകണമെങ്കില്‍ സ്ത്രീകള്‍  രാത്രി സഞ്ചരിച്ചേ പറ്റൂ. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ പ്രതികരിക്കാനും ചങ്കൂറ്റം കാണിക്കണം. ഒരു പുരുഷന്‍ പൊതുസ്ഥലത്ത് വെച്ചു ഉപദ്രവിച്ചാല്‍ പോലും മിണ്ടാതിരുന്നു സഹിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. ചിലര്‍ അതിനു പറയുന്ന ന്യായം അവരെ പ്രകൊപിപ്പിക്കണ്ട എന്ന് കരുതിയാണ് എന്നാണ്‌. പക്ഷെ അവരെ പ്രകൊപിപ്പിക്കാതിരിക്കാന്‍ പ്രതികരിക്കാതിരിക്കുന്നത് അവര്‍ക്ക് ഒരു പ്രോത്സാഹനമാവും എന്ന് ഈ സ്ത്രീകള്‍ മനസ്സിലാക്കുന്നില്ല. സൌമ്യ മരണത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു എങ്കില്‍ ഗോവിന്ദ ചാമി ശിക്ഷിക്കപ്പെടുമായിരുന്നോ..? എത്രയോ പീടനക്കെസുകള്‍ അങ്ങനെ ഇല്ലാതായിരിക്കുന്നു. വിതുര കേസിലെ പെണ്‍ കുട്ടിയെ പ്രശസ്ത സാഹിത്യകരിയും സ്ത്രീപക്ഷ വാദി എന്ന് അവകാശപ്പെടുന്നതുമായ സുഗതകുമാരി കേസിന്റെ വിചാരണ വേളയില്‍ ധൃതിയില്‍ വിവാഹം ചെയ്യിപ്പിച്ചത് ഈ കേസിനെ അട്ടിമറിക്കാന്‍ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പെണ്‍കുട്ടി കേസുമായി മുന്നോട്ടു പോയാല്‍ അവരുടെ കുടുംബ ജീവിതത്തെ അത് ബാധിക്കും എന്ന് പറഞ്ഞു പിന്നീട് കേസില്‍ നിന്നു നിരുപാധികം പിന്‍വാങ്ങിയിരുന്നു. മുമ്പ് പീടിപ്പിക്കപ്പെട്ടവരുടെ പ്രതികരണമില്ലായ്മയും ഇത്തരം സംഭവങ്ങള്‍ക്ക് ഒരു വളമായിരുന്നിരിക്കില്ലേ ?


അന്ന് തന്റെ വിവാഹത്തിന്റെ ആവശ്യത്തിനാണ് സൌമ്യ നാട്ടിലേക്ക് വന്നത്. സൌമ്യ രക്ഷപ്പെട്ടിരുന്നെങ്കില്‍ ആ വിവാഹം നടക്കുമായിരുന്നോ..? ഇന്നു സൗമ്യയുടെ ആങ്ങളമാര്‍ എന്ന് സ്വയം പ്രഖ്യാപിച്ചു നടക്കുന്ന ഏതെങ്കിലും ഒരാള്‍? ഒരു പെണ്‍കുട്ടിയോട് അല്ലെങ്കില്‍ ഏതെങ്കിലും ഒരു വ്യക്തിയോട് ഐക്യപ്പെടാന്‍ എന്തിനാണ് ഒരു ആങ്ങളയെന്ന
ലേബല്‍? ആങ്ങളയും ഭര്‍ത്താവും അച്ഛനും അല്ലാതെ മറ്റൊരാള്‍ക്കും അവളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ പാടില്ല എന്നുള്ളതുകൊണ്ടോ ? പീടിപ്പിക്കപ്പെട്ടിട്ടും മരിക്കാത്ത ഒരുപാട് പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്.അവരുടെ ജീവിതം ഇന്നെങ്ങനെയാണ് ? ഇത് പുറത്തറിഞ്ഞാല്‍ തല ഉയര്‍ത്തി നടക്കാന്‍ പറ്റില്ല എന്ന് സമൂഹം ആദ്യമേ വിധിയെഴുതിയിരിക്കുന്നു.ഒരുപക്ഷെ അങ്ങനെയൊരു വിധിയെഴുത്ത് അവളെയും ബാധിച്ചിരിക്കാം. മാധ്യമങ്ങളില്‍ പോലും അവള്‍ മുഖം മറക്കുന്നത് സമൂഹത്തിന്റെ ഈ വിധിയെ പേടിച്ചിട്ടാവാം. എന്തുകൊണ്ടാണ് റെജിന എന്ന യുവതിക്ക് സൌമ്യക്ക്‌ കിട്ടിയ അത്ര ആങ്ങളമാരെ കിട്ടാഞ്ഞത് ? എന്തുകൊണ്ടാണ് അവര്‍ പരിഹസിക്കപ്പെടുന്നത്...? പ്രതി എന്ന് ആരോപിക്കപ്പെട്ട ആള്‍ മത്സരിച്ചു മന്ത്രി വരെയായി.ഇത്തരക്കാരെ ഉയര്‍ത്തി നടക്കുന്ന ആളുകളും സൗമ്യയുടെ ആങ്ങളമാരുടെ കൂട്ടത്തില്‍ ഉണ്ടാവില്ലേ ?


രോഷപ്രകടനങ്ങളും സഹതാപവര്‍ഷങ്ങളുമല്ല, സൌമ്യയുടെ മരണം പുതിയ പാഠങ്ങള്‍ പറഞ്ഞു തരുന്നു. അത് ഉള്‍ക്കൊള്ളാനുള്ള മനസ്സാണ്  വേണ്ടത്. ഒരു സ്വയം വിശകലനം അനിവാര്യമായിരിക്കുന്നു. സൌമ്യമാര്‍ ആവര്തിക്കപ്പെടുമ്പോള്‍ അതില്‍ നമുക്കുള്ള പങ്കെന്ത് എന്ന് ഓരോരുത്തരും മനസ്സിലാക്കേണ്ടിയിരിക്കുന്നു.


No comments:

Post a Comment