Thursday, April 12, 2012

സമരങ്ങളുടെ വസന്ദത്തിന് ഐക്യദാര്‍ഢ്യം



 സമരങ്ങളുടെ വസന്തത്തിന് ഐക്യദാര്‍ഢ്യം

സാമ്രാജ്യത്വത്തിനു കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ലോകത്താകമാനം പോരാട്ടങ്ങളുടെ ഒരു ഘോഷയാത്ര തന്നെ നടക്കുകയാണ്. പഴയ ചട്ടക്കൂടുകളെ തകര്‍ത്തുകൊണ്ട് പുതിയ മുന്നേറ്റങ്ങള്‍ ചരിത്രമെഴുതുകയാണ്. അസമാനതയെ ചോദ്യം ചെയ്തുകൊണ്ടും തങ്ങളെ വരിഞ്ഞുമുറുക്കിയ നീരാളിക്കൈകളെ ഓരോന്നായി അരിഞ്ഞുവാഴ്ത്തിക്കൊണ്ടും ആണ് ലോക ജനത മുന്നേറുന്നത്.

ലോകമുതലാളിത്തം മാര്‍ക്‌സ് തിരിച്ചുവരുന്നത് മനസ്സില്ലാ മനസ്സോടെ അംഗീകരിക്കുന്ന അതി വിസ്മയാവഹമായ ചരിത്ര സന്ദര്‍ഭം കൂടിയാണിത്. ഒരു കാലത്ത് ചരിത്രത്തിന്റെ അന്ത്യം പ്രഖ്യാപിച്ച വ്യവസ്ഥിതി ചരിത്രത്തിന്റെ ഉയര്‍ന്ന രൂപത്തിലുള്ള ആവര്‍ത്തനം കണ്ട് ഭയചകിതമാകുന്നതിനും നമ്മള്‍ സാക്ഷ്യം വഹിച്ചു. 'ആ തെമ്മാടി മുതലാളിത്തത്തെപറ്റി എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കാന്‍' പറയേണ്ടുന്ന സ്ഥിതിയിലേയ്ക്കാണ് ലോകം മാറിയതെന്നതാണ് ലോക മുതലാളിത്തത്തിന്റെ തന്നെ പരിണാമം. അതിന്റെ ഉത്തമ ദൃഷ്ടാന്തം തന്നെയാണ് ഇന്ത്യയിലുയര്‍ന്നുകൊണ്ടിരിക്കുന്ന ജനകീയ പോരാട്ടങ്ങള്‍. ഇവയൊന്നും തന്നെ മുഖ്യധാര പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലല്ലാനടക്കുന്നത്. മാത്രമല്ല അവരിന്ന് എതിര്‍പക്ഷത്താണ്.അവരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടാണ് ഇത്തരം ചെറുത്തു നില്‍പ്പുകള്‍ മുന്നേറുന്നത്. ഈ ഒരു വീക്ഷണത്തിലൂടെ നോക്കിയാല്‍ ഇന്ന് ഇന്ത്യയില്‍ വ്യത്യസ്ത തലങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന സമരങ്ങള്‍ തമ്മില്‍ അദൃശ്യമായൊരു ബന്ധം സൂക്ഷിക്കുന്നതായി കാണാം. ഒന്ന്, പാവപ്പെട്ടവര്‍ക്കൊപ്പം വ്യവസ്ഥാപിത ഇടതുപക്ഷം ഇല്ല. മറിച്ചു ആരുടെ പ്രശ്‌നങ്ങളെയാണ് അവര്‍ അഭിസംബോധന ചെയ്യുന്നത് എന്നത് മുഖ്യധാര ഇടതുപക്ഷങ്ങളുടെ വര്‍ഗ്ഗ സ്വഭാവത്തെയാണ് രാഷ്ട്രീയമായി വെളിച്ചത്തു കൊണ്ടുവരുന്നത്.

ഈ ഒരു സന്ദര്‍ഭത്തില്‍ സമരങ്ങള്‍ മുമ്പത്തെക്കാള്‍ കൂടുതല്‍ ദോഷവും നിലവിലെ വ്യവസ്ഥിതിക്ക് കടുത്ത അപകടവുമാണെന്നത് വ്യക്തമല്ലേ. അതുകൊണ്ടാണ് ചരിത്രത്തിലെങ്ങുമില്ലാത്തവിധം ജനകീയ സമരങ്ങളെ എത്ര നിഷ്ഠൂരമായും അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഈ അടിച്ചമര്‍ത്തലിന് ഇന്നത്ത വ്യവസ്ഥാപിത ഇടതുപക്ഷവും കൂട്ടിനുണ്ടെന്ന യാഥാര്‍ത്ഥ്യം വേറെ. നന്ദിഗ്രാംസിങ്കൂര്‍ സമരം ദേശീയ തലത്തിലും ചെങ്ങറ സമരവും ഭൂമിക്കു വേണ്ടിയുള്ള ആദിവാസികളുടെ മുത്തങ്ങ സമരവും കേരളത്തിലും ഈ ഒരുമാറ്റത്തിന്റെ തുടക്കമായി കാണാവുന്നതാണ്. പിന്നീടിങ്ങോട്ട് ശക്തമായ സമരങ്ങലുടെ വേലിയേറ്റമായിരുന്നു. ഇത്തരം സമരങ്ങളെ തകര്‍ക്കുന്നതിന് ഭരണകൂടം ഏതു നെറികെട്ട കളിയും കാണിക്കുന്നു. 'മാവോയിസ്റ്റ്' ബന്ധവും 'തീവ്രവാദി' ബന്ധവുമൊക്കെ ആരോപിച്ച് ജനകീയ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തുന്നതിനും അവയ്ക്ക് നേതൃത്വം നല്‍കുന്നവരെ ദ്രോഹിക്കുന്നതിനും ഭരണകൂടം ശ്രമിക്കുന്നു. . എന്നാല്‍ ഇത്തരം തച്ചുതകര്‍ക്കലുകളെ സധൈര്യം നേരിടാനുള്ള ശക്തി ഇത്തരം സമരങ്ഹള്‍ ആര്‍ജിച്ചുകൊണ്ടിരിക്കുന്ന എന്നത് ആഹ്ലാദകരമാണ്. വിളപ്പില്‍ശാല സമരത്തില്‍ അതിന്റെ അലയൊലി നമ്മള്‍ കണ്ടതാണ്. അവിടെ സമരം ജനങ്ങളുടെ ഉത്സവമായി പരിണമിക്കുകയായിരന്നു. ബി.ഒ.ടി ടോള്‍പിരിവെനെതിരായി പാലിയക്കര നടക്കുന്ന സമരം, ലാലൂരില്‍ മാലിന്യ പ്രശ്‌നത്തിനെതിരായി നടന്നു വരുന്ന സമരം ഞെളിയമ്പറമ്പ്, കൂടംകുളം എന്നിവിടങ്ങളില്‍ നടടന്നുവരുന്ന സമരങ്ങള്‍ നഴ്‌സ്മാരുടെ സമരം എന്നുവേണ്ട എല്ലാ ദിക്കിലും ജനദ്രോഹ നടപടികള്‍ക്കെതിരായി ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്നതും അവയ്ക്ക് രൗദ്രഭാവം കൈവരുന്നുവെന്നതും ഒരേസമയം ഭരണാധികാരികള്‍ക്കും നിലവിലെ ചൂഷണവ്യവസ്ഥയ്ക്കും ഉള്‍ക്കിടിലങ്ങള്‍ സമ്മനിക്കുമ്പോള്‍ വിപ്ലവ പക്ഷത്തിന് പ്രതീക്ഷയും ഊര്‍ജ്ജവും സമ്മാനിക്കുന്നു. കേരളത്തില്‍ ഉയര്‍ന്നു വരുന്ന സമരങ്ങളുടെ വസന്തത്തിന് വിദ്യാര്‍ത്ഥിമാസിക ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

3 comments:

  1. അഭിവാദ്യങ്ങള്‍.....ആയിരമായിരം വിപ്ലവാഭിവാദ്യങ്ങള്‍.....

    ReplyDelete
  2. അഭിവാദ്യങ്ങള്‍.

    ReplyDelete