Tuesday, May 14, 2013

ഇടതുബദലെന്ന കടമയാണ് ടി.പി ഞങ്ങളില്‍ അര്‍പ്പിച്ചത്


ആല്‍ബിന്‍

ത്ര ധാര്‍ഷ്ഠ്യത്തോടെയാണ് സി.പി.ഐ.എം-ഉം പിണറായി വിജയനും കേരളത്തിലെ ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്നത്. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും ഇന്ത്യ ഭരണഘടനയിലെങ്കിലും ജനാധിപത്യം എഴുതി വെച്ചിരിക്കുന്ന രാജ്യമാണെന്നുള്ള യാഥാര്‍ത്ഥ്യത്തിലേയ്ക്ക് സി.പി.ഐ.എം നേതൃത്വം എത്തുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിനു കാരണം അതിന്റെ കുലം തന്നെയാണ്. അത് ഇന്ന് രാഷ്ട്രീയ പ്രയോഗം നടത്തുന്നത് മാര്‍ക്‌സിസം-ലെനിനിസത്തില്‍ നിന്നല്ല . മുസോളിനിയില്‍ നിന്നും ഹിറ്റ്‌ലറില്‍ നിന്നും പോള്‍ പോട്ടില്‍ നിന്നുമാണ്. അതാണ് ജനാധിപത്യത്തിനെതിരായി കുലത്തെ കുറിച്ച് പറയുന്നത്. കുലത്തിന്റെ സിദ്ധാന്തം നമുക്ക് പറഞ്ഞു തന്നത് മനുവും ചാണക്യനുമാണ്. ചാണക്യതന്ത്രമാണിന്നു പാര്‍ട്ടിയെ നയിക്കുന്നത്. അത് കൊണ്ടാണ് തങ്ങളുടെ കൂടെ പ്രവര്‍ത്തിച്ച സഖാവിനെ, ഭിന്നാഭിപ്രായം മുഖം നോക്കി വിളിച്ചു പറഞ്ഞ മനുഷ്യ സ്‌നേഹിയെ, പോരാടുന്ന ജനതയുടെ, പണിയെടുക്കുന്നവന്റെ പടപ്പാട്ടുകാരനായ ധീര കമ്മ്യൂണിസ്റ്റിനെ നാല് മിനുട്ടിനുള്ളില്‍ അമ്പത്തിയോന്നു വെട്ടു കൊണ്ട് തലച്ചോറ് അതി നിഷ്ഠൂരമായി ചിന്നി ചിതറിച്ച് നിശ്ചലമാക്കിയത്.

തലച്ചോറിനോട്, ശാസ്ത്ര ഭാഷയില്‍ പറഞ്ഞാല്‍ മസ്തിഷ്‌കത്തോട് എന്നും ഭരണവര്‍ഗത്തിന് വിരോധമാണ്. അതുകൊണ്ടാണ് സോക്രട്ടീസിന് വിഷം നല്‍കിയപ്പോള്‍ ആ മസ്തിഷ്‌കം തകരണമെന്നു ഭരണകര്‍ത്താക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നത്. യേശുവിനു മുള്‍ക്കിരീടം സമ്മാനിച്ചത്. 'ഇവന്റെ മസ്തിഷ്‌കം ഇനി 20 കൊല്ലത്തേക്ക് പ്രവര്‍ത്തിക്കരുത് ' എന്നാണു ഗ്രാംഷിയെ തടവറയില്‍ തള്ളുമ്പോള്‍ മുസോളിനി ആക്രോശിച്ചത്....ഹോ! എന്തൊരതിശയം! എന്ത് ബീഭത്സമീ ചരിത്രാവര്‍ത്തനം.

പ്രിയ സഖാക്കളെ, നമ്മള്‍ സംസാരിക്കേണ്ടത് കുലത്തെ കുറിച്ചാണോ വര്‍ഗത്തെ കുറിച്ചാണോ എന്നതാണ് ആദ്യം പരിശോധിക്കേണ്ട വിഷയം. കമ്മ്യൂണിസ്റ്റുകാര്‍ എന്നും കുലം നിഷേധികള്‍ ആണു. അവര്‍ക്ക് വര്‍ഗമാണ് പ്രധാനം, വര്‍ഗമെന്നത് പാര്‍ട്ടി മാനേജരുടെ ശിങ്കിടികള്‍ അല്ല. തൊഴിലാളി വര്‍ഗമെന്നത് സ്വന്തം അധ്വാനമല്ലാതെ മറ്റൊന്നുമില്ലാത്തതും മിച്ച മൂല്യം സൃഷ്ടിക്കുന്നതുമായ, പണിയെടുക്കുന്ന വിഭാഗം എന്ന് മാര്‍ക്‌സിസം പറഞ്ഞപ്പോള്‍ ഈ ശിങ്കിടികളെ തൊഴിലാളി വര്‍ഗ്ഗമായി പാര്‍ട്ടി സെക്രട്ടറി തെറ്റി ധരിച്ചുവോ? ശരിയാണ് സര്‍, ഈ ശിങ്കിടികള്‍ അധ്വാനിക്കുന്ന വര്‍ഗം തന്നെയാണ്. ദയവു ചെയ്ത് ഇവരെ തൊഴിലാളിവര്‍ഗത്തിലല്ല അറക്കവാള്‍ വര്‍ഗത്തില്‍ ആണ് ഉള്‍പ്പെടുത്തേണ്ടത്. കാരണം ഇവര്‍ക്ക് കൊയ്യാനുള്ളത് കമ്മൂണിസ്റ്റുകാരുടെ തലകള്‍ ആണ്. പണിയാനുള്ളത് പാര്‍ട്ടിയുടെ സ്വര്‍ഗ്ഗലോകം ആണ്. നാട്ടാനുള്ളത് ഫാസിസത്തിന്റെ ആത്മാവ് കുടിയിരുത്തപ്പെട്ട ചെങ്കൊടിയാണ്.

ആ അറക്കവാള്‍ വര്‍ഗത്തെ ഉപയോഗിച്ച് നിങ്ങള്‍ കൊയ്‌തെറിഞ്ഞത് ധീരനായ കമ്മ്യൂണിസ്റ്റിനെയാണെങ്കില്‍ നിങ്ങള്‍ പടച്ചു വിടുന്നത് തോറ്റുതരാന്‍ മനസില്ലാത്ത ചങ്കൂറ്റമുള്ള കോടാനുകോടി ചന്ദ്രശേഖരന്മാരെയാണ്. നിങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും തറയ്ക്കാതെ അവരടങ്ങുകയില്ല. ഓര്‍മ്മകള്‍ നന്ന്. ചരിത്രം അങ്ങനെയാണ്. ഒരു ഫാസിസ്റ്റു തേര്‍വാഴ്ചയും അധികനാള്‍ അരങ്ങു വാണിട്ടില്ല . മുസോളിനിക്കുണ്ടായ വിധി ചരിത്രത്തില്‍ ഇടം പിടിക്കുന്നത് നിങ്ങള്‍ക്കുള്ള താക്കീതായാണ് . എത്ര ഗീബല്‍സന്‍മാരെ നിങ്ങള്‍ പടച്ചുവിട്ടും കാര്യമില്ല. അതൊക്കെ കേവലം മണല്‍ തിട്ടകള്‍ മാത്രാമായി അവശേഷിക്കും. ഏതു കൊളോസിയത്തില്‍ നിങ്ങള്‍    പോയൊളിച്ചാലും തീപ്പന്തമായല്ല, തിളങ്ങിന്ന സൂര്യന്‍ ആയി കടന്നു വരും, കരുതിയിരിക്കുക . നിങ്ങള്‍ പറയുന്നു ഞങ്ങള്‍ സി പി ഐ എംനെ തകര്‍ക്കാനായി നില്‍ക്കുന്നവര്‍ ആണെന്ന്. തീര്‍ച്ചയായും നിങ്ങള്‍ പറയുന്നത് ശരിയാണ്. എന്നാല്‍ ഞങ്ങള്‍ വ്യക്തികളെ ഉന്മൂലനം ചെയ്യാനല്ല മറിച്ചു സി പി ഐ എം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ തകര്‍ക്കാന്‍ തന്നെയാണ് നിലകൊള്ളുന്നത്. എന്ത് കൊണ്ടാണത്? കാരണം സി പി ഐ എം ഒരു വലതുപക്ഷ പാര്‍ട്ടി മാത്രമാണ്. പണിയെടുക്കുന്ന വര്‍ഗത്തെ ഇവിടുത്തെ സമ്പന്നനു വേണ്ടി കുരുതി കൊടുക്കുന്ന പാര്‍ട്ടിയാണതെന്ന് ബംഗാളില്‍ നാം കണ്ടതാണ്. സ്വന്തം വര്‍ഗത്തെ കശാപ്പ് ചെയ്യാന്‍ അവര്‍ക്കൊരു മടിയുമുണ്ടായില്ല. അതേ നിഷ്ഠൂരത തന്നെയാണ്, അതേ കഠിന കഠോര ഹൃദയം തന്നെയാണ്, അതേ വഞ്ചനയുടെ മൂര്‍ത്തിമദ്ഭാവമാണ് ആ പാര്‍ട്ടി സഖാവ് ടി പി യെ 30 വെള്ളി കാശിനായി വക വരുത്തിയപ്പോഴും കണ്ടത്. ഒരു മര്‍ദ്ദനത്തില്‍ അവസാനിക്കാവുന്ന ശരീരത്തില്‍ 51 വെട്ടുവെട്ടുന്നതിന്റെ ആവശ്യകത എന്താണ്, ഈ ഭയപ്പെടുത്തല്‍ അല്ലാതെ? അത്തരത്തിലുള്ള ഒരു പാര്‍ട്ടി, ഒരു ജനാധിപത്യ സമൂഹത്തിനു ഉള്‍ക്കൊള്ളാനാവുന്നതാണോ? ഒരു ജനാധിപത്യ പാര്‍ട്ടി പോലുമാകാത്ത ഈ പാര്‍ട്ടിക്കെങ്ങനെ സോഷ്യലിസം കൊണ്ട് വരാന്‍ ആകുമെന്ന് ഇനിയും നമ്മള്‍ ചോദിച്ചില്ല എങ്കില്‍ നമ്മള്‍ ചരിത്രത്തോട് ചെയ്യുന്ന അനീതിയാകും.

കോണ്‍ഗ്രസ് ഒരിക്കലും ആഗ്രഹിക്കില്ല സി പി ഐ എം തകരണമെന്ന്. കാരണം ഇന്ത്യയിലെ ഏറ്റവും ശക്തമായ സേഫ്ടി വാല്‍വ് ആണ് സി പി ഐ എം. ഇന്ത്യയിലെ വിപ്ലവ പ്രവര്‍ത്തനത്തിന് ഏറ്റവും വലിയ തടയണയാണിത്. കാരണം വിപ്ലവത്തെ സ്‌നേഹിക്കുന്ന, കമ്മ്യൂണിസത്തെ സ്‌നേഹിക്കുന്ന, ചെങ്കൊടിയെ നെഞ്ചോടണക്കുന്ന ജന ലക്ഷങ്ങളെ വിപ്ലവത്തില്‍ നിന്നകറ്റുന്ന പ്രസ്ഥാനം ആണത്. അത് കൊണ്ടാണ് പല രാഷ്ട്രീയ സന്ദര്‍ഭങ്ങളിലും കോണ്‍ഗ്രസ് സി പി ഐ എംനോട് കൂട്ടുകൂടുന്നതും സഹായം അഭ്യര്‍ത്ഥിക്കുന്നതും.  അതുകൊണ്ട് തന്നെയാണ് ഇവിടത്തെ കോണ്ഗ്രസ് പ്രതിസന്ധിയില്‍ ആകപ്പെടുമ്പോള്‍ സി പി ഐ എമ്മിനു വിറളി    പിടിക്കുന്നതും. യു പി എ സര്‍ക്കാര്‍ തൂക്കു പാര്‍ലമെന്റിലേക്ക്        പോകുമ്പോള്‍ ഇവിടത്തെ അധികാരി വര്‍ഗത്തിനുണ്ടാകുന്ന അനിശ്ചിതത്വത്തെ, പ്രതിസന്ധിയെ പരിഹരിക്കാന്‍ സുര്‍ജിത് സഖാവ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് മണിമാളികകള്‍ തോറും ഓടി നടന്നത് ഇവിടെ ആരും മറന്നിട്ടില്ല.. പാര്‍ലമെന്റില്‍ സീറ്റ് എണ്ണം കൂട്ടാന്‍, വിദ്യാഭ്യാസ മാഫിയ കളിക്കുന്ന മെത്രാന്മാരുടെയും ഉസ്താതുമാരുടെയും എന്‍ എസ് എസ്/ എസ് എന്‍ ഡി പി മുതലായ മത ശക്തികളുടെയും അരമന കയറുന്ന സി പി ഐ എമ്മിനു ശരിയായ ഇടതു ബദലിനായി പോരാടുന്ന കമ്മ്യൂണിസ്റ്റുകാരെ വിമര്‍ശിക്കാന്‍ എന്ത് ധാര്‍മികാവകാശം.? അപ്പോഴൊക്കെ ഈ വലതു ശകതികള്‍, വലതു ശകതികള്‍ അല്ലാതായിത്തീര്‍ന്നോ? ഇവര്‍ വിപ്ലവ കമ്മ്യൂണിസ്റ്റുകള്‍ ആയിരുന്നോ? എന്തിനു? പി ഡി പി ക്കാരനും സോളിഡാരിറ്റിമൊക്കെയായി വരെ അധികാരം പങ്കിടാന്‍ ഇവര്‍ക്ക് മടിയില്ല എന്നതാണ് നേര് . ആ സി പി ഐ എം ആണ് ടി പി ചന്ദ്രശേഖരന്‍ എന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റിനെ കള്ളന്‍ എന്ന് വിളിക്കുന്നത്. അദ്ദേഹത്തിന്റെ ധീരയായ ജീവിത സഖാവിന്റെ വാക്കുകളെ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ ജല്‍പനങ്ങള്‍ ആണെന്ന് പറഞ്ഞു അധിക്ഷേപിച്ചു. എത്ര മാത്രം സ്ത്രീ വിരുദ്ധമാണ് നിങ്ങളുടെ പാര്‍ട്ടി എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഒരു സ്ത്രീയ്ക്ക് ഇത്തരം സാന്നിദ്ധ ഘട്ടത്തില്‍ ധീരമായ നിലപാട് എടുക്കാന്‍ കഴിയില്ലെന്ന് നിങ്ങളെ പഠിപ്പിച്ച മാടമ്പി ആരാണ് സര്‍? ഇത് കേള്‍ക്കുന്ന അനേകായിരം സ്ത്രീകള്‍ ഉണ്ട്, അവര്‍ ഈ പാര്‍ട്ടിയെ കാര്‍ക്കിച്ചു തുപ്പും.

ഇപ്പോള്‍ നിങ്ങള്‍ പറയുന്നു സ്ഥാനമോഹിയാണ് ചന്ദ്രശേഖര     നും അദ്ദഹേത്തിന്റെ സഖാക്കളുമെന്നു. ഏതു സ്ഥാനമാണ് സുഹൃത്തുക്കളെ ചന്ദ്രശേഖരന്‍ മോഹിച്ചത്? അങ്ങനെ സ്ഥാനം മോഹിച്ചിരുന്നുവെങ്കില്‍ അദ്ദേഹം സി പി ഐ എം ല്‍ തുടരുമായിരുന്നു .അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ പോകുമായിരുന്നു. അങ്ങനെ പലരും പോയല്ലോ, എം വി രാഘവനും ഗൗരിയമ്മയും അടക്കം ഏറ്റവും അവസാനമായി സെല്‍വ്വ രാജും. അവര്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടി. അങ്ങനെ പോയിരുന്നുവെങ്കില്‍ ഞങ്ങളുടെ ടി പി ഇപ്പോഴും ഈ ഭൂമിയില്‍ ജീവനോടെ അവശേഷിച്ചേനെ. നിങ്ങള്‍ക്കെളുപ്പം അദ്ദേഹത്തെ തോല്‍പ്പിക്കാനാവുമായിരുന്നു . നോക്കൂ ഇന്ന് നിങ്ങള്‍ നേരിടുന്ന പ്രതിസന്ധി എന്ത് കൊണ്ടാണ്? എന്ത് കൊണ്ടാണ് കേരള ജനത ടി പി ക്ക് വേണ്ടി ഹൃദയാശ്രു പൊഴിക്കുന്നത്? ടി പി വലതു പക്ഷത്തേക്ക് കൂറ് മാറിയ വലതനല്ല, മറിച്ചു സാമ്രാജ്യത്വത്തിനെതിരായി , അധീശ വര്‍ഗങ്ങള്‍ക്കെതിരായി , പണിയെടുക്കുന്നവന്റെ, സാധാരണക്കാരന്റെ താല്പര്യം ഉയര്‍ത്തി പിടിച്ച ധീരനായ കമ്മ്യൂണിസ്റ്റാണ്. അവന്‍ രക്തസാക്ഷിത്തം വരിച്ചത് ഞങ്ങള്‍ക്കൊരു കടം ബാക്കി വെച്ചിട്ടാണ് . ഇവിടത്തെ വര്‍ഗവഞ്ചകരായ സി പി ഐ എം മുതലായ കപട ഇടതു പക്ഷത്തിനും കൊണ്‍ഗ്രസിനും ബി ജെ പി യും മറ്റു വര്‍ഗീയ പാര്‍ട്ടികള്‍ അടങ്ങുന്ന വലതു പക്ഷത്തിനുമെതിരെ, പാവപ്പെട്ടവനു വേണ്ടി അവന്റെ ജീവിത സ്വപ്‌നങ്ങള്‍ക്ക് വേണ്ടി ഒരു ഇടതു ബദല്‍ രൂപപ്പെടുത്തുക എന്ന ഭാരിച്ച കടം. ആ കടം ഞങ്ങള്‍ നിറവേറ്റുക തന്നെ ചെയ്യും.

No comments:

Post a Comment