Tuesday, May 14, 2013

സഖാവ് ചന്ദ്രശേഖരന്‍ ധീരനായിരുന്നു


വിനീത് നായര്‍


സഖാവ് ചന്ദ്രശേഖരന്‍ വധം സമകാലികരാഷ്ട്രീയത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നത് കേവലം ഒരു തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടതു കൊണ്ടു മാത്രമല്ല. അതിന്റെ രാഷ്ട്രീയപക്ഷം ഇവിടുത്തെ ഇടതുപക്ഷത്തിന്റെ ജീര്‍ണ്ണതകളെയും അപചയങ്ങളെയും പുറന്തള്ളുന്നതുകൊണ്ടു കൂടിയാണ്. സത്യത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ആരായിരുന്നു ചന്ദ്രശേഖരന്‍? പാര്‍ട്ടിയുടെ നയപരമായ വ്യതിയാനങ്ങളിലും, വലതുവത്കരണത്തിലും പാര്‍ട്ടിയെ ഉപേക്ഷിക്കുമ്പോള്‍ ചന്ദ്രശേഖരന്‍ ഇത്രമാത്രം ശക്തനാവുമായിരുന്നു എന്നാരും ചിന്തിച്ചില്ല. എന്നാല്‍ തന്നിലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിന്റെ ചെറുപുഞ്ചിരിയും, സോഷ്യലിസ്റ്റ് ചിന്താധാരകളും ഒഞ്ചിയത്തെ മാത്രമല്ല കോഴിക്കോട്ടെ നിരവധി സി.പി.എം പ്രവര്‍ത്തകരെയും അനുഭാവികളെയും തുറന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ആ ചിന്തകളുടെ നിരന്തരമായ പ്രഹരങ്ങളാണ് ഇന്ന് സി.പി.എം നേതൃത്വം ഇവിടെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതും.

അനേകം വിപ്ലവപാതകളും വിമതപാതകളും നാം ചരിത്രത്തില്‍ വായിച്ചറിഞ്ഞിട്ടുണ്ട്. അതൊക്കെ തന്നെ ഒരു പ്രദേശത്തെ മാത്രമല്ല, ഒരു രാജ്യത്തെയാകമാനം മാറ്റിയതും നമ്മള്‍ കണ്ടിരിക്കുന്നു. ക്യൂബയും, റുമാനിയയുമൊക്കെ അതില്‍ ചിലതുമാത്രം. അതുകൊണ്ട് തന്നെ കേരളത്തിലെ ഒഞ്ചിയമെന്ന ഈ 'ലിറ്റില്‍ ക്യൂബ'യെ നെഞ്ചോട് ചേര്‍ത്തുവച്ച സഖാവ് ടി.പി തന്നോടൊപ്പം നിന്നവര്‍ക്ക് പങ്ക് വച്ചത് നിറഞ്ഞ സ്‌നേഹവും ഒരിക്കലും അണയാത്ത വിപ്ലവജ്വാലകളുമായിരുന്നു. അദ്ദേഹം ഒരിക്കലും ഒരു നേതാവായിരുന്നില്ല, ആയിരുന്നെങ്കില്‍ സ്ഥാനമോഹികളുടെ പട്ടികയിലെ വെറുമൊരു പേര് മാത്രമായി അധികാരത്തിന്റെ പിന്നാമ്പുറങ്ങളിലെ വഴിയില്‍ അപരിചിതനായി മാറുമായിരുന്നു.
തന്നോടൊപ്പം വന്നവരെ, തന്നില്‍ വിശ്വസിച്ചിറങ്ങിയവരെ മുന്നില്‍ നിന്ന് വഴികാട്ടിയ അവരിലെ തന്നെ പക്വതയാര്‍ന്ന ഒരു സഖാവ് മാത്രമായിരുന്നു ടി.പി.

ചുരുട്ടിപ്പിടിച്ച വലതുമുഷ്ടി വെറും മുദ്രാവാക്യങ്ങള്‍ മാത്രമല്ലെന്നും, അതില്‍ നാം മുറുകെപ്പിടിക്കേണ്ട കുറേ കമ്മ്യൂണിസ്റ്റ് മൂല്യബോധമുണ്ടെന്നും ടി.പി ഇവിടെയുള്ള ഓരോ കമ്മ്യൂണിസ്റ്റിനെയും ഇന്നും പഠിപ്പിക്കുന്നുണ്ട്. അത് പാര്‍ട്ടി പഠനക്ലാസുകളില്‍ പഠിച്ച അനുസരണച്ചുവയുള്ള, ലിഖിതരൂപങ്ങളായല്ല, വറ്റാത്ത വിയര്‍പ്പുകണങ്ങളുള്ള പ്രായോഗികതയുടെ നട്ടെല്ലുള്ള വാക്കുകളായാണ് ഇന്ന് നമ്മിലേക്ക് കടന്നുവരുന്നത്. ആ വാക്കുകള്‍ക്ക് തീപ്പന്തമാവാനല്ല, ഒരിക്കലും കെട്ടുപോവാത്ത തിളങ്ങുന്ന ഒരുഗ്‌നി നക്ഷത്രമായി നമ്മെ വഴികാട്ടാനുള്ള കെല്‍പ്പാണുള്ളത്.

ഫാസിസത്തിന്റെയും അതിനെ പിന്‍പറ്റിക്കൊണ്ട് വന്ന അരാജകത്വത്തിന്റെയും ഫലമായി രാഷ്ട്രീയമായി രക്തസാക്ഷികളായ ഒരുപാട് സഖാക്കന്മാര്‍ ഇന്നിവിടെയുണ്ട്. അവരില്‍ പലരും നിഷ്‌ക്രിയരാവുകയും ചിലര്‍ വലതുപക്ഷത്തേക്ക് മാറുകയും ചെയ്തപ്പോള്‍, ടി.പി അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി ഒരു ബദല്‍ കമ്മ്യൂണിസത്തെ ഇവിടെ സ്വപ്നം കണ്ടു. അതിലേക്കുള്ള ചവിട്ടുപടികള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുമ്പോഴാണ് നിഷ്ഷ്ഠൂരമായ ഒരു രക്തസാക്ഷിത്വത്തിന് നാം സാക്ഷികളായത്. അമ്പത്തൊന്ന് വെട്ടുകള്‍, ആ വെട്ടുകള്‍ ഏറ്റത് സഖാവ് ടി.പിയുടെ മുഖത്ത് മാത്രമായിരുന്നില്ല. ഇന്നാട്ടിലെ ലക്ഷോപലക്ഷം വരുന്ന, ജനാധിപത്യത്തെ കയ്യാളുന്ന സാധാരണക്കാരന്റെ മുഖത്തുകൂടിയായിരുന്നു. അതുകൊണ്ട് തന്നെയാണ് വെറുമൊരു പ്രാദേശികഹര്‍ത്താലിലും, നിരോധനാജ്ഞയിലും അവസാനിക്കുമെന്ന് കൊലയാളികള്‍ കരുതിയ ഈ ക്രൂരമായ നരഹത്യ ജനാധിപത്യകേരളം ഒന്നാകെ ചര്‍ച്ച ചെയ്തതും.

ആശയപരമായ സമരം ജനാധിപത്യത്തെ കൂടുതല്‍ ശക്തമാക്കുമെന്നാണ് പാര്‍ട്ടിക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത്. എന്നാല്‍ നേതൃത്വം മാറുന്നതിനനുസരിച്ച് ആശയവും മാറുമെന്നാരും പഠിപ്പിച്ചിരുന്നില്ലല്ലോ സഖാക്കളേ. ആ മാറിയ ആശയങ്ങളോട് സമരസപ്പെട്ട് പോവാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടിക്ക് പുറത്ത് അതേ ആശയങ്ങളോടെ പ്രവര്‍ത്തിക്കാനുമാവില്ലെന്നും നിങ്ങള്‍ തന്നെ തെളിയിച്ചിരിക്കുന്നു. ഇതാണോ കമ്മ്യൂണിസം? അറിയില്ല. ഇന്ന് ഞാനും നിങ്ങളുമൊന്നും പഠിച്ചതോ കേട്ടതോ അല്ല കമ്മ്യൂണിസം. അതിന് കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ റെഡിമെയ്ഡ് നട്ടെല്ലുണ്ട്. കുത്തകമുതലാളിത്തത്തിന്റെ ആര്‍ക്കും കീഴടങ്ങാന്‍ മടിക്കുന്ന, തെറ്റുതിരുത്താന്‍ ശ്രമിക്കാത്ത, സ്‌നേഹവും ആര്‍ദ്രതയും നഷ്ടപ്പെട്ട ഒരു ഹൃദയമുണ്ട്. അതെ, ഇന്ന് ഇതൊക്കെയാണ് കമ്മ്യൂണിസം. നിങ്ങളും ഞങ്ങളുമെല്ലാം നേഞ്ചേറ്റ് വിളിച്ച മുദ്രാവാക്യങ്ങള്‍ ഇന്ന് എവിടെയൊക്കെയോ ഇടറി വീഴുന്നു. ഞങ്ങളതറിഞ്ഞു, പക്ഷേ നിങ്ങള്‍ ഇപ്പൊഴും അതറിയുന്നില്ല. ജനാധിപത്യവിരുദ്ധമായ അനുസരണം എന്ന മഞ്ചല്‍ ചുമന്ന് നിങ്ങള്‍ ഇപ്പൊഴും പാര്‍ട്ടിക്ക് വേണ്ടി തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നു. ആ വിളികള്‍ ജനഹൃദയങ്ങളിലേക്കൊഴുകുകയല്ല, നിങ്ങളുടെ തന്നെ നെഞ്ചില്‍ കുത്തിക്കയറുകയാണെന്ന് നിങ്ങള്‍ എപ്പോഴാണറിയുക.


സഖാവ് ടി.പി ഞങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചു തന്ന സ്‌നേഹോഷ്മളമായ കമ്മ്യൂണിസ്റ്റ് പാതകള്‍ വലിയൊരു വിപ്ലവവും കാത്ത് കിടക്കുന്നുണ്ട്. അത് രക്തരൂഷിതമായ വിപ്ലവമല്ല, ആശയസമരങ്ങളില്‍ നിന്നുയര്‍ന്നുപൊങ്ങിയ പ്രത്യയശാസ്ത്ര വിപ്ലവമാണത്. ആ വിപ്ലവത്തിനെ നേരിടാന്‍ നിങ്ങള്‍ക്കാവില്ല. കാരണം പാര്‍ട്ടി ഇന്ന് വെറുമൊരു അസ്ഥികൂടം മാത്രമായിക്കൊണ്ട് ചുരുങ്ങുകയാണ്. ആ അസ്ഥികൂടത്തിന്റെ കോര്‍പ്പറേറ്റ് നട്ടെല്ല് പുതിയൊരു സാമ്രാജ്യം തേടിപ്പോകുന്നതോടെ അത് തകരും. ആ തകര്‍ച്ചയില്‍ നേതാക്കളേ, നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല. നഷ്ടപ്പെടുന്നത് ഇവിടുത്തെ സാധാരണക്കാരനാണ്, അവന്റെ സ്വപ്നങ്ങളാണ്, അവന്‍ കേട്ട കഥകളിലെ ധീരരക്തസാക്ഷ്യങ്ങള്‍ക്കാണ്, അവരുടെ ചോരയ്ക്കാണ്.

സഖാവ് ചന്ദ്രശേഖരന്‍ ഇവിടെ പോരാടിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയല്ല. ഇവിടെ നുഴഞ്ഞുകയറിയ ഫാസിസത്തിനും അതിന്റെ കാവലാളുകളായ ഗുണ്ടാസംഘങ്ങള്‍ക്കുമെതിരെയായിരുന്നു. പക്ഷേ, മൂല്യച്യുതി വന്ന നവമാര്‍ക്‌സിസ്റ്റുകളേ, നിങ്ങള്‍ കൊന്നുകളഞ്ഞല്ലോ ഞങ്ങളുടെ പ്രിയസഖാവിനെ എന്ന് വിങ്ങിക്കൊണ്ട് നില്‍ക്കാന്‍ മാത്രം ദുര്‍ബലരും ഭീരുക്കളുമല്ല ടി.പിക്കൊപ്പമുണ്ടായിരുന്നവര്‍. അദ്ദേഹം പകര്‍ന്നുതന്ന ആശയങ്ങളും അദ്ദേഹമെടുത്ത ധീരമായ നിലപാടുകളും ഞങ്ങളും ഏറ്റെടുക്കുന്നു. ഒരു പുതിയ തലമുറ അതേറ്റുവാങ്ങുമെന്നു ഞങ്ങളുറച്ച് വിശ്വസിക്കുന്നു. അതു കണ്ട് സഖാവ് അങ്ങകലെ നിന്ന് പുഞ്ചിരിക്കും, അത് നിങ്ങളെ പുച്ഛിച്ചുകൊണ്ടായിരിക്കില്ല, മറിച്ച് ധീരമായ, സ്വന്തം നട്ടെല്ലില്‍ നിവര്‍ന്നു നില്‍ക്കുന്ന കുറെ കമ്മ്യൂണിസ്റ്റുകളെ കണ്ട, തന്റെ പ്രത്യാശകളെക്കുറിച്ചുള്ള ഓര്‍മ്മകളിലായിരിക്കും.

ചന്ദ്രശേഖരന്‍ ഒരു കുലംകുത്തിയായിരുന്നോ അല്ലയോ എന്ന് ഒരു പാര്‍ട്ടി സെക്രട്ടറി പറഞ്ഞതുകൊണ്ട് മാത്രം അങ്ങനെയാവില്ല. ആരാണ് കുലംകുത്തി എന്നത് ഇവിടെ ചരിത്രം തെളിയിക്കും. അന്ന് ഇതേ നാവ് കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ഈ കുലംകുത്തിയെ വാഴ്ത്തിപ്പാടും. ആ വാഴ്ത്തുകള്‍ക്ക് പക്ഷേ കുറ്റബോധത്തിന്റെ, പശ്ചാത്താപത്തിന്റെ നീറ്റലുകളുണ്ടാവും. ശീതീകരിച്ച കൊളോസിയത്തിലെ നേതാക്കള്‍ അന്നുമിവിടെയുണ്ടെങ്കില്‍ നിങ്ങള്‍ അവരുടെ മുന്നില്‍ ചെന്ന് ഉറക്കെ വിളിച്ചുപറയും എന്ന് ഞങ്ങള്‍ക്കുറപ്പാണ്. 'സഖാവ് ചന്ദ്രശേഖരന്‍ ധീരനായിരുന്നു'.

No comments:

Post a Comment