Tuesday, May 14, 2013

ഇത് വീടിന്റെ മേല്‍ക്കൂര പൊളിക്കേണ്ട കാലം


കെ അജയന്‍
കേരളത്തിലെ കാമ്പസ്സുകളെ ഒറ്റ നിറം കൊണ്ട് അടയാളപ്പെടുത്താനാവശ്യപ്പെട്ടാല്‍ ഏതായിരിക്കും നാം തിരഞ്ഞെടുക്കുക? പ്രതിഷേധത്തിന്റെ ചുവപ്പോ ആദര്‍ശത്തിന്റെ വെള്ളയോ ആകാന്‍ തരമില്ല. നിലച്ചുപോയ ശ്വാസത്തിന്റെയോ, ചടുലമല്ലാത്ത ചുവടുകളുടേയോ നിറം ഏതാണെന്ന് അന്വേഷിക്കേണ്ടി വരും. വല്ല മഞ്ഞയോ മറ്റോ? വിളറിപ്പോയ എന്നും ഒരേ അളവില്‍ പുറത്തുവിടുന്ന നിശ്വാസത്തിന്റെ നിറം. അരാഷ്ട്രീയത എന്ന വാക്കിന് ഇത്ര ഭീകരമായ ഒരര്‍ത്ഥമാകാന്‍ കഴിയും എന്ന് നാമിന്ന് തിരിച്ചറിയുന്നു. ആദ്യത്തെ കൊടിയും ആദ്യത്തെ ആര്‍പ്പും ഉയരുക കാമ്പസ്സില്‍ നിന്നായിരിക്കും എന്ന് പറഞ്ഞ പൂര്‍വ്വികന് പ്രഫഷണലിസത്തെ പറ്റി എന്തറിയാം നമ്മള്‍ അടിമത്തം ഇരന്നു വാങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍.

മറവി ഒരു സാമൂഹ്യ രോഗമാണെന്ന് നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് എം.എന്‍ വിജയന്‍ മാഷാണ്. നാം നയിച്ച സമരങ്ങളേയും സമരം നടമാടിയ വഴികളേയും മഴയായ് പെയ്തിറങ്ങിയ തുടിതാളങ്ങളുടെയും ഗദ്ദറിനേയോ, സുരാസുവിനേയോ ഓര്‍മ്മിപ്പിക്കുന്ന അരങ്ങിനെ വേര്‍തിരിച്ചെടുക്കാനാവാത്ത തെരുവുകളേയും ഒക്കെ മറന്ന് ഒരു കാമ്പസ്സ് സെലക്ഷനോ, ഒരു റിയാലിറ്റി ഷോയോ ഒക്കെയായി കേരളത്തിലെ കാമ്പസ് ചുവടുമാറിയെങ്കില്‍ അതിനുത്തരവാദികള്‍ കപ്പലില്‍ തന്നെയുണ്ട്. കെ.എസ്.യുവോ എ.ബി.വി.പി.യോ ചിന്തകളെ വഴിതിരിച്ചുവിടുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടാകാന്‍ തരമില്ല. കാരണം അവര്‍ വഴിയില്‍ നിന്ന് എന്നേ തെറിച്ചു പോയവരാണ്.അതുകൊണ്ട് തന്നെയാണ് എല്ലാ കണ്ണുകളും ചൂണ്ടു വിരലുകളും എസ്.എഫ്.ഐയിലേയ്ക്ക് നീളുന്നത്. വിദ്യാഭ്യാസ മേഖലയുടെ മുഴുവന്‍ കല്‍വിളക്കായിരുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം അരാഷ്ട്രീയതയുടെ മുലപ്പാല്‍ കുടിച്ചുകൊണ്ട് വഴിതിരിച്ചുവിട്ടിരിക്കുന്നു. നമ്മള്‍ നിരന്തരം ഉരുവിടാറുള്ളതുപോലെ കാമ്പസ് എന്നത് ഒറ്റപ്പെട്ട ഒരു ദ്വീപ സമൂഹമല്ല. ജീവിച്ചിരിക്കുന്ന നാടിന്റെ നേര്‍പരിച്ഛേദം തന്നെയാണത് അതുകൊണ്ട് തന്നെ ചലനവും ജീര്‍ണ്ണതയും അതേ അളവില്‍തന്നെ ആ മതിലുകളിലൂടെ അരിച്ചിറങ്ങും. അതുകൊണ്ടുതന്നെയാണ് നിരുപദ്രവകരമായ നയങ്ങളും വ്യക്തികേന്ദ്രീകൃതങ്ങളുമല്ലാത്ത ഒറ്റ സമരങ്ങളും കുറേ കാലമായി വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കാമ്പസ്സിനകത്തും പുറത്തുമുണ്ടാകാത്തത്. വിദ്യാര്‍ത്ഥി സംഘടനകള്‍ വിശിഷ്യ ഇടതുപക്ഷം ചേരുന്നു എന്ന് പ്രഖ്യാപിച്ചവ തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്തെ ചുവന്ന ലിപികള്‍ കൊണ്ട് അടയാളപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. അത്യന്തം ചൂഷണത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിനകത്തും സമരസപ്പെടുത്തുന്ന സമരങ്ങളുടെ ചൂഷണത്തിലേയ്ക്ക് കൂപ്പുകുത്താന്‍ മാത്രം ശീലിച്ച നേതൃത്വം മുഴുവന്‍ വിദ്യാര്‍ത്ഥിസമൂഹത്തിന്റെയും കലാപ കമ്പനങ്ങളെയാണ് ഒറ്റുകൊടുക്കുന്നത്.

എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തിന്റെ വലതുപക്ഷ വ്യതിയാനത്തെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ എസ്.എഫ്.ഐ സമ്മേളനങ്ങളും അതിന്റെ പരിപാടിയില്‍ വരുത്തിയ പരിഷ്‌കരണങ്ങളും മാത്രം ശ്രദ്ധിച്ചാല്‍ മതി. വിദേശ ഫണ്ടിങ്ങിന്റെ ചുഴിയില്‍പ്പെട്ടുകൊണ്ട് എപ്രകാരമാണോ സി.പി.ഐ.എം എന്ന സംഘടന പൂര്‍ണ്ണമായും സോഷ്യല്‍ ഡെമോക്രസിലേയ്ക്ക് വഴുതി വീണത് അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തന്നെയാണ് എസ്.എഫ്.ഐ നിയോലിബറല്‍ നയങ്ങളുടെ വക്താക്കളായി മാറിയത്. എപ്പോഴും പുരോഗമനമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കും എന്നുള്ളതാണ് നിയോലിബറലിസത്തിന്റെ സവിശേഷത. ജനകീയാസൂത്രണവും കുടുംബശ്രീയുമൊക്കെ ജനകീയ ജനാധിപത്യ വിപ്ലവത്തിലേയ്ക്കുള്ള ചെങ്കല്‍പാതകളാണെന്ന് വിശേഷിപ്പിക്കാന്‍ അവര്‍ക്കൊട്ടും മടിയുണ്ടായിരുന്നില്ല. അതുപോലെയാണ് ഇന്നും എസ്.എഫ്.ഐ വര്‍ഗ്ഗീയ കക്ഷികളെ മാത്രം ശത്രുക്കളായി കാണുകയും ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ അധിനിവേശത്തിനെതിരെയും കണ്ണടക്കുകയും ചെയ്യുന്നത്. വര്‍ഗ്ഗീയതയ്‌ക്കെതിരെ എന്ന് നടിക്കുകയും അവര്‍ണ്ണര്‍ക്കെതിരെ മാത്രം പട്ടികക്കലാപങ്ങള്‍ നടത്തുകയും അതിന്റെ വീറിലും വാശിയിലും കുറേ വിയര്‍പ്പു തുള്ളികളെ ഇപ്പോഴും സംഭരിച്ചുവരികയുമാണവര്‍ ചെയ്യുന്നത്. ഒരര്‍ത്ഥത്തില്‍ അതൊരു നിഴല്‍യുദ്ധമാണ്. സാമ്രാജ്യത്വ വിരുദ്ധ സമരത്തിനു പൂരകമായിടാത്ത ഫാസിസ്റ്റ് വിരുദ്ധ സമരങ്ങള്‍ക്ക് എന്താണ് പ്രസക്തി? സാമ്രാജ്യത്വത്തിന്റെ അസ്ഥിയിന്‍മേല്‍ കൂടുകൂട്ടിയിരിക്കുന്നവരാണ് ഫാസിസ്റ്റുകള്‍. തീര്‍ച്ചയായും അവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍ ഒരു ശത്രു കൂടിയേതീരു. അങ്ങനെ എ.ബി.വി.പിക്കാരന്റെ ശത്രുത സമ്പാദിച്ചു എന്ന ഒറ്റ ഗുണം കൊണ്ട് എസ്.എഫ്.ഐ ഇന്നും കാമ്പസ്സുകളിലെ ഇടതുപക്ഷ നാട്യമായി നിലകൊള്ളുന്നു. വൈകാരികത തളം കെട്ടി നില്‍ക്കുന്ന രാഷ്ട്രീയ പരിസരമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ എസ്.എഫ്.ഐയുടെ അടിസ്ഥാനം. മുപ്പതോളം വരുന്ന രക്തസാക്ഷികളുടെ ഇരമ്പിയാര്‍ക്കുന്ന സ്മരണകള്‍ക്ക് ഇരുമ്പുകൂടത്തിന്റെ ശക്തിയുണ്ടാകും എന്നത് സ്വാഭാവികം മാത്രം. വെള്ളക്കൊടിയില്‍ നിന്ന് സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നീക്കം ചെയ്യാന്‍ പോലും തുനിഞ്ഞ ഒരു പ്രസ്ഥാനത്തിന്, വിദ്യാര്‍ത്ഥി സംഘടനക്ക് യോജിച്ചവയല്ല ആ മുദ്രാവാക്യങ്ങള്‍ എന്നു കണ്ടെത്താന്‍ വലിയ മടിയൊന്നുമുണ്ടായില്ല എന്നത് ചരിത്രം. പ്രത്യയശാസ്ത്രത്തെ കപ്പലണ്ടി പൊതിയാന്‍ കൊടുത്ത ഈ സംഘടന ഇന്നും നിലനില്‍ക്കുന്നത് ഫാസിസ്റ്റ് വിരുദ്ധ കാപട്യം കൊണ്ടും (പലയിടത്തും എന്‍.ഡി.എഫ് ഫാസിസ്റ്റുകള്‍ അല്ലാതാവുന്നുണ്ടെന്നതും 'തണ്ണിമത്തന്‍' എന്ന പ്രയോഗം തന്നെ നിലനില്‍ക്കുന്നുണ്ടെന്നതും ഓര്‍ക്കുക) രക്തസാക്ഷിത്വത്തിന്റെ പലിശയിലും ആണെന്നതുമാണ് വസ്തുത.


പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ വിദ്യാര്‍ത്ഥിയും കേരളത്തിലെ ആദ്യത്തെ രക്തസാക്ഷിയുമായിരുന്ന സ.സെയ്തലിയുടെ സ്മരണയെത്തന്നെ തൂക്കി വിറ്റുകൊണ്ടാണവര്‍ അധപതനത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയത്. സെയ്തലി വധക്കേസില്‍ പ്രതിയും പിന്നീട് തിരുത്തല്‍ പ്രക്രിയ മൂലം പതിമൂന്നാം പ്രതിയുമായി മാറിയ ശങ്കരനാരായണന്‍, പൂര്‍വാശ്രമം വെടിഞ്ഞ് ബാബു എം പാലിശ്ശേരിയെന്ന വേഷപ്രഛന്നനായി എത്തിയപ്പോള്‍ അദ്ദേഹത്തിന് വോട്ടുപിടിക്കാനും തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും എസ്എഫ്‌ഐ മുമ്പിലെത്തിയിരുന്നു. ഒരു പ്രമേയവും ആ സ്ഥാനാര്‍ത്ഥിക്കെതിരെ പുറംലോകം കണ്ടില്ല. അടിയന്തിരാവസ്ഥക്കാലത്ത് ക്യാമ്പസ് സന്ദര്‍ശ്ശിക്കാനെത്തിയ കെ. കരുണാകരനെ ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ട് എതിരേറ്റ വനിതാ സഖാക്കളുടെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് പൂര്‍വാശ്രമത്തിലെ ശങ്കരനാരായണന് ജയജയ പാടിയതെന്നോര്‍ക്കണം.

മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റു പോലെ സ്വാശ്രയ കോളേജുകള്‍ ആരംഭിക്കാന്‍ മുതിര്‍ന്ന കാലത്ത് അതിനെതിരെ ഭരണകൂട യന്ത്രത്തിന്റെ പീറ വെടിയുണ്ടകള്‍ വിരിമാറിലേറ്റുവാങ്ങി മണ്ണിനെ പുളകിതരാക്കിയ റോഷനും ഷിബുലാലും മധുവും ബാബുവും രാജീവനും: കൂത്തുപറമ്പിന്റെ അനശ്വര നക്ഷത്രങ്ങള്‍, അവരുയര്‍ത്തിയ കലാപക്കൊടികളെ ജി.പി.സി നായരുടെയും എന്‍എസ്എസ്സിന്റെയും എംഇഎസ്സിന്റെയും ഒക്കെ അടുക്കളയില്‍ പണയം വച്ചിട്ട് കൂണുപോലെ ഉയര്‍ത്തുന്നതില്‍ ഉപ്പായി പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐക്ക് സാധിച്ചു. സ്വാശ്രയ കോളേജുകള്‍ അല്ല തെറ്റ് മറിച്ച് ഫീസ് ഘടനയാണെന്ന തിരിച്ചറിവില്‍ നിന്ന് വെളിപാടു പോലെ അതും അവര്‍ ക്ഷമിച്ചിരിക്കുന്നു. ഓരോ വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്യുമ്പോള്‍ മാത്രം കൊടിയുയര്‍ത്തുന്ന ഇവര്‍ എന്തുകൊണ്ട് അവര്‍ക്ക്് ചാടി മരിക്കാന്‍ തക്ക ഉയരത്തില്‍ കോളേജുകള്‍ ഉയരാന്‍ സമ്മതിച്ചു? സഖാവിന്റെ മകന്‍ ലണ്ടനില്‍ പഠിക്കുന്നതു കൊണ്ട് ഒരു സ്വാശ്രയ വിരുദ്ധ സമരത്തിനും ഇനി സ്‌കോപ്പുണ്ടാകാന്‍ വഴിയില്ല.

തൃശ്ശൂര്‍ ജില്ലയിലെ എസ്എഫ്‌ഐയെ ചോര കൊടുത്ത് പടുത്തുയര്‍ത്തിയ ലാലപ്പനെന്ന വിപിന്‍ലാലിനെ ആരും അത്ര പെട്ടന്ന് മറക്കാന്‍ വഴിയില്ല. പഠനത്തിനു ശേഷവും വര്‍ഷങ്ങളോളം മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന എസ്എഫ്‌ഐയുടെ തൃശ്ശൂര്‍ ഏരിയാ കമ്മറ്റിയുടെ സെക്രട്ടറി കൂടിയായിരുന്ന ആ സഖാവ് ഒരു കൊള്ളിയാന്‍ മറഞ്ഞ പോലെയാണ് മാഞ്ഞു പോയത്. വളവുകളും തിരിവുകളുമുള്ള പാതയുടെ കയറ്റിറക്കങ്ങളില്‍ ആരോ മുള്ളുകള്‍ വിതറിയിരിക്കുന്നു എന്ന് ഞങ്ങള്‍ ഇന്നും വിശ്വസിക്കുന്നു. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് അദ്ദേഹത്തെ സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി. എന്നിട്ടും ജില്ലയിലെ പോരാളികള്‍ ലാലപ്പന്റെ പിന്നില്‍ അണിചേര്‍ന്നു. ജീവിതത്തിന്റെ അവസാന യാത്രയിലും എസ്എഫ്‌ഐക്കു വേണ്ടി തുടിച്ച ആ ജീവിതത്തെ അവഹേളിക്കുന്നതില്‍ നേതാക്കന്മാര്‍ മത്സരിക്കുകയായിരുന്നു. ഇ.കെ.ബാലന്‍, കെ.ആര്‍.തോമസ്, ആര്‍.കെ.കൊച്ചനിയന്‍, കെ.എസ്.വിപിന്‍ലാല്‍ എന്നിവരുടെ ചിത്രം ആലേഖനം ചെയ്ത കലണ്ടര്‍ വിതരണം ചെയ്യാന്‍ എസ്എഫ്‌ഐ ഏരിയാ കമ്മറ്റി തീരുമാനിച്ചതിനെ അന്നത്തെ സംസ്ഥാന സെക്രട്ടറി സ്വരാജ് നായര്‍ എതിര്‍ത്തതിന്റെ ചേതോവികാരം ഇന്നും ദുരൂഹമാണ്. അത് വിതരണം ചെയ്തതിന്റെ പേരില്‍ ആ ഏരിയാ കമ്മറ്റി തന്നെ പിരിച്ചു വിടുകയാണവര്‍ ചെയ്തത്.

എന്നിട്ടും ആവേശത്തിരയിളക്കുന്ന പ്രസംഗങ്ങള്‍ക്ക് ഉപ്പും കറിവേപ്പിലയുമായി രക്തസാക്ഷിപ്പട്ടിക അവര്‍ നിവര്‍ത്തും. കൈയടിയും വോട്ടും വാങ്ങും. ഈ കപട വൈകാരികതയുടെ ലേബലില്‍ എസ്എഫ്‌ഐക്ക് എത്ര കാലം ക്യാമ്പസുകളെ ഭരിക്കാനാകും. തിരിച്ചറിവ് എന്നത് അല്ലെങ്കിലും വൈകി മാത്രം വരുന്നതാണെന്നതിന്റെ ദൃഷ്ടാന്തം കേരളത്തിലെ ക്യാമ്പസുകള്‍ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയം പറയാതെ ഇനി എസ്എഫ്‌ഐക്കാരന് അധികകാലം അവരെ അഭിസംബോധന ചെയ്യാനാവില്ല. ക്യാമ്പസുകളെ വന്ധ്യംകരിക്കുന്ന നാകിനെതിരെ ഒരു പ്രമേയം പോലും പാസാക്കാത്ത, റിയാലിറ്റി ഷോകളുടെ വോളണ്ടിയര്‍മാരാകാന്‍ മാത്രം വിധിക്കപ്പെട്ട യൂണിയന്‍ അംഗങ്ങളുടെ ചിലവില്‍ എസ്എഫ്‌ഐക്ക് ഇനി തടിച്ചു കൊഴുക്കാന്‍ കഴിയില്ല. എസ്എഫ്‌ഐ എന്ന വീട്ടില്‍ ഇന്ന് ആള്‍താമസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് അല്പം വാടകക്കാരൊഴിച്ച് ബാക്കിയുള്ളവരെയെല്ലാം ആട്ടിയോടിച്ചിരിക്കുന്നു. ശേഷിച്ചവര്‍ ഇറങ്ങിപ്പോന്നിരിക്കുന്നു. ആ വീട്ടിനകത്ത് പടയൊരുക്കങ്ങളല്ല മറിച്ച് ആഘോഷങ്ങളാണ് നടത്തുന്നത്, കാലത്തെയും ചരിത്രത്തേയും രക്തസാക്ഷി കുടീരത്തെയും നോക്കുകുത്തികളാക്കിക്കൊണ്ട്. ഒരുകാലത്ത് വിശക്കുമ്പോള്‍ ചോറുതരികയും വെയിലത്ത് തണലും തന്നതുകൊണ്ട്, അതിനെ അത്രമാത്രം സ്‌നേഹിച്ചിരുന്നതു കൊണ്ടാണ് മേല്‍ക്കൂര പൊളിക്കാതെ ഇത്ര കാലം സഹിച്ചിരുന്നത്. വീടിന്റെ ആകാര ഭംഗിയെക്കാളും പട്ടിണിക്കാരന്റെ ഉന്തിയ വയറ്റിലേക്കാണ് കണ്ണു തുറക്കുന്നത് എന്നത് കൊണ്ട് വീടു വിട്ടിറങ്ങുകയാണ്. ഒരു സഖാവ് പറഞ്ഞതു പോലെ ആര്‍ത്തിരമ്പുന്ന കാട്ടുകടന്നലുകളോടൊത്ത് ഒരു പുതിയ വീടു പണിയാന്‍. ജെ.എന്‍.യുവിലെയും, നേപ്പാളിലേയും വസന്തം അതിന് പ്രേരകമാവുമെന്നത് തീര്‍ച്ച.

 
(എസ് എഫ് ഐ മുന്‍ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി അംഗമാണ് ലേഖകന്‍)
No comments:

Post a Comment