Tuesday, May 14, 2013

കേരള ജനത ടി.പി.ക്കൊപ്പമാണ്


 ലാല്‍ ഷിദീഷ്
മരങ്ങളുടെ പാതയിലൂടെയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നുവന്നത്. പുന്നപ്ര വയലാര്‍ സമരങ്ങള്‍. ഒഞ്ചിയം ചെറുത്തുനില്‍പ്പുകള്‍. കയ്യൂരിലെയും കരിവള്ളൂരിലെയും കര്‍ഷക സമരങ്ങള്‍. കാവുമ്പായിയിലെയും ചിറയ്ക്കലിലെയും കര്‍ഷക സമരങ്ങള്‍ തുടങ്ങിയ സമര പോര്‍മുഖങ്ങളിലൂടെ സഖാക്കളുടെ രക്തം സാക്ഷിയാക്കി വളര്‍ന്നുവന്ന പ്രസ്ഥാനം ഇന്ന് സമരങ്ങളുടെ പാത മറക്കുന്നുവെന്നു മാത്രമല്ല ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഇടതു സര്‍ക്കാറിന്റെ കാലത്ത് കിനാലൂരില്‍ പോലീസ് നടത്തിയ നരനായാട്ട് കേരള മനസാക്ഷിയെ ഞെട്ടിച്ചതാണ്. മൂലമ്പിള്ളിയിലെയും ചെങ്ങറയിലെയും സമരങ്ങളോട് മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുഖം തിരിച്ചു നിന്നു. കേരളത്തെ മുഴുവന്‍ ബാധിക്കുന്ന ദേശീയപാത സ്വകാര്യവത്കരണത്തിനെതിരെയുള്ള സമരങ്ങളോടും ശത്രുതാ മനോഭാവമായിരുന്നു മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്.

അവിടെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കടമകള്‍ എന്തൊക്കെയാണെന്നുള്ള ചോദ്യം ഉയര്‍ന്നുവരുന്നത്. ഒരു കമ്യൂണിസ്റ്റുകാരന്റെ പോരാട്ടം ജന്‍മിത്വത്തിനെതിരായിരിക്കണം. മുതലാളിത്തതിനെതിരായിരിക്കണം. സാമ്രാജ്യത്വത്തിനെതിരായിരിക്കണം. പാര്‍ട്ടി നേതാക്കന്‍മാര്‍ ആധുനിക ജന്‍മികളായി മാറുമ്പോള്‍, മുതലാളിമാരുടെ ബഡാദോസ്തുക്കള്‍ ആയി മാറുമ്പോള്‍, രാഷ്ട്രീയ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാത്ത അണികള്‍ പാര്‍ട്ടിയില്‍ നിന്നും വിട പറയും. അങ്ങനെ വിട പറയുന്ന ചേര്‍ച്ചയുള്ള മാനസങ്ങള്‍ വീണ്ടും ഒത്തുചേരും. ഇടതുപക്ഷത്തിന് ആഴത്തില്‍ വേരോട്ടമുള്ള കേരള മണ്ണില്‍ വ്യവസ്ഥാപിത നിലപാടുകളുമായി പുതിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉദിച്ചുയരും.

അതാണ് ഒഞ്ചിയം എന്ന രക്തസാക്ഷി ഗ്രാമത്തില്‍ നാം കണ്ടത്. തളിക്കുളത്തും ഷൊര്‍ണ്ണൂരിലും കുന്ദംകുളത്തും മാവൂരിലും അത്തോളിയിലും പുതിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു. ഇടതുപക്ഷം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പ്രസ്ഥാനങ്ങള്‍ നിറവേറ്റാത്ത കടമകള്‍ ഞങ്ങള്‍ നിറവേറ്റും എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞുകൊണ്ട്. ഒഞ്ചിയത്ത് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച വേളയില്‍ സ. ടി പി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞതും അതായിരുന്നു. 'സി പി എമ്മിന്റെ പ്രഖ്യാപിത നിലപാടുകളില്‍ ഉള്ള എന്നാല്‍ സി പി എം നടപ്പാക്കാത്ത നയങ്ങള്‍ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് നമ്മള്‍ നടപ്പിലാക്കും'.

നയപരിപാടികളില്‍ ഉറച്ചു നിന്നുകൊണ്ട് ശക്തമായ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായാണ് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചു പോന്നത്. സി പി എമ്മിനുണ്ടായിരുന്ന എല്ലാ വര്‍ഗ്ഗ ബഹുജന സംഘടനകളും റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്കുമുണ്ടായിരുന്നു. എസ്എഫ്‌ഐ (റെവല്യൂഷണറി), ഡിവൈഎഫ്‌ഐ (റെവല്യൂഷണറി), സിഐടിയു (റെവല്യൂഷണറി), മഹിള അസോസിയേഷന്‍ (റെവല്യൂഷണറി) തുടങ്ങി നവബാലസംഘം വരെ ആര്‍എംപിയ്ക്കുണ്ടായിരുന്നു. ടി പി ചന്ദ്രശേഖരന്‍ എന്ന സംഘാടകനും രക്തസാക്ഷി ഗ്രാമത്തിലെ മനസുകളും ഒത്തുചേര്‍ന്നപ്പോള്‍ ഒരു സ്വപ്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒഞ്ചിയത്ത് ഉടലെടുത്തു. ഒഞ്ചിയത്തുകാര്‍ക്ക് ടി പി ഒരു നേതാവായിരുന്നില്ല തങ്ങളില്‍ ഒരാളായിരുന്നു. ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് അനര്‍ഗനിര്‍ഗളം പ്രസംഗിച്ച് നേതാവായ വ്യക്തി ആയിരുന്നില്ല ടി പി. ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിച്ച്, സമരങ്ങള്‍ നയിച്ച്, ഒരു രക്തസാക്ഷി ഗ്രാമത്തിന്റെ മുഴുവന്‍ മനസ് കീഴടക്കിയ സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സ്വാതന്ത്ര സമരം തൊട്ട് ഫ്രഞ്ച് വിപ്ലവം വരെ നമ്മള്‍ പഠിച്ചിട്ടുണ്ട്. വാക്കുകള്‍ കൂട്ടി വായിക്കാന്‍ കഴിഞ്ഞ പ്രായത്തില്‍. ഒഞ്ചിയം സമരത്തെ കുറിച്ച്, രക്തസാക്ഷികളെ കുറിച്ച് ഒഞ്ചിയത്തുകാര്‍ കേട്ടറിഞ്ഞത് അമ്മയുടെ മുലപ്പാലിന്റെ കൂടെയാണ്. അതു തന്നെയാണ് ഒഞ്ചിയത്തുകാരുടെ രാഷ്ട്രീയ ബോധവും സംസ്‌ക്കാരവും.

സി പി എമ്മിന്റെ പടിയിറങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും വലതുപക്ഷത്തേക്ക് പോവാതെ, തങ്ങളെക്കാള്‍ കരുത്തരായ ഇടത് പക്ഷമായി റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വളര്‍ന്നു വന്നത് കുറച്ചൊന്നുമല്ല സി പി എം നേതാക്കളെ അലോസരപ്പെടുത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപമെടുത്ത സി പി എം വിമത പ്രസ്ഥാനങ്ങളെ കോര്‍ത്തിണക്കി ഇടതുപക്ഷ ഏകോപന സമിതിക്ക് രൂപം കൊടുത്തതില്‍ പ്രധാനി ആയിരുന്നു ചന്ദ്രശേഖരന്‍. ഹിന്ദി മേഖലയിലെ സജീവസാന്നിദ്ധ്യമായ സി പി ഐ (ലിബറേഷന്‍), പഞ്ചാബ് സി പി എം, മഹാരാഷ്ട്രയിലെ ലാല്‍ നിഷാന്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുമായി ചേര്‍ന്ന് അഖിലേന്ത്യ ലെഫ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എഐഎല്‍സിസി) രൂപീകരിക്കാനും ടി പി മുന്‍നിരയിലുണ്ടായിരുന്നു.
പിണറായിയിലെ പാറപ്പുറത്ത് നാലുപേര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് കേരളം ഭരിച്ച ചരിത്രമറിയുന്ന സി പി എം നേതാക്കള്‍ക്ക് ആര്‍എംപിയുടെ വളര്‍ച്ച തടയേണ്ടത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു. അതിനവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം നേതാവിനെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. മനുഷ്യമനസാക്ഷിയില്‍ 51 വെട്ടുകള്‍ ഏല്‍പിച്ചുകൊണ്ട് അത് അവര്‍ നടപ്പാക്കുകയും ചെയ്തു.
നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റ് പച്ച എന്നൊരു ചെടിയുണ്ട്. അപ്പ ചെടി എന്നാണതിന്റെ യഥാര്‍ത്ഥ പേര്. ഈ ചെടിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എത്ര വെട്ടി മാറ്റിയാലും എത്ര പറിച്ചു കളഞ്ഞാലും വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഈ ചെടി വീണ്ടും പടര്‍ന്നു പന്തലിക്കും. അതു കൊണ്ടാണതിനെ കമ്മ്യൂണിസ്റ്റ് പച്ച എന്നു വിളിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരനെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയോ വെട്ടി മാറ്റാനോ പിഴുതെറിയാനൊ കഴിയില്ല. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്് പൂര്‍വ്വാധികം ശക്തിയോടെ അത് തിരിച്ചുവരും. ഒരു ചന്ദ്രശേഖരനെ വെട്ടിനുറുക്കിയാല്‍ ആയിരം ചന്ദ്രശേഖരന്‍മാര്‍ ഉദിച്ചുവരും. ഒരു രക്തസാക്ഷിയുടെയും ചോര പാഴായ ചരിത്രമില്ല.

സഖാവ് ടി പി, നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം നെഞ്ചിലേറ്റാന്‍ ഇന്ന് ഒഞ്ചിയത്തെ ജനങ്ങള്‍ മാത്രമല്ല, കേരള ജനത തന്നെ കൂടെയുണ്ട്. മനസാക്ഷി മരവിച്ചിട്ടില്ലാത്ത കേരള ജനത.

1 comment: