Tuesday, May 14, 2013

സെക്രട്ടറി സാറിന്റെ കുടുമവിറപ്പിച്ച കുലംകുത്തി
ഷഫീക്ക് എച്ച്.


'അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടു ചോര ചീന്തി കുലം വിട്ടു പോന്നവന്‍ രക്തസാക്ഷി ' എന്ന് കവി. എന്നാല്‍ കുലം വിട്ടു പോന്നവന്‍ 'കുലംകുത്തി ' എന്നാണു സെക്രട്ടറി സാറിന്റെ പുതുമൊഴി. കുലംകുത്തി എന്നത് പഴയ പ്രയോഗമാണ് .കുലത്തില്‍ കുത്തുന്നവനാണ്  കുലംകുത്തി . അപ്പോള്‍ എന്താണ് കുലം ? പണ്ട് പണ്ട് വളരെ പണ്ട് ജന്മിത്തത്തിനുംമുമ്പ് ഇവിടെ നില നിന്നിരുന്ന സമ്പ്രദായമത്രെ  കുലം. ജനാധിപത്യമെന്നത് ഇതിന് അന്യമാണ്. കുറെ കുടുംബങ്ങളുടെ കൂട്ടം. അതിനൊരു നേതാവുണ്ടായിരുന്നു. ഗണത്തിന്റെ പതി ഗണപതി എന്നത് പോലെ കുലത്തിന്റെ പതി കുലപതിയാണ്. കുലപതി പറഞ്ഞാല്‍ കുലം അനുസരിക്കണം. ചോദ്യം അരുത്. നിറവേറ്റല്‍  മാത്രം ബാധകം. ചോദ്യം ചെയ്യുകയോ ആജ്ഞ നിറവേറ്റുകയോ  ചെയ്യാതിരുന്നാല്‍ അയാളെ വിചാരണ ചെയ്യാം, ശിക്ഷിക്കാം. പ്രാകൃതമായിരുന്നു ശിക്ഷകള്‍. ഞാനീ പറയുന്നത് വായിച്ചപ്പോള്‍ സെക്രട്ടറിയുടെ  വാക്കുകള്‍ക്കു അര്‍ത്ഥം വെച്ച പോലെ തോന്നുന്നില്ലേ? അതെ സുഹൃത്തേ. പാര്‍ട്ടി കുലം തന്നെയാണ് .ഈ കുലത്തിന്റെ ഘടന  ജനാധിപത്യ വിരുദ്ധമാണ്. ഇതിന്റെ ലക്ഷ്യം ഫാസിസം ആണ്. ഈ കുലത്തില്‍ കുത്തി  പുറത്തു പോകുമ്പോള്‍ കുലപതിയായ സെക്രെട്ടറി കൊല്ലാന്‍ ആജ്ഞ പുറപ്പെടുവിക്കും, കാരണം കുലത്തിനു പിന്നെ നിലനില്‍പ്പില്ല.
ആലങ്കാരികമായി ഇങ്ങനെയൊക്കെയാണെങ്കിലും ആധുനിക യുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ രാഷ്ട്രീയമായി മറുപടി പറയേണ്ടിയിരിക്കുന്നു എന്നതിന് തെളിവാണ് സഖാവ് വി.എസിന്റെ വാക്കുകള്‍. അദ്ദേഹം 'കുലം കുത്തലിനെ' ചരിത്രവല്‍ക്കരിച്ചു. 2008ല്‍ നടന്ന പിളര്‍പ്പിനെ 64ല്‍ നടന്ന പിളര്‍പ്പിനു സമാനമായാണ് അദ്ദേഹം വിശദീകരിച്ചത്. അപ്പോള്‍ ഇന്നത്തെ     സി പി ഐ എം-നെ അന്നത്തെ സി പി ഐയോടും ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയെ അന്നത്തെ  ഡാങ്കെയോടുമായിരിക്കുമല്ലോ ഉപമ. അദ്ദേഹം അര്‍ദ്ധ ശങ്ക്ക്കിടയില്ലാത്ത  വിധം അങ്ങനെ തന്നെ ചെയ്തു.

എന്തുകൊണ്ടാണ്  ഇത് ചരിത്രപരമായി പ്രസക്തമാവുന്നത്?  ഡാങ്കെ  എന്നത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ഒരു വ്യതിയാനം ആണ്. പാര്‍ട്ടിയെ വലതു പക്ഷത്തേക്ക് നയിക്കുകയും സോവിയറ്റ് കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ആധുനിക തിരുത്തല്‍ വാദത്തിന്റെ വാലില്‍കെട്ടിയിടാന്‍ ശ്രമിക്കുകയും ആ തിരുത്തല്‍ വാദത്തെ പാര്‍ട്ടിക്ക് മുകളില്‍ ഏകപക്ഷീയമായി എകാധിപതിയെപോലെ അടിച്ചേ
ല്‍പ്പിക്കുകയും ചെയ്തു ഡാങ്കെ. ഈ തിരുത്തല്‍ വാദത്തോട് കലഹിച്ചാണ് 1964 ഏപ്രിലില്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്നും സഖാവ് മുസാഫിര്‍ അഹമ്മദും അച്യുതാനന്ദനും ഇ.എം.എസും ടി.എന്‍ റെഡ്ഡിയും  ബാസവ പുന്നയ്യയുമടക്കം 32 സഖാക്കള്‍ ഇറങ്ങിവന്ന് സി പി ഐ എം രൂപീകരിച്ചത്. ഇത് ചരിത്രം. ഈ ചരിത്രമാണ് വീണ്ടും ആവര്‍ത്തിക്കുന്നത് എന്ന് പറയുമ്പോള്‍ നാമോര്‍ക്കേണ്ടത് ചരിത്രം വെറുതെയങ്ങു ആവര്‍ത്തിക്കുകയില്ല. ഒരു ഉയര്‍ന്ന തലത്തിലേക്ക് മാത്രമേ ആവര്‍ത്തിക്കുകയുള്ളൂ. അപ്പോള്‍ സഖാവ് അച്യുതാനന്ദന്‍ പറയുന്നത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരി ക്കുന്നത് അത്തരത്തിലുള്ള ഒരു ആവര്‍ത്തനം എന്നാണ്. ഇത് തന്നെയാണ് ചരിത്ര യാഥാര്‍ത്ഥ്യം. (ഇത് തന്നെയാണ് കുലംകുത്തികളുടെ ചരിത്രവും)

വര്‍ഗ്ഗ വഞ്ചന എന്നത് ഒരു കമ്മ്യൂണിസ്റ്റിനും സഹിക്കാനാവാത്ത കുറ്റകൃത്യമാണ്. മുതാലാളിമാര്‍ക്കുവേണ്ടി, ഭരണ വര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി, അടിച്ചമര്‍ത്തുന്ന വരേണ്യവര്‍ഗ്ഗങ്ങള്‍ക്കു വേണ്ടി കൊടാനുകോടിയോളം വരുന്ന പാവപ്പെട്ടവരുടെ താല്‍പര്യങ്ങളെ അടിയറ വെയ്ക്കുന്നതാണത്രേ വര്‍ഗ്ഗ വഞ്ചന. ഇതിനെ തിരുത്തല്‍ വാദമെന്നും പറയുന്നതായി പാര്‍ട്ടി ക്ലാസ്സുകളില്‍ അന്ന് പഠിപ്പിച്ചിട്ടുണ്ട് സഖാക്കള്‍. അപ്പോള്‍ കാര്യം ഇങ്ങനെയൊക്കെയാണ്. ഈ അര്‍ത്ഥമാണ് നമ്മുടെ പാര്‍ട്ടി മുതലാളി കുലംകുത്തിയെന്ന പദം കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍ സര്‍ വിനീതമായിത്തന്നെ പറയട്ടെ താങ്കള്‍ നുണ പറയുന്നു. സാമ്രാജ്യത്വമെന്നത് ഞങ്ങളുടെ ദൗത്യമാണെന്ന് സ്വന്തം പരിപാടിയിലെഴുതിവെച്ചിട്ടുള്ള ഒരു പാര്‍ട്ടിയുടെ സിംഹാസനത്തിലിരുന്ന് നിങ്ങള്‍ ഇതു പറയുമ്പോള്‍ ആസനത്തില്‍ മുള്ള് കൊള്ളുന്നുവെങ്കില്‍ സൂക്ഷിക്കുക, അത് മുള്ളുകളല്ല, നിങ്ങളുടെ ആസനത്തിന്റെ ഭാരം കൊണ്ട് നുറുങ്ങിപ്പോയ ഒരായിരം രക്തസാക്ഷിത്വങ്ങളുടെ എല്ലിന്‍ കഷ്ണങ്ങള്‍ കുത്തിക്കയറുന്ന വേദനയാണത്.
ഇത് ഇന്ന് തുടങ്ങിയതല്ല. വളരെ പണ്ട് സഖാവ് ലെനിന്റെ കാലത്ത്. അന്ന് രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണല്‍ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കുന്ന കാലം. അന്നതിന് നേതൃത്വം കൊടുത്തിരുന്ന ബേണ്‍സ്റ്റൈനെയും കാറല്‍ കൗട്‌സ്‌കിയെയും നമ്മള്‍ മലയാളിക്ക് അത്ര പരിചയമല്ലെന്നു കരുതിയാണ് നമ്മുടെ സെക്രട്ടറി ഇത്തരം നുണകള്‍ അടിച്ചിറക്കുന്നത്. ബേണ്‍സ്റ്റൈനും കാറല്‍ കൗഡ്‌സ്‌കിയും മുതലാളിവര്‍ഗ്ഗത്തിനുവേണ്ടി മാര്‍ക്‌സിസത്തെ തിരുത്താന്‍ തുടങ്ങി. തിരുത്തുക എന്നത് നല്ലൊരു കാര്യമാണ്, തെറ്റുകളാണ് തിരുത്തുന്നതെങ്കില്‍. ഇവിടെ ഈ കേമന്‍മാര്‍ തിരുത്തിയത് മാര്‍ക്‌സിസത്തിന്റെ ശരികളെയാണ്. ശരികളെ വളച്ചൊടിക്കുകയായിരുന്നു. അങ്ങനെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രത്യയശാസ്ത്രത്തെ മുതലാളിമാര്‍ക്കു വേണ്ടി തീറെഴുതികൊടുത്തു, ഈ 'കമ്മ്യൂണിസ്റ്റുകള്‍'.

ഇവിടെയാണ് നമുക്ക് അല്‍പ്പമൊന്ന് വാക്കുകളെ പരിശോധിക്കേണ്ടത്. ഇവിടെ ആരാണ് വര്‍ഗ്ഗ വഞ്ചകര്‍? പ്രിയപ്പെട്ടവരേ നെഞ്ചില്‍ കൈവെച്ച് ചിന്തിക്കേണ്ടതുണ്ട്. ഇവിടെ ഈ വിശകലനത്തിന് നമുക്ക് ഒരു വികാരവും, വിലങ്ങുതടിയാവരുത്. പാര്‍ട്ടിയെ, തൊഴിലാളിവര്‍ഗ്ഗത്തെ ആരാണ് ചതിച്ചത്? പാവപ്പെട്ടവന്റെ പാര്‍ട്ടി ഇന്ന് സാന്തിയാഗോ മാര്‍ട്ടിന്റെ പാര്‍ട്ടിയായി അധപ്പതിപ്പിച്ചത് ആരാണ്? അതിനെതിരെ പോരാടിയത് ആരാണ്? ടാറ്റ ഇന്ത്യയിലെ വന്‍കിട മുതാളിയാണെന്ന് നമുക്ക് ആശങ്കയുണ്ടോ? ആ മുതലാളിക്ക് വേണ്ടി ആയിരക്കണക്കിന് കൃഷിഭൂമി തട്ടിപ്പറിക്കാന്‍ ശ്രമിച്ചതാരാണ്?  അതിനായി പാവപ്പെട്ട കര്‍ഷകരെ കൊന്നൊടുക്കിയതാരാണ്? സുഹാര്‍ത്തോ ആരായിരുന്നു? ഇന്തോനേഷ്യയില്‍ ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കിയ ഈ സ്വേച്ഛാധിപതിയുടെ ബന്ധുവിന്റെ കുത്തക സ്ഥാപനമായ സാലിം ഗ്രൂപ്പിനു വേണ്ടി ആരാണ് സിങ്കൂരില്‍ ജനലക്ഷങ്ങളെ സ്വന്തം കിടപ്പാടത്തുനിന്നു പുറത്താക്കിയത്? (സെക്രട്ടറി തമ്പുരാന് ഇവരെ പെട്ടെന്ന് മനസ്സിലായില്ലെങ്കില്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കാം. ഇവരെല്ലാം കണ്ണൂരിലെ ചിറക്കല്‍ തമ്പുരാക്കന്‍മാരുടെ ബന്ധുക്കള്‍ മാത്രമാണ്.) ഇവിടെ ചെങ്ങറയില്‍ കാടിന്റെ മക്കള്‍ സമരം ചെയ്തപ്പോള്‍ അവരെ മൃഗീയമായി പീഡിപ്പിച്ചത് ആരായിരുന്നു? അപ്പോള്‍ ഇതൊക്കെ ചെയ്ത ഒരു പാര്‍ട്ടിയുടെ, അഥവാ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ മുതലാളിയായി ചമഞ്ഞുകൊണ്ട് നിങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റിനെ വര്‍ഗ്ഗ വഞ്ചകനെന്ന് ആവര്‍ത്തിച്ചു വിളിക്കുമ്പോള്‍ നിങ്ങള്‍ മലര്‍ന്നു കിടന്നു തുപ്പുക മാത്രമാണെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസ്സലാക്കുന്നുണ്ട്. അതിനു മറയിടാന്‍ വഞ്ചകരായ ഒരു എളമരത്തിനും മാധവനും ഭാസുരേന്ദ്രനുമാവില്ല എന്ന് നിങ്ങള്‍ തിരിച്ചറിയാതെ പോവുന്നത് ചരിത്രത്തിന്റ വൈപരീത്യം മാത്രമാണ്. അതങ്ങനെയാണ്. മുസ്സോളിനിയും ഹിറ്റ്‌ലറും കരുതിയിരുന്നത് എല്ലാ കാലവും എല്ലാ സത്യവും മറച്ചു വെയ്ക്കാമെന്നും സത്യം ഒരിക്കലും മറനീക്കി പുറത്തു വരില്ല എന്നുമാണ്. അത് കേവലം പകല്‍ കിനാവു മാത്രമായിരുന്നുവെന്ന് അവര്‍ മനസ്സിലാലംകുക്കിയത് ജനങ്ങള്‍ അവരോട് അക്കമിട്ട് മുഴുവന്‍ കണക്കുകളും തീര്‍ത്ത നിമിഷം മാത്രമാണ്. പിണറായി എന്ന വാക്ക് എനിക്കേറ്റവും ഇഷ്ടമേറിയ വാക്കാണ്. അത് പങ്കു വെയ്ക്കുന്ന ചരിത്രത്തിന്റെ ചൂര് നമുക്ക് മറക്കാനാവില്ല. ആ ചരിത്രമാണ് നമ്മുടെ സെക്രട്ടറി മുപ്പതു വെള്ളിക്കാശിനായി ഒറ്റികൊടുത്തിരിക്കുന്നത്. ആ ഒറ്റുകാരനാണ് കമ്മ്യൂണിസത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര രക്തസാക്ഷിത്വത്തെ കാര്‍ക്കിച്ചു തുപ്പി അവഹേളിക്കുന്നത്. വാസ്തവത്തില്‍ നമുക്കത് സന്തോഷമാണ്. വര്‍ഗ്ഗ വഞ്ചകര്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളെ 'കമ്മ്യൂണിസ്‌റ്റേ' എന്നു വിളിക്കില്ലല്ലോ. ഇതൊരു മാനദണ്ഡമായെടുക്കാമെങ്കില്‍ സഖാവ് ചന്ദ്രശേഖരന്‍, അങ്ങയുടെ ധീര സ്മരണയ്ക്കു മുന്നിലെ രക്തപുഷ്പ്പങ്ങള്‍ മാത്രമാണ് കുലംകുത്തിയെന്ന സെക്രട്ടറിയുടെയും അനുചരവൃന്ദത്തിന്റെയും ആട്ടും തുപ്പും....


No comments:

Post a Comment