Tuesday, May 14, 2013

ഭീരുത്വത്തിന്റെ രാഷ്ട്രീയമാണ് ഫാസിസം

 ദിവ്യ ഡി.വി.

'ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല, എന്നാല്‍ ഇന്ന് എന്റെ ഉള്ളില്‍ രാഷ്ട്രീയം ഉണ്ട്' എന്നൊരാള്‍ സഖാവ് ടി.പിയുടെ രക്തസാക്ഷിത്വത്തിനു ശേഷം സഖാവ് രമയുടെ മുന്നില്‍ ചെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇന്നത്തെ പൊള്ളുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു സാധാരണ മനുഷ്യന്റെ ചിന്തയില്‍ നിന്നുയര്‍ന്നതാണ്, ആ പ്രതികരണം പ്രതിഷേധവും അതേ സമയം പ്രത്യാശാപരവുമാണ്. അത്രത്തോളം ഒരു ജനതയുടെ ഹൃദയത്തിലേക്കിറങ്ങി ചെല്ലുന്നുണ്ട് സഖാവ് ടി പിയുടെ രക്തസാക്ഷിത്വം. ഒഞ്ചിയത്തിന്റെ മണ്ണില്‍ നിന്നും കേരളമാകെ വ്യാപിച്ചു ലോക ചരിത്രത്തില്‍ സ്ഥാനം പിടിക്കേണ്ടുന്ന ധീര രക്തസാക്ഷിത്വം. ഇടതുപക്ഷമെന്നിപ്പോഴും ആര്‍ത്തു വിളിക്കുന്ന കേരളത്തിലെ മുഖ്യധാരാ ഇടതുപാര്‍ട്ടിയുടെ ഫാസിസ്റ്റു നടപടിയിലൂടെ തന്നെയാണ് മറ്റൊരു ഇടതുപക്ഷ പ്രവര്‍ത്തകന്റെ രക്തസാക്ഷിത്വവുമെന്നത് ചരിത്രത്തിലെ വിരോധാഭാസം തന്നെയാകുമ്പോള്‍ നാം ചിന്തിച്ചു പോകുന്നു, എങ്ങനെയാണ് ഒരു ഇടതുപക്ഷ രാഷ്ട്രീയത്തിന് മറ്റൊരു ഇടതുപക്ഷ രാഷ്ട്രീയത്തെ ഇങ്ങനെ കൊന്നു കുഴിച്ചു മൂടാനാവുക?  പുരോഗമന പ്രസ്ഥാനത്തിന്റെ വക്താക്കള്‍ക്ക് എപ്പോഴാണ് ഇതും പുരോഗമനമായി മാറിയത്? ഫാസിസത്തെ വെല്ലുവിളിച്ചിരുന്ന, ജനാധിപത്യത്തെയും സോഷ്യലിസത്തെയും ആശ്ലേഷിച്ചു കൊണ്ട് കടന്നുവന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് ഫാസിസത്തിന്റെ പാത തന്നെ സ്വീകരിക്കാനാവുന്നത്?

മുതലാളിത്തപാതയിലേക്കും ജനവഞ്ചനാപരമായ നിലപാടുകളിലേക്കും വോട്ടിന്റെയും അഴിമതിയുടെയും രാഷ്ട്രീയത്തിലേക്കും കൂപ്പു കുത്തുന്ന പാര്‍ട്ടിയില്‍ നിന്നും പോരടിച്ചു കൊണ്ട്, നേരെ വലതുചേരിയിലേക്ക് ചേക്കേറാതെ, ശരിയായ നിലപാടുമായി, ജനാധിപത്യാധിഷ്ഠിതമായ കൂട്ടായ്മക്ക് രൂപം കൊടുക്കുകയും ശരിയായ ദിശാബോധത്തിലേക്ക് സ്വന്തം ജീവിതത്തിലൂടെ മാതൃകയാവുകയും അതിലൂടെ പോരാട്ടത്തിന്റെ പുതിയ ഇടതുമാതൃക സ്വീകരിച്ചത് കൊണ്ടുമാണ് സഖാവ് ടി പി ചന്ദ്രശേഖരന്‍ തന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കു  മുന്നില്‍ വെല്ലുവിളിയായതും രക്തം കൊണ്ട്, തന്നെ അടയാളപ്പെടുത്തേണ്ടിവന്നതും.

ആര്‍ എസ് എസ് ഭീകരതയെന്നും വലതുപക്ഷ ഭീകരതയെന്നും മുസ്ലീം തീവ്രവാദമെന്നുമൊക്കെ പറഞ്ഞു കൊണ്ട് പല സാഹചര്യത്തിലും നിലവിലുള്ള മുഖ്യധാരാ ഇടതുപക്ഷത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് നമ്മള്‍. ചരിത്രത്തിലെ പാര്‍ട്ടിയുടെ സ്ഥാനത്തില്‍ അഭിരമിക്കുന്ന ഒരു കൂട്ടത്തിനു വൈകാരികമായിത്തന്നെ സ്വാധീനം ചെലുത്തുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കപ്പുറം ഒന്നില്‍ മനസ് പ്രതിഷ്ഠിക്കാന്‍ മറ്റൊന്നും നമുക്ക് മുന്നില്‍ ഉണ്ടായിരുന്നില്ലല്ലോ. എന്നാല്‍ ഒരു ഇടതു ബദല്‍ അന്വേഷണത്തിന്റെയും രൂപീകരണത്തിന്റെയും ഭാഗമായി, വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കമ്മ്യൂണിസ്റ്റാശയങ്ങളോടും അതിലെ തൊഴിലാളിവര്‍ഗ്ഗ കാഴ്ചപ്പാടിലും അടിസ്ഥാനപ്പെടുത്തിയ ഒരു ജനതയുടെ വാര്‍ത്തെടുക്കലിന്റെതായ പല മുന്നേറ്റങ്ങളും കേരളത്തിന്റെ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്ന സാഹചര്യങ്ങള്‍ തീര്‍ച്ചയായും വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ അപചയം തിരിച്ചറിഞ്ഞ ബോധത്തില്‍ നിന്നണ് ഉണ്ടായിട്ടുള്ളത്.

അടിച്ചമര്‍ത്തലിന്റെ നിരവധിയായ അനുഭവങ്ങളിലൂടെയാണ് ഈ പ്രാദേശിക കൂട്ടായ്മകളൊക്കെത്തന്നെയും മുന്നേറിയത്. മാനവികതയുടെ രാഷ്ട്രീയം തന്നെയാണ് വ്യവസ്ഥാപിത ഇടതുപക്ഷത്തിനും ഈ പ്രാദേശിക മുന്നേറ്റങ്ങള്‍ക്കുമെങ്കില്‍ എന്തു കൊണ്ടാണ് അഴിയൂര്‍-ചുങ്കം പ്രദേശത്ത് സി.പി.ഐ.എമ്മിന്റെ ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നാല് പതിറ്റാണ്ടോളം നിലയുറപ്പിച്ചിരുന്ന അബ്ദുല്‍ ഖാദറിന് നേരെ സി.പി.ഐ.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരങ്ങള്‍ ഉയര്‍ന്നത്? പിന്നെയും സ. പുതിയെടത്തു ജയരാജന്‍ ,സ. കെ കെ ജയന്‍, കുളങ്ങര സിനീഷ്, എം പി ദാമോദരന്‍, സഖാവ് ബാലന്‍, (ഈ അടുത്ത സമയത്ത് പാര്‍ട്ടി  കോടതിയുടെ വിധിയിലൂടെ കൊല്ലപ്പെട്ട ഷുക്കൂറിനെ ഇവിടെ മറക്കാനാവില്ല. പാര്‍ട്ടി  നേതാക്കളെ തടഞ്ഞു എന്നാരോപിച്ചു കൊണ്ടാണ് കണ്ണൂരിലെ ഷുക്കൂര്‍ എന്ന ഇരുപത്തിയൊന്നുകാരനെ ഇരുനൂറോളം പേരെ സാക്ഷി നിര്‍ത്തി ക്രൂരമായി കൊലപ്പെടുത്തിയത്). ഇപ്പോഴിതാ രക്തസാക്ഷിത്വവുമായി സഖാവ് ടി പി ചന്ദ്രശേഖരന്‍ എന്ന ധീരനായ കമ്മ്യൂണിസ്റ്റും. ഇതിനൊക്കെ ഉത്തരം പറയേണ്ടവര്‍ക്ക് അതിനു കഴിയില്ല, കാരണം ശരിയുടെ രാഷ്ട്രീയം ഫാസിസമാണെന്നവര്‍ വിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. എന്തു കൊണ്ടാണിത് സംഭവിക്കുന്നത് എന്ന ചോദ്യം ചോദിച്ചു ചോദിച്ചു പ്രസക്തി നഷ്ട്ടപ്പെട്ടതാണ.് എങ്കിലും ചോദിച്ചു    പോകുന്നു. അധികാര രാഷ്ട്രീയത്തിന്റെ സുഖാനുഭൂതിയില്‍, ആമഗ്‌നമായ ഒരു പാര്‍ട്ടിക്ക് അതില്‍ നിന്നും വിട്ടു പോകാനാവില്ല എന്നത് തന്നെയല്ലേ കാരണം? ലക്ഷങ്ങള്‍ ചെലവിട്ട് പാര്‍ട്ടി കോണ്‍ഗ്രസ് കെങ്കേമമാക്കുമ്പോള്‍ ഈ കാശെല്ലാം എവിടുന്ന് കിട്ടിയെന്ന് സാധാരണ ജനങ്ങളോട് പറയേണ്ടുന്ന ഉത്തരവാദിത്തതിന്റെ ആശങ്ക തെല്ലുമില്ലാതെ പ്രത്യക്ഷമായിത്തന്നെ തങ്ങള്‍ സമ്പന്നരുടെതെന്നു വിളിച്ചോതുന്ന പാര്‍ട്ടി. ആരില്‍ നിന്നാണ് സഖാക്കളെ നിങ്ങളിതിനു കാശ്് പിരിച്ചെടുത്തത്? ചോദ്യം നിങ്ങളില്‍ വിശ്വാസമര്‍പ്പിച്ച, നിസ്സഹായരായിപ്പോയ ഓരോ സിപിഐഎം വിശ്വാസിയില്‍ നിന്നുമാണുയരുന്നത്.

ഭൂതകാലപ്പെരുമയില്‍ അഭിരമിച്ചാണോ തങ്ങള്‍ ഇനിയും അരിവാള്‍ ചുറ്റിക കാണുമ്പോള്‍ രക്തം തിളപ്പിക്കേണ്ടത് എന്ന ചോദ്യം കേരളത്തിലെ വളര്‍ന്നു വരുന്ന യുവതലമുറയില്‍ നിന്നുയരുമ്പോള്‍ സഖാക്കളേ, നിങ്ങള്‍ സ്വന്തം വളര്‍ത്തിക്കൊണ്ടുവരുന്ന  പുതിയ തലമുറയോടാണ് ഉത്തരം പറയേണ്ടി വരിക. അവര്‍ ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും പ്രതിനിധികളാണ്. അവര്‍ക്ക് ചിന്തിക്കാതിരിക്കാനാവില്ല. ടി.പി.യുടെ രക്തസാക്ഷിത്വം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ നിങ്ങള്‍ ഏതു പ്രത്യയശാസ്ത്രം കൊണ്ടാണ് ഉത്തരം പറയുക? ഞെട്ടലില്ലാതെ കേട്ടുവെന്ന പാര്‍ട്ടി സെക്രട്ടറിയുടെ ചങ്കൂറ്റത്തോടെയുള്ള വിളമ്പരം ഹൃദയമില്ലാത്തൊരുത്തന്റെ ജല്പനമെന്നേ കരുതേണ്ടതുള്ളു. അല്ലെങ്കിലും അപ്രതീക്ഷിതമാണെങ്കില്‍ മാത്രമല്ലേ ഞെട്ടലുണ്ടാവുകയുള്ളൂ. അതിന് അദ്ദേഹത്തെ തെറ്റുപറയാനാവില്ലല്ലോ. പാര്‍ട്ടി  ഭേദമന്യേ ഒഞ്ചിയത്തെ വീട്ടിലേക്കൊഴുകുന്ന ജനത്തിന് ഇനിയും ഞെട്ടല്‍ അടങ്ങിയിട്ടില്ല, ഒഞ്ചിയത്തെ മണ്ണില്‍ നില്‍ക്കുമ്പോള്‍ നാം അറിയുന്നു ടി പി മരിച്ചിട്ടില്ലെന്ന്. ഒരേ സമയം നേതാവും അതേ സമയം ആത്മബന്ധമുള്ള സുഹൃത്തായും ജീവിച്ച (ആവേശത്തോടെ ടി പിയെ ഓര്‍മിച്ച ഒഞ്ചിയത്തുകാരോട് അസൂയ തോന്നി അപ്പോള്‍, അവിടെ ജനിച്ചില്ലല്ലോ എന്നോര്‍ത്തുകൊണ്ട്) ധീരനായ ആ മനുഷ്യന്‍ ഇന്ന് ഒഞ്ചിയത്തിന്റെതു മാത്രമല്ല, മനസാക്ഷിയുള്ള എല്ലാവരും ആ രക്തസാക്ഷിത്വത്തിന്റെ ധീരതയോര്‍ത്ത് അഭിമാനിക്കുന്നു. വ്യക്തമായ നിലപാടിലൂന്നി ജീവിച്ച, മരിച്ചിട്ടും തോല്‍ക്കാത്ത, തോല്‍പ്പിക്കാനാവാത്ത, ജനങ്ങള്‍ക്കു വേണ്ടി നിലകൊണ്ട, ജീവിതം കൊണ്ട് കപട രാഷ്ട്രീയത്തെ വെല്ലുവിളിച്ച , രക്തം കൊണ്ട് അനശ്വരനായ ടി.പി. തീര്‍ച്ചയായും ആ രാഷ്ട്രീയം ഒരിക്കലും ഒരു ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസിക്കല്ല ഭീഷണിയാവേണ്ടത്, കാരണം ഇടതുപക്ഷം ആവുന്നതു തന്നെ ജനങ്ങള്‍ക്കു  വേണ്ടി നിലകൊള്ളുമ്പോള്‍ ആണല്ലോ.

രാഷ്രീയ നിലപാടുകള്‍ തമ്മിലുള്ള വൈരുദ്ധ്യം വിമര്‍ശിക്കപ്പെട്ടും തിരുത്തിയും മുന്നേറുന്ന ഒരു സംയമന രാഷ്ട്രീയത്തിന്റെ പാതവിട്ട് കേരളം ഏറെ പിന്നാക്കം പോയിരിക്കുന്നു. കൊണ്ടും കൊടുത്തും അനുസരിപ്പിച്ചും പിന്നെ നാല് മിനുട്ടിനുള്ളില്‍ അന്‍പത്തിയൊന്നോളം വെട്ടുകളോടെയും രാഷ്ട്രീയം നടപ്പാക്കേണ്ടതുണ്ട് എന്നു പുരോഗമന പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പ്രസ്ഥാനം തീരുമാനിക്കുകയും അങ്ങനെ സോഷ്യലിസത്തിലേക്കുള്ള പാത എളുപ്പമാക്കാമെന്നുമാണ് പാര്‍ട്ടി  നയമെങ്കില്‍ പിന്നെ 'ഫാസിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ' എന്ന് പേരുകൂടി മാറ്റുന്നതാവും ഉചിതം. വലതുപക്ഷ പാര്‍ട്ടികളും സങ്കുചിത വര്‍ഗ്ഗീയ പാര്‍ട്ടികളും   മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ പോലെ ഭീകരമാണ് ഫാസിസ്റ്റു രാഷ്ട്രീയവും. അപ്പോള്‍ ഒരേ രാഷ്ട്രീയം പേറുന്നവര്‍ എന്ന നിലയില്‍ ടി പി യുടെ രക്തസാക്ഷിത്വം ഇവര്‍ക്കെല്ലാമാണ് ഭീഷണിയുയര്‍ത്തിയിരുന്നത്. കോണ്‍ഗ്രസുകാര്‍ ഈ രാഷ്ട്രീയഹത്യയില്‍ മുതലെടുപ്പ് നടത്തുമെന്ന് പറയേണ്ടതില്ല, എന്നാല്‍ കോണ്‍ഗ്രസിന്റെ  വലതുപക്ഷ നില പാട് പണ്ടേ തന്നെ നമ്മള്‍ തിരിച്ചറിഞ്ഞതാണല്ലോ. ഇടതു പക്ഷ വിശ്വാസിക്ക് മരണത്തോടൊപ്പമല്ലാതെ ആ വിശ്വാസം വെടിയാനാവില്ല. ഒരു ചേരിയില്‍ നിന്നും മറുചേരിയിലേക്ക് മാറുമ്പോള്‍ മുന്‍പുണ്ടായിരുന്നതില്‍ കൂടുതല്‍ എന്തെങ്കിലും കിട്ടണ്ടേ?

എല്ലാ രാഷ്ട്രീയവും കണ്ടും അനുഭവിച്ചും മടുത്തിരിക്കുകയാണ് കേരളത്തിലെ സാധാരണ ജനങ്ങള്‍. ടി.പി.യുടെ ജീവിതവും രക്തസാക്ഷിത്വവും ഉണര്‍ത്തിയ ഉണര്‍വ്വിന്റെ കരുത്ത് ശരിയുടെ, അനിവാര്യതയുടെ ചരിത്രംകൂടിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു ചന്ദ്രശേഖരനെ കൊല്ലാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇനിയും ഉയര്‍ന്നുവരുന്ന ഒരായിരം ചന്ദ്രശേഖരന്‍മാരെ കൊന്നൊടുക്കാന്‍ കഴിയില്ല. കാരണം ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഇല്ലാത്തിടത്തോളം കാലം നിങ്ങള്‍ക്ക് വെല്ലുവിളിയായി നിരവധിയായ ചന്ദ്രശേഖരന്‍മാര്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും.


No comments:

Post a Comment