Thursday, September 29, 2011

വിദ്യാര്‍ത്ഥി, വാള്യം - 5, ലക്കം 1, ആഗസ്റ്റ് 2011 പേജ്‌ 4

ലേഖനം
ശ്രീപത്മനാഭാ...

അപ്പൂട്ടന്‍


ഭാഗ്യവാന്‍ എന്ന പേരുള്ള ഒരു സിനിമ കണ്ടിട്ടുണ്ട്. അലഭ്യലഭ്യശ്രീ എന്ന  പ്രത്യേക ജാതകവിശേഷമുള്ള ഒരു കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് സിനിമയുടെ പ്രമേയം. അയാളിരിക്കുന്നിടത്ത് അയാള്‍ക്കൊഴിച്ച് മറ്റെല്ലാ വര്‍ക്കും ഭാഗ്യം വരും, നിധി കിട്ടാം, ദോഷങ്ങള്‍ മാറിക്കിട്ടാം, മറ്റുരീതികളില്‍ ഭാഗ്യം വരാം! ചുരുക്കിപ്പറഞ്ഞാല്‍ അവനൊഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം ഇയാളെക്കൊണ്ട് ഗുണമുണ്ട്. അയാളെ തടവില്‍ വെക്കാന്‍ വരെ ചിലര്‍ ശ്രമിക്കുന്നതും മറ്റും കാണുമ്പോള്‍ ഒരു പാവം മനുഷ്യന് വരാനുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഗതികേടാണ് എന്ന് ആര്‍ക്കും തോന്നി പ്പോകും.
ഭാഗ്യം പോലും അമിതമായാലും ബുദ്ധിമുട്ടാണ്. ധനത്തിന്റെ കാര്യമാണെങ്കില്‍ പറയാനുമില്ല.
കുറച്ചുനാളായി തിരുവനന്തപുരത്ത് ആരെക്കണ്ടാലും പറയാന്‍ ഒരു വര്‍ത്തമാനമേയുള്ളൂ, ഇന്നത്തെ സ്‌കോര്‍. ഓരോ ദിവസവും വരുന്ന കണക്കനുസരിച്ച് ചര്‍ച്ച ചെയ്യുക എന്നത് ഈയടുത്തായി തിരുവനന്തപുരത്തുകാര്‍ക്ക് ഒരു ശീലം പോലെയായിരിക്കുന്നു. പുതിയ കണക്കുകള്‍ വരുന്നതിനനുസരിച്ച് ചര്‍ച്ചകളും പ്രസ്താവനകളും ഭീഷണികളും ആക്രമണങ്ങള്‍ വരെയും നടക്കുന്നുണ്ട്.
ശ്രീപത്മനാഭാ... ഇത്രയും കാലം നീ ഇക്കണ്ട സ്വത്തിന് മുഴുവന്‍ എങ്ങിനെ കാവലിരുന്നു (കിടന്നു എന്നും പറ യാം) എന്നെനിക്കറിയില്ല, ഇനി കാര്യം കൈവിട്ടുപോയീ.

നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള സമ്പത്തിന്റെ മൂല്യം ഞെട്ടിക്കുന്നതാണ്. 90,000 കോടി എന്നത് ഒരു ചെറിയ തുകയൊന്നുമല്ലല്ലൊ. ഇന്നത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ (അതോ ലോകത്തിലെ തന്നെയോ) ഏറ്റവും ധനവാനായ ദൈവമാണ് ശ്രീപത്മനാഭന്‍. (ലേറ്റസ്റ്റ് സ്‌കോര്‍ അറി യില്ല, ശ്രദ്ധിച്ചുമില്ല)
ഇതില്‍ പുലിവാല് പിടിച്ചത് കേരള സര്‍ക്കാര്‍ തന്നെയാണ്. ഇത്രയുമ ധികം ധനം കൊണ്ട് എന്ത് ചെയ്യാം എന്നതിന് പലരും അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു (അതിലേക്ക് പിന്നെ വരാം). ഇതെങ്ങനെ സൂക്ഷിക്കും എന്നതും ഒരു വിഷയം തന്നെയാണ്. ദൈവത്തിന്റെ (ദൈവത്തിന്റെ മാത്രം) സ്വത്താണ് എന്ന വാദം അംഗീ കരിച്ചാല്‍ ഒരുമാതിരി നിധി കാക്കുന്ന ഭൂതത്തിന്റെ അവസ്ഥയാവും സര്‍ക്കാരിന്റേത്. ഒരു ഗുണവുമില്ല, എന്നാല്‍ ബാധ്യതകള്‍ ധാരാളമുണ്ടുതാനും. ഇതിനൊക്കെ കാവലേര്‍പ്പെടുത്തണം, കൃത്യം സമയങ്ങളില്‍ ഓഡിറ്റ് നടത്തണം, കണക്കുകള്‍ കൃത്യമാകണം (ഒരു നയാസ്വര്‍ണപ്പൈസ പോലും നഷ്ടമാകരുത്).
ശരിക്കും അലഭ്യലഭ്യശ്രീ... (ഞാനൊന്ന് ചിരിച്ചോട്ടെ).

1
ആദ്യം ചില ന്യൂസ് ബിറ്റുകള്‍ (എല്ലാം മാതൃഭൂമിയിലേത്).
 
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുവകകള്‍ ഹിന്ദുക്കളുടെ പൊതുക്ഷേമത്തിന് ഉപയോഗപ്പെടുത്തണം: ഐക്യവേദി 

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറകളില്‍ നിന്നും കണ്ടെടുത്ത വസ്തുവകകള്‍ ക്ഷേത്രത്തിന്റെ സ്വത്താകയാല്‍ സുരക്ഷിതമായി അതേസ്ഥാനത്ത് സൂക്ഷിക്കുകയും ഹിന്ദു ക്കളുടെ പൊതുക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും വേണമെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
എണ്ണിത്തിട്ടപ്പെടുത്തിയവ സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുവാന്‍ നടത്തുന്ന ഏതൊരു ശ്രമത്തേയും സര്‍വ്വശക്തിയുമുപയോഗിച്ച് എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ പൂജയ്ക്കും നിത്യാനുഷ്ഠാനങ്ങള്‍ക്കും വേണ്ടി മഹാരാജാവ് സ്വരൂപിച്ചവയും ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചവയുമാണ് കല്ലറയില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുവകകളെല്ലാം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാവി തലമുറയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ വളരെ സുരക്ഷിതമായി അറകളില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഈ സ്വത്തുവകകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടും ഗൗരവത്തോടും കൂടി തുടര്‍ന്നും പരിരക്ഷിക്കേണ്ടത് ക്ഷേത്രത്തിന്റെയും ഭക്തജനങ്ങളുടെയും താല്‍പര്യ സംരക്ഷണത്തിന് അനിവാര്യമാണ്.

അറയില്‍ സൂക്ഷിച്ചുവെച്ചിരുന്നത് നിധിയല്ല, മറിച്ച് ക്ഷേത്രത്തിലെ ആവശ്യത്തിനുവേണ്ടി ഉപയോഗിച്ചുവന്ന പൂജാസാധനങ്ങളും തിരുവാഭരണങ്ങളും വസ്തുവകകളും മാത്രമാണ്. നിധിയാണെന്നു പ്രചരിപ്പിച്ച് അവ സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് ചില ബാഹ്യശക്തികള്‍ ശ്രമിച്ചുവരികയാണ്. അറയില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ വസ്തുവകകളും ക്ഷേത്രത്തിനും ക്ഷേത്രഭരണാധികാരികള്‍ക്കും ഭക്തജനങ്ങള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്.

നിധിശേഖരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണം: യോഗക്ഷേമസഭ 

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള അമൂല്യമായ നിധിശേഖരം ശക്തമായ സുരക്ഷയോടെ ക്ഷേത്രത്തില്‍തന്നെ സൂക്ഷിക്കണമെന്ന് യോഗക്ഷേമസഭ ആവശ്യപ്പെട്ടു. പദ്മനാഭ ദാസന്മാരായി അറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും ഈ കരുതല്‍ നിധിയിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതായി യോഗക്ഷേമസഭ വിലയിരുത്തി. ഇക്കാലത്ത് ഭരണകര്‍ത്താക്കള്‍ക്ക് ഇതൊരു മാതൃകയാണ്. അഴിമതിയും അനീതിയും കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തില്‍ ഇത്രയധികം സമ്പത്ത് സ്വാര്‍ത്ഥലാഭത്തോടെ വിനിയോഗിക്കാതെ ആഡംബരം കാണിക്കാതെ, പരസ്യപ്പെടുത്താതെ, ഭദ്രമായി ക്ഷേത്രത്തില്‍ തന്നെ സൂക്ഷിച്ചതിന് തിരുവിതാംകൂര്‍ രാജവംശത്തെ യോഗക്ഷേമസഭ ആത്മാര്‍ത്ഥമായി പ്രശംസിക്കുന്നതായി സഭാപ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് അറിയിച്ചു. ഈ നിധിശേഖരം ഇവിടെത്തന്നെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും മറിച്ച് ജനമനസ്സുകളെ വ്രണപ്പെടുത്തരുതെന്നും സഭ ആവശ്യപ്പെട്ടു.

വിശ്വാസികളോടുള്ള വെല്ലുവിളി: സ്യാനന്ദൂര വൈഷ്ണവ സഭ 

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറകള്‍ തുറക്കുമ്പോള്‍ അവിടത്തെ നിധിശേഖരത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങളെ മുന്നിര്‍ത്തി പരസ്യപ്പെടുത്തുന്നത് അപകടകരമാണ്. ഇത് വൈഷ്ണവ ജനതയോടുള്ള വെല്ലുവിളിയാണെന്ന് സ്യാനന്ദൂര വൈഷ്ണവസഭ അഭിപ്രായപ്പെട്ടു.


പദ്മനാഭസ്വാമി ക്ഷേത്രവും സ്വത്തുക്കളും സംരക്ഷിക്കണം: ബ്രാഹ്മണസഭ 

നൂറ്റാണ്ടുകളായി ശ്രീ പദ്മനാഭസ്വാമിയുടെ സമ്പത്ത് പരിപാവനമായും സത്യസന്ധമായും കാത്തുസൂക്ഷിച്ച തിരുവിതാംകൂര്‍ രാജവംശത്തിനുമുന്നില്‍ ലോകം നമിക്കേണ്ടിയരിക്കുന്നുവെന്ന് കേരള ബ്രാഹ്മണസഭ സംസ്ഥാന സമിതി പറഞ്ഞു. ഭാരതത്തില്‍ ഇതര രാജവംശങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെ ഭഗവാനുമുന്നില്‍ സമര്‍പ്പിച്ച് പദ്മനാഭദാസരായി, പ്രജാക്ഷേമ തല്പരരായി, ലളിതജീവിതം നയിച്ച തിരുവിതാംകൂര്‍ രാജവംശം ഹൈന്ദവസമുദായത്തിന്റെ സത്യസന്ധമായ പാരമ്പര്യത്തിന്റെ പര്യായമാണ്. ക്ഷേത്രംവക സമ്പത്തും നിധിയും വിലയിരുത്തപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയും ആവശ്യവുമാണ്. ഈ പ്രക്രിയയ്ക്ക് കാരണഭൂതരായ എല്ലാ ശക്തികളെയും അനുമോദിക്കുന്നതായി സഭ ചൂണ്ടിക്കാട്ടി.

ശ്രീപത്മനാഭന്റെ നിധിശേഖരം: ഹിന്ദുനേതാക്കളുടെ യോഗം വിളിക്കണം:  വെള്ളാപ്പള്ളി 

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ ഹിന്ദുസംഘടനാ നേതാക്കളുടെ യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കണമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. മോതിരവയല്‍ ഗുരുദേവക്ഷേത്ര സമര്‍പ്പണത്തിനെത്തിയതായിരുന്നു അദ്ദേഹം. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് വിളിക്കണം. ഭക്തര്‍ ശ്രീപത്മനാഭന് സമര്‍പ്പിച്ച നിധി എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്കുണ്ട്.

തീരുമാനം ഉണ്ടാകുംവരെ ഇതിന്റെ പൂര്‍ണ സംരക്ഷണം ഈശ്വരവിശ്വാസികളും മാന്യന്മാരുമായ ഉദ്യോഗസ്ഥരെ ഏല്പിക്കണം. എ.ഡി.ജി.പി.ഹേമചന്ദ്രനും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറും ഇതിന് യോഗ്യരാണ്. ക്ഷേത്രത്തില്‍ ദേവപ്രശ്‌നവും ശുദ്ധികലശവും നടത്തണം.
 ഈ സമ്പത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കണമെന്ന് ചിലര്‍ പറയുന്നുണ്ട്. മറ്റേതെങ്കിലും സമുദായത്തിന്റേതാണ് ഈ സമ്പത്തെങ്കില്‍ ഇത് പറയാന്‍ ആരുടെയെങ്കിലും നാവ് പൊങ്ങു മായിരുന്നുവോയെന്ന് ജനറല്‍ സെക്രട്ടറി ചോദിച്ചു.

നിധിശേഖരം പൊതുസ്വത്താക്കാന്‍ ചില കഴുകന്മാര്‍ നോട്ടമിട്ടിട്ടുണ്ട്. ഇതിനെ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം. ക്ഷേത്രത്തില്‍നിന്ന് ഒരു മണ്‍തരി പോലും പുറത്തുകൊണ്ടുപോകാതെ ശ്രീപത്മനാഭന്റെ സമ്പത്ത് കാത്തുസൂക്ഷിച്ചവരാണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍. തീരുമാനമെടുക്കുമ്പോള്‍ രാജകുടുംബത്തെ ഒഴിവാക്കരുത്. രാജാക്കന്മാരുടെ സത്യസന്ധതയെയും വലിയ മനസ്സിനെയും വിസ്മരിക്കരുത്. നിധിശേഖരം മ്യൂസിയത്തില്‍ വയ്ക്കുന്നതിനോട് യോജിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
(ഇടയ്‌ക്കെവിടെയോ ആത്മാഹുതി എന്ന വാക്ക് കേട്ടുവോ ആവോ)

സ്വത്ത് ക്ഷേത്രത്തിന്റേത്, സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കും:  മുഖ്യമന്ത്രി 

ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ മൂല്യം നിശ്ചയിച്ചുവരുന്ന സ്വത്ത് ക്ഷേത്രത്തിന്റേതുതന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2
  ഇതാരുടെ സമ്പത്താണ് എന്നതാണ് 'തിരോന്തരം' ചര്‍ച്ചകളിലെ ഒരു വിഷയം. പൊതുവെ കേള്‍ക്കാറുള്ള ചില മുടന്തനും ആരോഗ്യകരവുമായചില വാദങ്ങള്‍:

*സമ്പത്ത് രാജവംശത്തിന്റേതാണ്. അവരല്ലേ (ആപത്തുകാലത്ത് ഉപകാരപ്പെട്ടാലോ എന്നു കരുതി) ഇതെല്ലാം സ്വരുക്കൂട്ടി വെച്ചത്. സ്വന്തം ഇഷ്ടത്തിന് ചെലവഴിക്കാതെ, അധികം ആര്‍ഭാടമൊന്നും കാണിക്കാതെ അവര്‍ തങ്ങള്‍ക്ക് കിട്ടിയത് പത്മനാഭന് കാഴ്ച വെച്ചു.


വാസ്തവത്തില്‍ സംഗതി അങ്ങിനെയാണോ? രാജാക്കന്മാര്‍ അത്ര ലളിതജീവിതമാണ് നയിച്ചതെന്ന് തോന്നുന്നില്ല. കൊട്ടാരങ്ങളും മറ്റ് ആര്‍ഭാടങ്ങളും അത്ര മോശമൊന്നുമായിരുന്നില്ല. പിന്നെ, അന്നത്തെ ശാസ്ത്ര പുരോഗതിക്കനുസരിച്ച് അത്രയൊക്കെയേ പറ്റൂ (ഏസി പിടിപ്പിക്കാനൊന്നും സാധിക്കില്ലല്ലൊ അന്ന്).
അങ്ങിനെ നോക്കിയാല്‍, ഇത്രയും നീക്കിയിരുപ്പ് സാധ്യമാകണമെങ്കില്‍, എന്തുമാത്രം ധനം അന്ന് ലഭ്യമായിരുന്നിരിക്കണം?
ഈ രാജാക്കന്മാരുടെ ദീര്‍ഘവീക്ഷണവും മറ്റും വലിയൊരു സംഭവമാക്കി എഴുതിക്കണ്ടു, പലയിടത്തും. ചില ചിന്തകള്‍ അങ്ങോട്ടും പോയിനോക്കട്ടെ...
ചില മാര്‍വാഡികളുടെ കഥ കേട്ടി ട്ടുണ്ട്. അവര്‍ പൊതുവെ ലളിതജീവിതം നയിക്കുന്നവരായിരിക്കും, ജോലി പണം പലിശയ്ക്ക് കടം കൊടുക്കലും. മുടക്കുന്നതിലും ചെലവാക്കുന്നതിലും അധികം പണം ഈ റോളിങ്ങിലൂടെ അവര്‍ സമ്പാദിക്കുന്നുണ്ടാവും. ജീവിതത്തിലെ അവരുടെ സംതൃപ്തി എന്നത് എന്നും ദിവസം പണപ്പെട്ടി തുറന്നു നോക്കി നോട്ടുകെട്ടുകള്‍ കാണുക എന്നതാണ്. അതിലൂടെ അവര്‍ അനുഭവിയ്ക്കുന്ന നിര്‍വൃതി എന്തെന്ന് എനിക്കറിയില്ല, പക്ഷെ അതാണ് അവര്‍ക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്നത് എന്ന് വ്യക്തം.

പല രാജാക്കന്മാരും (കുറഞ്ഞത് ഈ ശേഖരണയജ്ഞത്തിന്റെ ചില കണ്ണിക ളെങ്കിലും) ഇത്തരത്തില്‍ ഒരു ആത്മരതിക്കാരായിരുന്നു എന്ന് തോന്നിക്കു ന്നവിധത്തിലാണ് കണക്കുകളുടെ വരവ്. 10 കിലൊ ഭാരമുള്ള ആഭരണം കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം?

കുറച്ച് ധനം മിച്ചം പിടിക്കുന്നത് ഒരു കരുതലാണ്. അത്യാവശ്യത്തിന് ഉപയോ ഗിക്കാം. കുറച്ച് കൂടുതലാണെങ്കില്‍ ഒരു investment ആണ്. അടുത്ത തലമുറയ്‌ക്കോ മറ്റോ എടുത്തുപയോഗിക്കാവുന്നത്. ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ വെറും വള്‍ഗാരിറ്റിയാണ്, കുറേ ധനം കണ്ട് മഞ്ഞളിക്കുക എന്നതിലുപരിയായി ഒന്നും ഇല്ലിവിടെ.

ധനം എങ്ങിനെ രാജവംശത്തിന്റേത് മാത്രമാകും? രാജാവ് സമ്പാദിച്ച സ്വത്താണെങ്കിലല്ലെ രാജാവിന്റേത് എന്ന് പറയാനാവൂ.

നിരവധി സാധ്യതകളുണ്ടിവിടെ. (പിന്നീട് വന്ന പല രാജാക്കന്മാരും ഇതൊന്നും അറിഞ്ഞിട്ടുണ്ടാകണമെ ന്നില്ല, കുറെ സ്വത്ത് ഉണ്ട് എന്നല്ലാതെ ഇത്രയും വലിയൊരു ഭൂതം കുപ്പിക്കുള്ളിലുണ്ടെന്നത് അവര്‍ക്ക് അജ്ഞ മായിരിക്കാം). പലതവണകളായി പലയിടത്തുനിന്നും കിട്ടുന്ന സമ്മാനങ്ങള്‍, ദാനം എന്നിവയൊക്കെ സൂക്ഷിക്കാന്‍ ഒരു നിലവറ എന്ന രീതിയില്‍ ഉപയോഗിച്ചതാവാം. സ്വത്ത് കളവുപോകാതെ, ശത്രുക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിവെയ്ക്കാന്‍ ഏറ്റവും യോഗ്യമായ ഇടം ഒരുപക്ഷെ ആരാധനാലയം തന്നെയായിരിക്കും. ബ്രിട്ടീഷ് ഭരണാധികാരികള്‍ പൊതുവെ അമ്പലങ്ങളെ കൊള്ളയടിച്ചിട്ടില്ല എന്നതും ഒരുപക്ഷെ ഇത്തരം നിധികള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ സഹായി ച്ചിരിക്കാം. ഭരണാധികാരികള്‍ക്ക് മാത്രം പ്രവേശനം സാധിക്കാവുന്ന ഒരു നിലവറയില്‍ ധനം സൂക്ഷിച്ചുവെന്നത് ഒരു മഹത്തായ കാര്യമായി കണക്കാക്കാവുന്നതാണോ? (ഇന്നും ദൈവാരാധ നാലയങ്ങള്‍ തന്നെയാണ് പഴുത്ത് പൊട്ടിയൊലിക്കുന്ന ധനം സൂക്ഷിക്കാന്‍ പറ്റിയ ഇടം. തിരുപ്പതിയും ശബരിമലയും ഗുരുവായൂരും ഒക്കെ ആഡംബരത്തിന്റെ ലൈവ്‌ഷോകളാണ്. ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ എത്ര ശോചനീയമാണെങ്കിലും ഇതിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച യില്ല). കുറെ ധനം കുഴിച്ചിട്ട് അതിനു മുകളില്‍ ഒരമ്പലം പണിതാല്‍ അതിനേക്കാള്‍ സേഫ്റ്റി (അക്കാലത്തെങ്കിലും) വേറെയൊന്നിനുമുണ്ടാവില്ല.
രാജാക്കന്മാരുടെ ധനം എന്നത് സത്യത്തില്‍ രാജാക്കന്മാരുടെ തന്നെ ധനമാണോ? പൊതുജനം കരമായി നല്‍കുന്ന ധനം, മറ്റ് നാടുവാഴികളോ ഭരണാധികാരികളോ നല്‍കുന്ന ധനം, വെട്ടിപ്പിടിച്ച രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ധനം, സ്വന്തം രാജ്യാതിര്‍ത്തിയില്‍ കുഴിച്ചെടുത്ത ധനം, എന്നിവയല്ലാതെ ഒരു രാജാവിന് സ്വത്തു ണ്ടാകാന്‍ വേറെ വലുതായി വഴികളില്ല. ഇതില്‍ അവസാനത്തേതൊഴികെ മറ്റെല്ലാം മനുഷ്യാധ്വാനത്തിന്റെ നേരിട്ടുള്ള ഫലം രാജാവ്, ജന്മംകൊണ്ട് ഭര ണാധികാരിയായതിനാല്‍, എടുത്തുപയോഗിക്കുകയാണ് ചെയ്യുന്നത്. ഏത് തരത്തില്‍ നോക്കിയാലും പണിയെടുത്തവന്റെ ധനമാണ് അത്. രാജകുടുംബത്തിന്റേതാണ് ഇതെല്ലാം എന്ന് പറയുന്നത് ഏതളവുകോല്‍ വെച്ചു നോക്കിയാലും ശരിയായി വരുന്നില്ല.
ചുരുക്കിപ്പറഞ്ഞാല്‍, രാജകുടുംബത്തിന്റേതാണ് ധനം എന്ന വാദം വെറും രാജഭക്തിയില്‍ നിന്നും വരുന്നതാണ്. അതിനപ്പുറം അതിനൊരു ലോജിക് ഞാന്‍ കാണുന്നില്ല.

ഇനി, അഥവാ, രാജകുടുംബത്തെ ഇത് ഏല്‍പ്പിച്ചുവെന്നുതന്നെയിരിക്കട്ടെ, എന്തായിരിക്കും ഫലം? രാജകുടുംബത്തിന് അത് ഉപയോഗിക്കാന്‍ സാധിക്കില്ല, എന്നുമാത്രമല്ല, അതിന്റെ സൂക്ഷിപ്പ് നോക്കിനടത്താനുള്ള ശേഷി അവര്‍ക്കുണ്ടാകുമെന്ന് ആരും പറയുമെന്നും തോന്നുന്നില്ല. സര്‍ക്കാര്‍ എന്ന ഭൂതം പോലും അന്തിച്ചുനില്‍ക്കുന്ന സമയത്താണ് പഴയൊരു പ്രതാപം അയവിറക്കുന്ന കുറച്ച് ദുര്‍ബലശരീരര്‍!
സമ്പത്ത് ദൈവത്തിന്റേതാണ്, അതിലാര്‍ക്കും അവകാശമില്ല

ദൈവത്തിന്റെ സ്വത്ത് എന്നാല്‍ എന്താണ്? ഈ പ്രപഞ്ചം തന്നെ ദൈവത്തിന്റേതാണെന്ന് പറയുമ്പോള്‍ കുറെ സ്വര്‍ണവും മരതകവും ഒക്കെ ദൈവം private asset ആക്കി വെച്ചിരിക്കുകയാണോ? ദൈവം എന്നെങ്കിലും ഇത് ഉപയോഗിക്കുമോ?

ഇത് ദൈവത്തിന്റേത് എന്നുപറഞ്ഞ് മാറ്റി വെച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഒരു സര്‍ക്കാര്‍ സൂക്ഷിപ്പും ദൈവസൂക്ഷിപ്പും തമ്മില്‍ ഇക്കാലത്ത് എന്താണ് വ്യത്യാസം വരാന്‍ പോകുന്നത്?
ഇതില്‍ കയ്യിട്ടാല്‍ വെവരമറിയും, ആത്മാഹുതി നടത്തും, ഒലത്തിക്കളയും എന്നിങ്ങിനെ പല ഭീഷണികളും നിലവിലുണ്ട്. പട്ടിണിക്കാരുടെ, ഭിക്ഷക്കാരുടെ നീണ്ടനിര ഓരോ അമ്പലത്തിലും കാണാം (അല്പം ബിസിനസ് കൂടി ഇവിടെയുണ്ടെന്നത് സത്യം), അവരെ പരിഗണിക്കാതെ സ്വര്‍ണക്കൊടിമരവും മേല്‍ക്കൂരയും പണിത് പുനഃ പ്രതിഷ്ഠയ്ക്ക് വേറെ പണപ്പിരിവ് നടത്തി ധനാഢ്യരായി ഇരിക്കുകയാണ് മിക്ക ദൈവങ്ങളും. അശ്ലീലത്തിന്റെ തലത്തിലേക്കുയര്‍ന്നിട്ടുള്ള ഈ ശേഖരം കൂടി വേണോ ദൈവത്തിന് പിത്തം പിടി ക്കാന്‍?

*സമ്പത്ത് ഹിന്ദുക്കളുടെ പൊതുക്ഷേമത്തിന് ഉപയോഗിക്കണം.

ഇതിന്റെ ലോജിക് ആണ് എനിക്ക് തീരെ മനസിലാകാത്തത്. ഹിന്ദു രാജാവായിരുന്നതിനാല്‍ ഹിന്ദു ക്ഷേത്രത്തിന്റെ മറവില്‍ കുറേ സമ്പത്ത് സൂക്ഷിച്ചു. മുഗള്‍ വംശജരായിരുന്നെങ്കില്‍ മുസ്ലിം വിഭാഗക്കാര്‍ക്ക് മാത്രം കൊടുക്കണം എന്നു പറഞ്ഞാല്‍ അംഗീകരി ക്കാനാവുമോ? ഏത് ഹിന്ദു? ഈ സൂക്ഷിപ്പ് തുടര്‍ന്നിരുന്ന കാലത്ത് അല്പമെങ്കിലും സമ്പത്ത് ലഭ്യമായിരുന്നത് രാജാവിനും സവര്‍ണരായ ചില ശിങ്കിടിമാര്‍ക്കും കുറെ ബ്രാഹ്മണര്‍ക്കും മാത്രമായിരുന്നില്ലേ. അപ്പോള്‍ അവര്‍ക്ക് മാത്രം കൊടുത്താല്‍ മതിയെന്ന് വാദം വന്നാല്‍ നാട്ടുകാര്‍ എന്ത് ചെയ്യും?

കിട്ടിയത് ശ്രീപത്മനാഭന്റെ ക്ഷേത്രത്തില്‍ നിന്നല്ലേ? അപ്പോള്‍ ശൈവവിശ്വാസികള്‍ക്ക് കൊടുക്കേണ്ടതില്ലല്ലൊ. അപ്പടിയും സൊല്ലലാം!!!

പൊതുജനം കരം കൊടുത്താണ് ഇതെല്ലാം പണിതുയര്‍ത്തിയതും സ്വര്‍ണമാക്കി ശേഖരിച്ചതും. രാജാവ് ഹിന്ദുദൈവവിശ്വാസിയായി എന്നേയുള്ളൂ. ഇതില്‍ രാജാവോ ദൈവമോ ഒന്നും പങ്കുകാരല്ല. പിന്നെയെന്തിന് ഹിന്ദുക്ഷേമം മാത്രം പരിഗണിക്കണം?

ഇവര്‍ പറയുന്ന ഹിന്ദു ഏതാണെന്നറിഞ്ഞാലും ഇവര്‍ പറയുന്ന ഹിന്ദുക്ഷേമം എന്താണെന്നെനിക്കറിയില്ല. ഓരോ ഹിന്ദുവിനേയും വിളിച്ചിരുത്തി ഓരോ രത്‌നം വീതം കൊടുക്കുമായിരിക്കും!!!

*സമ്പത്ത് നാടിന്റെ പൊതുക്ഷേമപരിപാടികള്‍ക്ക് ഉപയോഗിക്കണം.

This is better. പക്ഷെ പ്രായോഗികമായ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട് ഇവിടെ.
ഒന്നാമത് കുറെ പണം കുമിഞ്ഞുകൂടിയാല്‍ പണപ്പെരുപ്പം ഉണ്ടാകും എന്നല്ലാതെ ജീവിതനിലവാരം ഉയരണമെന്നില്ല.

ഫേസ്ബുക്കിലൊരിടത്ത് എഴുതിക്കണ്ടു, കൊച്ചി മെട്രൊ മാത്രമല്ല തിരുവനന്തപുരം മെട്രൊ, കോഴിക്കോട് മെട്രൊ എന്നിവയും ആകാം എന്ന് (കൊല്ലവും തൃശൂരും ആ സുഹൃത്ത് വിട്ടുകളഞ്ഞതെന്താണാവൊ). കണക്ക് കണ്ടാല്‍ നഗരങ്ങളില്‍ മാത്രമല്ല, പോക്കണംകോട് മെട്രൊ വരെ ഉണ്ടാക്കാം.പൊതുജനോപകാരപ്രദമായ പല കാര്യങ്ങളും വെറും ബജറ്റില്ലാത്തതിനാല്‍ മാത്രം നടക്കാത്തതല്ല, രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടേയും കടമ്പകള്‍ പലതാണ്.

എനിക്ക് തോന്നുന്നത് വേറൊന്നാണ്, മണ്ടത്തരമാണോ എന്നറിയില്ല, എന്നാലും ഇത്രയും എഴുതിയനിലയ്ക്ക് ഇതുകൂടി കിടക്കട്ടെ..

കേരളത്തിന്റെ പൊതുകടം എത്രയെന്ന് എനിക്കറിയില്ല, എന്നാലും ഇപ്പറഞ്ഞ തുകയുടെയത്രയും വരില്ല എന്നാണ് ഒരു പ്രത്യാശ. ഇത് complete അങ്ങ് വീട്ടിയാലൊ? അടുത്ത തലമുറയെങ്കിലും സമാധാനമായി ഉറങ്ങാന്‍ ശീലിക്കട്ടെ. ധനാഢ്യനായ ഒരു ദൈവത്തെക്കൊണ്ട് അത്രയെങ്കിലും ഉപകാരമുണ്ടാകട്ടെ. അത്രയും നന്ന്...

3
ഒരു ഓഫ് ഇടട്ടെ,

ഇതൊക്കെ ഒരു മോഹം മാത്രമാണെന്നറിയാം. ഈ രാജ്യം ഇന്ത്യാക്കാര്‍ തന്നെ കൊള്ളയടിച്ചത് ഇതിനുമപ്പുറം വരും. അതൊന്നും തിരിച്ച് ഈടാക്കാനോ ജനനന്മയ്ക്ക് ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയുള്ളപ്പോള്‍ ദൈവത്തിന്റെ ആസ്തി (അസ്ഥിയെങ്കിലും) തൊടാന്‍ ആര്‍ക്ക് സാധിക്കും? സായിബാബയുടെ സ്വത്ത് പോലും തൊടാന്‍ സര്‍ക്കാരിന് ധൈര്യമില്ല, അപ്പോഴാണോ കുറച്ചുകൂടി ഒറിജിനാലിറ്റി അവകാശപ്പെടുന്ന പത്മനാഭന്റെ സ്വത്ത്.
അല്പം നസ്യം കൂടി ആവാം എന്ന് തോന്നുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്ന് (ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചതിനാല്‍) ജനത്തിനായി ചെയ്ത കാര്യങ്ങള്‍ വിദ്യാഭ്യാസം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയായിരുന്നു. നാം അങ്ങോട്ട് ചെന്നപ്പോഴൊ? കിട്ടാവുന്നിടത്തെല്ലാം ഓരോ അമ്പലം പണിതു. ബ്രിട്ടനില്‍ പട്ടേലുമാര്‍ നടത്തുന്ന 12 സ്വാമിനാരായണ്‍ സ്ഥാപനങ്ങളുണ്ടത്രെ!


No comments:

Post a Comment