Thursday, September 29, 2011

വിദ്യാര്‍ത്ഥി, വാള്യം - 5, ലക്കം 1, ആഗസ്റ്റ് 2011 പേജ്‌ 6

കഥ

കടല്‍ വിമാനങ്ങളില്‍ മിനാഅമീരി

രോഷ്‌നി സ്വപ്‌ന
1
പരുന്തുകളുടെ വേദിയില്‍ അവള്‍
ആത്മഹത്യചെയ്യും മുമ്പ് ഒരു സമരത്തില്‍ പങ്കെടുക്കണമെന്നും ഉറക്കെ, തൊണ്ടപൊട്ടും വിധമൊന്ന് മുദ്രവാക്യം വിളിക്കണമെന്നും മിനാ അമീരി തീര്‍ച്ചപ്പെടുത്തി. മീനാക്ഷി വെങ്കട്ടരാമനെ മിനാ അമീരി എന്ന് പുനര്‍നാമകരണം ചെയ്തത് അമീറായിരുന്നു. മീനാക്ഷിയും അമീറും മാത്രം കളിച്ചുകൊണ്ടിരിക്കുന്ന നാടകത്തിന്റെ അവസാന റിഹേഴ്‌സല്‍ കഴിഞ്ഞ് വളര്‍മതിയെന്ന ശ്രീലങ്കക്കാരിയോടൊപ്പം കോഫീഷോപ്പിലിരിക്കുമ്പോഴാണ് മീനാ അതുപറഞ്ഞത്. - നാടകം നടന്നുകൊണ്ടിരിക്കേ വേദിയില്‍ നിന്ന് അപ്രത്യക്ഷയാകാന്‍ തോന്നുന്നു. ചിലപ്പോഴൊക്കെ അമീറിന്റെ അഹന്തകള്‍ക്കുമേല്‍, പകര്‍ന്നു പകര്‍ന്നാടുന്ന ഒരു പാട് ദുഷ്ടകഥാപാത്രങ്ങളായിപ്പടര്‍ന്ന് കയറാന്‍ ഞാന്‍ വല്ലാതെ ആഗ്രഹിക്കുന്നു''.

ചായക്കപ്പിന്റെ വെളുത്ത അരികോരത്ത് തങ്ങിനില്‍ക്കുന്ന പതക്കുമിളികളെ വളര്‍മതി സ്പൂണുകൊണ്ട് പതുക്കെ ഉടച്ചു. മീനാ വീണ്ടും പറഞ്ഞു. ....... ''എന്നിട്ടെനിക്ക് ആത്മഹത്യചെയ്യണം. പക്ഷെ അതിനു മുമ്പ് ഉറക്കെ ...... ലോകം മുഴുവന്‍ കേള്‍ക്കുമാറുച്ചത്തില്‍ ...... ''.
വളര്‍മതി വീണ്ടും സ്പൂണ്‍കൊണ്ട് പതക്കുമിളകളുടയ്ക്കാന്‍ തുടങ്ങി. വെളുത്ത കപ്പിനു പുറത്തേക്ക് ചുവന്നകള്ളികളുള്ള മേശവിരിപ്പിലേക്ക് തരിതരിയായി വീണുടഞ്ഞ പതകളെ അവള്‍ വിരല്‍ കൊണ്ട് മുനിഞ്ഞെടുത്തു.
''അമീര്‍ ഇപ്പോള്‍പ്പറയുന്ന ഭാഷകളെ എന്‍കോഡുചെയ്തുവയ്ക്കാന്‍ എനിക്കിപ്പോള്‍ പറ്റാറില്ല. വേദിയിലാണെങ്കിലും, അല്ലെങ്കിലും പരുന്തുകള്‍ കൂട്ടത്തോടെ പറന്നുവരുന്ന ആകാശത്തെ സ്വപ്നം കണ്ടു പേടിക്കുകയാണു ഞാന്‍.
വളര്‍മതിക്ക് മീനാ അമീരിയുടെ വാക്കുകള്‍ക്കൊപ്പം ഓടിയെത്താനാവില്ല ഇപ്പോള്‍. നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്ന ഈഴത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആളിക്കത്തുന്ന ആത്മാവുമായി നടക്കുന്ന വളര്‍മതി മീനാ അമീരിയുടെ മനസ്സിലേക്ക് തുറിച്ചുനോക്കിക്കൊണ്ടേയിരുന്നു.
വേദിയില്‍ പകര്‍ന്നാടുമ്പോഴും മുമ്പവള്‍ വളര്‍മതിയോടുപറഞ്ഞ പരുന്തുകളെക്കിറിച്ചോര്‍ത്ത് മീനാ ഭയപ്പെടാറുണ്ട്. ചിലപ്പോള്‍ വട്ടമഞ്ഞച്ചതുര വെളിച്ചങ്ങള്‍ കണ്ണിലേക്കു തുളച്ചു കയറുമ്പോള്‍, കാറ്റുപോലെ ഉയരുന്ന സംഗീതം ശരീരത്തുളകളിലൂടെ, അരിച്ചിറങ്ങി കാഴ്ചക്കാരിലേക്ക് കുതിച്ചിറങ്ങിയിണ്ടാതിരിക്കുന്നത് അവള്‍ കാണാറുണ്ട്.
''സാരമില്ല. വേദിയില്‍ ഉടല്‍ ഒരു കടല്‍പക്ഷിയാണ്.
ഉയരുകയും താഴുകയും സമരം ചെയ്യുകയും ചെയ്യുന്ന .......
അമീര്‍ കൈകള്‍ വിടര്‍ത്തിക്കൊണ്ടു പറയും. മിനാ പരുന്തുകളെ മറക്കും.
2
വെളിപാടുകള്‍ ഒരു വേദി ആളിക്കത്തിക്കുമ്പോള്‍
ആമീറിനു മാത്രം ദൃശ്യമാകുന്ന അരങ്ങിലായിരിക്കുമ്പോള്‍ മിനാ ആമീരിക്ക് മരുഭൂമികളുടെ അതിരുകളില്‍ച്ചെന്ന് തിരിച്ചുപോരാം എന്ന് ഒരുറപ്പുണ്ടായിരുന്നു. കഥാപാത്രങ്ങളില്‍പ്പെട്ട് സ്വയം മുറിഞ്ഞ് അമീറെത്തുമ്പോള്‍ അവള്‍ രാത്രികളില്‍ ഉറക്കമൊഴിഞ്ഞ് അവന് നിലാവിന്റെ സ്ഫടികക്കഷണങ്ങള്‍ പെറുക്കിക്കൊടുത്തു. പോര്‍വിമാനങ്ങള്‍ ആകാശത്ത് നങ്കൂരമിടുന്ന ഇരുണ്ട തുരങ്കങ്ങളിലേക്കു നോക്കി ആമീര്‍ കിടക്കുമ്പോള്‍ അവന് ആരിത്തൊന്നു രാവുകളുടെ തണുപ്പൂറ്റിക്കൊടുത്തു.
''ഞാനവനെ പ്രണയിക്കുകയായിരുന്നു വളര്‍മതീ..... എന്റെ ലോകത്ത് പോര്‍ വിമാനങ്ങളും, യുദ്ധക്കോപ്പുകളും, പീരങ്കികളും ഒന്നും ഉണ്ടായിരുന്നില്ല. വെളിച്ചക്കടലില്‍ അവനോടൊപ്പം വേദിയില്‍ നൃത്തം ചെയ്യുമ്പോഴോ, കടല്‍മരുഭൂമിയില്‍ അവനോടൊപ്പം അലഞ്ഞു നടക്കുമ്പോഴോ, അവനെ പ്രണയിക്കുമ്പോഴോ ..... ഒന്നും. ...
പകല്‍ച്ചൂടിന്റെ ആധിയില്‍ മിനാ ആമീരി പിറുപിറുത്തു. അവളുടെ ഓര്‍മ്മയില്‍ വിളഞ്ഞ പാടങ്ങളുടെ സുഗന്ദം പരക്കുന്നത് വളര്‍മതി കണ്ടു.
''അമ്മയുടെ ഗര്‍ഭപാത്രത്തിലേക്കെന്നപോലെ അവന്‍ എന്നിലേക്ക് ചുരുണ്ടുറങ്ങുകയാണ് പതിവ്. പണ്ടൊക്കെ കരിങ്കല്ലുകള്‍ ഉടച്ച് സ്വപ്നങ്ങല്‍ തീര്‍ക്കുന്നതിനെക്കുറിച്ച് പറയുമായിരുന്നു. എന്നിട്ട് എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കും. ലോകത്തിലെ എല്ലാ സമരങ്ങളിലും ചോരവാര്‍ന്ന് ഒലിച്ച് മുന്നേറണമെന്ന സ്വപ്നത്തെക്കുറിച്ച് വാതോരാതെ പറയും. അപ്പോഴൊന്നും അവന്റെ മുഖംമൂടികള്‍ ഞാന്‍ കണ്ടിരുന്നില്ല. ഉടന്‍തന്നെ അവന്‍ പറയുമായിരുന്നു.
''ആകാശത്തുനിന്ന് ആരോ ഊഴ്ന്നിറങ്ങി, നമ്മുടെ പാടങ്ങളില്‍ക്കയറി പ്രണയത്തെ മോഷ്ടിക്കും. സംഗീതത്തിന്റെ ഏകസ്വരം ബഹുസ്വരങ്ങളിലേക്ക് മുക്കിക്കൊല്ലും . മിനാ .... എന്റെ പ്രിയപ്പെട്ടപെണ്‍കുട്ടീ..... നമുക്ക് ഈ ലോകത്തെ ഇരുളടഞ്ഞ കരിങ്കല്‍ക്കട്ടകള്‍ക്കുള്ളില്‍ നിന്ന് മോചിപ്പിക്കണം. ടൈഗ്രസ് നദിക്കരയിലെ വെളുത്ത പൂക്കള്‍ നമുക്ക് നമ്മുടെ മണ്ണില്‍വിരിയിക്കണം. നൈലിന്റെ വന്യനിശ്ശബ്ദതയില്‍ നമുക്ക് നമ്മുടെ ഉടല്‍ക്കവിതകള്‍ രചിക്കണം. നീലാംബരിയുടെ രാഗരസത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സമരഗാഥകള്‍ എഴുതിച്ചേര്‍ക്കണം....... ''.
''ഞാനവനെ നിലാവുപോലെ വിശ്വസിച്ചു. മരണംപോലെ പ്രണയിച്ചു.....''. മീനാ അമീരിയെന്ന മീനാക്ഷിയുടെ കണ്ണുകളില്‍ ചുവന്ന കടല്‍ തുളച്ചു കയറുന്നത് വളര്‍മതി കണ്ടു.
3
കടല്‍നൊച്ചികള്‍ ഇഴഞ്ഞുവന്ന പുലര്‍ച്ചകള്‍
ആകാശത്ത് പുകപടലങ്ങള്‍ ഉയര്‍ന്ന കറുപ്പുരാശി പടരുന്നതവള്‍ നിരാശയോടെ നോക്കിയിരിക്കുമായിരുന്നു. പേരറിയാനാവാത്ത നിസ്സംഗതകളില്‍പ്പെട്ട് അവന്‍ മരിച്ചു വീഴുന്ന ഭ്രൂണങ്ങളെ സ്വപ്നം കണ്ട് ഞെട്ടിയുണരുമായിരുന്നു. പൊട്ടിത്തകരുന്ന ഭൂമിയടരുകളുടെ ശബ്ദം കേട്ട് ആമീര്‍ വേദനകൊണ്ടു പുളഞ്ഞു.
മരുഭൂമികളുടെ ചുട്ടുപഴുത്ത ആഴങ്ങളില്‍ അവന്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത് എന്താണെന്നവനു മനസ്സിലായിരുന്നില്ല. കര്‍ദ്ദുകളുടെ സ്വപ്നങ്ങള്‍ക്ക് വിലാസമെഴുതാന്‍ പാടില്ല എന്ന് ആരോ അവനെ പറഞ്ഞു പഠിപ്പിച്ചിരുന്നു. ഭൂപടങ്ങളില്‍ നിന്ന് ചിതറിതെറിച്ച് സ്വന്തം വംശത്തിന്റെ വേദന അയാളെ നടുക്കി.
മിനാ.... മിനാ... എന്റെ പ്രണയമേ....
അയാള്‍ ആവുംവിധം ഉച്ചത്തില്‍ വിളിച്ചു. ഞെട്ടിയുണര്‍ന്ന അയാള്‍ക്ക് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ നാവില്‍ കയ്ച്ചു. മീനാക്ഷി വെങ്കട്ടരാമനെന്ന നര്‍ത്തകിയോടൊപ്പം നൃത്തം ചെയ്യുമ്പോള്‍ അയാള്‍ അതിരുകള്‍ മറന്ന പക്ഷിയായി മാറി. ചോളവയലുകള്‍ക്കരികത്തെ ഇളം തവിട്ടു നിറക്കുടിലും, അബ്ബ അമ്മയും കത്തിയെരിഞ്ഞ നട്ടുച്ചയും ആമീറിനെ ദുഃസ്വപ്നങ്ങളിലേക്കു കുടഞ്ഞു. അയാള്‍ മീനാക്ഷിയുടെ മടിയിലേക്ക് മുഖം പൂഴ്ത്തി.
''നിനക്ക് ഈ രാജ്യം വിടേണ്ടിവരില്ലേ ആമീര്‍? മീനാക്ഷി ചോദിക്കും.''
''ഇല്ല.... ഇല്ല... പക്ഷികള്‍ക്കൊപ്പം യുദ്ധവിമാനങ്ങള്‍ പറക്കുന്ന ആ നാട്ടിലേക്ക് .... ഞാന്‍ തിരിച്ചുപോകില്ല'ല്ല.. അവന്‍ കടലില്‍ മുങ്ങി നിവരുകയായിരിക്കും അപ്പോള്‍ എന്നവള്‍ അഹങ്കരിച്ചു. പക്ഷെ ഉടല്‍ കൊത്തിവലിക്കുന്ന വഴുവഴുത്ത കടലില്‍ നിന്ന് കയറിപ്പോരാനവന്‍ പോരാട്ടങ്ങളുടെ ചരിത്രം വെറുതെ ഓര്‍മ്മിച്ചു.
ആയിരങ്ങള്‍ നോക്കിയിരുന്ന വേദിയില്‍ വച്ച് മിനാ ആമീരി കടല്‍നൊച്ചികളെ സ്വപ്നം കണ്ട് നൃത്തം ചെയ്ത ഒരു സായന്തനത്തില്‍ അമീര്‍ തന്റെ പായ്ക്കപ്പലിന്റെ പാളികല്‍ ചേര്‍ത്തുകെട്ടാന്‍ തീരുമാനിച്ചു. മിനാ അമീരി നൃത്തം ചെയ്ത് വേദിയില്‍ കുഴഞ്ഞുവീഴുംവരെ കടും ചുവപ്പു നിറ വെളിച്ചങ്ങള്‍ മൂര്‍ച്ചയോടെ കത്തിക്കൊണ്ടിരുന്നു.
4
കാണുംമുമ്പ് കരിഞ്ഞ സ്വപ്നത്തില്‍ മിനാ അമീരി
നൃത്തപരിപാടികളുടെ ഇടവേളകളില്‍ ആമീര്‍ നയിച്ചിരുന്ന സമരങ്ങള്‍ പുറപ്പെട്ടിരുന്ന ഇടുങ്ങിയ മുറിക്കുള്ളില്‍ അവന്റെ ചര്‍ച്ചകള്‍ കഴിയും വരെ അവള്‍ കാത്തു നിന്നു.
''എനിക്ക് ശ്വാസം മുട്ടുന്നു ആമീര്‍..... ഉടല്‍ഭിത്തികളില്‍ അമര്‍ത്തിപ്പിടിച്ച് അവള്‍ പറഞ്ഞു. കണ്ണടച്ചാല്‍ക്കാണുന്ന മരുഭൂമിയില്‍ എവിടെയെങ്കിലും ഒരു തരി കാറ്റു വീശിയെങ്കില്‍ അതോടൊപ്പം ഒളിച്ചുകടക്കാനാഗ്രഹിക്കുന്ന അമീറിനെക്കണ്ടവള്‍ അത്ഭുതപ്പെട്ടു.
എനിക്ക് കാഴ്ച മങ്ങുന്നു ആമീര്‍ .....
മീനാക്ഷി നേര്‍ത്ത് ശബ്ദത്തില്‍ ഞരങ്ങി ദൂരക്ക് അവ്യക്തമായിപ്പടരുന്ന കാഹളങ്ങളുടെ കാഴ്ചകളിലേക്കവള്‍ നിറഞ്ഞ കണ്ണുകള്‍ തുരത്തി. ആമീറിന് മീനാക്ഷിയെ ഒരു തൂവല്‍ക്കൊതുമ്പുപോലെ കുടഞ്ഞുകളയണമെന്നു തോന്നി. മിനാ അമീരി നേര്‍ത്തു നേര്‍ത്തു വരുന്ന ഒരു സ്വരം മാത്രമായി മാറി. അവളുടെ നെറ്റിയിലെ ചുവന്ന പൊട്ട് അയാളെ രക്തത്തെക്കുറിച്ചുള്ള ഓര്‍മ്മകലിലേക്കു തള്ളി.
''ഇത് അവസാനത്തെ യുദ്ധമായിരിക്കണം'' ഒരാള്‍ക്കൂട്ടം അയാള്‍ക്കുപിന്നില്‍ ഇരമ്പി. അയാള്‍ മിനായുടെ കൈപിടിച്ച് ഊക്കോടെ മുന്നോട്ടു നടന്നു.
ചില്ലുപാത്രങ്ങള്‍ കലച്ചുംപോലെ മിനയുടെ ജീവനും ഉടലും ചിലമ്പിക്കുന്ന ശബ്ദം അയാള്‍ കേട്ടു. എവിടെ നിന്നോ ആരോ നേര്‍ത്ത ശബ്ദത്തില്‍ വിളിക്കുന്നതയാള്‍ കേട്ടു. അതെന്താണെന്നയാള്‍ക്കു മനസ്സിലായില്ല. മീനാ അമീരിയുടെ ഉള്ളില്‍ നിന്നാണോ ശബ്ദമെന്നയാള്‍ ഭയന്നു. ഭയം അയാളെ കഴുകനെപ്പോലെ മൂടി. ഇരുട്ടു പകര്‍ന്നു.
''എന്റെ യുദ്ധങ്ങള്‍ അവസാനിച്ചട്ടില്ല''
അയാള്‍ക്ക് അവളോടങ്ങനെ പറയണമെന്നു തോന്നി.  ആ ആഗ്രഹം അയാളില്‍ കനക്കുന്തോറും മീനാക്ഷിയെ ദൂരേക്കുതള്ളിമാറ്റാന്‍ അയാള്‍ അതിയായി ആഗ്രഹിച്ചു. ഒളിസങ്കേതത്തിലെന്നപോലെ തല പൂഴ്ത്തിക്കിടന്ന മടിത്തട്ട്, ഇരുട്ടില്‍ നിന്ന് കണ്ണുകളടച്ചു അനുഭവിച്ച സുഗന്ധങ്ങള്‍, പ്രണയത്തിന്റെ ലാര്‍വ്വകള്‍ വിരിയുന്നത് ഒരുമിച്ചു കണ്ട കറുത്തവാവുകള്‍..... !. അവന് ഉടലാകെ കടല്‍നൊച്ചികള്‍ കോറിവലിക്കുന്നതായിത്തോന്നി.
''എന്റെ യുദ്ധങ്ങള്‍ എന്റേതുമാത്രമാണ്ണ്... അവന്‍ പറഞ്ഞു. ഇരുട്ടിലവന്റെ കണ്ണുകള്‍ തീക്കട്ടകളാകുന്നത് അവള്‍കണ്ടു.
5
ഒടുവിലത്തെ ദിവസത്തിനുമുമ്പ് ഒരു കടല്‍ത്തിര പറഞ്ഞത്
''പതിയെപ്പതിയെ ആമിറും ഞാനും മാത്രമുള്ള വേദികളില്‍ ഞാന്‍ സ്വയം മറന്ന് നൃത്തമാടാന്‍ തുടങ്ങി. ആമിറിന് പലപ്പോഴും എന്റെ ഉടല്‍ക്കാറ്റിനൊപ്പം ചുവടുവയ്ക്കാനാവില്ല.
മീനാക്ഷി പറഞ്ഞുകൊണ്ടേയിരുന്നു.
''നൃത്തം ചെയ്യുംതോറും അവനെന്റെ കണ്ണുകളെ ഭയന്നുതുടങ്ങി. കൈക്കാലുകള്‍ ഊരിയെറിയണമെന്നു തോന്നി. അവനുമുന്നില്‍ പഞ്ഞിത്തുണ്ടുപോലെ, പ്രണയത്തില്‍ പതിഞ്ഞുപോയ എന്റെ ഉടല്‍ ആളിക്കത്തുന്ന ജ്വാലപോലെ നൃത്തം ചെയ്തു തുടങ്ങിയപ്പോള്‍.... അവനത് പ്രതീക്ഷിച്ചതായിരുന്നില്ല വളര്‍മതീ......
സ്വനപേടകത്തില്‍ നിന്ന് അപ്രത്യക്ഷമായ്‌ക്കൊണ്ടിരിക്കുന്ന ഒച്ചയുടെ അങ്ങേയറ്റത്തെ തരിയിലൂടെ അവന്‍ യാചിച്ചുകൊണ്ടേയിരുന്നു. അവന്റെ സ്വത്വം, അവന്റെ ദേശം, അവന്റെ ഉള്‍ സമരങ്ങള്‍......
അവന്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ തൊട്ടു മുന്നിലെ കസേരയില്‍ ഞാനവനെ കണ്‍പീലികളടയ്ക്കാതെ നോക്കിയിരുന്നു. അവന്റെ ഉടലും, തൊലിയും വിറച്ചുകാണും വളര്‍മതീ.....
അവന്റെ നിരാസത്തില്‍നിന്ന് ഞാന്‍ എന്റെ ആത്മഹത്യയിലേക്ക് റിഹേഴ്‌സല്‍ നടത്തുകയായിരുന്നു വളര്‍മതീ.....
എല്ലാവരെയും കൊന്നൊടുക്കി ലോകത്ത് അവന്റേതുമാത്രമായ ഒരു സമ്രാജ്യം പണിയാന്‍ ആഗ്രഹിക്കുന്ന ആമീറിനെക്കണ്ട് ഞാന്‍ ഞെട്ടി. അവിടെ അവനോടൊപ്പം ഞാന്‍ ഉണ്ടാവില്ല എന്നവന്‍ പറഞ്ഞു. അന്നുമുതലാണ് വളര്‍മതീ എന്റെയുള്ളില്‍ സമരങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കനക്കാന്‍ തുടങ്ങിയതും, പരുന്തുകള്‍ കൂട്ടത്തോടെ പറന്നു ഞാന്‍ തുടങ്ങിയതും.
''മിനാ... എന്റെ പ്രണയമേ... എന്നോട് ക്ഷമിക്കൂ..... ആമീര്‍ അവളുടെ കാലുകളില്‍പ്പിടിച്ച് കരഞ്ഞു.
''ഞാന്‍ മീനാക്ഷിയാണ്''
അവളുടെ ശബ്ദം തട്ടി പ്രതിഫലിക്കുന്ന ആഴങ്ങളിലേക്കു നോക്കി ആമീര്‍ ഭയപ്പെട്ടു.
6
ആത്മഹത്യയുടെയും പ്രണയത്തിന്റെയും താള്‍
ആമീറും മീനാക്ഷിയും മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു നൃത്ത പരിപാടിയുടെ മുമ്പാണ് ആത്മഹത്യചെയ്യണമെന്ന് മിനാ തീരുമാനിച്ചത്. പക്ഷെ എങ്ങനെയെന്നവള്‍ക്കറിയില്ലായിരുന്നു. വേദിയില്‍ പലതവണ കണ്ണുകള്‍ നേര്‍ക്കുനേര്‍വന്നെങ്കിലും, മീനാക്ഷിയുടെ പൊള്ളുന്ന നോട്ടങ്ങളോട് ഉത്തരം പറയാന്‍ ആമിറിന്റെ കൈവശം ഒന്നും ഉണ്ടായിരുന്നില്ല. അന്നുവൈകുന്നേരം നടക്കാനുള്ള ഒരു ജാഥയില്‍ മീനാക്ഷിയും വരുന്നുവെന്നത് അവനെ പേടിപ്പെടുത്തി. വേദിയില്‍ വെളിച്ചം കുറവായിരുന്നു. ദേശവും കാലവും കടന്ന് കടന്ന് പോന്നിട്ടുള്ള ഓരോ പ്രണയങ്ങളും അവന്‍ ഓര്‍ത്തെടുത്തു.
ഓരോ ഒറ്റപ്പെടലിനും അതിജീവനങ്ങള്‍ ആവശ്യമാണ് എന്ന് നിശബ്ദമായിപ്പറഞ്ഞ മീനാക്ഷിയെ തന്നോടൊപ്പം നൃത്തം ചെയ്യാന്‍ ക്ഷണിച്ച ദിവസങ്ങളെ അയാള്‍ ഓര്‍ത്തെടുത്തു. അവന്റെ കൈഞരമ്പുകളിലൂടെ അഗ്നി പടര്‍ന്ന് ആകാശത്തേക്കു ചിതറി. സ്വീകരിച്ചതിനേക്കാള്‍ കൂടുതലെളുപ്പത്തില്‍ കുടഞ്ഞുകളയാനാഗ്രഹിക്കുന്നത് സ്വന്തം ജീവന്‍ തന്നെയാണോ എന്നയാള്‍ സംശയിച്ചു. മീനാക്ഷി വേദിയിലേക്കു കടന്നുവരാനൊരുങ്ങി നില്‍ക്കുന്നതയാള്‍കണ്ടു. സൂചിമൂര്‍ച്ചകള്‍ മുഴങ്ങുന്ന നിശബ്ദതയിലൂടെ നടന്ന് അവള്‍ ആമീറിന്റെ തീജ്ജ്വാലകളെ തലോടി.
...''ജനിപ്പിക്കാനും, നിലനിര്‍ത്താനും സ്ത്രീക്കുമാത്രേ കഴിയൂ....'' എന്നു പറഞ്ഞവള്‍ വേദിയിലവളുടെ കണ്ണുകളിലേക്കുറ്റുനോക്കി. അയാളുടെ ശരീരം വിയര്‍ത്തൊഴുകി...'' കൊല്ലാനും.....'' അവള്‍ പൂരിപ്പിച്ചു.
നൃത്തം നടന്നുകൊണ്ടിരിക്കുകയായിരുന്നു.
''ഈ നൃത്തത്തിനൊടുവില്‍ ഞാന്‍ ആത്മഹത്യചെയ്യും.''.
വളര്‍മതി, മീനാക്ഷിയുടെ വാക്കുകള്‍ ഓര്‍ത്തു ഞെട്ടി. പലനിറങ്ങളില്‍ വെളിച്ചം വേദിയിലേക്കു ചിതറി. ഒഴിഞ്ഞ കാണിക്കസേരകളിലേക്കു നോക്കി അവള്‍ പൊട്ടിച്ചിരിച്ചു. നൃത്തത്തിനിടയില്‍ മീനാക്ഷിയുടെ ഉടല്‍തൊട്ടപ്പൊളൊക്കെ ആമീര്‍ പൊള്ളിപ്പോയിരുന്നു. സ്വന്തം ശരീരം കത്തിയളിഞ്ഞ മാംസപിണ്ഡമാണെന്നയാള്‍ക്കു തോന്നി.
''ജനിപ്പിക്കാനും, നിലനിര്‍ത്താനും, കൊല്ലാനും.... '' അവള്‍ മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.
അരങ്ങു കത്തുന്ന വെളിച്ചത്തിലയാള്‍ക്ക് കാലവും സ്ഥലവും ഓര്‍മ്മയും നഷ്ടപ്പെട്ടു. താന്‍ നഗ്നനായിപ്പോകുന്നതായി അയാള്‍ക്ക് തോന്നി.
പെട്ടെന്ന് അയാള്‍ ഒരു ശബ്ദം കേട്ടു. അതെന്താണെന്നു തിരിച്ചറിയും മുമ്പ് ഉഷ്ണക്കാറ്റ് അയാെളമൂടി. മീനാക്ഷി, വേദിയിലേക്ക് കുതിക്കുകയായിരുന്നു. കണ്ണുകളെ കാഴ്ച മൂടുന്ന കാറ്റും വെളിച്ചവും അവളില്‍ നിന്ന് പൊട്ടിയടര്‍ന്നു.
ഒഴിഞ്ഞ കസേരകള്‍, നിശ്ശബ്ദത...
പുറത്താക്കപ്പെട്ട എല്ലാ കൊടുങ്കാറ്റുകളും തന്റെ നേരെ വീഴുന്നതായി ആമിറിനു തോന്നി. മൂര്‍ച്ചയേറിയ ഒരു കത്തിയുമായി മീനാക്ഷി തന്റെ നേരെ വരുന്നതായി അയാള്‍ക്കു തോന്നി. ആമിറിന് ഉറക്കെ നിലവിളിക്കണമെന്നു തോന്നി. നൃത്തം ചെയ്തുകൊണ്ട് മീനാക്ഷി ഉടല്‍ ഞരമ്പുകള്‍ ഓരോന്നായി അറുത്തുമാറ്റുന്നത് അയാള്‍ കണ്ടു. മണ്ണിലേക്ക് ആരോ ചേര്‍ത്ത് ആണിയടിച്ച ശരീരത്തില്‍ നിന്ന് കുതറിമാറാന്‍ അയാള്‍ക്കായില്ല. ഭൂമിയുടെ അങ്ങേയറ്റത്തുനിന്ന് നേര്‍ത്ത ഒരു കരച്ചില്‍ അയാള്‍ കേട്ടു. ഇത്തവണ അത് ചോരയിറ്റുവീഴുന്ന മീനാക്ഷിയുടെ ഉടലിന്റെ ഉള്‍ അകങ്ങളില്‍ നിന്നാണെന്നയാള്‍ തിരിച്ചറിഞ്ഞു. പൊടുന്നനെ മീനാക്ഷി നൃത്തം അവസാനി പ്പിച്ചു.
''ആരാണ് നിലവിളിക്കുന്നത് ''. അവള്‍ കിതച്ചു.
ഉടല്‍ മുഴുവന്‍ ലാവപോലെ എന്തോവന്നു മൂടും പോലെ പെട്ടെന്ന് ആമിര്‍ മീനാക്ഷിയെ ചേര്‍ത്തുപിടിച്ചു. പതിയെ ചുറ്റും ഇരുട്ട് പരന്നു. വാദ്യഘോഷങ്ങള്‍ നിലച്ചു. കറുത്ത ഇരുട്ടില്‍ നിന്നും ഒരു നേര്‍ത്ത ശബ്ദം മീനാക്ഷിയെ വിളിച്ചു. ഇളം ചുവപ്പുകലര്‍ന്ന, മെലിഞ്ഞ തൊലിയുള്ള ഒരു കുഞ്ഞു കൈ മീനാക്ഷിയെ നയിച്ചു.
അവള്‍ മുറിച്ചിട്ടത് തന്റെ ഞെരമ്പുകളാണല്ലോയെന്ന് തൊട്ടടുത്ത നിമിഷം ആമിര്‍ തിരിച്ചറിഞ്ഞു. ചോരയുടെ തണുത്ത ഉമ്മകള്‍ അയാളെ പ്രണയത്തിന്റെ ഓര്‍മ്മയിലേക്ക് തള്ളിയിട്ടു. അയാള്‍ വാവിട്ടു കരഞ്ഞു. ഉടല്‍ കീറിയൊഴുകുന്ന ചോരയില്‍ കണ്ണാടിയിലെന്ന പോലെ അയാളൊരു മുഖം കണ്ടു. കണ്ണുകള്‍ പാതിയടഞ്ഞ ഒരു മുഖം. മീനാക്ഷിയുടെ കൈപിടിച്ച് ദൂരെ മരുഭൂമിയിലേക്കു നടക്കുന്നത്  അയാള്‍ കണ്ടു. താന്‍ പറത്തിവിട്ട പോര്‍വിമാനങ്ങളും കഴുകന്മാരും മേഞ്ഞുനടക്കുന്ന ആകാശച്ചുവട്ടിലേക്കാണവര്‍ നടന്നു നീങ്ങുന്നതെന്നറിഞ്ഞയാള്‍ ഉറക്കെ നിലവിളിക്കാന്‍ ശ്രമിച്ചു. ചോരയില്‍ക്കുതിര്‍ന്ന ശബ്ദങ്ങള്‍ അയാളില്‍ നിന്ന് വേറിടാന്‍ മടിച്ചു. അയാള്‍ക്കു മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍, ഭൂമി ഒരു കഥ പറയാന്‍ തുടങ്ങി. ഒഴുകിപ്പടര്‍ന്ന ചോരയില്‍ നിന്ന് ആയിരക്കണക്കിന് ഭ്രൂണങ്ങള്‍ അതേറ്റു പറഞ്ഞു തുടങ്ങി. ആമിര്‍ ഉറക്കെ നിലവിളിച്ചു. കുതിച്ചുവന്ന ഒരു തിരയില്‍ ആ ശബ്ദം മുങ്ങിപ്പോയി.


No comments:

Post a Comment