Wednesday, October 5, 2011

ഒരു അപസ്വരത്തിന്റെ മുഴക്കം


ഒരു അപസ്വരത്തിന്റെ മുഴക്കം

 സാങ്കേതിക പണമുതലാളിത്തത്തിന്റെയും സാങ്കേതിക പ്രഭുത്വത്തിന്റെയും അല്ലെങ്കില്‍ സാങ്കേതിക സാമ്രാജ്യത്വത്തിന്റെയും ഇരയായി തീര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു ഭൂമിയിലാണ് നാം ഇന്ന് നില്‍ക്കുന്നത്. നമ്മുടെ ഇച്ഛകള്‍ നമ്മുടെ ചിന്തയുടെ വ്യാകരണങ്ങള്‍ ഇവയെല്ലാം തിരസ്‌ക്കരിക്കപ്പെടുകയും നമ്മുടെ ഇച്ഛകളും ലക്ഷ്യങ്ങളും നമ്മുടെ മേല്‍ വന്നുകയറുകയും ചെയ്യുന്ന ഒരു കാലം. ഇതിനൊരു കാരണം നാം ഏറെകാലമായി ഒരു കൊളോണിയല്‍ ജനതയായിരുന്നു എന്നതാകാം. ഞങ്ങളുടെ മുഖ്യമായ ഒരു കൊതി സ്വാതന്ത്ര്യവും മറ്റൊരു കൊതി പണവും ആയിരുന്നു. ദാരിദ്ര്യം ഉള്ള ഒരു ജനതക്ക് സ്വപ്നം കാണുവാനുള്ളത് പണമാണ് എന്ന് നമുക്കറിയാം. വിശന്ന കോഴി പിണ്ണാക്ക് സ്വപ്നം കാണുന്നു എന്നുള്ളത് ഒരു പഴയ മുദ്രാവാക്യമാണ്. വിശപ്പ് തീര്‍ന്നാല്‍ കോഴി ഇണയെ സ്വപ്നം കാണുന്നു എന്നുപറയാറുണ്ട്. നാമിപ്പോള്‍ വളരെ കാലമായി വിശക്കുന്ന കോഴികളായതുകൊണ്ട് ദാരിദ്ര്യമില്ലാത്ത ലോകത്തെയും ധനമുള്ള ലോകത്തെയും സ്വപ്നം കാണുകയും ധനമാണ് നമ്മുടെ കെണിയില്‍ ഒരുക്കേണ്ടത് എന്ന് ലോകമുതലാളിത്തം മനസ്സിലാക്കുകയും ചെയ്യുന്നു. തോക്കുകൊണ്ട് ഭയപ്പെടാത്തവനെ പണം കൊണ്ട് കീഴ്‌പ്പെടുത്താന്‍ കഴിയും എന്നത് വളരെ സരളമായ ഒരു യുക്തിയാണ്. അന്തിമമായ ആയുധം ദണ്ഢമല്ല ദാനമാണ് എന്ന് മനസ്സിലാക്കുന്ന ഒരു പുതിയ സമുദായം. സാമവും ദാനവും ഭേദവും കഴിഞ്ഞാണ് ദണ്ഡം എന്നത് പഴയരീതിയാണ്. ദണ്ഡം ആവശ്യമില്ല എന്നും ദാനം ആവശ്യമാണ് എന്നും അറിയുന്ന ഒരു മുതലാളിത്തത്തിന്റെ ഇരയായി തീരുക എന്നുള്ളത് നമുക്ക് വന്നുചേര്‍ന്നിട്ടുള്ള ഒരവസ്ഥയാണ്. അതുകൊണ്ട് നമ്മുടെ ഒരു ജില്ലയിലെ ദരിദ്രനായ ഒരു വിദ്യാര്‍ത്ഥിയോട് ജീവിക്കാന്‍ വഴിയില്ലാത്ത ഒരാളോട് അവന്റെ സുഹൃത്തുക്കള്‍ പറഞ്ഞത് നിങ്ങള്‍ക്ക് പണം വേണമെങ്കില്‍ ഒരു ഗവേഷണം തരാം എന്നാണ്. അത് കൊല്ലം ജില്ലയല്ല തിരുവനന്തപുരം ജില്ലയുമല്ല. ഏതു ജില്ലയാണെന്നറിഞ്ഞിട്ട് പ്രത്യേകിച്ച് കാര്യവുമില്ല. അങ്ങനെ പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞ ഒരു കുട്ടിയെ വിളിച്ചിട്ട് 5000 ക മാസം ധനസഹായം തരാമെന്നും രണ്ടോ മൂന്നോ വര്‍ഷത്തേയ്ക്ക് തരാമെന്നും നിങ്ങളുടെ പുതിയ ദാമ്പത്യം അങ്ങനെ പുഷ്‌ക്കലമാവും എന്ന് ഉപദേശിക്കുകയും ചെയ്തതിന് ശേഷമാണ് വിഷയം എന്തെന്ന് നിര്‍ദ്ദേശിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെയുണ്ടാകുന്നു എന്താണ് നിര്‍ദ്ദേശിക്കപ്പെട്ട വിഷയം . ഒരു ജില്ലയിലെ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ആയിതീര്‍ന്നത് എന്ന ജനസീസ്-ഉല്‍പ്പത്തി പുസ്തകം ആ കുട്ടിയ്ക്ക് ഗവേഷണത്തിന് കൊടുക്കുകയും ചെയ്തു. അപ്പോഴും ബാക്കിയായ കമ്മ്യൂണിസ്റ്റ് ബോധം കൊണ്ട് ആ കുട്ടി അത് തിരസ്‌ക്കരിക്കുകയും ദാരിദ്ര്യം സ്വയം വരിക്കുകയുമാണ് ചെയ്തത്. ഈ വാഗ്ദാനം ചെയ്തത് നാമിന്നറിയുന്ന പാതാള ലോകത്തിലെ പണക്കാരാണ്. നെതര്‍ലാന്റിലെ പണക്കാരാണ്. അതാര് വഴിക്കാണ് കൊടുക്കുന്നത് എന്നറിയുന്നത് ഇപ്പോള്‍ അനാവശ്യമാണ്. അത് നമ്മെ കൂടുതല്‍ കുഴപ്പത്തിലാക്കും. വിഷയം എങ്ങനെയാണ് ഈ ജില്ലയില്‍ ഇത്രയധികം കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടായത്. അവരുടെ ജനിതകശാസ്ത്രം എന്താണ് എന്നാണ്. ഇതിന് നാം ഗവേഷണം എന്നുപയുന്നു. ഇതിന് നാം അക്കാഡമിക് പര്യവേഷണം എന്നു പറയുന്നു.


    പ്ലാച്ചിമടയില്‍ കുറേ വര്‍ഷം മുമ്പ് എത്ര വെള്ളമുണ്ട് എന്നുനോക്കാനാണ് കോളയുടെ വിദഗ്ദന്‍മാര്‍ വന്നത്. 1000 അടി ആഴത്തില്‍ വെള്ളമുണ്ട് എന്നും 5 കൊല്ലത്തേക്ക് അത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അന്വേഷിച്ച് വിഭവഭൂപടമുണ്ടാക്കിയിട്ട്, ജലഭൂപടമുണ്ടാക്കിയിട്ട് ആണ് അവരവിടെ കമ്പനി സ്ഥാപിച്ചത്. അത് ഡിസ്മാന്റില്‍ ചെയ്തു കൊണ്ടുപോകാന്‍ പറ്റുന്ന ഒരു ഫാക്ടറിയാണ് എന്നതാണ്. അഴിച്ചുകൊണ്ടുപോകുക, കാരണം നടത്തെഴുത്ത് പോലെ,  പശുവിനെ നാം തെങ്ങിന്റെ മൂട്ടില്‍ ചാണകം ഇടുവിച്ചിരുന്നു പണ്ട്. ഒരു തെങ്ങിന്റെ ആവശ്യം കഴിഞ്ഞാല്‍ അടുത്ത തെങ്ങിലെക്ക് കൊണ്ടുപോകും . പ്ലാച്ചിമടയില്‍ വെള്ളം തീര്‍ന്നാല്‍ പതിനഞ്ചോ ഇരുപതോ  കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു പ്ലാച്ചിമടയിലേക്ക് മാറ്റാന്‍ പാകത്തില്‍ അത് ഡിസ്മാന്റില്‍ ചെയ്യാന്‍ സൗകര്യം ഉണ്ടാക്കിക്കൊണ്ടാണ് അവിടെ ആദ്യത്തെ ഫാക്ടറി ഉണ്ടാകുന്നത്. പ്ലാച്ചിമടയിലെ ജനങ്ങള്‍ കോളകമ്പനി കൊടുക്കുന്ന ജലം വിലയ്ക്ക് വാങ്ങി കുടിക്കുന്നു. അവര്‍ ആണ് ബാരല്‍ കണക്കിന് വെള്ളം അവിടുത്തെ നാട്ടുകാര്‍ക്ക് അവരുടെ വെള്ളം രക്തം വില്‍ക്കുന്നത്. അതിലൊരു വറ്റാത്ത കിണറ്റിലുള്ള വെള്ളം വായില്‍കൂടി കുടിക്കുമ്പോള്‍ മൂക്കില്‍ കൂടി വായു വരുന്നു എന്നതാണ് ആ വെള്ളത്തിനുള്ള പ്രാഥമികമായ ന്യൂനത. അത് വിഷാംശമാണ് എന്നു പറയാം. നമുക്ക് പരിചയമില്ലാത്തതുകൊണ്ടാണ് അത് അമൃതാണെന്ന് പറയാം. ഗവേഷണത്തിന്റെ ന്യൂനതകൊണ്ട് ഒരു പക്ഷേ ഫണ്ടിന്റെ ന്യൂനത കൊണ്ടാകാം ഇവിടെയുള്ള വെള്ളം മൂന്നരക്കൊല്ലം ചെല്ലുമ്പോള്‍ തീര്‍ന്നുപോവുന്നു.
കമ്പനിയുടെ ആവശ്യം കമ്പനി പൂട്ടുക എന്നുള്ളതാണ്. അപ്പോള്‍ പരിസ്ഥിതി വാദം കടന്നുവരികയും ഇത് അശുദ്ധി ഉള്ള ജലമാണ് എന്നതിനെ പ്രോത്സാഹിപ്പിക്കുകയും കമ്പനി അടച്ചുപൂട്ടുന്നത് കമ്പനിയുടെ ആവശ്യപ്രകാരമല്ല ജനങ്ങളുടെ ആവശ്യപ്രകാരമാണ് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സൗകര്യം ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നും. അവിടുത്തെ ജോലിക്കാരെല്ലാം താല്‍ക്കാലിക ജീവനക്കാരായി മാറിയിരിക്കുന്നു. നിത്യകൂലിക്ക് ജോലി ചെയ്യുന്ന ജീവനക്കാരാക്കിയാണ് അവരെ മാറ്റിയിരിക്കുന്നത്. കാരണം എന്നും പിരിച്ചുവിടാം.എന്നും മരിക്കാന്‍ തയ്യാറായ ഒരു മനുഷ്യനെപോലെ എന്നും പിരിഞ്ഞുപോകാന്‍ തയ്യാറായ ആളുകളെ കൊണ്ട് വെള്ളം എടുപ്പിക്കുകയും വറ്റിപോയ വെള്ളത്തെ ചൊല്ലി 5 വര്‍ഷത്തെ കരാര്‍ നിലനിര്‍ത്തികൊണ്ട് പൂട്ടാന്‍ കഴിയാത്തത്‌കൊണ്ട് ഇത് ജനങ്ങളുടെ  ശല്യം കൊണ്ട് പൂട്ടുകയാണ് എന്ന അവസ്ഥ വരുത്തിതീര്‍ക്കുകയും ചെയ്യുക എന്നത് കമ്പനിയുടെ ആവശ്യമാണ്.ഒരു പ്രക്ഷോഭത്തെ എങ്ങനെ ഒരു സൗകര്യം ആക്കിതീര്‍ക്കാം എന്ന് കോളകമ്പനി തീരുമാനിക്കുന്നു. എറണാകുളം നോര്‍ത്ത് റെയില്‍വേസ്റ്റേഷനില്‍ വെച്ച് ചങ്ങമ്പുഴ കൃഷ്ണപിള്ളയോട് വളരെ ഗൗരവത്തിലാണി നിരൂപകന്‍ പറഞ്ഞത്. അടുത്തലക്കം പത്രത്തില്‍ വധിച്ചിട്ടുണ്ട് എന്ന് . അന്ന് ചങ്ങമ്പുഴ പറഞ്ഞ മറുപടി വധിക്കുന്നവര്‍ക്കും ഞാന്‍ പണം കൊടുക്കാറുണ്ട്. നിങ്ങള്‍ക്ക് ഇപ്പോള്‍ എന്ത് വേണമെന്നാണ്. ഇങ്ങനെ ഒരു വിപരീതത്തെ വിപരീതമല്ലാതാക്കി തീര്‍ക്കാം അതായത് നിങ്ങളെ ഒരാള്‍ വിമര്‍ശിക്കുമ്പോള്‍ വിമര്‍ശിക്കുന്ന ആള്‍ പ്രസിദ്ധനായി തീരുന്നു എന്നുള്ളത്, വിമര്‍ശനത്തിന്റെ സവിശേഷതയായതുപോലെ ഒരു സമരത്തെ സമരത്തെ തന്നെ തീര്‍ക്കാനുള്ള ഉപകരണമാക്കി തീര്‍ക്കാമെന്ന് പ്ലാച്ചിമടയിലെ കമ്പനി മനസ്സിലാക്കുകയും വാസ്തവത്തില്‍ അവരുടെ താല്‍പര്യത്തിന് വേണ്ടി അവരുടെ സമരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അവിടുത്തെ വെള്ളം വിഷമാണെങ്കിലും അവിടെ നിന്ന് ദാനമായി കൊടുക്കുന്ന (ദാനം കൊടുക്കുന്ന പശുവിന്റെ പല്ല് എണ്ണിനോക്കേണ്ട) പശുവിന്റെ പാലില്‍ വിഷമുണ്ടോ എന്ന് നോക്കേണ്ട. വളത്തില്‍ വിഷമുണ്ടോ എന്ന് നോക്കേണ്ട ആദ്യം പറഞ്ഞത് കൃത്യമായ കാര്യമാണ്. നാമെപ്പോഴും ദാനം അന്വേഷിച്ചുപോകുന്ന ആളാണ്. ആദ്യം വെളളം ദാനമായി കിട്ടും എന്നു പറയുകയും പിന്നീട് കൊടുത്തത് വെള്ളമല്ല എന്നു പറയുകയും ആളുകള്‍ ആവശ്യപ്പെട്ടിട്ടാണ് കൊടുത്തത് എന്നു പറയുകയും ദാനം എന്നത് ഒരു കൊളോണിയല്‍ ജനതയുടെ എരപ്പന്‍മാരായിട്ടുള്ള ജനതയുടെ സ്വഭാവമാണ് എന്നും നമ്മളെ തന്നെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. വെറുതെ കിട്ടുന്നതെല്ലാം വാങ്ങുന്ന , എന്നുപറഞ്ഞാല്‍ എന്തും ചെയ്യാം എന്നുള്ള ഒരു ബോധം വാസ്തവത്തില്‍ നമ്മുടെ മനസ്സിലുണ്ടാക്കിതീര്‍ക്കുന്നു. ഒരു വഴിയേ നിങ്ങളുടെ പാണ്ഡിത്യത്തെ ബഹുമാനിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകാരുടെ ജനുസ്സിനെ കുറിച്ച് ഗവേഷണം നടത്തുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ഗ്രാന്റ് താരം എന്നുപറയുമ്പോള്‍ അതിനൊരു ഒരു ലക്ഷ്യമുണ്ട്. വാസ്തവത്തില്‍, കുരുമുളക് എങ്ങനെയാണ് കൃഷിചെയ്യുന്നത് എന്ന് അറിയുന്നത് കുരുമുളക് മറ്റു നാടുകളില്‍ കൃഷി ചെയ്യാനാണ്. തീര്‍ച്ചയായിട്ടും നെതര്‍ലാന്റ്‌സ് ഗവണ്‍മെന്റ് അതുതന്നെയാവണം ഉദ്ദേശിച്ചിരിക്കുന്നത്. എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടാകുന്നതെന്നറിഞ്ഞാല്‍ കൂടുതല്‍ കമ്മ്യൂണിസ്റ്റുകാരെ കേരളമല്ലാത്ത മറ്റു നാടുകളില്‍ നട്ടുവളര്‍ത്താന്‍ കഴിയും എന്നുള്ളത് അവരുടെ ഉദാരമായ സമീപനമായിരിക്കണം എന്നാണ് നമ്മുടെ ഗവേഷകന്‍മാര്‍ നമ്മോട് പറയുന്നത്. ഇതൊരു കഥയല്ല കഥയെക്കാള്‍ അവിശ്വസനീയമായ ഒരു വസ്തുതയാണ്. ഇങ്ങനെ സംഭാവന വാഗ്ദാനം ചെയ്യപ്പെട്ട കുട്ടിയെ രണ്ടു ദിവസം മുമ്പ് ഞാന്‍ കണ്ടതാണ്. കമ്മ്യൂണിസത്തിന്റെ നിദാനസ്ഥാനം എങ്ങനെയാണ് ഉണ്ടാകുന്നതെന്നറിഞ്ഞാല്‍ ലോകം മുഴുവനുമുള്ള കമ്മ്യൂണിസം മാറ്റാമെന്നും അതിന് ഉദാരവല്‍ക്കരണം ഒരു മാര്‍ഗ്ഗമാണ് എന്നും വാസ്തവത്തില്‍ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. കാരണം മിത്രകീടങ്ങളും ശത്രുകീടങ്ങളും എന്നൊരു തിയറി വന്നിട്ടുണ്ട്. ആരാണ് മിത്രകീടമെന്നും ആരാണ് ശത്രുകീടമെന്നുമുള്ളതാണ്, ശത്രുകീടത്തെ നശിപ്പിക്കാന്‍ മിത്രകീടത്തെ കയറ്റിയാല്‍ മതിയെന്നുള്ളതാണ് പുതിയ സിദ്ധാന്തം. ഇത് കീടബാധയെ കുറിച്ചുള്ള സിദ്ധാന്തമാണ്. ഉത്തരം പറയാത്ത ചോദ്യം ഏതാണ് കീടമെന്നുള്ളത്. ആ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. അതുപോലെ കാറ്റും വെളിച്ചവും വേണമെന്നു പറയുന്ന സിദ്ധാന്തം വളരെ വ്യാപമായിട്ടുണ്ട്. ഒരു കോടി ജനങ്ങള്‍ വായിക്കുന്ന പത്രത്തില്‍ വന്ന ഒരാശയം ഒരു സംഘടനക്ക് ഒരു ജീവശാസ്ത്രം ഉണ്ട് എന്നും, സാമാന്യകാര്യമാണ്. വലിയ സിദ്ധാന്തമൊന്നുമല്ല, റോട്ടറിക്ലബ്ബിന്റെ സംഘടന രൂപമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ രൂപമൊന്നും റോട്ടറി ക്ലബ്ബിനുമറിയാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമറിയാം. ഒരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഘടനയല്ല രാഷ്ട്രീയ കളി കളിക്കുന്ന സംഘടനയുടെ നിയമമെന്ന് രാഷ്ട്രീയകാര്‍ക്കെല്ലാം അറിയാം . ഒരു ക്ലാസിലെ മര്യാദയല്ല അധ്യാപകര്‍ പോലും ക്ലാസിനു പുറത്ത് കാണിക്കുന്ന മര്യാദ എന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഒരു വര്‍ഗ്ഗത്തിന് ഒരു ഗ്രൂപ്പിന് ഒരു സംഘടനക്ക് ഒരു ജീവശാസ്ത്രം ഉണ്ട് എന്നുള്ളത് സമൂഹശാസ്ത്രത്തിന്റെ ഒരു സാമാന്യതത്വമാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് പലതരത്തില്‍ ചെയ്യാം. കൊച്ചയെ വിളിച്ചിട്ട് കഴുത്തിന് പിടിച്ചിട്ട് കിണ്ണത്തില്‍ വിളമ്പിക്കൊടുക്കാം എന്നിട്ട് നിങ്ങള്‍ക്ക് ഉദാരവല്‍ക്കരണം നടത്താം. ഉദാരവല്‍ക്കരണം നടപ്പാക്കുന്നതിങ്ങനെയാണ്. കൊച്ചയെ വിരുന്നിന് ക്ഷണിക്കുക , കിണ്ണത്തില്‍ വിളമ്പുക എന്നിട്ട് കുടിക്ക് കുടിക്ക് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുക. ഇത് കൊച്ചയ്ക്ക് കുടിക്കാന്‍ കഴിയാത്തത് കിണ്ണത്തില്‍ നിന്ന് കുടിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല അതിന്റെ കൊക്കുകള്‍ എന്നതുകൊണ്ടാണ്. ഇങ്ങനെ നിങ്ങളെതന്നെ തോല്‍പ്പിക്കുന്ന ഔദാര്യം കൊണ്ട് ഒരു മൂന്നാം ലോകാരഷ്ട്രത്തോട്, ഒരു ദരിദ്ര രാഷ്ട്രത്തോട്, ഒരു ബംഗ്ലാദേശിനോട് , ഒരിന്ത്യയോട്., ഒരു ടാന്‍സാനിയായോട് നമുക്ക് ഒന്നുചേരാം എന്ന് പറയുന്ന ലോകമുതലാളിത്തത്തിന്റെ ലോക നിര്‍മ്മാണ വ്യവസ്ഥ. ഇതൊരോട്ടപന്തയമല്ല എന്നും ഓട്ടപന്തയത്തില്‍ വാസ്തവത്തില്‍ പലരും നില്‍ക്കുന്നത് പല സ്ഥലത്താണ് എന്നും നാം തിരിച്ചറിഞ്ഞുകൊണ്ട് വന്നിരിക്കുകയാണ്. അതുകൊണ്ട് സംഘടനയ്ക്ക് ഒരു വിപ്ലവ സംഘടനയുടെ ചട്ടം അത് ഒരു നക്‌സല്‍ സംഘടനയാവാം, ഒരു മാസ് ഓര്‍ഗനൈസേഷന്‍ ആകാം ഒരു പൊതു പ്രസ്ഥാനമാകാം. ഇതിന്റെയെല്ലാം ജീവശാസ്ത്രത്തിന്റെ ഘടന വ്യത്യസ്തമാണ്. ഇത് നാം മനസ്സിലാക്കുന്നത് ഒരു മത്സ്യത്തെ പിടിച്ച് കരയ്ക്കിട്ടിട്ടാണ് . കോട്ടയത്ത് കരയ്ക്കിടാം കൊല്ലത്ത് കരയ്ക്കിടാം എവിടെയെങ്കിലും കരയ്ക്കിടാം. ഇങ്ങനെ ഒരു മീനിനെ പിടിച്ച് കരയ്ക്കിട്ടിട്ട് ഇവിടെ കാറ്റും വെളിച്ചവുമുണ്ട് ഇഷ്ടം പോലെ ശ്വസിക്കുക എന്ന് മീനിനോട് പറയുക. മീന്‍ അവിടെക്കിടന്ന് ചത്തുപോകും. ഇതിന്റെ അര്‍ത്ഥം മീന്‍ ശ്വസിക്കുന്നില്ല എന്നല്ല . മീന്‍ വെള്ളത്തില്‍ നിന്ന് വായുവിനെ ആഗിരണം ചെയ്യുകയും വെള്ളം കുടിച്ചുകൊണ്ട് വെള്ളം പുറന്തള്ളി ജീവിക്കുകയും ചെയ്യുന്ന ഒരു ഉള്‍പാര്‍ട്ടി ജനാധിപത്യപ്പാര്‍ട്ടിയുടെ ജീവിത പ്രകൃതമാണ്. നിങ്ങള്‍ വെള്ളം കുടിക്കുകയും പുറത്തേയ്ക്ക് തള്ളുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അതില്‍ നിന്ന് പ്രാണനും ഉള്‍ക്കൊള്ളുന്നു എന്നാണ് ഇതിനര്‍ത്ഥം. അതായത് പ്രാണന്‍ എന്നുള്ളത് അന്തരീക്ഷത്തില്‍ നിന്നുള്ള ഒരു സാധനമാണെന്ന് കോട്ടയം പത്രങ്ങള്‍ വിചാരിക്കുകയും വായുവെന്നുള്ളത് പ്രാണനെന്നുള്ളത് വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള കാര്യമാണെന്ന് പാവം മത്സ്യങ്ങള്‍ വിചാരിക്കുകയും ചെയ്യുന്നു. ഇവിടെയാണ് അഭിപ്രായ വിത്യാസം ഉണ്ടാകുന്നത്. അതുകൊണ്ട് മത്സ്യം മത്സ്യത്തെപോലെയേ ശ്വസിക്കൂ. മത്സ്യത്തിനുവേണ്ടത് ആകാശമല്ല ജലമാണ് എന്നുള്ളതാണ് മത്സ്യത്തിന്റെ ജീവിത നിയമം. ഇത് സംഘടനയുടെ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള നിയമമാണ്. ഈ ഒരു നിയമം വാസ്തവത്തില്‍ ഒരു സാമാന്യതൊഴില്‍ സംഘടനയ്‌ക്കോ മറ്റ് തൊഴില്‍ സ്ഥാപനങ്ങള്‍ക്കോ ആവശ്യമില്ല.
ഒന്നിച്ചൊരു ദിവസം കൂടുന്നു ഒന്നിച്ചിരുന്ന് ഊണ് കഴിക്കുന്നു ഒന്നിച്ചിരുന്ന് എന്തെങ്കിലുമൊക്കെ പറഞ്ഞു സന്തോഷിക്കുന്നു എന്നുള്ളത് ഒരു സംഘടനാ രീതിയാണ്. ഒരു പോലീസുകാരനോ ഒരു സി ബി ഐ കാരനോ അത് സാധ്യമല്ല. നമ്മള്‍ പറഞ്ഞുവരുന്നത് ചാരസംഘടനയെകുറിച്ചാണ്. അമേരിക്കയുടെ ഒരു വകുപ്പിനെയാണ് ചാരസംഘടന എന്നുപറയുന്നത്. ഇന്ത്യയ്ക്കുമുണ്ട് ആ വകുപ്പ് പാക്കിസ്ഥാനുമുണ്ട്. ലോകത്തിലെ എല്ലാ ദേശീയ രാഷ്ട്രങ്ങള്‍ക്കും അവരുടേതായ രഹസ്യാമ്പേഷണ വകുപ്പുകള്‍ ഉണ്ട്. ഈ രഹസ്യാമ്പേഷണ വകുപ്പുകള്‍ മറ്റെല്ലാ ഡിഫന്‍സ് വകുപ്പുകള്‍പോലെ ഡിഫന്‍സിനുള്ളതും ഒഫെന്‍സിനുള്ളതുമാണ്. ലോകത്തില്‍ ഒരു രാജ്യത്തിനും ഒരു ഒഫെന്‍സ് വകുപ്പില്ല. പക്ഷേ യുദ്ധം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആരും ആദ്യം ആറ്റംബോംബ് ഉപയോഗിക്കുകയില്ല. എങ്കിലും ആറ്റംബോംബ് ആരോ ഉപയോഗിക്കും എന്നൊരുറപ്പ് നമുക്കുണ്ട്. ആരാണ് ആദ്യം മിണ്ടുക എന്നുള്ളത് രാഷ്ട്രീയത്തിലെ ഒരു ചോദ്യമാണ്. ആരെങ്കിലും ആദ്യം പൊട്ടിക്കും എന്നുള്ളത് നമുക്കുറപ്പുള്ള ഒരു കാര്യമാണ്. അതുകൊണ്ട് ഒരു ചാരസംഘടന എന്നു നാം പറയുന്നത് ചാരസംഘടന എന്ന ലേബലോടുകൂടി നടക്കുന്ന ഒരു സംഘടനയല്ല, ചാരസംഘടന എന്നുള്ള ക്രഡന്‍ഷ്യല്‍സോടുകൂടി നടക്കുന്നതാരാണ് എന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്‍ ഒരു സിബിഐ ക്കാരനാണെങ്കില്‍ അത് കാണിച്ചാലേ സി ബി ഐക്കാരനാണെന്ന് തെളിയൂ. അതൊരു സര്‍ക്കാര്‍ സ്ഥാപനമാണ്. അത് ഏത് ഗവണ്‍മെന്റിനുള്ളതും ദേശീയവും ആഭ്യന്തരവുമായ സംരക്ഷയ്ക്കുവേണ്ടിയുള്ളതുമായ ഒരുപകരണമാണ് എന്നുള്ളതും നമുക്കറിയാം. അതുകൊണ്ട് നാമിപ്പറയുന്നതുപോലെ എന്നെ ചാരനെന്നു വിളിച്ചു. എന്നുള്ളത് ഇത്തരത്തില്‍ പെരുപ്പിച്ചു കാട്ടേണ്ടതേ അല്ല. വ്യക്തിയെപ്പറ്റി പറയുകയല്ല. ഇന്നത്തെയൊരു സംഘടനയുടെ മൗലികമായ ലക്ഷ്യം അവരാരെ ടാര്‍ജറ്റ് ചെയ്യുന്നു എന്നുള്ളതാണ്. ഒരാളെ കൊല്ലണമെങ്കില്‍ നിരത്തിന്മേലിട്ടിടിച്ച് കൊല്ലണമെന്ന് പറയുന്നു. ആയാളുടെ ആളുകളെ കൊണ്ട് തന്നെ കൊല്ലിക്കുകയും തോട്ടിലോ ഗട്ടറിലോ വലിച്ചെറിയുകയും ചെയ്യുന്ന ഒരവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. ഇവിടെ ആരാണ് കൊല ചെയ്തത് എന്നുള്ളതിന് തെളിവില്ല. തെളിവോടുകൂടി ചെയ്യുന്നതിന് ചാരപ്രവര്‍ത്തനം എന്ന് പറയില്ല. നമ്മള്‍ അതൊരു സ്റ്റിഗ്മയോടുകൂടിയുള്ള വാക്കായിട്ട് എടുക്കുന്നതിന് പകരം ദേശീയ രാഷ്ട്രങ്ങള്‍ ദേശീയ രക്ഷയ്ക്കുവേണ്ടിയിട്ട് ദേശീയ ആക്രമണത്തിനു വേണ്ടിയിട്ട് ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു പദ്ധതിയും ലാവണവുമാണ് എന്നുകൂടി മലസ്സിലാക്കുമ്പോള്‍ അവര്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് അന്വേഷിക്കേണ്ടി വരും. അവരുടെ പ്രവൃത്തി, അവര്‍ എന്ത് വില്‍ക്കുന്നുവോ, വില്‍ക്കാന്‍ ആവശ്യമുള്ള സാധനങ്ങളാണ് ഇവിടെ കൊണ്ടുവരേണ്ടത്. കുപ്പിവള ആവശ്യമുള്ളിടത്ത് കുപ്പിവളയാണ് കൊണ്ടുവരിക. പൊന്നിന്റ വള ആവശ്യമുള്ളിടത്ത് പൊന്നിന്റേതാണ് കൊണ്ടുവരിക. ജനകീയം പ്രചരിക്കുന്ന സ്ഥലത്ത് ജനകീയമാണ് കൊണ്ടുവരിക. കെണി വെയ്ക്കുന്നത് അതിനാണ്. എനിക്കിഷ്ടം ചുട്ട മത്തിയാണെങ്കില്‍ വിഷം മത്തിയില്‍ വയ്ക്കണം എന്നാണ് അതിനര്‍ത്ഥം. ബ്രാഹ്മണനായാലും മത്തിയില്‍ തന്നെ വെയ്ക്കണം. ഞാന്‍ വെജിറ്റേറിയന്‍ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. കാരണം എലി വെജിറ്റേറിയനല്ല. അതുകണ്ട് നിങ്ങളുടെ നാട്ടില്‍ പ്രചരിക്കുന്ന ഭക്ഷണരീതിയെന്തോ, രാഷ്ട്രീയ ഭക്ഷണരീതിയെന്തോ ആശയ ഭക്ഷണരീതിയെന്തോ ആ ഭക്ഷണരീതി ഉപയോഗിച്ച് നിങ്ങളെ വശപ്പെടുത്തുക, വശം കെടുത്തുക, എന്നുള്ളതാണ് ചാരപ്രവര്‍ത്തനത്തിന്റെ അസ്സലായ കാര്യം.
 ഞങ്ങളുടെ നാട്ടില്‍ മുമ്പുണ്ടായിരുന്നത് റോയല്‍ സ്ഥാപനങ്ങളാണ്. ഒരു റോയല്‍ ബേക്കറിയുണ്ടാകാം. ഒരു റോയല്‍ ചായക്കടയുണ്ടാകാം. കാരണം അന്ന് ഞങ്ങള്‍ ബഹുമാനിച്ചിരുന്നത് ജോര്‍ജ്ജ് പഞ്ചമനെയാണ്. ജോര്‍ജ്ജ് പഞ്ചമനെ ബഹുമാനിക്കുമ്പോള്‍ നിങ്ങള്‍ ചായ കുടിക്കുന്നത് ഒരു റോയല്‍ കടയില്‍ നിന്നായിരിക്കും. ഒരു ജനകീയപ്രസ്ഥാനത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ ചായ കുടിക്കുന്നത് ഒരു ജനകീയ ഹോട്ടലില്‍ നിന്നായിരിക്കും. അതുകൊണ്ട് ഇവിടെ സെയ്‌ലബിള്‍ കമ്മോഡിറ്റി, സെയ്‌ലബിള്‍ ഐഡിയ എന്നുള്ളത് ഇവിടെ വില്‍ക്കാന്‍ പറ്റിയ ആശയമാണ്. ഇത് അറിഞ്ഞുകൊണ്ടാണ് ബുദ്ധിയുള്ളവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരു ചാരസംഘടന അഥവാ ഒരു രഹസ്യാന്വേഷണസംഘടന പ്രവര്‍ത്തിക്കുക. അവര്‍ നിങ്ങള്‍ സ്വീകാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും അസ്വീകാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കരുത് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് നിങ്ങളുടെ നേതാക്കന്മാരെപ്പറ്റി ഗവേഷണം നടത്തുവാന്‍ ഞങ്ങളുടെ സഹായം തേടുക എന്നവര്‍ പറയുന്നത്. എ കെ.ജി യെപ്പറ്റിയോ ഇ.എം എസ്‌നെ പ്പറ്റിയോ ഗവേഷണം നടത്താന്‍ ഒരവസരം കിട്ടിയാല്‍ നിങ്ങളും വിടില്ല. ഞാനും വിടില്ല. ഈ ആഗ്രഹം എങ്ങനെ മുതലെടുക്കാം എന്നുള്ളതാണ് ഒരു രഹസ്യാന്വേഷണപ്രവര്‍ത്തനത്തിന്റെ കാതലായ ഭാഗം അതുകൊണ്ട് അവര്‍ അങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുക. ലോകത്തിലെ ഇത്തരം സംഘടനകളെല്ലാം തന്നെ അതൂപയോഗിച്ച് ഒരു നാട്ടിലെ പ്രശ്‌നങ്ങള്‍ എടുത്തിട്ട് അത് പ്രയോഗിക്കുകയാണ് ചെയ്യുക. സ്വന്തം പ്രശ്‌നങ്ങള്‍ ഇറക്കുമതി ചെയ്യുകയല്ല. കേരളത്തില്‍ ജാതിയുള്ളതുകൊണ്ട് ജാതിയെ ഒരായുധമാക്കാം എന്ന് സാര്‍വ്വജനിക മുതലാളിത്തം മനസ്സിലാക്കുന്നു. നിങ്ങള്‍ എഴുതുമ്പോള്‍ ഒരു എത്‌നിക് വിഷയം എടുത്തിട്ട് ഗവേഷണം നടത്തണം എന്ന് നിര്‍ദ്ദേശിക്കുന്ന ഫണ്ടിംഗ് ഏജന്‍സികള്‍ ഉണ്ട്. വലിയ ഫണ്ട്, ഒരു ചരടും കെട്ടാത്ത കോട്ടിന്റെ ഫണ്ട് എന്നാണ് പറയുക. അത് എത്‌നിക് ആകാം, ആ ഭാഷയാകാം, ദേശമാകാം, മറ്റെന്തുമാകാം . പക്ഷേ ക്ലാസാകരുത് എന്ന് വളരെ നിര്‍ബന്ധമണ്്.
It should be an ethnic or religious or linguistic distiction. ഇങ്ങനെ നിങ്ങള്‍ എന്തു ചിന്തിക്കുന്നു എന്നുള്ളത് നിങ്ങളുടെ മാസവരുമാനം കൊണ്ട് നിര്‍ദ്ദേശിക്കുന്നു എന്നുള്ളതാണ് ഫണ്ടിങ്ങിനുള്ള ഒരേയൊരു ദോഷം. നിങ്ങള്‍ എങ്ങനെയാണ് ചിന്തിക്കേണ്ടത് നിങ്ങള്‍ ആരെയാണ് ഭജിക്കേണ്ടത്, നിങ്ങള്‍ ആരുടെ നാമമാണ് ജപിക്കേണ്ടത് എന്നതിനുള്ള അവകാശം വാസ്തവത്തില്‍ നിങ്ങളുടെ ഫണ്ടിംഗ് ഏജന്‍സിക്ക് ആയിരിക്കും. ഇതാണിതിലെ സാമാന്യമായ ഒരു പ്രവര്‍ത്തനരീതി. ഏറ്റവും എളുപ്പത്തില്‍ പറയാറുള്ള ഉദാഹരണം. ഇത് തിരുവനന്തപുരം നഗരമാണ്. തിരുവനന്തപുരത്തെ ഭാഷാ സ്‌നേഹികളായ എല്ലാവരും മലയാളം മാധ്യമമാക്കണം മലയാളത്തെ അവഗണിക്കരുത് മലയാളത്തെ നശിപ്പിക്കരുതം എന്നുള്ള പ്രമേയങ്ങളും പ്രശ്‌നങ്ങളും കവിതകളുമൊക്കെ രചിച്ചിട്ടുള്ളവരാണ്. പക്ഷേ ഇതൊന്നും നടക്കാതിരിക്കെതന്നെ കരിപ്പൂര്‍ വിമാനത്താവളത്തിലെ ബോര്‍ഡെല്ലാം എഴുതി വെച്ചത് മലയാളത്തിലായത് എങ്ങനെയാണ് ? കരിപ്പൂര്‍ വിമാനത്താവളത്തിലെ ബോര്‍ഡെല്ലാം അങ്ങനെയായിതീര്‍ന്നത് മലയാളമല്ലാതെ മറ്റൊന്നു അറിയാത്ത ആളുകളാണ് കരിപ്പൂരില്‍ നിന്ന് വിമാനം കയറിയിട്ട് ഗള്‍ഫ് നാടുകളില്‍ പോയി ഇവിടുത്തെ ജനങ്ങളെ ഊട്ടുന്നത് എന്നതുകൊണ്ടാണ്. അതാണതിന്റെ വകുപ്പ്. മലയാളം മാത്രമറിയുന്ന ജനത. അവിടെപ്പോയി മണ്ണുചുമന്നും ചെമ്മീനിന്റെ തോലുരിച്ചും മത്സ്യത്തിന്റെ ചെതുമ്പല്‍ നീക്കിയും ഉണ്ടാക്കിയെടുക്കുന്ന പട്ടിണിപ്പണം കൊണ്ട് ജീവിക്കുന്ന ഒരു ജനത ഇവര്‍ക്ക് മലയാളമല്ലാതെ മറ്റൊന്നും അറിയില്ല. അതുകൊണ്ട് അവരുടെ മാധ്യമം മലയാളമായിരുന്നു. ഇങ്ങനെയാണ് ഒരു ഭാഷയുടെ അസര്‍ടൈന്‍ ഉണ്ടാകുന്നത്. ഒരു ഭാഷ ഉറപ്പിക്കുന്നത് പ്രയോജനം കൊണ്ടാണ്. ഞങ്ങള്‍ ഓര്‍ക്കുന്നത് ഇന്ത്യയില്‍ ഒരു പാടു ഭാഷകളുണ്ടെന്നും രണ്ടോ മൂന്നോ ഗോത്രങ്ങള്‍ കണ്ടുപിടിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയത് ഗ്രെയ്‌സണ്‍ എന്ന linguistic survey of India എഴുതിയ ഒരു പഴയ ഒരു വിദ്വാനാണ് എന്നുമാണ്. അയാള്‍ ഇന്ത്യയിലെ ഭാഷയെക്കുറിച്ചെല്ലാം പഠനം നടത്തി. ഇത് പഴയ അധിനിവേശകാലത്തെ കഥയാണ്. ഇന്ത്യയില്‍ ഉള്ള ഭാഷകളെല്ലാം ഒരേ വര്‍ഗ്ഗത്തിലുള്ളതല്ലെന്നും ഇന്ത്യക്കാരില്‍ ഒരു പ്രത്യേക രീതിയിലുള്ള ദ്രാവിഡഭാഷ സംസാരിക്കുന്ന, ആര്യഭാഷ സംസാരിക്കുന്ന ആളുകളും ഇതു കൂടാതെ മറ്റൊരു വര്‍ഗ്ഗം ഇത് മറ്റാരും ഊന്നിപ്പറയില്ല. മുണ്ട ഭാഷകള്‍ സംസാരിക്കുന്ന മറ്റൊരൂ ജനതയും ഉണ്ട് എന്നുള്ളതും ഗ്രെയ്‌സന്റെ പഠനത്തിന്റെ മറ്റൊരു ഫലമാണ്. അതിന്റെ അര്‍ത്ഥം ഇന്ത്യ ഒന്നല്ല എന്നാണ്. പണ്ഡിതന്‍ എന്നത് സംസ്തൃതവാക്കല്ല അതൊരു മുണ്ട വാക്കാണ് എന്ന ഗവേഷകര്‍ പറയുക മാത്രമല്ല രാവണന്‍ മിക്കവാറും മുണ്ട ഗോത്രത്തില്‍പ്പെട്ട രാജാവായിരുന്നുവെന്നും അയാള്‍ ഒരു പക്ഷേ ഗാന്ധിജിയുടെ ജന്മദേശമായ പോര്‍ബന്തറിലോ അല്ലെങ്കില്‍ മണിപ്പൂരിലോ താമസിച്ചിരുന്ന ഒരാളാണ് എന്നും സമുദ്രം ചാടിക്കടന്നു എന്നു ഹനുമാനെപ്പറ്റിപ്പറയുന്നത് തടാകം മുറിച്ചുകടന്നു എന്നതിനെപ്പറ്റിയാണെന്നും സമുദ്രം എന്നുള്ളതിന് ഓഷന്‍ എന്നൊരര്‍ത്ഥവുമില്ല എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കുളത്തില്‍ ഒരു പുരയുണ്ടാക്കിയിട്ട് എ.സി എഫക്ട് ഉണ്ടാക്കി താമസിച്ചിരുന്നതിനെയാണ് സമുദ്രഗൃഹം ഉണ്ടായിരുന്നു. ദേവന്മാര്‍ക്കും സമുദ്രഗൃഹം എന്നു നമ്മുടെ ആളുകള്‍ പറഞ്ഞിരുന്നത്. സമുദ്രം എന്നതിന് തടാകമെന്നോ കുളമെന്നോ മാത്രമേ അര്‍ത്ഥമുള്ളൂ. ഇങ്ങനെ ഒരു തടാകം ചാടിക്കടന്നിട്ടാണ് ഹനുമാന്‍ ഒരു പക്ഷേ ലങ്കയിലേക്ക് പോകുന്നത് എന്ന് ഇന്നത്തെ ഗവേഷകര്‍, സംഘാലിയ. അടക്കമുള്ള ആളുകള്‍. സംഘാലിയയുടെ പ്രോട്ടോഹിസ്റ്ററി യില്‍ ഇങ്ങനെ പറയുന്നുണ്ട്. ഇങ്ങനെ ഗോത്രങ്ങളെ തിരിക്കുമ്പോള്‍ അതിന്റെ ഒരു ഫലം ഒരു ഫാളൗട്ട് എന്ന നിലയില്‍ ദ്രാവിഡന്‍മാര്‍ ആര്യന്മാരല്ല എന്നും ബ്രാഹ്മണന്‍ വടക്കെ നാട്ടില്‍ നിന്നും വന്നവരാണ് എന്നും അതുകൊണ്ട് അവരുടെ കുടുമ മുറിക്കണമെന്നും അത് സേലത്തിലെ കുളത്തില്‍ വെച്ച് മുറിക്കണമെന്നുമുള്ള സിദ്ധാന്തം ഉണ്ടാക്കി എന്നതാണ്. അതാണ് ഇതിന്റെ ഫാളൗട്ട് ഭാഷാശാസ്ത്രത്തിന്റെ ഫാളൗട്ട്. ആന്ത്രോപ്പോളജിയ്ക്ക് എന്താണ് കുഴപ്പം. ഒരു കുഴപ്പവുമില്ല. ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇതിന്റെ ഒരു ഫലം നരവംശശാസ്ത്രത്തിന്റെയോ സോഷ്യോളജിയിടെയോ ഭാഷാശാസ്ത്രത്തിന്റെയോ ഒരു ഫലം നിങ്ങള്‍ ഒന്നല്ല എന്ന് നിങ്ങളോട് പറയുന്നു എന്നതാണ്. നിങ്ങള്‍ ജാതിയാണെന്ന് നിങ്ങളോട് പറയുകയും നിങ്ങള്‍ ഗോത്രമാണെന്ന് പറയുകയും നിങ്ങള്‍ വംശമാണെന്ന് പറയുകയും നിങ്ങള്‍ വയനാടന്മാരാണെന്നും ഗോത്രവര്‍ഗ്ഗക്കാരാണെന്നും പണിയന്മാരാണെന്നും മറ്റും മറ്റും പറയുകയും ചെയ്യുന്നു എന്നുള്ളത് ഗോത്രഗവേഷണത്തിന്റെ ഒരു പ്രയോജനമാണ്. ഒരു പോളിറ്റിക്കല്‍ ഫാളൗട്ട് ആണ്. അതുകൊണ്ട് നാം ഉദ്ദേശിക്കുന്ന ഗവേഷണങ്ങളൊക്കെ നിര്‍ദ്ദേഷങ്ങളായ ഗവേഷണങ്ങളല്ല. കാരണം ഭാഷയെ നമ്മളൊക്കെ ഹിന്ദിയെ എതിര്‍ക്കാത്തവരാണ്. ഹിന്ദിയെ നമ്മള്‍ പത്രത്തില്‍ എതിര്‍ക്കും . പക്ഷേ ഹിന്ദിയെ എതിര്‍ക്കേണ്ടത് റെയില്‍വേ ബോര്‍ഡു മുതലാണെന്ന് മനസ്സിലാക്കിയത് തമിഴന്മാരാണ്. ഒരു പാത്രത്തില്‍ കുറച്ച് ടാര്‍ കൊണ്ടുവന്നിട്ട് അതുകൊണ്ട് റെയില്‍വേസ്റ്റേഷനിലെ ബോര്‍ഡ് മുഴുവന്‍ അവര്‍ മായ്ച്ചുകളഞ്ഞു. കാരണം രണ്ടടി കിട്ടിയാലും വാങ്ങാനുള്ള ധൈര്യം അവര്‍ക്കുണ്ട്. അതുകൊണ്ട് ഞങ്ങള്‍ പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനുകാരണം ഒരു ഒരു ആധിപത്യമാണ്് എന്നുള്ള ബോധമാണ്.  ഒരു ഭാഷകൊണ്ട് ആധിപത്യം ഉണ്ടാക്കാമെന്നും ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായി അംഗീകരിക്കപ്പെടുമ്പോള്‍ ഹിന്ദി സംസാരിക്കുന്നവരുടെ ആധിപത്യം ഉണ്ടാകും എന്നു കരുതിയിരുന്ന ഒരു കെ.എസ്.പി യും ഒരു ദ്രാവിഡ കഴകവും നമ്മുടെ നാട്ടിലുണ്ടായിരുന്നു എന്നര്‍ത്ഥം. കേരളത്തില്‍ യുവജനങ്ങള്‍ക്കൊന്നിച്ചുണ്ടായിരുന്ന ആളായിരുന്നതുകൊണ്ട് മത്തായിയുടെ ചിന്ത നമുക്കറിയാം. മത്തായി കരുതിയിരുന്നത് ഇത് ഗുജറാത്തികളും മറാത്തികളും കൂടി ഞങ്ങളെ പറ്റിക്കാനുണ്ടാക്കിയിരുന്ന ഒരു സാധനം എന്നാണ്. നിങ്ങള്‍ ഒരു ഭാഷ ഉപയോഗിക്കുമ്പോള്‍, നിങ്ങള്‍ ആ ഭാഷയ്ക്ക് വശംവദരായിതീരുകയും നിങ്ങള്‍ ഇംഗ്ലീഷിന് വശംവദരായിതീരുകയും നിങ്ങളുടെ ജനകീയാസൂത്രണം ഒരു വിജയമായിരുന്നോ എന്ന് ചോംസ്‌കിയെകൊണ്ട് പറയിക്കുകയും ചെയ്യുന്നു. ഇതാണ് ബുദ്ധിക്ക് പറ്റുന്ന വൈകല്യം എന്നത് ചോംസ്‌കി മോശക്കാരനല്ല. പക്ഷേ നമ്മള്‍ മോശക്കാരനാണോ എന്നതാണ് ചോദ്യം. അതു ചോദിക്കാന്‍ ആര്‍ക്കും ഒഴിവുസമയമില്ല. ചോംസ്‌കി വലിയ ആളാണ്. നമ്മളൊക്കെ ചെറിയ ആളാണ്. കൊഴിഞ്ഞാപാറയില്‍ നടന്ന കാര്യം കൊഴിഞ്ഞാപ്പാറക്കാരന്‍ പറയണമോ, ചോംസ്‌കി പറയണമോ, മന്ത്രി രാധാകൃഷ്ണന്‍ പറയണമോ എന്നതാണ് ചോദ്യം. അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അതായത് ഉണ്ടവനാണ് ഊണിനെകുറിച്ച് പറയേണ്ടത് എന്ന് വളരെ പ്രാഥമികമായ തത്വം എന്തിന് മാറ്റിവെക്കുന്നു എന്നുളളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇതിന്റെ ശരിയും തെറ്റും മാത്രമല്ല എന്തിനാണ് നിങ്ങള്‍ അഗന്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തേടി പോകുന്നത്. ഇവിടുത്തെ കാര്യത്തെ കുറിച്ച് വിദേശ ഭാഷകളില്‍ ഒരു സര്‍ട്ടിഫിക്കേഷന്‍ ഉണ്ടാക്കുക. നിങ്ങള്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ലോകത്തിനുമുന്നില്‍ നമ്മുടെ മാനം കെടുത്തുകയാണ്. നമുക്ക് വേണ്ടത് നമ്മുടെ മാനമാണ്. നമ്മുടെ പഴയ കൊച്ചി രാജാവിന്റെ മുദ്രാവാക്യം 'മാനം കുലധനം' എന്നായിരുന്നു. അപ്പോഴും അന്ന് നമുക്ക് കുടിക്കാന്‍ കഞ്ഞി ഉണ്ടായിരുന്നില്ല. രാജാവിന് മാനം കുലധനമായിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ക്കു കുടിക്കാന്‍ കഞ്ഞിയില്ല. നമുക്ക് കുലധനം എന്നുപറയുന്നത് നിറച്ച് വറ്റുള്ള കഞ്ഞിയായിരുന്നു. അതുകൊണ്ട് മറ്റു നാടുകളില്‍ മാനം നഷ്ടപ്പെടുന്നു എന്ന് പറയുന്നത് വാസ്തവത്തില്‍ ബുദ്ധിയുടെ അധിനിവേശ ഫലമായുണ്ടാകുന്ന ഒരനുഭവം തന്നെയാണ്. we want to be certified, certified by somebody else.   അത് ദൈവത്തെകൊണ്ടല്ല നിങ്ങളുടെ രാഷ്ട്രീയാചാര്യന്മാരെകൊണ്ടല്ല മറിച്ച് വിദേശത്തുള്ള സാങ്കേതിക വിദഗ്ദ്ധന്മാരെ കൊണ്ടോ മറ്റാരെയെങ്കിലും കൊണ്ടോ certify  ചെയ്യാത്ത ഒരാശയവും ശരിയല്ല. എന്നൊരു നിലയിലേക്ക് എത്തുന്നു. അധിനിവേശം എന്നുപറയുന്ന ഒരു തരം ജിയോഗ്രാഫിക്കല്‍ ഇംപീരിയലിസം ഇപ്പോള്‍ ആവശ്യമില്ലാത്ത ഒരു സാധനമായി തീര്‍ന്നിട്ടുണ്ട് എന്ന് നമ്മുടെ പുതിയ എഴുത്തുകാര്‍ പറയുന്നു. ഇന്ന geography യ്ക്ക് പ്രാധാന്യമില്ല കാരണം എല്ലാ ദിക്കിലും പെപ്‌സി കിട്ടും. അതുകൊണ്ട് പെപ്‌സി ഒരു സാര്‍വ്വലൗകിക പാനീയമാണ്. അത് ജോഗ്രഫിയെ മാനിക്കുന്നില്ല. ഏത് കുഗ്രാമത്തില്‍ പോയാലും പെപ്‌സിയുണ്ട്. ഒരു കോള , ഒരു കുപ്പിയിലടച്ച ദ്രാവകം എന്നത് ഒരന്താരാഷ്ട്ര ബോധത്തിന്റെ അടയാളമായിതീരുന്നു. അതൊരു ചെറിയ കാര്യമാകാം. പക്ഷേ അതൊരു പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ വരുമ്പോള്‍ അമേരിക്കയിലെ തൊഴിലാളികളും അമേരിക്കയിലെ തൊഴിലാളികളുടെ കൂലി കുറയ്ക്കാനായി അവിടെ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളും, ഇന്ത്യയിലെ തൊഴിലാളികളും ഒത്തു ചേര്‍ന്നിട്ട് ലോകത്തിലുള്ള എല്ലാ തൊഴിലാളികളും ഒന്നാണ് എന്ന ബോധത്തിലേക്ക് എത്തിച്ചേരും എന്നൊരെഴുത്തുകാരന്‍ കഴിഞ്ഞമാസം എഴുതുകയുണ്ടായി. എന്ന് workers of the whole world  മാര്‍ക്‌സ് എഴുതിയിരുന്നതുപോലെ  കാലത്ത് ലോകത്തിലുണ്ടായിരുന്നത് ദേശീയ രാഷ്ട്രങ്ങളാണ്. പക്ഷേ ലോകത്തില്‍ അന്ന് ഒരു ദേശീയ തൊഴിലാളി വര്‍ഗ്ഗം ഉണ്ടായിരുന്നില്ല. മറിച്ച് ഓരോ ദിക്കിലും ഓരോ വര്‍ഗ്ഗമാണ്. ഇങ്ങനെ ജോഗ്രഫിയെ മറിക്കടന്നുകൊണ്ട് ലോകത്തിലുള്ള എല്ലാ രാജ്യങ്ങളും തൊഴിലാളികളെ വിലയ്‌ക്കെടുക്കുമ്പോള്‍ ഗള്‍ഫിലേക്ക് നമ്മള്‍ പോകുന്നു. അമേരിക്കയിലേക്ക് നമ്മുടെ എന്‍ജീനീയര്‍മാര്‍ പോകുന്നു. ഇതിന്റെയൊരു ഫലം അമേരിക്കയിലുള്ള ശമ്പളം കുറഞ്ഞ  നമ്മുടെ തൊഴിലാളി വര്‍ഗ്ഗവും ലോകത്തിലെ മുഴുവന്‍ തൊഴിലാളി വര്‍ഗ്ഗവും തൊഴിലാളി വര്‍ഗ്ഗത്തെ തിരസ്‌ക്കരിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്ന ലോകമുതലാളിത്തത്തിന്റെ ശത്രുക്കളായിത്തീരുകയും അങ്ങനെ മാര്‍ക്‌സിന്റെ പ്രവചനം പരോക്ഷമായി നിറവേറ്റപ്പെടുകയും ചെയ്യുന്നു എന്നുളളതാണ്. ഇത് ഒരു ആന്റിമാര്‍ക്‌സിസ്റ്റ് നിരൂപകന്റെ പ്രവചനമാണ്. ഈയിടയ്ക്ക് രണ്ട് തമാശകള്‍ നമ്മുടെ നാട്ടിലുണ്ടായി. ഖുറാന്‍ തിരുത്തി എഴുതണമെന്നും ഖുറാന്റെ പുതിയ എഡിഷന്‍ വേണം എന്നുമൊരു ആവശ്യം. എത്രകാലമായി ഖുറാന്‍ എഴുതിയിട്ട്. അതുകൊണ്ട് ഖുറാന്‍ മാറ്റി എഴുതണം എന്ന് നമ്മുടെ ഹിന്ദുത്വവാദികള്‍ ആവശ്യപ്പെടുകയും എത്രകാലമായി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയിട്ട് അതുകൊണ്ട് അത് തിരുത്തിയെഴുതണം എന്ന് നമ്മുചെ ആചാര്യന്മാര്‍ വിളിച്ചുപറയുകയും ചെയ്തിരിക്കുന്നു. എന്തോ ഭയപ്പെട്ടിട്ടായിരിക്കണം ഗീത തിരുത്തിയെഴുതണമെന്ന് ആരും പറയാത്തത് അടിയിലും വലിയ ഒടിയില്ല എന്നത് വളരെ പ്രസിദ്ധമായ , ഫലപ്രദമായ മുദ്രാവാക്യം ആണ്. എനിയ്‌ക്കെല്ലാം അറിയാം നിനക്കൊന്നുമറിഞ്ഞുകൂടാ എന്നതാണ് ഗീതയിലെ ഒരു മുദ്രാവാക്യം. ടെക്‌നോളജിക്കല്‍ ഇംപീരിയലിസം എന്നുവേണമെങ്കില്‍ പറയാം അതിനെ പറയാം. ഇതാണ് നമ്മുടെ ടെക്‌നോളജിസ്റ്റ് പറയുന്നത്. ഞങ്ങള്‍ക്കെല്ലാം അറിയാം. ബജറ്റുണ്ടാക്കാന്‍ എന്നെ ഏല്‍പ്പിക്കുക എന്നു പറയുന്ന ഒരു ബജറ്റ് വിദഗ്ദ്ധന്‍. സര്‍ക്കാരിലെത്ര ക്ലാര്‍ക്കുമാരു വേണം, എത്ര സൂപ്പര്‍ ക്ലാര്‍ക്കുമാരുവേണം , എന്നു നിര്‍ദ്ദേശിക്കുന്ന ഭരണനവീകരണ വ്യവസ്ഥയും അതിനോടു ചേര്‍ന്നു വരുന്ന ഒരു എ.ഡി.ബി ഗ്രാന്റും ഒരു കിടക്കക്കമ്പനിയും നിങ്ങളെങ്ങനെയാണ് ജീവിക്കുന്നത് എങ്ങനെയാണ് കിടന്നുറങ്ങുന്നത്, നിങ്ങളുടെ ഉറക്കം ശരിയായില്ലെങ്കില്‍ അത് നിങ്ങളുടെ കുടുംബവഴക്ക് കൊണ്ടല്ല കിടക്കയുടെ കുഴപ്പം കൊണ്ടാണ് എന്നുപറയുന്ന ഒരാള്‍ നിങ്ങള്‍ എഴുതുന്നത് തെറ്റിപ്പോകുന്നത്‌കൊണ്ടാണ് ജനങ്ങള്‍ക്ക് ദാരിദ്ര്യം ഉണ്ടായിതീരുന്നത് എന്നുപറഞ്ഞ് വേണ്ടവിധം പിടിച്ചെഴുതുന്ന ഒരാള്‍ ബജറ്റ് എന്നുള്ളത് വലിയ ബോസ്റ്റ് റൈറ്റിംഗ് ആയി തീരുകയും ചെയ്യുന്ന ഒരവസ്ഥ നമ്മുടെ നാട്ടില്‍ വന്നുകൊണ്ടിക്കുന്നു  cutdown the government size  എന്നത് IMFഉം കൂടി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു പുതിയ ജീവിത വ്യവസ്ഥ. ഇത് ഉണ്ടാകുന്നത് നാമറിയാതെയാണ്.


    മനുഷ്യര്‍ ഒരേ വിശ്വാസത്തിലുള്ളവരായിത്തീരുമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ടാവുകയില്ലെന്നും പ്രവചിച്ചു ഒരു പ്രധാനി. ബീഡി വലിക്കാന്‍ പാടില്ല. നിരത്തിന്മേല്‍ ശൃംഗരിക്കാന്‍ പാടില്ല. നിരത്തെന്നാണ് റോഡിന് വടക്കോട്ടൊക്കെ പറയുക, നിരത്തിന്മേല്‍ പരസ്യമായി രാഷ്ട്രീയം പാടില്ല.. അധ്യാപകര്‍ ക്ലാസില്‍ രാഷ്ട്രീയം പറയാന്‍ പാടില്ല. എവിടെയും രാഷ്ട്രീയം പറയാന്‍ പാടില്ല എന്ന് സ്ഥലത്തെ പരിമിതപ്പെടുത്തുകയും മറ്റൊരു തരത്തില്‍ വിദ്യാര്‍ത്ഥികളെ 20 മണിക്കൂറോ 18 മണിക്കൂറോ വിദ്യാഭ്യാസത്തിനായി മാത്രം നീക്കിവെച്ചിട്ട് അയാള്‍ രാഷ്ട്രീയം ചിന്തിക്കാന്‍ ഇടയില്ലാത്തവിധം അയാളുടെ സമയത്തെ വിലക്കെടുക്കുകയും ചെയ്യുന്ന ഒരവസ്ഥ സാമാന്യേന പറയും. നിങ്ങളുടെ സ്ഥലം മുഴുവന്‍ മോഷ്ടിച്ചെടുക്കുകയും നിങ്ങളുടെ സമയം മുഴുവനും മോഷ്ടിച്ചെടുക്കുകയും ചെയ്താല്‍ ഒരു മനുഷ്യന്‍ അരാഷ്ട്രീയവാദിയായിതീരും എന്ന് കൃത്യമായി അറിയാവുന്ന ഒരു മുതലാളിത്തലോകമാണ് നമ്മുടെ മുന്‍പിലുള്ളതത്. നിങ്ങള്‍ക്ക് ആവശ്യമുള്ളത് കോസ്‌മെറ്റിക് മാത്രമാണെന്ന് ഒരു കോസ്മറ്റോളജിസ്റ്റിന് അറിയാം. അതുകൊണ്ട് നിങ്ങളുടെ ചിന്തയുടെ ഫോക്കസിംഗ് നിങ്ങളുടെ ചര്‍മ്മത്തിലേയ്‌ക്കോ മുഖക്കുരുവിലേക്കോ ഭക്ഷണത്തിലേയ്‌ക്കോ തിരിച്ചുവിട്ടാല്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറും എന്നത് ഒരു അജണ്ട നിര്‍മ്മിക്കുന്ന ഒരു രീതിയാണ്. ഇത്തരം കാര്യങ്ങളെല്ലാമാണ് വാസ്തവത്തില്‍ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ ഭരണഘടന പറയുന്നത് 18 വയസ്സായ ആള്‍ക്ക് ബുദ്ധിയുദിക്കുന്നു എന്നാണ്. നമ്മുടെ ഭരണഘടന ഉണ്ടാക്കിയവര്‍ക്ക് പിന്നീടാണ് ബുദ്ധിയുദിക്കുന്നു.  നമ്മുടെ ഭരണഘടന ഉണ്ടാക്കിയവര്‍ക്ക് 21 വയസ്സാണ് ബുദ്ധിയുദിക്കാന്‍ എന്നാണ് കരുതിയിരുന്നത്. പിന്നീടാണ് അവര്‍ക്ക് മനസ്സിലായത് 18 വയസ്സിലാണ് ബുദ്ധിയുണ്ടാകുന്നതെന്ന്. ഇപ്പോള്‍ 16 വയസ്സിലാണ് വി.സി ബാലകൃഷ്ണപണിക്കര്‍ തേക്കിന്‍കാട്, മൈതാനത്തില്‍ പ്രസംഗിച്ചിരുന്നത് എന്ന് നമ്മുടെ വിദഗ്ദന്‍ മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹം പത്രാധിപരായിരുന്നത് 16-ാ മത്തെ വയസ്സിലായിരുന്നു. രാഷ്ട്രീയവും ഉണ്ടായിരുന്നു. പലതരത്തിലുള്ള രാഷ്ട്രീയമുണ്ട്. ഒരു കുട്ടിക്ക് എപ്പോളാണ് രാഷ്ട്രീയം വേണമെന്ന്  തീരുമാനിക്കുക? 18 വയസ്സിലോ 21 വയസ്സിലോ പ്രായാധിക്യത്തിലോ ആയിരിക്കണമെന്ന് തീരുമാനിക്കുന്ന ഒരു വൃദ്ധസമൂഹം ഇവിടെയുണ്ട്. വാസ്തവത്തില്‍ ഇത്തരത്തില്‍ എന്‍ക്രോച്ചമെന്റ്, ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ ഇങ്ങനെ ചെയ്തുകൊണ്ട് കാററും വെളിച്ചവും വേണമെന്നും ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇരുട്ടുതന്നെയാണ് നല്ലതെന്നും പറയുന്ന യുക്തി വാസ്തവത്തില്‍ നമുക്ക് പരിചയമില്ലാത്ത ഒരു യുക്തിയാണ്. അതുകൊണ്ടാണ് നമ്മള്‍ സാധാരണ പറയുക സാധാരണ പാര്‍ട്ടിക്കാര്‍ മാത്രമേ പറയൂ മാര്‍ക്‌സിറ്റ് ലെനിനിസ്റ്റ് പ്രസ്ഥാനത്തില്‍ ലെനിന്‍ രൂപപ്പെടുത്തിയിട്ടുള്ള സംഘടനാ തത്വങ്ങളനുസരിച്ച് അഭിപ്രായങ്ങള്‍ ഉള്ളില്‍ പറയുകയും പിന്നീട് യോജിച്ച് പൊരുതുകയും ചെയ്യുക എന്നത് ഒരു സംഘടനയുടെ തത്വമാണ്. അതൊരു പട്ടാളത്തിന്റെ തത്വമാണ്. അതൊരു വിപ്ലവപാര്‍ട്ടിയുടെ തത്വമാണ്. അത് ഇമ്മാതിരി ആക്ഷന് വേണ്ടി ഉണ്ടായിട്ടുള്ള എല്ലാ സംഘടനയുടെയും തത്വമാണ്. ഈ തത്വം സായാഹ്ന ഭക്ഷണത്തിന് ക്ഷണിക്കപ്പെടുന്ന ആളുകളെ ബാധിക്കുന്ന ഒരു തത്വമല്ല. അതുകൊണ്ടാണ് ജനാധിപത്യത്തിന് ഒരു മുഖമല്ല ഉള്ളത് എന്ന് പറയുന്നത്. ജനാധിപത്യത്തിന് ഒരര്‍ത്ഥമുണ്ട് നമ്മളൊക്കെ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. എന്ത്‌കൊണ്ടാണ് കുമാരനാശാന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത് എന്ന് ആളുകള്‍ ഇപ്പോഴും ചോദിക്കാറുണ്ട്. സ്വാതന്ത്ര്യം തന്നെ തന്നെയമൃതം സ്വാതന്ത്ര്യം ജീവിതം , പാരതന്ത്ര്യം മാനികള്‍ക്ക്, മൃതിയേക്കാള്‍ ഭയാനകം എന്ന് പറഞ്ഞ ആള്‍ ഏതായാലും സ്വാതന്ത്ര്യ വിരുദ്ധനായിരിക്കാന്‍ ഇടയില്ല. മറിച്ച് സ്വാതന്ത്ര്യം എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ച അര്‍ത്ഥം മറ്റൊന്നാണ്. അതായത് ജാതികൊണ്ട് ജീര്‍ണ്ണിച്ച ഒരു സമുദായത്തിനിടയില്‍ ജാതിയില്‍ നിന്ന് പുറത്തു കടക്കുന്നതാണ് സ്വാതന്ത്ര്യം എന്നു മനസ്സിലാക്കുന്ന ഒരു ജാതിബോധം കുമാരനാശാന്‍ ഉണ്ടായിരുന്നു എന്നതാണ് കാര്യം. വാസ്തവത്തില്‍ ഒരു പക്ഷേ പറഞ്ഞതോ പറയാത്തതോ  ആയ കാര്യം . എങ്ങനെയാണ് ബ്രിട്ടീഷുകാരോട് നമ്മള്‍ സ്വാതന്ത്ര്യസമരം ചെയ്യുക . ബ്രിട്ടീഷുകാരല്ലേ നമുക്ക് സ്വാതന്ത്ര്യം തന്നത് എന്ന് സ്വാമികളെ കൊണ്ട് പറയിക്കാനിടവന്നത്. പറഞ്ഞതോ എന്ന് എനിക്കറിയില്ല. പക്ഷേ അങ്ങനെ പ്രചരിപ്പിച്ചു. ഇതിന്റെ അര്‍ത്ഥം അറിയാന്‍ വാസ്തവത്തില്‍ വൈകീട്ടുണ്ട്. നാം എവിടെയാണ് അസ്വതന്ത്രരായിരിക്കുന്നതെന്ന് അറിയാന്‍ ഒരു സ്ത്രീയ്ക്ക് അവകാശമുണ്ട്. ഒരു കുട്ടിയ്ക്ക് അവകാശമുണ്ട്. അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് ഇങ്ങനെ ഒരു സ്ത്രീ പെട്ടെന്ന് സ്വാതന്ത്ര്യം ഇല്ല എന്ന് പറയുമ്പോഴും ഒരു കുട്ടി പ്രായപൂര്‍ത്തി വന്നിട്ട് എനിക്ക് സ്വാതന്ത്ര്യം ഇല്ല എന്നു പറയുമ്പോഴും അത് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥഭേദത്തെ കാണിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇതൊരു ക്യാച്ച് വേര്‍ഡ് ആണ്. ആളുകളെ പിടിച്ചെടുക്കാനുള്ള ഒരു പ്രയോഗമായിട്ട് കാറ്റും വെളിച്ചവും ഉപയോഗിക്കുകയും വാസ്തവത്തില്‍ ഇത് മറ്റുള്ളവര്‍ക്കെല്ലാം വേണ്ടതും നമുക്ക് ആവശ്യമില്ലാത്ത ഒരു തത്വമാണെന്ന് സ്വയം വിശ്വസിപ്പിക്കുകയും ചെയ്യുന്ന ഒരു ചിന്താരീതി വാസ്തവത്തില്‍ നമ്മുചെ നാട്ടില്‍ ഉറച്ചുവരികയാണ്. ഞാന്‍ പറഞ്ഞുവരുന്നത് ചിന്താപരമായ അധിനിവേശത്തെ കുറിച്ചാണ്. ഈ അധിനിവേശം  encrochment on will  ആണ്. നമ്മുടെ ഇച്ഛയെ കടന്നാക്രമിക്കുക എന്നു പറയും . അതൊരുപക്ഷേ അതിനേക്കാള്‍ വിഷമം പിടിച്ച കാര്യമാണ്. നിങ്ങളുടെ ഭാവനയെ പിടിച്ചെടുക്കുകയും നിങ്ങള്‍ കൊതിക്കേണ്ടത് എന്തിനുവേണ്ടിയാണ് എന്ന് നിങ്ങളോട് പറയുകയും ചെയ്യുന്ന രീതി പുതിയ മുതലാളിത്തത്തിനുണ്ട്. നിങ്ങള്‍ എന്തിനുവേണ്ടിയാണ് ആഗ്രഹിക്കേണ്ടത് എന്നുപറയുന്ന ഒരു ക്ഷേത്രം മുതലാളിത്തം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അത് വാസ്തവത്തില്‍ നിങ്ങളെ ശാരീരികമായി പീഢിപ്പിക്കുന്നതിനേക്കാള്‍ മാനസികമായി തളര്‍ത്തിയിടുകയും നിങ്ങളുടെ മനസ്സിനെ ഒരിക്കലും വളരാത്ത ഒരു ആഗോള  വ്യാപാര പ്രവര്‍ത്തനത്താല്‍ നിയന്ത്രിക്കപ്പെടുന്ന  ഒരു ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നു. ഒരു   slavery യേക്കാള്‍ മോശമായ  slavery ആണ്.  കാരണം തടവിലായി കഴിയുന്ന ഒരാള്‍ക്ക് മുദ്രാവാക്യം വിളിക്കാന്‍ പാടില്ല. കാരണം നിങ്ങളുടെ മുദ്രാവാക്യം മോഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. ഇങ്ങനെയാണ് ചൈനയുടെ മുദ്രാവാക്യം മോഷ്ടിച്ചെടുത്തിട്ട് വിമോചന സമരങ്ങള്‍ നടന്നത്. മുദ്രാവാക്യങ്ങള്‍ മോഷ്ടിക്കപ്പെടാം. മുദ്രാവാക്യങ്ങള്‍ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണം വാസ്തവത്തില്‍ ഇവിടെ നിന്ന് തന്നെ കിട്ടുന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ ശങ്കരകുറുപ്പ് കവിതെയഴുതിയത് ചൈനയെ ഇങ്ങോട്ട് ക്ഷണിക്കാനാണ് പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ പരമ്പര തന്നെയാണ്. ഇപ്പോള്‍ ചൈനീസ് മാതൃക സ്വീകരിച്ചുകൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ വിജയിച്ചിട്ടില്ലേ എന്നു പറയുന്നത്. ചൈനക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ശങ്കരകുറുപ്പ് എഴുതിയ ഒരു കവിതയിലെ ആവൂ..സോദരീ തോഴിയാം ചീനേ നീ സ്വതന്ത്രയായല്ലോ ഭാവികമാശംസിപ്പൂ നിന്റെ തോഴിയാം ഇന്ത്യ എന്ന് അന്ന് പറഞ്ഞത് 1962 ല്‍ ചൈന ഇന്ത്യ ആക്രമിക്കും, ആക്രമിക്കണം എന്നുള്ള ആഗ്രഹത്തോടുകൂടിയാണ് എന്ന് കോഴിക്കോട് ടൗണ്‍ഹാളില്‍  പ്രസംഗിച്ചത് ആരാരോ മറ്റാരെങ്കിലുമോ ആകാം. പക്ഷേ ഇന്ന് അവര്‍ പറയുന്നത് ചൈന മോശമാണെന്നല്ല മറിച്ച് ചൈന ആക്രമിക്കുകയില്ലെന്നും ചൈനീസ് സാധനങ്ങള്‍ ഇവിടെ ചെലവാക്കണമെന്നും ചൈനീസ് പദ്ധതി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിക്കണമെന്നും ചൈനയെപോലെ ഗ്ലോബലൈസേഷന് വിധേയമായിത്തീരണം എന്നുമാണ്. അതുകൊണ്ട് ചൈനയുടെ വിമോചനമാര്‍ഗ്ഗം കൂടി അവര്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ജനാധിപത്യം എന്ന വാക്കിന് ഉദാരവല്‍ക്കരണം എന്ന വാക്കിന്. ഗ്ലോബലൈസേഷന്‍ എന്ന വാക്കിന് പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു. നാം പരിചയിച്ചിട്ടുള്ള എല്ലാ വാക്കുകളേയും അതിന്റെ അര്‍ത്ഥത്തില്‍ നിന്ന് വേര്‍പ്പെടുത്തുകയും മറ്റൊരര്‍ത്ഥത്തില്‍ തളച്ചിടുകയും ചെയ്യുന്ന കൃത്യമായ ഒരു മാനസിക വ്യാപാരം ഇവിടെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിനെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നുള്ളത് വളരെ വിഷമം പിടിച്ച ഈ കാലഘട്ടത്തില്‍ നമ്മുടെ പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നായിതീരുകയും ചെയ്യുന്നു. അതുകൊണ്ട് കൂട്ടമായി എതിര്‍ക്കാന്‍ കഴിയാതെ വരുമ്പോഴും ഒരു ചെറിയ എതിര്‍പ്പുകൊണ്ട്. ഒറ്റയ്ക്കുള്ള എതിര്‍പ്പുകൊണ്ട് പ്രതിരോധിക്കുക. പാഠത്തിന്റെ പ്രസക്തി അതാണ്. പാഠമെന്നത് സുഖകരമായ ഒരു മുതലാളിത്ത ഇച്ഛയിലുണ്ടാവുന്ന ഒരപസ്വരമാണ്. ഒരു കുട്ടിയെഴുന്നേറ്റ് കരയുംപോലുള്ള ഒരപസ്വരം. എനിക്ക് പാലുകിട്ടിയില്ല എന്ന് പറയുന്ന ഒരു കുട്ടി ഇവിടെ ഇങ്ങിനെ സുഖമായി നിങ്ങള്‍ക്ക് ഉറങ്ങാനുള്ളതല്ല ഈ ലോകം എന്ന് തന്റെ കരച്ചിലിലൂടെ വിളിച്ചു പറയുന്ന ഒരു കുട്ടിയുടെ ശബ്ദം വാസ്തവത്തില്‍ പാഠത്തില്‍ ഉണ്ട്. ഇതൊരു പക്ഷേ നാളെ ഒരു മുഴക്കമായി ഒരസ്വസ്ഥതയായി വളര്‍ന്നു വന്നു എന്നുവരാം. അതുകൊണ്ട് ഇനി ആരും അത്ര എളുപ്പത്തില്‍ ഉറങ്ങാം എന്നു കരുതേണ്ടതില്ല.

No comments:

Post a Comment