Friday, January 13, 2012

പുരുഷമേല്‍ക്കോയ്മ ബോധങ്ങള്‍ ചോദ്യം ചെയ്യപ്പെടട്ടെ!!



സമൂഹത്തിലെ അര്‍ദ്ധപകുതി ഇന്നും അതി നിഷ്ഠൂരമായ ചൂഷണത്തിലും അടിച്ചമര്‍ത്തലിലും പീഡനത്തിലും ജീവിതം കഴിച്ചുകൂട്ടുകയാണ്, വിശിഷ്യ ഇന്ത്യന്‍ സമൂഹത്തില്‍. സ്ത്രീകളോടുള്ള ദ്രോഹത്തില്‍ മറ്റുവിഷയങ്ങളില്‍ നിന്നും വ്യത്യസ്തമായി ദേശ-ഭാഷാ-വര്‍ണ്ണ ഭേദങ്ങളൊന്നും എവിടെയും കാണാന്‍ കഴിയില്ല. ഈ അടുത്തകാലത്ത് സൗമ്യ എന്ന പെണ്‍കുട്ടിക്കും ഒരു ബംഗാളി പെണ്‍കുട്ടിക്കുമൊക്കെ ഉണ്ടായ പീഡനങ്ങള്‍ ഇത്തരത്തിലൊരു നിഗമനത്തിലേയ്ക്കാണ് നമ്മളെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ലോകത്തിന്റെ സര്‍വ്വ മേഖലകളിലും സ്ത്രീകള്‍ വിജയകരമായി മുന്നേറുമ്പോഴും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമൊക്കെ അവര്‍ നിരന്തരമായി വിധേയമായിക്കൊണ്ടിരിക്കുന്നത് എന്നു നാം ആലോചിക്കേണ്ടതുണ്ട്.

സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന അടിച്ചമര്‍ത്തലിന്റെ കഥയാണ് സ്ത്രീ സമൂഹത്തിന് പറയാനുള്ളത്. സമൂഹം വര്‍ഗങ്ങളായി വിഭജിക്കപ്പെട്ടതുമുതല്‍ ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലും തുടങ്ങിയെന്നു നമുക്കറിയാം. വിവിധ വര്‍ഗ്ഗസമൂഹങ്ങളിലൂടെ സമൂഹം വികസിക്കുന്തോറും ചൂഷണത്തിനും അടിച്ചമര്‍ത്തലിനും പുതിയ രൂപങ്ങളും മാനങ്ങളും കൈവന്നുവെന്നുമാത്രമല്ല അവയുടെ അളവും കൂടി. വളരെ വിലകുറഞ്ഞ അദ്ധ്വാനമെന്നനിലയില്‍ അവളെ അധികമധികം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അതിനനുസരിച്ചുള്ള ബോധനിര്‍മ്മാണ പ്രക്രിയയും ആരംഭിച്ചു. മതവും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രചട്ടക്കൂടുകള്‍ രൂപപ്പെടുത്തി. അതിന്റെ ഓരോ അടരുകളിലും സ്ത്രീയെ, അവളുടെ സ്ഥാനത്തെയൊക്കെ പുരുഷനു കീഴില്‍ ആവര്‍ത്തിച്ച് പ്രതിഷ്ഠിച്ചുകൊണ്ടേയിരുന്നു. ശക്തമായ പുരുഷാധിപത്യത്തിലേയ്ക്കാണ് വര്‍ഗവിഭജിത സമൂഹം വളര്‍ന്നു വികസിച്ചതെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഇതില്‍ നിന്നും, പുരുഷാധിപത്യ സാമ്പത്തിക ക്രമമാണ് സ്ത്രീവിരുദ്ധമായ സാംസ്‌കാരിക ചട്ടക്കൂട് പടച്ചുണ്ടാക്കിയതെന്നു വ്യക്തം.

ഇത്തരം സാമ്പത്തിക ക്രമങ്ങളോട് സമരസപ്പെട്ടുകൊണ്ടുള്ള സമരങ്ങള്‍ക്ക് എങ്ങനെയാണ് സ്ത്രീ വിമോചനം സാധ്യമാവുക? അവയ്ക്ക് എങ്ങനെയാണ് ഗോവിന്ദച്ചാമിമാരെന്ന സാമൂഹിക ദുരന്തങ്ങള്‍ക്ക് തടയിടാനാവുക? പുരുഷാധിപത്യ ബോധം എന്നത് പുരുഷനുമാത്രം ബാധകമായ ഒന്നായാണ് പല ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും വിലയിരുത്തുന്നത്. അതുകൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ പുരുഷ വിരോധം മാത്രമായി ചുരുങ്ങിപ്പോകുന്നതും. 'നിങ്ങള്‍ക്ക ഞങ്ങളുടെ അനുഭവം ഇല്ല' എന്ന് ഇവര്‍ ഉറക്കെ ആക്രോശിക്കുന്നതും ഇതുകൊണ്ടുതന്നെ. പുരുഷന്‍മാരില്‍ മാത്രം ഒതുങ്ങന്നതല്ല പുരുഷാധിപത്യ ബോധം. ഇന്നത്തെ സമൂഹമത്രയും പുരുഷകേന്ദ്രിതമായതിനാല്‍ അത് സാമൂഹ്യബോധം തന്നെയാണ്. ഇതില്‍ നിന്ന് പുരുഷനും സ്ത്രീയ്ക്കും ഒഴിഞ്ഞു നില്‍ക്കാനാവില്ല. ഇത്തരത്തിലുള്ള ബോധത്തെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്യുക എന്നത് അതീവ ദുഷ്‌ക്കരമാണ്. കാരണം അത് ഈ സമൂഹത്തിന്റെ തന്നെ പോതുബോധത്തോടും നിലവിലെ സാമ്പത്തിക ക്രമങ്ങളോടുമുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരം ചോദ്യം ചെയ്യലുകളും ചെറുത്തുനില്‍പ്പുകളും വിപ്ലവകരമാവുന്നത്. അത്തരം സമരങ്ങളോടുള്ള വിദ്യാര്‍ത്ഥിമാസികയുടെ ഐക്യവും പങ്കാളിത്തവും ഇവിടെ തുറന്നു പ്രഖ്യാപിക്കട്ടെ.

1 comment:

  1. ലൈംഗികത ഒരു സ്വയം നിര്‍ണ്ണയ അവകാശമാണ് അതിലെ ആണ്‍-പെണ്‍ കൊയ്മകളെ സൃഷ്ട്ടിക്കുന്നതും ഒരു പരിധി വരെ വിവാഹമെന്ന സാമൂഹ്യാഗീകാരമുള്ള ചടങ്ങുകളാണ്. കാലമെരെയായിട്ടും, ഈ ഈ ആശയ ആദര്‍ശ പ്രാസങ്ങികരെല്ലാം തന്നെയും ഈ ചടങ്ങുകളിലൂടെയാണ് ഈ സമൂഹത്തില്‍ ഭാഗ ഭാക്കാകുന്നത്.. (യുക്തിവാദികള്‍ പോലും) സ്ത്രീക്കെതിരായ അക്രമം ''നിയമപരമായി '' തുടങ്ങുന്നത് വിവാഹത്തിലൂടെയാണെന്ന് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ വാദിക്കുന്നു.. ആദ്യ രാത്രികളിലെ നിലവിളികള്‍ തെന്നെ അതിനുള്ള തെളിവുകള്‍ എന്നും...!
    കാലമേറെ കഴിഞ്ഞു,ഈ ആധുനികോത്തര കാലത്തില്‍ പുരോഗതിയുടെ ന്യൂട്രിനോ വേഗങ്ങള്‍ ഓടി തോല്‍പ്പിക്കുന്ന നമ്മുടെ ജീവിതഘട്ടത്തിലും ,സ്ത്രീ സമത്വ വാദം അതിന്റെ പഴഞ്ജന്‍ കുപ്പിയില്‍ തന്നെ പുതിയ ലേബലില്‍ വിപണം ചെയ്യുന്ന വര്‍ണ്ണ കാഴ്ചകലാണിന്നു! രാഷ്ട്രീയ ,സാമുദായിക, തൊഴിലാളി സംഘടനകളുടെയും. ഗവണ്‍മെന്റെതര സ്ത്രീ സന്ഖടനകളുടെയും ചട്ടുകമായി കഴിഞ്ഞിരിക്കുന്നു പക്ഷവാദ-സമത്വവാദ സംഘടനകളില്‍ ഏറെയും..! കാലാനുസൃതമായി ചിന്തിക്കാതെ സ്ത്രീ പുരുഷനൊപ്പം തന്നെ പദവിയിലും, മാനുഷിക മൂല്യങ്ങളിലും തുല്യം നില്‍ക്കുന്നവലാനെന്ന സത്യ വസ്തുതകള്‍ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്ത്രീ സമൂഹത്തിന്റെ ലക്ഷ്യങ്ങളെ മുനയോടിക്കാനെ ഉതകുകയുള്ളൂ എന്നത് മുന്‍പേ ഗമിക്കുന്ന ''കപട ഗോക്കളുടെ'' രാഷ്ട്രീയ അത്യാര്ത്തിയുടെ അടങ്ങാത്ത പാപ ഫലമാണ്!

    ReplyDelete