Tuesday, May 14, 2013

ഭീരുത്വത്തിന്റെ രാഷ്ട്രീയമാണ് ഫാസിസം

 ദിവ്യ ഡി.വി.

'ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല, എന്നാല്‍ ഇന്ന് എന്റെ ഉള്ളില്‍ രാഷ്ട്രീയം ഉണ്ട്' എന്നൊരാള്‍ സഖാവ് ടി.പിയുടെ രക്തസാക്ഷിത്വത്തിനു ശേഷം സഖാവ് രമയുടെ മുന്നില്‍ ചെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇന്നത്തെ പൊള്ളുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു സാധാരണ മനുഷ്യന്റെ ചിന്തയില്‍ നിന്നുയര്‍ന്നതാണ്, ആ പ്രതികരണം പ്രതിഷേധവും അതേ സമയം പ്രത്യാശാപരവുമാണ്. അത്രത്തോളം ഒരു ജനതയുടെ ഹൃദയത്തിലേക്കിറങ്ങി ചെല്ലുന്നുണ്ട് സഖാവ് ടി പിയുടെ രക്തസാക്ഷിത്വം. ഒഞ്ചിയത്തിന്റെ മണ്ണില്‍ നിന്നും കേരളമാകെ വ്യാപിച്ചു ലോക ചരിത്രത്തില്‍ സ്ഥാനം പിടിക്കേണ്ടുന്ന ധീര രക്തസാക്ഷിത്വം. ഇടതുപക്ഷമെന്നിപ്പോഴും ആര്‍ത്തു വിളിക്കുന്ന കേരളത്തിലെ മുഖ്യധാരാ ഇടതുപാര്‍ട്ടിയുടെ ഫാസിസ്റ്റു നടപടിയിലൂടെ തന്നെയാണ് മറ്റൊരു ഇടതുപക്ഷ പ്രവര്‍ത്തകന്റെ രക്തസാക്ഷിത്വവുമെന്നത് ചരിത്രത്തിലെ വിരോധാഭാസം തന്നെയാകുമ്പോള്‍ നാം ചിന്തിച്ചു പോകുന്നു, എങ്ങനെയാണ് ഒരു ഇടതുപക്ഷ രാഷ്ട്രീയത്തിന് മറ്റൊരു ഇടതുപക്ഷ രാഷ്ട്രീയത്തെ ഇങ്ങനെ കൊന്നു കുഴിച്ചു മൂടാനാവുക?  പുരോഗമന പ്രസ്ഥാനത്തിന്റെ വക്താക്കള്‍ക്ക് എപ്പോഴാണ് ഇതും പുരോഗമനമായി മാറിയത്? ഫാസിസത്തെ വെല്ലുവിളിച്ചിരുന്ന, ജനാധിപത്യത്തെയും സോഷ്യലിസത്തെയും ആശ്ലേഷിച്ചു കൊണ്ട് കടന്നുവന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് ഫാസിസത്തിന്റെ പാത തന്നെ സ്വീകരിക്കാനാവുന്നത്?

മുതലാളിത്തപാതയിലേക്കും ജനവഞ്ചനാപരമായ നിലപാടുകളിലേക്കും വോട്ടിന്റെയും അഴിമതിയുടെയും രാഷ്ട്രീയത്തിലേക്കും കൂപ്പു കുത്തുന്ന പാര്‍ട്ടിയില്‍ നിന്നും പോരടിച്ചു കൊണ്ട്, നേരെ വലതുചേരിയിലേക്ക് ചേക്കേറാതെ, ശരിയായ നിലപാടുമായി, ജനാധിപത്യാധിഷ്ഠിതമായ കൂട്ടായ്മക്ക് രൂപം കൊടുക്കുകയും ശരിയായ ദിശാബോധത്തിലേക്ക് സ്വന്തം ജീവിതത്തിലൂടെ മാതൃകയാവുകയും അതിലൂടെ പോരാട്ടത്തിന്റെ പുതിയ ഇടതുമാതൃക സ്വീകരിച്ചത് കൊണ്ടുമാണ് സഖാവ് ടി പി ചന്ദ്രശേഖരന്‍ തന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കു  മുന്നില്‍ വെല്ലുവിളിയായതും രക്തം കൊണ്ട്, തന്നെ അടയാളപ്പെടുത്തേണ്ടിവന്നതും.

ആര്‍ എസ് എസ് ഭീകരതയെന്നും വലതുപക്ഷ ഭീകരതയെന്നും മുസ്ലീം തീവ്രവാദമെന്നുമൊക്കെ പറഞ്ഞു കൊണ്ട് പല സാഹചര്യത്തിലും നിലവിലുള്ള മുഖ്യധാരാ ഇടതുപക്ഷത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് നമ്മള്‍. ചരിത്രത്തിലെ പാര്‍ട്ടിയുടെ സ്ഥാനത്തില്‍ അഭിരമിക്കുന്ന ഒരു കൂട്ടത്തിനു വൈകാരികമായിത്തന്നെ സ്വാധീനം ചെലുത്തുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കപ്പുറം ഒന്നില്‍ മനസ് പ്രതിഷ്ഠിക്കാന്‍ മറ്റൊന്നും നമുക്ക് മുന്നില്‍ ഉണ്ടായിരുന്നില്ലല്ലോ. എന്നാല്‍ ഒരു ഇടതു ബദല്‍ അന്വേഷണത്തിന്റെയും രൂപീകരണത്തിന്റെയും ഭാഗമായി, വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കമ്മ്യൂണിസ്റ്റാശയങ്ങളോടും അതിലെ തൊഴിലാളിവര്‍ഗ്ഗ കാഴ്ചപ്പാടിലും അടിസ്ഥാനപ്പെടുത്തിയ ഒരു ജനതയുടെ വാര്‍ത്തെടുക്കലിന്റെതായ പല മുന്നേറ്റങ്ങളും കേരളത്തിന്റെ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്ന സാഹചര്യങ്ങള്‍ തീര്‍ച്ചയായും വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ അപചയം തിരിച്ചറിഞ്ഞ ബോധത്തില്‍ നിന്നണ് ഉണ്ടായിട്ടുള്ളത്.

അടിച്ചമര്‍ത്തലിന്റെ നിരവധിയായ അനുഭവങ്ങളിലൂടെയാണ് ഈ പ്രാദേശിക കൂട്ടായ്മകളൊക്കെത്തന്നെയും മുന്നേറിയത്. മാനവികതയുടെ രാഷ്ട്രീയം തന്നെയാണ് വ്യവസ്ഥാപിത ഇടതുപക്ഷത്തിനും ഈ പ്രാദേശിക മുന്നേറ്റങ്ങള്‍ക്കുമെങ്കില്‍ എന്തു കൊണ്ടാണ് അഴിയൂര്‍-ചുങ്കം പ്രദേശത്ത് സി.പി.ഐ.എമ്മിന്റെ ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നാല് പതിറ്റാണ്ടോളം നിലയുറപ്പിച്ചിരുന്ന അബ്ദുല്‍ ഖാദറിന് നേരെ സി.പി.ഐ.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരങ്ങള്‍ ഉയര്‍ന്നത്? പിന്നെയും സ. പുതിയെടത്തു ജയരാജന്‍ ,സ. കെ കെ ജയന്‍, കുളങ്ങര സിനീഷ്, എം പി ദാമോദരന്‍, സഖാവ് ബാലന്‍, (ഈ അടുത്ത സമയത്ത് പാര്‍ട്ടി  കോടതിയുടെ വിധിയിലൂടെ കൊല്ലപ്പെട്ട ഷുക്കൂറിനെ ഇവിടെ മറക്കാനാവില്ല. പാര്‍ട്ടി  നേതാക്കളെ തടഞ്ഞു എന്നാരോപിച്ചു കൊണ്ടാണ് കണ്ണൂരിലെ ഷുക്കൂര്‍ എന്ന ഇരുപത്തിയൊന്നുകാരനെ ഇരുനൂറോളം പേരെ സാക്ഷി നിര്‍ത്തി ക്രൂരമായി കൊലപ്പെടുത്തിയത്). ഇപ്പോഴിതാ രക്തസാക്ഷിത്വവുമായി സഖാവ് ടി പി ചന്ദ്രശേഖരന്‍ എന്ന ധീരനായ കമ്മ്യൂണിസ്റ്റും. ഇതിനൊക്കെ ഉത്തരം പറയേണ്ടവര്‍ക്ക് അതിനു കഴിയില്ല, കാരണം ശരിയുടെ രാഷ്ട്രീയം ഫാസിസമാണെന്നവര്‍ വിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. എന്തു കൊണ്ടാണിത് സംഭവിക്കുന്നത് എന്ന ചോദ്യം ചോദിച്ചു ചോദിച്ചു പ്രസക്തി നഷ്ട്ടപ്പെട്ടതാണ.് എങ്കിലും ചോദിച്ചു    പോകുന്നു. അധികാര രാഷ്ട്രീയത്തിന്റെ സുഖാനുഭൂതിയില്‍, ആമഗ്‌നമായ ഒരു പാര്‍ട്ടിക്ക് അതില്‍ നിന്നും വിട്ടു പോകാനാവില്ല എന്നത് തന്നെയല്ലേ കാരണം? ലക്ഷങ്ങള്‍ ചെലവിട്ട് പാര്‍ട്ടി കോണ്‍ഗ്രസ് കെങ്കേമമാക്കുമ്പോള്‍ ഈ കാശെല്ലാം എവിടുന്ന് കിട്ടിയെന്ന് സാധാരണ ജനങ്ങളോട് പറയേണ്ടുന്ന ഉത്തരവാദിത്തതിന്റെ ആശങ്ക തെല്ലുമില്ലാതെ പ്രത്യക്ഷമായിത്തന്നെ തങ്ങള്‍ സമ്പന്നരുടെതെന്നു വിളിച്ചോതുന്ന പാര്‍ട്ടി. ആരില്‍ നിന്നാണ് സഖാക്കളെ നിങ്ങളിതിനു കാശ്് പിരിച്ചെടുത്തത്? ചോദ്യം നിങ്ങളില്‍ വിശ്വാസമര്‍പ്പിച്ച, നിസ്സഹായരായിപ്പോയ ഓരോ സിപിഐഎം വിശ്വാസിയില്‍ നിന്നുമാണുയരുന്നത്.

ഭൂതകാലപ്പെരുമയില്‍ അഭിരമിച്ചാണോ തങ്ങള്‍ ഇനിയും അരിവാള്‍ ചുറ്റിക കാണുമ്പോള്‍ രക്തം തിളപ്പിക്കേണ്ടത് എന്ന ചോദ്യം കേരളത്തിലെ വളര്‍ന്നു വരുന്ന യുവതലമുറയില്‍ നിന്നുയരുമ്പോള്‍ സഖാക്കളേ, നിങ്ങള്‍ സ്വന്തം വളര്‍ത്തിക്കൊണ്ടുവരുന്ന  പുതിയ തലമുറയോടാണ് ഉത്തരം പറയേണ്ടി വരിക. അവര്‍ ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും പ്രതിനിധികളാണ്. അവര്‍ക്ക് ചിന്തിക്കാതിരിക്കാനാവില്ല. ടി.പി.യുടെ രക്തസാക്ഷിത്വം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ നിങ്ങള്‍ ഏതു പ്രത്യയശാസ്ത്രം കൊണ്ടാണ് ഉത്തരം പറയുക? ഞെട്ടലില്ലാതെ കേട്ടുവെന്ന പാര്‍ട്ടി സെക്രട്ടറിയുടെ ചങ്കൂറ്റത്തോടെയുള്ള വിളമ്പരം ഹൃദയമില്ലാത്തൊരുത്തന്റെ ജല്പനമെന്നേ കരുതേണ്ടതുള്ളു. അല്ലെങ്കിലും അപ്രതീക്ഷിതമാണെങ്കില്‍ മാത്രമല്ലേ ഞെട്ടലുണ്ടാവുകയുള്ളൂ. അതിന് അദ്ദേഹത്തെ തെറ്റുപറയാനാവില്ലല്ലോ. പാര്‍ട്ടി  ഭേദമന്യേ ഒഞ്ചിയത്തെ വീട്ടിലേക്കൊഴുകുന്ന ജനത്തിന് ഇനിയും ഞെട്ടല്‍ അടങ്ങിയിട്ടില്ല, ഒഞ്ചിയത്തെ മണ്ണില്‍ നില്‍ക്കുമ്പോള്‍ നാം അറിയുന്നു ടി പി മരിച്ചിട്ടില്ലെന്ന്. ഒരേ സമയം നേതാവും അതേ സമയം ആത്മബന്ധമുള്ള സുഹൃത്തായും ജീവിച്ച (ആവേശത്തോടെ ടി പിയെ ഓര്‍മിച്ച ഒഞ്ചിയത്തുകാരോട് അസൂയ തോന്നി അപ്പോള്‍, അവിടെ ജനിച്ചില്ലല്ലോ എന്നോര്‍ത്തുകൊണ്ട്) ധീരനായ ആ മനുഷ്യന്‍ ഇന്ന് ഒഞ്ചിയത്തിന്റെതു മാത്രമല്ല, മനസാക്ഷിയുള്ള എല്ലാവരും ആ രക്തസാക്ഷിത്വത്തിന്റെ ധീരതയോര്‍ത്ത് അഭിമാനിക്കുന്നു. വ്യക്തമായ നിലപാടിലൂന്നി ജീവിച്ച, മരിച്ചിട്ടും തോല്‍ക്കാത്ത, തോല്‍പ്പിക്കാനാവാത്ത, ജനങ്ങള്‍ക്കു വേണ്ടി നിലകൊണ്ട, ജീവിതം കൊണ്ട് കപട രാഷ്ട്രീയത്തെ വെല്ലുവിളിച്ച , രക്തം കൊണ്ട് അനശ്വരനായ ടി.പി. തീര്‍ച്ചയായും ആ രാഷ്ട്രീയം ഒരിക്കലും ഒരു ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസിക്കല്ല ഭീഷണിയാവേണ്ടത്, കാരണം ഇടതുപക്ഷം ആവുന്നതു തന്നെ ജനങ്ങള്‍ക്കു  വേണ്ടി നിലകൊള്ളുമ്പോള്‍ ആണല്ലോ.

രാഷ്രീയ നിലപാടുകള്‍ തമ്മിലുള്ള വൈരുദ്ധ്യം വിമര്‍ശിക്കപ്പെട്ടും തിരുത്തിയും മുന്നേറുന്ന ഒരു സംയമന രാഷ്ട്രീയത്തിന്റെ പാതവിട്ട് കേരളം ഏറെ പിന്നാക്കം പോയിരിക്കുന്നു. കൊണ്ടും കൊടുത്തും അനുസരിപ്പിച്ചും പിന്നെ നാല് മിനുട്ടിനുള്ളില്‍ അന്‍പത്തിയൊന്നോളം വെട്ടുകളോടെയും രാഷ്ട്രീയം നടപ്പാക്കേണ്ടതുണ്ട് എന്നു പുരോഗമന പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പ്രസ്ഥാനം തീരുമാനിക്കുകയും അങ്ങനെ സോഷ്യലിസത്തിലേക്കുള്ള പാത എളുപ്പമാക്കാമെന്നുമാണ് പാര്‍ട്ടി  നയമെങ്കില്‍ പിന്നെ 'ഫാസിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ' എന്ന് പേരുകൂടി മാറ്റുന്നതാവും ഉചിതം. വലതുപക്ഷ പാര്‍ട്ടികളും സങ്കുചിത വര്‍ഗ്ഗീയ പാര്‍ട്ടികളും   മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ പോലെ ഭീകരമാണ് ഫാസിസ്റ്റു രാഷ്ട്രീയവും. അപ്പോള്‍ ഒരേ രാഷ്ട്രീയം പേറുന്നവര്‍ എന്ന നിലയില്‍ ടി പി യുടെ രക്തസാക്ഷിത്വം ഇവര്‍ക്കെല്ലാമാണ് ഭീഷണിയുയര്‍ത്തിയിരുന്നത്. കോണ്‍ഗ്രസുകാര്‍ ഈ രാഷ്ട്രീയഹത്യയില്‍ മുതലെടുപ്പ് നടത്തുമെന്ന് പറയേണ്ടതില്ല, എന്നാല്‍ കോണ്‍ഗ്രസിന്റെ  വലതുപക്ഷ നില പാട് പണ്ടേ തന്നെ നമ്മള്‍ തിരിച്ചറിഞ്ഞതാണല്ലോ. ഇടതു പക്ഷ വിശ്വാസിക്ക് മരണത്തോടൊപ്പമല്ലാതെ ആ വിശ്വാസം വെടിയാനാവില്ല. ഒരു ചേരിയില്‍ നിന്നും മറുചേരിയിലേക്ക് മാറുമ്പോള്‍ മുന്‍പുണ്ടായിരുന്നതില്‍ കൂടുതല്‍ എന്തെങ്കിലും കിട്ടണ്ടേ?

എല്ലാ രാഷ്ട്രീയവും കണ്ടും അനുഭവിച്ചും മടുത്തിരിക്കുകയാണ് കേരളത്തിലെ സാധാരണ ജനങ്ങള്‍. ടി.പി.യുടെ ജീവിതവും രക്തസാക്ഷിത്വവും ഉണര്‍ത്തിയ ഉണര്‍വ്വിന്റെ കരുത്ത് ശരിയുടെ, അനിവാര്യതയുടെ ചരിത്രംകൂടിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു ചന്ദ്രശേഖരനെ കൊല്ലാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇനിയും ഉയര്‍ന്നുവരുന്ന ഒരായിരം ചന്ദ്രശേഖരന്‍മാരെ കൊന്നൊടുക്കാന്‍ കഴിയില്ല. കാരണം ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഇല്ലാത്തിടത്തോളം കാലം നിങ്ങള്‍ക്ക് വെല്ലുവിളിയായി നിരവധിയായ ചന്ദ്രശേഖരന്‍മാര്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും.


ഇരകളെ മൂടി വെയ്ക്കുന്ന പ്രത്യയ ശാസ്ത്രം

 കെ.കെ. സിസിലു
ത്മഹത്യകള്‍ നമ്മള്‍ നിരവധി കണ്ടിരിക്കുന്നു. അയല്‍പക്കത്തും നമ്മുടെ ഗ്രാമത്തിലും, ജില്ലയിലും എന്ന് വേണ്ട അങ്ങ് വടക്കന്‍ സംസ്ഥാനങ്ങളിലും വരെ നാം ദിവസവും കേള്‍ക്കാറുള്ളതാണ്. ചിലത് നേരിട്ടറിയുന്നതുമാണ്, എന്നാല്‍ ഞെട്ടലില്ലാതെ നാം അത് കേള്‍ക്കാന്‍ പഠിച്ചിരിക്കുന്നു. അന്യന്റെ വേദനകള്‍ അറിയുന്ന കാലത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ വരെ നാം എപ്പോഴോ മറന്നു കഴിഞ്ഞിരിക്കുന്നു .പാടിച്ചിറയിലെ  കര്‍ഷകരുടെ ആത്മഹത്യ നമുക്കൊരു വിഷയം പോലും അല്ല. മറക്കാന്‍ നമുക്ക് എളുപ്പമാണ് .അത് കൊണ്ട് തന്നെ നാം മരണത്തിന്റെ കാര്യങ്ങളെ അന്വേഷിച്ചു പോകാറില്ല ,അത് നമ്മെ ഒരു നാള്‍ തേടി വരുന്നത് വരെ.

പ്രയാസങ്ങളില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരായ മനുഷ്യ ജീവിതത്തിന്റെ വലിയ പങ്കും നഷ്ടപ്പെടുകയാണ്, ഇനിയില്ലെന്നും തിരിച്ചറിയുന്ന നിമിഷം തന്നെയാണ് അവന്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തേണ്ടി വരുന്നത്. അത് ചിലപ്പോള്‍ ജീവിതത്തോടുള്ള, ജിവിത സാഹചര്യങ്ങളോടുള്ള കടുത്ത പ്രതിഷേധവുമായിട്ടാകാം. ലോക വ്യാപാര സംഘടനയുടെ സമ്മേളനത്തിനെതിരെ തന്റെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയ  കൊറിയന്‍ കര്‍ഷക നേതാവിന്റെ ആത്മാഹൂതി നിലവിലുള്ള വ്യവസ്ഥയുടെ ദുരിത പൂര്‍ണമായ അവസ്ഥയോടുള്ള വലിയ പ്രതിഷേധമായിരുന്നു. സ്വാശ്രയ കോളേജിന്റെ ഇരയായ രജനി എസ് ആനന്ദ് തന്റെ അമ്മയ്‌ക്കെഴുതിയ കത്തിന്റെ ഉള്ളടക്കം ജീവിതം മടുത്ത ഒരു കുട്ടിയുടെയോ ഒളിച്ചോട്ടത്തിന്റെ ദുര്‍ബലതയുടെയോ വിഷയമായിരുന്നില്ല പറഞ്ഞു തന്നിരുന്നത്. മറിച്ചു നിലവിലുള്ള വിദ്യാഭ്യാസ നയത്തിനെതിരായ പ്രതിഷേധം തന്നെയായിരുന്നു. എന്നിട്ടുമെന്തേ നമ്മുടെ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും ഈ ഒരു പ്രശ്‌നം ഒരു പ്രശ്‌നമായി തോന്നിയില്ല . ഇന്നലെ  വരെ  സമരങ്ങളുടെ  കുത്തക  അവകാശപ്പെട്ടിരുന്ന  ഇടതുപക്ഷം സമരങ്ങളില്‍ നിന്നും പിന്‍വലിഞ്ഞത് എന്ത് കൊണ്ടാണ്? ഈ അടുത്ത കാലത്തായി നഴ്‌സിംഗ് മേഖലയുമായി ബന്ധപ്പെട്ടു കൊണ്ടുയര്‍ന്നു വന്ന സമരങ്ങള്‍ യാദൃശ്ചികമായി ഉയര്‍ന്നു വന്നതല്ലെന്നും കാണാന്‍ കഴിയും.

1500-3000 രൂപയ്ക്കു ജോലി ചെയ്യേണ്ടി വരുന്ന ചൂഷണത്തിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന ഇവരുടെ പ്രശ്‌നങ്ങളില്‍ നിന്ന് സംഘടിത പ്രസ്ഥാനങ്ങള്‍ ഇന്ന് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. സംഘടിത മതങ്ങളും സമുദായ കുത്തകകളും നടത്തുന്ന സ്ഥാപനങ്ങള്‍ പോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും നടത്തുന്ന കോളേജുകളും ആശുപത്രികളും ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് ഇവര്‍ക്കെതിര്‍ക്കാന്‍ കഴിയുക? തങ്ങളുടെ പാര്‍ട്ടിക്ക് വരുന്ന ലാഭത്തിന്റെ കണക്കിന് കുറവ് വരാന്‍ അവര്‍ തയാറാവുകയില്ല . അതിനു വേണ്ടി അവര്‍ മാര്‍ക്‌സിനെ വരെ തള്ളിപ്പറയും.
നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കിയ പത്തു പതിനഞ്ചു വര്‍ഷ കാലത്തെ നമ്മുടെ അനുഭവം ഇങ്ങനെയൊക്കെയാണ്. അതുകൊണ്ടുതന്നെ രജനി എസ് ആനന്ദില്‍ നിന്നും ശ്രുതിയിലെത്തുമ്പോള്‍ ഇത് ഒറ്റപെട്ട സംഭവം അല്ലെന്നു തിരിച്ചറിയേണ്ടതുണ്ട് ഉന്നതവിദ്യാഭ്യാസം അസാധ്യമാവുകയും പാവപ്പെട്ടവനെ വിദ്യാഭ്യാസ മേഖലയില്‍നിന്നും ആട്ടിയോടിക്കുന്നതിലേക്കും എത്തിച്ചേര്‍ന്നു. നമ്മുടെ വിദ്യാഭ്യാസ മേഖലയെ ജാതി മത കുത്തകകള്‍ക്കും കോര്‍പ്പറേറ്റുസ്ഥാപനങ്ങള്‍ക്കും തീറെഴുതി കൊടുത്തതിന്റെയും  സ്വാശ്രയ നയം നടപ്പാക്കിയതിന്റെയും ദുരന്തത്തിലെക്കാണ് എത്തിചെര്‍ന്നിരിക്കുന്നത്. യു ഡി എഫ് ഭരിച്ചാലും എല്‍ ഡി എഫ് ഭരിച്ചാലും വിദ്യാഭ്യാസ മന്ത്രിമാര്‍ മുസ്ലീം ലീഗിന്റെതോ കേരള കോണ്‍ഗ്രസിന്റെതോ ,അല്ലെങ്കില്‍ മറ്റേതെങ്കിലും സാമുദായിക സംഘടനയില്‍ നിന്നോ ആയിരിക്കും .കൂടാതെ സര്‍ക്കാരും മാനേജുമെന്റുകളും തമ്മിലുള്ള സീറ്റ് കച്ചവടത്തിനപ്പുറം ഈ മേഖല നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനോ കഴിഞ്ഞിട്ടില്ല.

സ്വാശ്രയ കോളേജുകള്‍ വിദ്യാഭ്യാസ കച്ചവടത്തെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് കേരളത്തിലെമ്പാടും ഉയര്‍ന്നു വന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കൂത്തുപറമ്പില്‍ അഞ്ചു പേരുടെ രക്തസക്ഷിത്തതിലേക്ക് എത്തിച്ചേരുകയുണ്ടായി .എന്നാല്‍ പിന്നിട് നാം കാണുന്നത് ആ സമരങ്ങളെ വഞ്ചിച്ചുകൊണ്ട് അഞ്ചോളം സ്വാശ്രയ കോളേജുകള്‍ ആരംഭിച്ചുകൊണ്ട് മുഖ്യധാര ഇടതുപക്ഷം സ്വാശ്രയ കോളേജിന്റെ വക്താക്കളായി മാറിയതാണ്. പിന്നിട് പുഷഗിരിയും അമൃതയുമുള്‍പ്പടെയുള്ള വമ്പന്‍ സ്വാശ്രയ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കടന്നുവരവോടെ സാധാരണക്കാരുടെ മക്കള്‍ക്ക് ബാങ്കുകളെ ആശ്രയിക്കേണ്ടതായും വന്നു ചേര്‍ന്നു. വിദ്യാഭ്യാസം അവനവന്റെ ചുമതലയാണെന്നു വരുത്തി തീര്‍ക്കുകയും അതിന്റെ സാമൂഹ്യ സ്വഭാവത്തെ ഇല്ലാതാക്കുകയുമാണ് ചെയ്തത്.  തന്മൂലം അഞ്ചും പത്തും ലക്ഷം കേപ്പിറ്റേഷന്‍ ഫീസ് കൊടുത്ത് പഠിക്കുകയോ അല്ലെങ്കില്‍ കേരളത്തിനു പുറത്തുപോയി പഠിക്കുകയോ ചെയ്യേണ്ടതിലേക്ക് മലയാളി എത്തിച്ചേര്‍ന്നു.

കടം എടുത്തു പഠിക്കുക, സര്‍ക്കാരിനു നിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ ആവില്ല, ഇതാണ് പുതിയ കാലത്തെ സര്‍ക്കാര്‍ പോളിസി.  ലോണ്‍ അടയ്ക്കാനുള്ളവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനറിയേണ്ട ആവശ്യമില്ലല്ലോ. ഉപരിപഠനത്തിനു വേണ്ടി ലോണെടുത്ത മൂന്ന് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തപ്പെടാന്‍ പോകുകയാണ്. പഠിച്ചിറങ്ങിയവര്‍ക്ക് തന്നെ ജോലി കിട്ടാതിരിക്കുകയും കിട്ടിയ ജോലിക്കു തന്നെ പരിമിതമായ ശമ്പളം കൊണ്ടും ബുദ്ധിമുട്ടുന്നതിനിടയില്‍ തിരിച്ചടവിന്റെ വലിയ ഭാരം അവരെ തീരാ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. എത്ര പേര്‍ക്ക് തിരിച്ചടക്കാനാവും? , എത്ര എത്ര ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും നെഴ്‌സുമാരും അനുദിനം പുറത്തിറങ്ങുന്നത്. ഇവര്‍ക്കൊക്കെ ജോലികൊടുക്കാന്‍ എവിടെ സര്‍ക്കാരിന്റെ കയ്യില്‍ മാന്ത്രികവടി, എല്ലാം സ്വാശ്രയ കച്ചവടക്കാര്‍ക്ക് വിട്ടു കൊടുക്കുകയും വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍. നെഴ്‌സിങ്ങ്് മേഖലയില്‍ ഇന്ന് കിട്ടുന്ന ശമ്പളത്തിന്റെ കണക്കു നോക്കിയാല്‍ ഒരായുസ് മുഴുവന്‍ അധ്വാനിച്ചാലും തിരിച്ചടവ് അവര്‍ക്ക് പ്രയാസമായിരിക്കും. കൂലി കൂടുതലിനു വേണ്ടി അവര്‍ നടത്തുന്ന സമരം മുഖ്യധാര പ്രസ്ഥാനങ്ങള്‍ അവഗണിക്കുകയാണുണ്ടായത്. കാരണം ഇത് ഒരു രാഷ്ട്രീയ പരിഹാരം ആവശ്യപെടുന്നുണ്ട്. അത് ഈ നയങ്ങള്‍ തുടര്‍ന്ന് മുന്നോട്ടു കൊണ്ട് പോകണോ എന്നതു തന്നെയാണ്, സമരം ബാങ്കിനെതിരെയല്ല വേണ്ടത് എന്ന് തന്നെയാണ്. അമ്പാടിയും രജനിയും ഫസിലയും വിജിയും ശ്രുതിയും എല്ലാം ആത്മഹത്യ ചെയ്യുന്നത് ആഗോളീകരണ വിദ്യാഭ്യാസനയങ്ങള്‍ അവരുടെ ജീവിതത്തെ തകര്‍ത്തതുകൊണ്ടാണ്. അതിനോടുള്ള പ്രതിഷേധം എന്നനിലക്ക്് ഇതൊരു ഘോഷയാത്രയായി തുടരുക തന്നെ ചെയ്യും.. ഇതിനൊരറുതി വരുന്നത് വരെ ....



'ചന്ദ്രേട്ടനെ കൊല്ലാനേകഴിയൂ തോല്‍പ്പിക്കാനാവില്ല..''

'ചന്ദ്രേട്ടനെ      കൊല്ലാനേകഴിയൂ
തോല്‍പ്പിക്കാനാവില്ല..''
-രമ

സഖാവേ,
നിന്റെ ഈ വാക്കുകള്‍
ഇന്നിന്റെ സത്രീത്വത്തിന്റെ
ധീരതയാണ്.
ഞങ്ങളിലെ ആവേശമാണ്.
ഫാസിസ്റ്റുകളായ ചെകുത്താന്‍മാരുടെ
ചെകിടത്തു നല്‍കിയ പ്രഹരമാണ്.
അതാണവര്‍
ഈ വാക്കുകള്‍ക്കു നേരെ
കുരച്ചു ചാടുന്നത്...

ചന്ദ്രശേഖരനെക്കൊന്ന കുലത്തില്‍ പിറന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ആദരവോടെ


04-05-2012
ഒഞ്ചിയം രക്തസാക്ഷി മണ്ഡപം


സര്‍,

ഒരിക്കല്‍ സഖാവേ എന്നു വിളിച്ചു പോയ അവിവേകത്തിന് മാപ്പ്. അരയില്‍ പിസ്റ്റളും ചുറ്റും ആയുധധാരികളായ അംഗരക്ഷകരും കാവല്‍ നില്‍ക്കുന്ന വിപ്ലവ വര്‍ത്തമാനത്തില്‍ അങ്ങയെക്കേറി സഖാവേ എന്നു വിളിച്ചാല്‍, അതു മതി എന്റെ മുതുകില്‍ ചാപ്പ കുത്തപ്പെടാനെന്നു എനിക്കറിയാം. അതുണ്ടാക്കുന്ന അസ്വസ്ഥതകളെ മറികടക്കാന്‍ ചൈനയ്‌ക്കോ ദുബായ്‌ക്കോ പോകാവുന്ന ഒരു സാമ്പത്തിക പരിതസ്ഥിതിയല്ല എന്റേത്.  ബാങ്കുകള്‍ , ഹയര്‍ സെക്കണ്ടറികള്‍, സഹകരണ സംഘങ്ങള്‍, പത്രമാധ്യമങ്ങള്‍, ചാനലുകള്‍, പാര്‍ക്കുകള്‍, ഇനിയും പട്ടിക നിരത്താവുന്ന ഇത്തരം പുത്തന്‍ വിപ്ലവ നിലങ്ങളില്‍ തൊഴില്‍ ദാതാവ് എന്ന നിലയില്‍ അങ്ങ് മുതലാളിയാണ്. എന്‍.ജി.ഒകളും കോര്‍പ്പറേറ്റുകളും ഭരിക്കുന്ന അങ്ങയുടെ പാര്‍ട്ടി കുടുംബം ഒരേഴയുടെ ബുദ്ധിമോശത്തിന് എളുപ്പം വിധിക്കാവുന്ന ശിക്ഷ മരണ ശിക്ഷയായിരിക്കുമല്ലോ. അങ്ങേക്കറിയുമോ എന്നറിയില്ല, ഏഴകളുടെ ഞരമ്പിലൂടെ ഓടുന്ന ചെമന്ന നിറമുള്ള കൊഴുത്ത ദ്രാവകത്തിനും രക്തം എന്നു തന്നെയാണ് സര്‍ പേര്. അത്തരം ചോരമഴകളൊന്നും അങ്ങയില്‍ യാതൊരു അസ്വസ്ഥതയും ഉണ്ടാക്കുകയില്ല എന്നത് അങ്ങയുടെ ചരിത്രം ഒരു പാര്‍ട്ടിയുടെ ചരിത്രം തിരുത്തി വലുതാവുന്നത് കണ്ടു ശീലിച്ച ഞങ്ങള്‍ക്കറിയാം.

അമ്പത്തൊന്നു കഷണങ്ങളായി വെട്ടിമുറിക്കപ്പെട്ട ഒരുടല്‍ മനഃസാക്ഷിയുടെ മുമ്പില്‍ വന്ന് വെള്ള പുതച്ച് കിടക്കുമ്പോഴും ഞങ്ങളുടെ   ഞെട്ടലിനും പൊട്ടിക്കരച്ചിലിനും മുകളില്‍ നിന്ന് 'ഇതൊക്കെയും കാണുന്നവന്റെ മാനസികസ്ഥിതിക്കനുസരിച്ചിരിക്കും'' എന്ന് നിങ്ങള്‍ പറയുന്നത് ഇത്തരം കാഴ്ചകള്‍ കണ്ടുശീലിച്ചയാളുടെ തഴക്കത്തിന്റെ കരുത്തില്‍ നിന്നുകൊണ്ടാണ് എന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട് . ക്വട്ടേഷന്‍ കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തെക്കുറിച്ച് നിങ്ങളോളം അറിവോ പ്രവൃത്തിപരിചയമോ ഞങ്ങള്‍ക്കില്ല. ഞങ്ങള്‍, മാധ്യമസിന്‍ഡിക്കേറ്റുകളുടെ ഇരകളും വിഡ്ഢികളുമായ പൊതുജനം, വിനയത്തോടെ ഒന്ന് ചോദിച്ചോട്ടെ,
അല്ലയോ പതിനായിരങ്ങളുടെ അന്നദാതാവും ആശ്രയവുമായ ഗുരുനാഥാ, അപ്പോള്‍ അങ്ങയുടെ മനസില്‍ എന്തായിരുന്നു? അനുസരണക്കേടുകാട്ടിയ ശരീരഭാഷ ഞങ്ങളുടെ സങ്കടപ്പാടുകള്‍ക്ക് മീതെ വിരിയിച്ച അത്യുത്സാഹത്തിന്റെയും ആനന്ദത്തിന്റെയും ഒരു ചിരിയല്ലാതെ അമ്പരപ്പോ, അനാവശ്യമെങ്കിലും ഒരിത്തിരി അനുകമ്പയോ തോന്നാന്‍ മാത്രം നിങ്ങളുടെ ഉള്ളില്‍ ഇനിയും മരിക്കാതെ ഒരു കമ്മ്യൂണിസ്റ്റ് ബാക്കിയുണ്ടായിരുന്നോ?


സര്‍, നിങ്ങള്‍ നിരന്തരം കുലത്തെപ്പറ്റിയും കുലമഹിമയെപ്പറ്റിയും വാതോരാതെ പറയുന്നുണ്ടല്ലോ? ഏതു കുലത്തിന്റെ ചരിത്രമാണ് നിങ്ങള്‍ പഠിച്ചുവെച്ചിരിക്കുന്നത്? തോക്കിനും ലാത്തിക്കും മുമ്പില്‍ പതറാതെ നവോത്ഥാനത്തിനു പൊരുതിയ കമ്മ്യൂണിസ്റ്റുകള്‍ ചവറ്റുകട്ടയിലേക്ക് വലിച്ചെറിഞ്ഞ ഉച്ചനീചത്വത്തിന്റെ കാവല്‍പ്പുരകളായിരുന്ന കുലപ്പേരും കുലമഹിമയുമാണോ? വീട്ടടിമത്തത്തില്‍നിന്ന് സ്വയം മോചിപ്പിക്കപ്പെട്ടതിന്റെയും പൂണൂല്‍ പൊട്ടിച്ചെറിഞ്ഞതിന്റെയും വിപ്ലവം വിളംബരം ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ സെക്രട്ടറി സവര്‍ണ്ണ ഫാസിസ്റ്റുകളുടെ ഫ്യൂഡല്‍ കുടുംബസങ്കല്പത്തില്‍ വിരാജിക്കുകയും അതിന്റെ മഹിമയില്‍ ആത്മരതികൊള്ളുകയും ചെയ്യുന്നൊരു പിന്തിരിപ്പനാണെന്ന് തിരിച്ചറിയുമ്പോള്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നുണ്ട്.

ആരാണ് സര്‍, കമ്മ്യൂണിസ്റ്റ് എന്ന് അങ്ങയെ നാമകരണം ചെയ്തത്. അങ്ങേക്ക് കമ്മ്യൂണിസ്റ്റുകളുടെ രാഷ്ട്രീയമറിയുമോ?
ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍'
എന്നെഴുതിവെച്ചത് ഇടശ്ശേരിയാണ്. സിപിഎമ്മിന് സ്വന്തമായി ഒരു നിഘണ്ടുവും അതിലെ ഭാഷ ഭരണഭാഷയാക്കാന്‍ പൊരുതുന്ന സ്‌പോണ്‍സേഡ് സാഹിത്യവേദികളും, വത്സലരും ഭാസുരേന്ദ്രരുമായ ആചാര്യന്‍മാരുമുള്ളപ്പോള്‍ പാവം ഇടശ്ശേരി അഭിമതനായിക്കൊള്ളണമെന്നില്ല.
ഒരുപക്ഷേ കാലം ഇത്രമേല്‍ വേഗത്തില്‍ നടന്നുപോയതറിയാതെ തറവാടിത്തം ഒരംഗീകാരമായി വിശ്വസിച്ചുപോന്നിരുന്ന പില്‍ക്കാലങ്ങളിലെവിടെയോ കുടുങ്ങിപ്പോയ ഒരു പുരാതനമനുഷ്യനായിരിക്കാം പിണറായി വിജയന്‍. അല്ലെങ്കില്‍, ചരിത്രപ്രസിദ്ധമായ ഒരു തറവാടുണ്ടെന്നും, അതിന് പേര് സിപിഐഎം എന്നാണെന്നും അതില്‍ കിടന്നാല്‍ ഒരു രാത്രികൊണ്ട് കമ്മ്യൂണിസ്റ്റാവുമെന്നും അതിന് നിങ്ങള്‍ ഇത്ര പണം ചെലവഴിക്കേണ്ടിവരുമെന്നും, കോഴ്‌സ് ഫീസ് എന്നല്ല, ലെവി എന്നോ മെമ്പര്‍ഷിപ്പ് തുക എന്നോ അതിനെ വിശേഷിപ്പിക്കണമെന്നും വിളിച്ചുപറയുന്ന ഒരു വരുംകാലം തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ കച്ചവടക്കാരനായിരിക്കണം പിണറായി വിജയന്‍.


എങ്കില്‍ പറയു,

അങ്ങ് ജീവിച്ച കുലത്തില്‍ ചന്ദ്രശേഖരനുണ്ടായിരുന്നില്ലേ? ചന്ദ്രശേഖരന്‍ ജീവിച്ച കുലത്തില്‍നിന്ന് പുറത്ത് പോയത് നിങ്ങളല്ലേ. ശാസ്ത്രീയമായ പ്രത്യയങ്ങളില്‍ നിന്ന് സ്ഥാപനവല്‍ക്കരിക്കപ്പെട്ട മിത്തുകളിലേക്ക്, ശീതീകരിച്ച മുറികളിലേക്ക്, മണിമന്ദിരങ്ങളിലേക്ക്, ആഡംബര വാഹനങ്ങളിലേക്ക്, കമ്മ്യൂണിസ്റ്റ് നിലങ്ങളില്‍ നിന്ന് വഴിമാറി വഴിമാറി കുലംവിട്ടത് നിങ്ങളോ ചന്ദ്രശേഖരനോ?

ഹിസ് ഹൈനസ് പിണറായി വിജയന്‍,
അങ്ങയുടെ വലിപ്പത്തെക്കുറിച്ച് അങ്ങേക്ക് ആത്മ നിര്‍വൃതി കൊള്ളാവുന്ന ചില സത്യങ്ങള്‍ പറഞ്ഞു എന്നേയുള്ളു. അങ്ങ് ഒരു വ്യക്തി മാത്രമല്ല എന്നും അങ്ങില്ലെങ്കിലും ഈ പാര്‍ട്ടി ഇങ്ങനെയൊക്കെ തന്നെയായിരിക്കുമെന്നും ഞങ്ങള്‍ക്കറിയാം. മരിച്ചവന്റെ രക്തത്തില്‍ ചവിട്ടി നിന്ന് കൊന്നവന് അഭിവാദ്യം വിളിക്കുന്ന പേപിടിച്ച ആള്‍ക്കൂട്ടത്തിന്റെ പേരാണ് സി.പി.ഐ.എം എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് എന്റെ ജീവിതം കൊണ്ടാണ്. അങ്ങില്ലെങ്കിലും മനുഷ്യത്വ രഹിതമായ എല്ലാ അരാജക പ്രവണതകളേയും പ്രോത്സാഹിപ്പിക്കുന്ന ഫാസിസത്തിന്റെ ഈ ആള്‍ക്കൂട്ടം ഇങ്ങനെ തന്നെ നിലനില്‍ക്കും. അതിന്റെ ദുരന്തങ്ങള്‍ ഞങ്ങള്‍ക്കു മേല്‍ തീമഴയായ് പെയ്യും. ആ പെയ്ത്തില്‍ തീപ്പെട്ടു തീരേണ്ടവരാണ് ഞങ്ങളെന്നും ഞങ്ങള്‍ക്കറിയാം. അതിനുമുമ്പ് ഞങ്ങളുടെ സഹ സഖാക്കളെ കൊന്നു കളയാന്‍ അച്ചാരം കൊടുത്ത ആരാച്ചാരന്‍മാരോട് നേര്‍ക്കു നേര്‍ നിന്ന് ഒരൊറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കാന്‍, ഒരായുസ്സു കൊണ്ട് വിളിച്ചു തീര്‍ക്കാനാവാത്ത അസഭ്യവാക്കുകള്‍  എന്റെയുള്ളില്‍ ഞാന്‍ സൂക്ഷിച്ച് വെയ്ക്കുന്നുണ്ട്. പിന്നീട് തികച്ചും അരാഷ്ട്രീയമെന്ന് പേര്‍ വിളിക്കപ്പെടുന്ന ഒരു കൊലപാതകപ്പട്ടികയ്ക്ക് എന്റെ ബയോഡാറ്റ വിട്ടുകൊടുത്ത് അങ്ങയുടെ സാമ്രാജ്യത്തില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെടും.

പക്ഷേ അങ്ങനെ ഒന്നും അവസ്സാനിക്കുകയില്ല. മരണത്തിന്റെ ഭാഷയിലൂടെ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തലമുറകളോട് നിരന്തരമായി അവന്റെ രാഷ്ട്രീയം സംസാരിച്ചുകൊണ്ടേയിരിക്കും. അത് പേടിക്കണം. മരിച്ചവരാരും മരിച്ചിട്ടില്ലെന്ന് ഓര്‍ത്താല്‍ നന്ന്.

വിധേയന്‍,
ലിജീഷ്‌കുമാര്‍

അവര്‍ എന്തിനെയോ ഭയക്കുന്നുണ്ട്


പി ഗീത  


ടി പി ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് പുത്തനച്ഛന്‍മാര്‍ സമൃദ്ധമായി പുരപ്പുറം തൂത്തു. പിണറായിയോ, വി എസോ ശരി എന്നതല്ല ഇവിടുത്തെ വിഷയം. ജീവിച്ച ഓരോ വര്‍ഷത്തിനും ഓരോ വെട്ടു മുഖത്തേറ്റുവാങ്ങി മരിച്ച ചന്ദ്രശേഖരന്റെ പ്രകാശിക്കുന്ന കണ്ണുകളാണ് ഇത്തരം അച്ഛന്‍മാരെ ഭയപ്പെടുത്തിയത് എന്നു വേണം കരുതാന്‍. അതുകൊണ്ട് ചന്ദ്രശേഖരന്റെ ജഡത്തെ ആദരിച്ച വി എസിനെതിരേ അവര്‍ ആഞ്ഞടിച്ചു. യഥാര്‍ത്ഥ കുലംകുത്തിയെന്ന് ബാബു എം പാലിശ്ശേരി, പാര്‍ട്ടി പ്രതിസന്ധിയിലാവുമ്പോള്‍ കോലിട്ടിളക്കി ഇടങ്ങേറുണ്ടാക്കുന്നയാളെന്ന് ടി കെ ഹംസ. വി എസിന്റെ മാത്രമല്ല ടി പി ചന്ദ്രശേഖരന്റേയും സംഘടനാ ബന്ധം ഇവര്‍ക്ക് അവകാശപ്പെടാന്‍ സാധ്യമല്ല. കാരണം വി എസും ടി പിയും പാര്‍ട്ടിയില്‍ വന്നിട്ട് ഏറെക്കാലം കഴിഞ്ഞാണ് ബാബു എം പാലിശ്ശേരിയും ടി കെ ഹംസയും പാര്‍ട്ടിയിലേക്ക് വന്നത്.

എളമരം കരീമിനെ തുടര്‍ന്ന് ടി പി വധത്തോട് പ്രതികരിച്ച ഇടുക്കി ജില്ലയിലെ മണി സഖാവ്, ഇത്തരം സാമൂഹിക ഭല്‍സനങ്ങളുടെ പരകോടിയിലാണ് സ്വയം സ്ഥാനം ഉറപ്പിച്ചത്. ഏറെപ്പേരെ പലതരത്തിലും കൊന്നിട്ടുണ്ട്, ഇനിയും കൊല്ലുമെന്നും അദ്ദേഹം ജനങ്ങളെ അറിയിച്ചു. അതോടൊപ്പം മറ്റൊരു കാര്യംകൂടി പറയുന്നു. എങ്ങിനെയാണ് മഹാശ്വേതാ ദേവിക്ക് ജ്ഞാനപീഠം കിട്ടിയതെന്ന് അന്വേഷിക്കാന്‍ കമ്മീഷനെനിയോഗിക്കണം. അവരുടെ 'കഴപ്പ്' അദ്ദേഹത്തിനും കൂട്ടര്‍ക്കും അറിയാമെത്രെ. എന്താണ് മണി ഉദ്ദേശിച്ച കഴപ്പ്? വയസ്സായ മഹാശ്വേതാദേവിക്ക് എന്തിന്റെ കഴപ്പുണ്ട് എന്നാണ് മണിയേപ്പോലുള്ളവര്‍ പറയാന്‍ ശ്രമിക്കുന്നത്? സഖാവ് പിണറായി മഹാശ്വേതാദേവിയുടെ ടി പി വധത്തോടുള്ള പ്രതികരണത്തെ തന്റെ പ്രസംഗത്തില്‍ പ്രശ്‌നവല്‍ക്കരിച്ചിരുന്നു. ഇതിനോടുള്ള കൂറായിരിക്കാം മണി ഈ വിധത്തിലുള്ള സ്ത്രീ നിന്ദകൊണ്ട് സാധിച്ചത്.

എഴുത്തിനെ മാത്രമല്ല സ്ത്രീത്വത്തെയും പ്രായത്തെയും വരെ അപമാനിക്കാന്‍ മണിയെ പ്രേരിപ്പിച്ചത് എന്തായിരിക്കും? ടി പി ചന്ദ്രശേഖരന്റെ വിധവയെ അവര്‍ സന്ദര്‍ശിച്ചത്, ടി പി ചന്ദ്രശേഖരന്റെ അനുസ്മരണത്തില്‍ അവര്‍ പങ്കെടുത്തത്? എന്തായാലും ഒരുകാര്യം തീര്‍ച്ചയാണ് ഊണിലും ഉറക്കത്തിലും തൂണിലും തുരുമ്പിലും ഈ നേതാക്കള്‍ ടി പി ചന്ദ്രശേഖരനെ ഭയപ്പെടുന്നു. അവര്‍ക്ക് എന്തുകൊണ്ടാകാം ഈ ഭയം ഉണ്ടായത്? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവരുടെ ശരീരഭാഷ തന്നെ ശ്രദ്ധിച്ച് നോക്കൂ. മനുഷ്യസ്‌നേഹത്തിന്റേയോ, കാരുണ്യത്തിന്റേയോ, നന്‍മയുടേയോ, സാഹോദര്യത്തിന്റേയോ, സഹപ്രവര്‍ത്തനത്തിന്റേയോ, കണിക പോലും അവരുടെ ആരുടേയും കണ്ണുകളില്‍ കാണാന്‍ കഴിയില്ല. ശബ്ദത്തിലോ ശരീരഭാഷയിലോ അനുഭവിക്കാന്‍ കഴിയില്ല. അധികാരം ധാര്‍ഷ്ഠ്യം, ആര്‍ത്തി, വെറുപ്പ് എന്നിങ്ങനെയുള്ള പല്ലിറുമ്മലുകളോടെയാണ് അവര്‍ നമ്മളോട് ആജ്ഞാപിച്ചുകൊണ്ടിരിക്കുന്നത്. നമ്മളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

അടിയന്തരാവസ്ഥാകാലത്തെ ഇന്ത്യന്‍ഭരണകൂടം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഏകാധിപത്യത്തേക്കാള്‍ എന്തൊക്കെയോ ആണ് ഈ നേതൃത്വം സ്വന്തം അണികള്‍ക്കും അനുഭാവികള്‍ക്കും സ്‌നേഹിതര്‍ക്കും മേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. അ്തുതന്നെയാണ് സുഹൃത്തെ പറയുന്നത് അവര്‍ക്ക് എന്തൊക്കെയോ ഒളിക്കാനുണ്ട്. പ്രതിരോധത്തിന് പകരം അക്രമത്തിലേക്ക് എത്തിച്ചേര്‍ന്ന ഏതു വ്യക്തിയും പ്രസ്ഥാനവും അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെ തന്നെയാണ് ഈ നേതാക്കളും അഭിമുഖീകരിക്കുന്നത്. ഏത് ഫാസിസ്റ്റിന്റേയും ഭീതിയാണ് ഇപ്പോള്‍ ഇവര്‍ക്കും ഉള്ളത്. അതുകൊണ്ടാണ് അവര്‍ നമ്മെ ഭയപ്പെടുത്തുന്നത്,നിന്ദിക്കുന്നത്, നമ്മുടെ ചന്ദ്രശേഖരന്‍മാരെ കൊല്ലുന്നത്.

ഇത് വീടിന്റെ മേല്‍ക്കൂര പൊളിക്കേണ്ട കാലം


കെ അജയന്‍
കേരളത്തിലെ കാമ്പസ്സുകളെ ഒറ്റ നിറം കൊണ്ട് അടയാളപ്പെടുത്താനാവശ്യപ്പെട്ടാല്‍ ഏതായിരിക്കും നാം തിരഞ്ഞെടുക്കുക? പ്രതിഷേധത്തിന്റെ ചുവപ്പോ ആദര്‍ശത്തിന്റെ വെള്ളയോ ആകാന്‍ തരമില്ല. നിലച്ചുപോയ ശ്വാസത്തിന്റെയോ, ചടുലമല്ലാത്ത ചുവടുകളുടേയോ നിറം ഏതാണെന്ന് അന്വേഷിക്കേണ്ടി വരും. വല്ല മഞ്ഞയോ മറ്റോ? വിളറിപ്പോയ എന്നും ഒരേ അളവില്‍ പുറത്തുവിടുന്ന നിശ്വാസത്തിന്റെ നിറം. അരാഷ്ട്രീയത എന്ന വാക്കിന് ഇത്ര ഭീകരമായ ഒരര്‍ത്ഥമാകാന്‍ കഴിയും എന്ന് നാമിന്ന് തിരിച്ചറിയുന്നു. ആദ്യത്തെ കൊടിയും ആദ്യത്തെ ആര്‍പ്പും ഉയരുക കാമ്പസ്സില്‍ നിന്നായിരിക്കും എന്ന് പറഞ്ഞ പൂര്‍വ്വികന് പ്രഫഷണലിസത്തെ പറ്റി എന്തറിയാം നമ്മള്‍ അടിമത്തം ഇരന്നു വാങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍.

മറവി ഒരു സാമൂഹ്യ രോഗമാണെന്ന് നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് എം.എന്‍ വിജയന്‍ മാഷാണ്. നാം നയിച്ച സമരങ്ങളേയും സമരം നടമാടിയ വഴികളേയും മഴയായ് പെയ്തിറങ്ങിയ തുടിതാളങ്ങളുടെയും ഗദ്ദറിനേയോ, സുരാസുവിനേയോ ഓര്‍മ്മിപ്പിക്കുന്ന അരങ്ങിനെ വേര്‍തിരിച്ചെടുക്കാനാവാത്ത തെരുവുകളേയും ഒക്കെ മറന്ന് ഒരു കാമ്പസ്സ് സെലക്ഷനോ, ഒരു റിയാലിറ്റി ഷോയോ ഒക്കെയായി കേരളത്തിലെ കാമ്പസ് ചുവടുമാറിയെങ്കില്‍ അതിനുത്തരവാദികള്‍ കപ്പലില്‍ തന്നെയുണ്ട്. കെ.എസ്.യുവോ എ.ബി.വി.പി.യോ ചിന്തകളെ വഴിതിരിച്ചുവിടുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടാകാന്‍ തരമില്ല. കാരണം അവര്‍ വഴിയില്‍ നിന്ന് എന്നേ തെറിച്ചു പോയവരാണ്.അതുകൊണ്ട് തന്നെയാണ് എല്ലാ കണ്ണുകളും ചൂണ്ടു വിരലുകളും എസ്.എഫ്.ഐയിലേയ്ക്ക് നീളുന്നത്. വിദ്യാഭ്യാസ മേഖലയുടെ മുഴുവന്‍ കല്‍വിളക്കായിരുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം അരാഷ്ട്രീയതയുടെ മുലപ്പാല്‍ കുടിച്ചുകൊണ്ട് വഴിതിരിച്ചുവിട്ടിരിക്കുന്നു. നമ്മള്‍ നിരന്തരം ഉരുവിടാറുള്ളതുപോലെ കാമ്പസ് എന്നത് ഒറ്റപ്പെട്ട ഒരു ദ്വീപ സമൂഹമല്ല. ജീവിച്ചിരിക്കുന്ന നാടിന്റെ നേര്‍പരിച്ഛേദം തന്നെയാണത് അതുകൊണ്ട് തന്നെ ചലനവും ജീര്‍ണ്ണതയും അതേ അളവില്‍തന്നെ ആ മതിലുകളിലൂടെ അരിച്ചിറങ്ങും. അതുകൊണ്ടുതന്നെയാണ് നിരുപദ്രവകരമായ നയങ്ങളും വ്യക്തികേന്ദ്രീകൃതങ്ങളുമല്ലാത്ത ഒറ്റ സമരങ്ങളും കുറേ കാലമായി വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കാമ്പസ്സിനകത്തും പുറത്തുമുണ്ടാകാത്തത്. വിദ്യാര്‍ത്ഥി സംഘടനകള്‍ വിശിഷ്യ ഇടതുപക്ഷം ചേരുന്നു എന്ന് പ്രഖ്യാപിച്ചവ തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്തെ ചുവന്ന ലിപികള്‍ കൊണ്ട് അടയാളപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. അത്യന്തം ചൂഷണത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിനകത്തും സമരസപ്പെടുത്തുന്ന സമരങ്ങളുടെ ചൂഷണത്തിലേയ്ക്ക് കൂപ്പുകുത്താന്‍ മാത്രം ശീലിച്ച നേതൃത്വം മുഴുവന്‍ വിദ്യാര്‍ത്ഥിസമൂഹത്തിന്റെയും കലാപ കമ്പനങ്ങളെയാണ് ഒറ്റുകൊടുക്കുന്നത്.

എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തിന്റെ വലതുപക്ഷ വ്യതിയാനത്തെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ എസ്.എഫ്.ഐ സമ്മേളനങ്ങളും അതിന്റെ പരിപാടിയില്‍ വരുത്തിയ പരിഷ്‌കരണങ്ങളും മാത്രം ശ്രദ്ധിച്ചാല്‍ മതി. വിദേശ ഫണ്ടിങ്ങിന്റെ ചുഴിയില്‍പ്പെട്ടുകൊണ്ട് എപ്രകാരമാണോ സി.പി.ഐ.എം എന്ന സംഘടന പൂര്‍ണ്ണമായും സോഷ്യല്‍ ഡെമോക്രസിലേയ്ക്ക് വഴുതി വീണത് അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തന്നെയാണ് എസ്.എഫ്.ഐ നിയോലിബറല്‍ നയങ്ങളുടെ വക്താക്കളായി മാറിയത്. എപ്പോഴും പുരോഗമനമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കും എന്നുള്ളതാണ് നിയോലിബറലിസത്തിന്റെ സവിശേഷത. ജനകീയാസൂത്രണവും കുടുംബശ്രീയുമൊക്കെ ജനകീയ ജനാധിപത്യ വിപ്ലവത്തിലേയ്ക്കുള്ള ചെങ്കല്‍പാതകളാണെന്ന് വിശേഷിപ്പിക്കാന്‍ അവര്‍ക്കൊട്ടും മടിയുണ്ടായിരുന്നില്ല. അതുപോലെയാണ് ഇന്നും എസ്.എഫ്.ഐ വര്‍ഗ്ഗീയ കക്ഷികളെ മാത്രം ശത്രുക്കളായി കാണുകയും ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ അധിനിവേശത്തിനെതിരെയും കണ്ണടക്കുകയും ചെയ്യുന്നത്. വര്‍ഗ്ഗീയതയ്‌ക്കെതിരെ എന്ന് നടിക്കുകയും അവര്‍ണ്ണര്‍ക്കെതിരെ മാത്രം പട്ടികക്കലാപങ്ങള്‍ നടത്തുകയും അതിന്റെ വീറിലും വാശിയിലും കുറേ വിയര്‍പ്പു തുള്ളികളെ ഇപ്പോഴും സംഭരിച്ചുവരികയുമാണവര്‍ ചെയ്യുന്നത്. ഒരര്‍ത്ഥത്തില്‍ അതൊരു നിഴല്‍യുദ്ധമാണ്. സാമ്രാജ്യത്വ വിരുദ്ധ സമരത്തിനു പൂരകമായിടാത്ത ഫാസിസ്റ്റ് വിരുദ്ധ സമരങ്ങള്‍ക്ക് എന്താണ് പ്രസക്തി? സാമ്രാജ്യത്വത്തിന്റെ അസ്ഥിയിന്‍മേല്‍ കൂടുകൂട്ടിയിരിക്കുന്നവരാണ് ഫാസിസ്റ്റുകള്‍. തീര്‍ച്ചയായും അവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍ ഒരു ശത്രു കൂടിയേതീരു. അങ്ങനെ എ.ബി.വി.പിക്കാരന്റെ ശത്രുത സമ്പാദിച്ചു എന്ന ഒറ്റ ഗുണം കൊണ്ട് എസ്.എഫ്.ഐ ഇന്നും കാമ്പസ്സുകളിലെ ഇടതുപക്ഷ നാട്യമായി നിലകൊള്ളുന്നു. വൈകാരികത തളം കെട്ടി നില്‍ക്കുന്ന രാഷ്ട്രീയ പരിസരമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ എസ്.എഫ്.ഐയുടെ അടിസ്ഥാനം. മുപ്പതോളം വരുന്ന രക്തസാക്ഷികളുടെ ഇരമ്പിയാര്‍ക്കുന്ന സ്മരണകള്‍ക്ക് ഇരുമ്പുകൂടത്തിന്റെ ശക്തിയുണ്ടാകും എന്നത് സ്വാഭാവികം മാത്രം. വെള്ളക്കൊടിയില്‍ നിന്ന് സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നീക്കം ചെയ്യാന്‍ പോലും തുനിഞ്ഞ ഒരു പ്രസ്ഥാനത്തിന്, വിദ്യാര്‍ത്ഥി സംഘടനക്ക് യോജിച്ചവയല്ല ആ മുദ്രാവാക്യങ്ങള്‍ എന്നു കണ്ടെത്താന്‍ വലിയ മടിയൊന്നുമുണ്ടായില്ല എന്നത് ചരിത്രം. പ്രത്യയശാസ്ത്രത്തെ കപ്പലണ്ടി പൊതിയാന്‍ കൊടുത്ത ഈ സംഘടന ഇന്നും നിലനില്‍ക്കുന്നത് ഫാസിസ്റ്റ് വിരുദ്ധ കാപട്യം കൊണ്ടും (പലയിടത്തും എന്‍.ഡി.എഫ് ഫാസിസ്റ്റുകള്‍ അല്ലാതാവുന്നുണ്ടെന്നതും 'തണ്ണിമത്തന്‍' എന്ന പ്രയോഗം തന്നെ നിലനില്‍ക്കുന്നുണ്ടെന്നതും ഓര്‍ക്കുക) രക്തസാക്ഷിത്വത്തിന്റെ പലിശയിലും ആണെന്നതുമാണ് വസ്തുത.


പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ വിദ്യാര്‍ത്ഥിയും കേരളത്തിലെ ആദ്യത്തെ രക്തസാക്ഷിയുമായിരുന്ന സ.സെയ്തലിയുടെ സ്മരണയെത്തന്നെ തൂക്കി വിറ്റുകൊണ്ടാണവര്‍ അധപതനത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയത്. സെയ്തലി വധക്കേസില്‍ പ്രതിയും പിന്നീട് തിരുത്തല്‍ പ്രക്രിയ മൂലം പതിമൂന്നാം പ്രതിയുമായി മാറിയ ശങ്കരനാരായണന്‍, പൂര്‍വാശ്രമം വെടിഞ്ഞ് ബാബു എം പാലിശ്ശേരിയെന്ന വേഷപ്രഛന്നനായി എത്തിയപ്പോള്‍ അദ്ദേഹത്തിന് വോട്ടുപിടിക്കാനും തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും എസ്എഫ്‌ഐ മുമ്പിലെത്തിയിരുന്നു. ഒരു പ്രമേയവും ആ സ്ഥാനാര്‍ത്ഥിക്കെതിരെ പുറംലോകം കണ്ടില്ല. അടിയന്തിരാവസ്ഥക്കാലത്ത് ക്യാമ്പസ് സന്ദര്‍ശ്ശിക്കാനെത്തിയ കെ. കരുണാകരനെ ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ട് എതിരേറ്റ വനിതാ സഖാക്കളുടെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് പൂര്‍വാശ്രമത്തിലെ ശങ്കരനാരായണന് ജയജയ പാടിയതെന്നോര്‍ക്കണം.

മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റു പോലെ സ്വാശ്രയ കോളേജുകള്‍ ആരംഭിക്കാന്‍ മുതിര്‍ന്ന കാലത്ത് അതിനെതിരെ ഭരണകൂട യന്ത്രത്തിന്റെ പീറ വെടിയുണ്ടകള്‍ വിരിമാറിലേറ്റുവാങ്ങി മണ്ണിനെ പുളകിതരാക്കിയ റോഷനും ഷിബുലാലും മധുവും ബാബുവും രാജീവനും: കൂത്തുപറമ്പിന്റെ അനശ്വര നക്ഷത്രങ്ങള്‍, അവരുയര്‍ത്തിയ കലാപക്കൊടികളെ ജി.പി.സി നായരുടെയും എന്‍എസ്എസ്സിന്റെയും എംഇഎസ്സിന്റെയും ഒക്കെ അടുക്കളയില്‍ പണയം വച്ചിട്ട് കൂണുപോലെ ഉയര്‍ത്തുന്നതില്‍ ഉപ്പായി പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐക്ക് സാധിച്ചു. സ്വാശ്രയ കോളേജുകള്‍ അല്ല തെറ്റ് മറിച്ച് ഫീസ് ഘടനയാണെന്ന തിരിച്ചറിവില്‍ നിന്ന് വെളിപാടു പോലെ അതും അവര്‍ ക്ഷമിച്ചിരിക്കുന്നു. ഓരോ വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്യുമ്പോള്‍ മാത്രം കൊടിയുയര്‍ത്തുന്ന ഇവര്‍ എന്തുകൊണ്ട് അവര്‍ക്ക്് ചാടി മരിക്കാന്‍ തക്ക ഉയരത്തില്‍ കോളേജുകള്‍ ഉയരാന്‍ സമ്മതിച്ചു? സഖാവിന്റെ മകന്‍ ലണ്ടനില്‍ പഠിക്കുന്നതു കൊണ്ട് ഒരു സ്വാശ്രയ വിരുദ്ധ സമരത്തിനും ഇനി സ്‌കോപ്പുണ്ടാകാന്‍ വഴിയില്ല.

തൃശ്ശൂര്‍ ജില്ലയിലെ എസ്എഫ്‌ഐയെ ചോര കൊടുത്ത് പടുത്തുയര്‍ത്തിയ ലാലപ്പനെന്ന വിപിന്‍ലാലിനെ ആരും അത്ര പെട്ടന്ന് മറക്കാന്‍ വഴിയില്ല. പഠനത്തിനു ശേഷവും വര്‍ഷങ്ങളോളം മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന എസ്എഫ്‌ഐയുടെ തൃശ്ശൂര്‍ ഏരിയാ കമ്മറ്റിയുടെ സെക്രട്ടറി കൂടിയായിരുന്ന ആ സഖാവ് ഒരു കൊള്ളിയാന്‍ മറഞ്ഞ പോലെയാണ് മാഞ്ഞു പോയത്. വളവുകളും തിരിവുകളുമുള്ള പാതയുടെ കയറ്റിറക്കങ്ങളില്‍ ആരോ മുള്ളുകള്‍ വിതറിയിരിക്കുന്നു എന്ന് ഞങ്ങള്‍ ഇന്നും വിശ്വസിക്കുന്നു. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് അദ്ദേഹത്തെ സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി. എന്നിട്ടും ജില്ലയിലെ പോരാളികള്‍ ലാലപ്പന്റെ പിന്നില്‍ അണിചേര്‍ന്നു. ജീവിതത്തിന്റെ അവസാന യാത്രയിലും എസ്എഫ്‌ഐക്കു വേണ്ടി തുടിച്ച ആ ജീവിതത്തെ അവഹേളിക്കുന്നതില്‍ നേതാക്കന്മാര്‍ മത്സരിക്കുകയായിരുന്നു. ഇ.കെ.ബാലന്‍, കെ.ആര്‍.തോമസ്, ആര്‍.കെ.കൊച്ചനിയന്‍, കെ.എസ്.വിപിന്‍ലാല്‍ എന്നിവരുടെ ചിത്രം ആലേഖനം ചെയ്ത കലണ്ടര്‍ വിതരണം ചെയ്യാന്‍ എസ്എഫ്‌ഐ ഏരിയാ കമ്മറ്റി തീരുമാനിച്ചതിനെ അന്നത്തെ സംസ്ഥാന സെക്രട്ടറി സ്വരാജ് നായര്‍ എതിര്‍ത്തതിന്റെ ചേതോവികാരം ഇന്നും ദുരൂഹമാണ്. അത് വിതരണം ചെയ്തതിന്റെ പേരില്‍ ആ ഏരിയാ കമ്മറ്റി തന്നെ പിരിച്ചു വിടുകയാണവര്‍ ചെയ്തത്.

എന്നിട്ടും ആവേശത്തിരയിളക്കുന്ന പ്രസംഗങ്ങള്‍ക്ക് ഉപ്പും കറിവേപ്പിലയുമായി രക്തസാക്ഷിപ്പട്ടിക അവര്‍ നിവര്‍ത്തും. കൈയടിയും വോട്ടും വാങ്ങും. ഈ കപട വൈകാരികതയുടെ ലേബലില്‍ എസ്എഫ്‌ഐക്ക് എത്ര കാലം ക്യാമ്പസുകളെ ഭരിക്കാനാകും. തിരിച്ചറിവ് എന്നത് അല്ലെങ്കിലും വൈകി മാത്രം വരുന്നതാണെന്നതിന്റെ ദൃഷ്ടാന്തം കേരളത്തിലെ ക്യാമ്പസുകള്‍ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയം പറയാതെ ഇനി എസ്എഫ്‌ഐക്കാരന് അധികകാലം അവരെ അഭിസംബോധന ചെയ്യാനാവില്ല. ക്യാമ്പസുകളെ വന്ധ്യംകരിക്കുന്ന നാകിനെതിരെ ഒരു പ്രമേയം പോലും പാസാക്കാത്ത, റിയാലിറ്റി ഷോകളുടെ വോളണ്ടിയര്‍മാരാകാന്‍ മാത്രം വിധിക്കപ്പെട്ട യൂണിയന്‍ അംഗങ്ങളുടെ ചിലവില്‍ എസ്എഫ്‌ഐക്ക് ഇനി തടിച്ചു കൊഴുക്കാന്‍ കഴിയില്ല. എസ്എഫ്‌ഐ എന്ന വീട്ടില്‍ ഇന്ന് ആള്‍താമസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് അല്പം വാടകക്കാരൊഴിച്ച് ബാക്കിയുള്ളവരെയെല്ലാം ആട്ടിയോടിച്ചിരിക്കുന്നു. ശേഷിച്ചവര്‍ ഇറങ്ങിപ്പോന്നിരിക്കുന്നു. ആ വീട്ടിനകത്ത് പടയൊരുക്കങ്ങളല്ല മറിച്ച് ആഘോഷങ്ങളാണ് നടത്തുന്നത്, കാലത്തെയും ചരിത്രത്തേയും രക്തസാക്ഷി കുടീരത്തെയും നോക്കുകുത്തികളാക്കിക്കൊണ്ട്. ഒരുകാലത്ത് വിശക്കുമ്പോള്‍ ചോറുതരികയും വെയിലത്ത് തണലും തന്നതുകൊണ്ട്, അതിനെ അത്രമാത്രം സ്‌നേഹിച്ചിരുന്നതു കൊണ്ടാണ് മേല്‍ക്കൂര പൊളിക്കാതെ ഇത്ര കാലം സഹിച്ചിരുന്നത്. വീടിന്റെ ആകാര ഭംഗിയെക്കാളും പട്ടിണിക്കാരന്റെ ഉന്തിയ വയറ്റിലേക്കാണ് കണ്ണു തുറക്കുന്നത് എന്നത് കൊണ്ട് വീടു വിട്ടിറങ്ങുകയാണ്. ഒരു സഖാവ് പറഞ്ഞതു പോലെ ആര്‍ത്തിരമ്പുന്ന കാട്ടുകടന്നലുകളോടൊത്ത് ഒരു പുതിയ വീടു പണിയാന്‍. ജെ.എന്‍.യുവിലെയും, നേപ്പാളിലേയും വസന്തം അതിന് പ്രേരകമാവുമെന്നത് തീര്‍ച്ച.

 
(എസ് എഫ് ഐ മുന്‍ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി അംഗമാണ് ലേഖകന്‍)




കാലം നല്‍കിയ മുന്നറിയിപ്പുകള്‍

പക്ഷ*ത്തില്‍ നിന്ന്..

'അമ്മയെ തല്ലിയാലും രണ്ടു പക്ഷമെന്ന് പഴമൊഴി '
പക്ഷമെന്ന പദത്തിന്് ചേരി ,ചിറക് എന്നിങ്ങനെ നാനാര്‍ത്ഥം.
ചിറകുകള്‍ പറക്കാനാണ്്. ചേരി തിരിഞ്ഞു ചേക്കേറണം...
ഉദയ ചക്രവാളത്തിന്റെ ചുവന്ന കൂട്ടിലേക്ക്...
വിമോചന സ്വപ്നങ്ങളുടെ വിശാല ലോകത്തിലെ ചുഴികളിലും കാറ്റിലും പെടാത്ത ഒരൊറ്റ ലകഷ്യത്തിലേക്ക്... ഏറ്റവും പ്രിയരേ,
എങ്കിലും ചില ആകുലതകള്‍...
ചേരിയിലും ചെളിയിലും പിറന്നു വളര്‍ന്ന നാം ചേരികളായി പിരിഞ്ഞതെന്നാണ്?
സമരസപ്പെടുന്ന സമരങ്ങളുടെ ഷണ്ഡത്വത്തിലേക്ക് നാമെങ്ങനെ കൂപ്പു കുത്തി?
ഒര്‍മ്മകളെല്ലാം നഷ്ട്ട്ടപ്പെട്ട് ഒറ്റയാകുന്നു നാം...
നാം കൊണ്ട വെയിലുകള്‍....
നനഞ്ഞു തീര്‍ത്ത മഴകള്‍ ഒഴുക്കിയ ചോര...
വിയര്‍പ്പ്...കണ്ണുനീര്‍... മുഴക്കിയ മുദ്രാവാക്യങ്ങള്‍... തുടിതാളം...
സമരനടനമാടിയ തെരുവുകള്‍...
തീര്‍ച്ചയായും നമ്മില്‍നിന്ന് ആരൊക്കെയോ വഴി പിരിയുന്നുണ്ട്..
തിരിച്ചുപോകാനാവില്ലെങ്കിലും നമുക്ക് തിരിച്ചറിയാനാവുമല്ലോ പിഴച്ച നീതികയെ... ദ്രവിച്ച അസ്ഥികളെ...
കറുത്ത ചോരപ്പൊട്ടുകളെ... അളിഞ്ഞ മാംസളതയെ...
പുതിയ പോരാട്ടങ്ങള്‍ക്കായുള്ള അന്വേഷണവും ഓര്‍മ്മപ്പെടുത്തലുമായി ഇങ്ങനെ...
ഇങ്ങനെയൊരു പക്ഷം

*തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജ് വിമത മാഗസിൻ 

This number does not exist* ല്‍ നിന്ന്

കാത്തിരുന്ന് മടുത്തിരിക്കും അല്ലെ?
ഞങ്ങളും ഒരു നീണ്ട കാത്തിരിപ്പിലായിരുന്നു  പെരുവഴികളുടെ സ്ഥൂലതയിലേക്ക് വഴിപിരിഞ്ഞു പോകുമ്പോള്‍ ഒരിക്കല്‍ എല്ലാം നേരെയാകുമെന്നും ആള്‍ക്കുട്ടം വര്‍ഗപരമായി ബാധ്യതകള്‍ നിറവേറ്റുമെന്നും പ്രത്യാശിച്ചിരുന്നു.
ജീര്‍ണ്ണതയുടെ ആള്‍പ്പെരുപ്പത്തിനിടയില്‍നിന്ന് ഇവിടെ എല്ലാം ഭദ്രമാണെന്നു പറയുന്ന പോസ്റ്റ് മോഡേണ്‍് സോഷ്യലിസത്തിന്റെ കമ്പോള ഭാഷ്യം ഞങ്ങള്‍ക്ക് വശമില്ല.
ഞങ്ങളപ്പോള്‍ ആത്മനാശത്തിന്റെ കോമിക് ചിത്രീകരണം നടക്കുന്ന കൂടാരത്തിന് പുറത്താണ്.
കൂടാരത്തിനു പുറത്തുനിന്ന് എളുപ്പം ചെയ്യാനാകുക കൂടാരം കത്തിക്കുക എന്നതാണ് ഏതെല്ലാമോ തലമുറകളോടുള്ള കടപ്പാട് ഹൃദയത്തില്‍ സൂക്ഷിക്കുന്നത് കൊണ്ട് കൂടാരം നശിപ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ല അതിനായി നമുക്ക് കാവല്‍് നില്ക്കാം,
അകത്തുള്ളവര്‍ ശ്വാസം മുട്ടി മരിക്കും വരെയും കൂടാരത്തിന് പുറത്തു കാവല്‍ നില്‍ക്കാം ആട്ടിന്‍് തോലിട്ട ചെന്നായിക്കള്‍ ചൂടുകൂടുമ്പോള്‍
തോലഴിച്ചു വെച്ചു പുറത്തുവരും അതുവരെയും കാവല്‍ നില്‍ക്കാം മറ്റൊരു ലോകം വരാനുണ്ട്.
ഇല്ലെന്ന് അവര്‍ മറുപടി പറയുന്ന പഴയ നമ്പരില്‍ ഡയല്‍ ചെയ്യുക.
'നിങ്ങള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍
ഇപ്പോള്‍ പരിധിക്ക് പുറത്താണ് ദയവായി അല്‍പ്പ സമയം കഴിഞ്ഞു വിളിക്കൂ'
അപ്പോള്‍ ഈ നമ്പര്‍ നിലവില്‍ ഉണ്ടാവും ഇപ്പോള്‍ ഞങ്ങള്‍ പരിധിക്ക് പുറത്താണ്.
അകപ്പുരയിലെ ഇരുട്ടില്‍
കൂട്ടിയും കിഴിച്ചും അവര്‍ പുതിയൊരു സമവാക്യം തീര്‍ക്കുന്നുണ്ട്.
പക്ഷേ തീര്‍ച്ചയാണ് ഇതിനൊരു കാലം വരും അന്നിത് പൊടി തട്ടിയെടുത്തു ഞങ്ങള്‍ വരും സോറി, നോ കോമ്പ്രമൈസ്.
*മടപ്പള്ളി ഗവണ്മെന്റ് കോളേജ് വിമത മാഗസിൻ